ന്യൂഡല്‍ഹിയില്‍വച്ച് കേട്ട ദൈവസ്വരം – Shalom Times Shalom Times |
Welcome to Shalom Times

ന്യൂഡല്‍ഹിയില്‍വച്ച് കേട്ട ദൈവസ്വരം

ഭര്‍ത്താവും ഞാനും രണ്ടു ചെറിയ കുഞ്ഞുങ്ങളുമായി യു.പിയിലെ ഒരു ചെറിയ പട്ടണമായ മുറാദ്ബാദില്‍ താമസിക്കുകയായിരുന്നു. ഡല്‍ഹിയില്‍ സ്ഥിരമായി താമസിച്ചിരുന്ന, ഞങ്ങളുടെ ജ്യേഷ്ഠ സഹോദരന്റെയും കുടുംബത്തിന്റെയും ആഗ്രഹമനുസരിച്ച് ആ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷിക്കാനായി ഏപ്രില്‍ മാസത്തില്‍ ഞങ്ങള്‍ എല്ലാവരും ഒത്തുകൂടി. ഞങ്ങളുടെ പിതൃസഹോദരനായ, വളരെ പ്രായമായ വൈദികനും (വലിയച്ചന്‍) ഞങ്ങളുടെകൂടെ കുറച്ചു ദിവസങ്ങള്‍ ചെലവഴിക്കാനായി എത്തിയിരുന്നു. ദിവ്യബലി അര്‍പ്പിക്കാനായി ദിവസവും രാവിലെ ആറുമണിക്ക് മുമ്പായി അദ്ദേഹത്തിന് ഗോള്‍ഡാ ഖാനാ കത്തീഡ്രലില്‍ പോകാനായി ഒരു അംബാസിഡര്‍ കാര്‍ ഏല്‍പിച്ചിരുന്നു.
അന്ന് ഈസ്റ്റര്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനായി ഞങ്ങള്‍ നേരത്തെ തയാറായി. കുട്ടികളെ ചേടത്തിയെ ഏല്‍പിച്ച് ചായയുണ്ടാക്കി ഊണുമുറിയില്‍ കപ്പുകളില്‍ നിരത്തിവച്ചു. അച്ചന് കൊടുക്കാനുള്ള ചായയുമായി ഞാന്‍ അച്ചന്റെ മുറിയില്‍ കയറിയപ്പോള്‍ ചേടത്തി പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ”അച്ചന്‍ കുര്‍ബാന കഴിഞ്ഞ് വന്നിട്ടേ ചായ കുടിക്കാറുള്ളൂ.” പെട്ടെന്ന് എനിക്ക് ദേഷ്യം വന്നു, എന്തോ ഒരു പൈശാചിക ശക്തിയുടെ പ്രേരണകൊണ്ടാവാം അല്പം ഗൗരവത്തില്‍ ഇപ്രകാരം പറഞ്ഞു: ”ഞാന്‍ ചായ കുടിച്ചു. ഞാനും കുര്‍ബാന കൈക്കൊള്ളാന്‍ തന്നെയാണല്ലോ പോകുന്നത്. ഈ ചായ കുടിച്ചതിന്റെ പേരില്‍ ഈശോ വരാതിരിക്കുമോ? ഈശോയ്ക്ക് ഇഷ്ടമായില്ലെങ്കില്‍ വേണ്ട.” അഹംഭാവം നിറഞ്ഞ എന്റെ സംസാരം ആരൊക്കെ കേട്ടെന്ന് എനിക്കറിയില്ല.
ഞങ്ങള്‍ എല്ലാവരും കാറില്‍ കയറി. ഞാനും ജ്യേഷ്ഠന്റെ പന്ത്രണ്ട് വയസായ മകളും മുന്‍സീറ്റിലും ബാക്കിയുള്ളവര്‍ പിന്‍സീറ്റിലുമായി ഇരുന്ന് ഞങ്ങള്‍ യാത്ര ആരംഭിച്ചു. രാവിലെയായതിനാലും ഞായറാഴ്ച ആയതിനാലും റോഡില്‍ വലിയ തിരക്കില്ലായിരുന്നു. പള്ളിയിലേക്ക് മൂന്നു കിലോമീറ്ററില്‍ കൂടുതല്‍ ദൂരം ഇല്ല. മിന്റോ റോഡില്‍നിന്ന് കൊണാട്ട് പ്ലെയിസിലേക്ക് കയറുന്ന സമയത്ത് റെഡ്‌ലൈറ്റ് വെട്ടിച്ച് ഒരു കാര്‍ പാഞ്ഞുവന്ന് ഞാനിരിക്കുന്ന ഭാഗത്ത് ശക്തിയായി ഇടിച്ചു. ഞങ്ങളുടെ കാര്‍ ഇടിയുടെ ശക്തിയില്‍ രണ്ടുമൂന്ന് പ്രാവശ്യം തിരിഞ്ഞും മറിഞ്ഞും ഒരു പന്ത് പൊങ്ങുന്നതുപോലെ പൊങ്ങി ഫുട്പാത്തില്‍ തെറിച്ചുവീണു.
കാറു കണ്ടാല്‍ ഒരു വലിയ കടലാസ് ചുരുട്ടിയിട്ടതുപോലെയായിരുന്നുവെന്ന് ആളുകള്‍ പറയുന്നു. കുറെ സമയത്തേക്ക് എനിക്ക് ബോധം നഷ്ടപ്പെട്ടു. ‘സബ് മര്‍ ഗയാ, സബ് മര്‍ ഗയാ’ (എല്ലാവരും മരിച്ചു) എന്ന ജനങ്ങളുടെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. പൊടിഞ്ഞുപോയ ചില്ലുകളില്‍നിന്നും രക്തത്തില്‍ കിടന്നിരുന്ന എന്നെ ആരൊക്കെയോ വലിച്ചു പുറത്തെടുത്ത് ഒരു ഓട്ടോറിക്ഷയില്‍ ഇരുത്തി. രണ്ടു കൈകളും പിച്ചിച്ചീന്തിയപോലെ, ഒരു വിരല്‍ നഷ്ടമായിരിക്കുന്നു. വേറെയും ശരീരത്തില്‍ ധാരാളം പരുക്കുകള്‍. ഞാന്‍ ഓട്ടോയില്‍ ഇരുന്ന് അലറിക്കരഞ്ഞു. കാറില്‍ നാലഞ്ചുപേര്‍ ഉണ്ടെന്നും അവരെ എങ്ങനെയെങ്കിലും പുറത്തെടുക്കൂ എന്ന് പറഞ്ഞുകൊണ്ടിരുന്നു.
തല കീഴായി കിടക്കുന്ന കാറിന്റെ ഓരോ ഭാഗം പൊളിച്ച് കാറിലുണ്ടായിരുന്നവരെ ഓരോരുത്തരെയായി അവര്‍ പുറത്തെടുത്തു. ഒന്നും സംഭവിക്കാത്ത മട്ടില്‍ അവര്‍ എന്റെ അടുത്ത് ഓടിവന്നു. കാര്‍ മറിഞ്ഞപ്പോള്‍ മുന്‍വശത്തെ ഭാരം കൂടിയ സീറ്റുകള്‍ ഒരു കവചമായി അവരെ ഒരു മുറിവുപോലും ഏല്‍ക്കാതെ സംരക്ഷിക്കുകയായിരുന്നുവെന്ന് പിന്നീട് അറിഞ്ഞു. എനിക്കല്ലാതെ വേറെ ആര്‍ക്കും ഒരു പോറല്‍പോലും ഉണ്ടായില്ല.
ആശുപത്രിയില്‍നിന്ന് വന്നശേഷമാണ് റോഡില്‍ നടന്ന ബാക്കി വിശേഷങ്ങള്‍ അറിയുന്നത്. അപകടം ഉണ്ടായ സ്ഥലത്ത് ഓടിക്കൂടിയ പലരും അച്ചനെ കെട്ടിപ്പിടിച്ച് ഉച്ചത്തില്‍ പറഞ്ഞു ”ആപ് ഏക് സന്ത് ഹെ!” (നിങ്ങള്‍ ഒരു വിശുദ്ധനാണ്). നിങ്ങളുടെകൂടെ യാത്ര ചെയ്തവര്‍ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടല്ലോ.” അച്ചന്റെ കണ്ണടയും വിശുദ്ധ ബലി അര്‍പ്പിക്കാന്‍ എടുത്തിരുന്ന പുസ്തകവും ആ കുപ്പിച്ചില്ലുകളില്‍നിന്ന് അവര്‍ തപ്പിയെടുത്തു. കണ്ണടപോലും പൊട്ടിയിട്ടില്ലായിരുന്നു. ഒരു ഓട്ടോക്കാരന്‍ അച്ചനെയുംകൊണ്ട് ദൈവാലയത്തില്‍ പോയി. കൃതജ്ഞതാബലി അര്‍പ്പിച്ചശേഷം വീട്ടില്‍ കൊണ്ടുവന്നാക്കി. അച്ചന്റെ ജീവിതത്തില്‍ ഒരു ദിവസംപോലും പരിശുദ്ധ കുര്‍ബാന മുടക്കിയിട്ടില്ല. ദൈവത്തിനുവേണ്ടി ദാഹിക്കുന്നവര്‍ക്കെല്ലാം ദൈവം സമീപസ്ഥനാണ്. സങ്കീര്‍ത്തനങ്ങള്‍ 145/18-ല്‍ പറയുന്നുണ്ടല്ലോ ”തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് ഹൃദയപരമാര്‍ത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്” എന്ന്.
50 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടണ്ടായ ആ സംഭവം എന്നെ നല്ലതുപോലെ മയപ്പെടുത്തി. ശാന്തതയിലേക്കും എളിമയിലേക്കും കൊണ്ടുവന്നു. ക്രിസ്തുവിന്റെ പുരോഹിതന് എതിരെ സംസാരിക്കുന്നത് ക്രിസ്തുവിന് എതിരെതന്നെയാണെന്ന ബോധ്യം ലഭിച്ചു. ശാസിച്ചും തിരുത്തിയും മയപ്പെടുത്തി എന്നെ ഞാനാക്കിയെടുത്ത ഈശോയ്ക്ക്, ആയിരമായിരം നന്ദി പറഞ്ഞാലും പോരാ.
കൈയുടെ പരിക്കുനിമിത്തം കുറെ നാളത്തേക്ക് മുറാദ്ബാദിലെ ജീവിതം പ്രയാസകരമായി അനുഭവപ്പെട്ടു. എന്നാലും ഒരു അദൃശ്യശക്തി എപ്പോഴും കൂടെ നടന്ന് എന്നെ സഹായിക്കുന്ന ഒരു പ്രതീതി എനിക്കെപ്പോഴും ഉണ്ടായിരുന്നു. അക്കാലത്ത് കാര്യമായ ധ്യാനമോ ബൈബിള്‍ പഠനമോ ഒന്നും ഇല്ലാത്ത സാഹചര്യമായിരുന്നെങ്കിലും ഞങ്ങള്‍ക്ക് വിശുദ്ധ ബലിയില്‍ ആഴമായ വിശ്വാസമുണ്ടായിരുന്നു. ദൈവാലയങ്ങള്‍ കുറവുള്ള സ്ഥലങ്ങളില്‍ ജീവിക്കുമ്പോഴും എത്ര ത്യാഗം സഹിച്ചായാലും ഞങ്ങള്‍ വിശുദ്ധ ബലിയില്‍ പങ്കെടുക്കും. എന്റെ നഷ്ടപ്പെട്ട വിരല്‍ കാണുമ്പോഴൊക്കെ ഈശോയ്ക്ക് എന്നോടുള്ള അതീവ സ്‌നേഹത്തിന്റെ ഒരടയാളമായി എനിക്കത് തോന്നാറുണ്ട്. ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ” (റോമാ 8/28).

മേരി ജോണ്‍