
ഒരു പ്രത്യേക വ്യക്തിയുടെ രക്ഷാചരിത്രത്തില്‍ സംഭവിച്ചുകഴിഞ്ഞതോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതോ ആയ ഒന്നിനെക്കുറിച്ച് ദൈവം നമുക്ക് വെളിപ്പെടുത്തിത്തരുന്ന പരിശുദ്ധാത്മാവിന്റെ ഒരു വരദാനമാണ് അറിവിന്റെ വചനം. അതിലൂടെ പ്രശ്‌നത്തിന്റെ വേര് കണ്ടെത്താനോ തടസത്തിന്റെ കാരണം കണ്ടെത്താനോ സാധിക്കും. ചിലപ്പോള്‍ അറിവിന്റെ വചനത്തിലൂടെ ദൈവം നല്‍കുന്ന ഒരു സൗഖ്യത്തെക്കുറിച്ച് വിവരം ലഭിക്കും.
ഒരിക്കല്‍ ഒരു സ്ത്രീ വളരെ ദുഃഖിതയായി എന്നെ കാണാന്‍ വന്നു. അവളുടെ മകളെയും കൊണ്ടുവന്നിരുന്നു. ആ മകള്‍ അസുഖങ്ങള്‍മൂലം പഠനം നിര്‍ത്തിയിരിക്കുകയായിരുന്നു. ചിലപ്പോള്‍ അപസ്മാരരോഗികളെപ്പോലെ അവള്‍ തളര്‍ന്ന് അബോധാവസ്ഥയിലാകും. ഡോക്ടര്‍മാര്‍ക്കും മനഃശാസ്ത്രജ്ഞര്‍ക്കും അവരെ സഹായിക്കാനായില്ല. മന്ത്രവാദികളെയും ഒന്ന് പരീക്ഷിച്ച് നോക്കുക എന്ന അപരാധവും അവര്‍ ചെയ്തു. ഒടുവില്‍ ദുഷ്ടാരൂപിയെ പുറത്താക്കുകയാണ് ആവശ്യമായിട്ടുള്ളതെന്ന നിഗമനത്തില്‍ അവര്‍ എത്തിച്ചേരുകയാണുണ്ടായത്.
അമ്മയാണ് എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞത്. മകള്‍ ഒന്നും മിണ്ടാതെയിരുന്നു. എന്റെ ചോദ്യങ്ങള്‍ക്കൊന്നുംതന്നെ അവള്‍ മറുപടി തന്നില്ല. അങ്ങനെ അവള്‍ക്കുവേണ്ടി എന്താണ് പ്രാര്‍ഥിക്കേണ്ടത് എന്ന നിശ്ചയമില്ലാത്തതുകൊണ്ട്, ഞാന്‍ ഭാഷാവരത്തില്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അപ്പോള്‍ ‘ഭ്രൂണഹത്യ’ എന്നൊരു വാക്ക് എന്റെ മനസിലേക്ക് വന്നു. ആ വാക്ക് നിലയ്ക്കാതെ എന്റെ മനസില്‍ അലയടിച്ചുകൊണ്ടിരുന്നു.
ഞാന്‍ കണ്ണുതുറന്ന് അവളോട് ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു. അത്ഭുതപ്പെട്ട്, അവള്‍ എന്നോടു ചോദിച്ചു, ”ആരാണ് അതെക്കുറിച്ച് അങ്ങയോട് പറഞ്ഞത്?”
അവളുടെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന പുരുഷനുമായി അവള്‍ക്കുണ്ടായിരുന്ന ബന്ധവും അവള്‍ ഗര്‍ഭിണിയായ വിവരവും നിറമിഴികളോടെ അവള്‍ പറഞ്ഞു. അവള്‍ പേരുകേട്ട ഒരു കുടുംബത്തിലെ അംഗമായിരുന്നതിനാല്‍ ഇക്കാര്യത്തെപ്രതി വളരെയധികം ഭയപ്പെട്ടു. അങ്ങനെ അബോര്‍ഷന്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതിനുശേഷം ഈ രണ്ട് പാപങ്ങളും പേറിയാണ് അവള്‍ ജീവിച്ചിരുന്നത്. പിന്നീട് അതിനെപ്പറ്റി ഓര്‍ത്തപ്പോഴൊക്കെ അവള്‍ ബോധരഹിതയായി.
അവള്‍ പശ്ചാത്തപിച്ച് കുമ്പസാരിച്ചു. ഞങ്ങള്‍ അവളുടെ ആന്തരികസൗഖ്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ദൈവം അവള്‍ക്ക് മാപ്പ് നല്‍കി; അവളെ സുഖപ്പെടുത്തി. ഇടയ്ക്കിടെ ബോധം നഷ്ടപ്പെടുന്ന അസുഖം പിന്നീട് ഒരിക്കലും അവള്‍ക്കുണ്ടായിട്ടില്ല.
”നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലുംനിന്ന് നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും” (1 യോഹന്നാന്‍ 1:9)
‘അത്ഭുതങ്ങളേ സാക്ഷി ‘എന്ന പുസ്തകത്തില്‍നിന്ന്
ഫാ. എമിലിന്‍ ടര്‍ഡിഫ്