ഒളിപ്പിച്ച ഫോട്ടോ കണ്ടുപിടിക്കപ്പെട്ടപ്പോള്‍… – Shalom Times Shalom Times |
Welcome to Shalom Times

ഒളിപ്പിച്ച ഫോട്ടോ കണ്ടുപിടിക്കപ്പെട്ടപ്പോള്‍…

നവീകരണാനുഭവത്തിലേക്ക് കടന്നുവന്ന ആദ്യനാളുകളില്‍ ചില ദൈവവചനങ്ങളും അതിലെ വാഗ്ദാനങ്ങളും വിശ്വസിക്കാനും ഉള്‍ക്കൊള്ളുവാനും എനിക്ക് വലിയ വിഷമം അനുഭവപ്പെട്ടു. ഉദാഹരണത്തിന്, ‘നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു, അതില്‍ ഒന്ന് കൊഴിയുന്നതുപോലും അവന് അറിയാ’മെന്നും, മറ്റൊരു ഭാഗത്ത് ‘നിന്റെ പേര് എന്റെ ഉള്ളംകൈയില്‍ ഞാന്‍ രേഖപ്പെടുത്തിയിരിക്കുന്നു’ എന്നും ‘മനുഷ്യമനസ്സിലെ ഒരു ചിന്തപോലും അവിടുത്തേക്ക് അജ്ഞാതമല്ലെന്നും ഒക്കെയുള്ള തിരുവചനങ്ങള്‍ വായിച്ചപ്പോള്‍ ഒരു കാര്യം ഞാനെന്റെ മാനുഷിക ബുദ്ധിയില്‍ ഉറപ്പിച്ചു. ഈ പറഞ്ഞ ഇടങ്ങളിലൊക്കെ ദൈവവചനം അതിവര്‍ണനയുടെയും അതിശയോക്തിയുടെയും ആലങ്കാരിക ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.
എങ്ങനെയാണ് ഒരു ദൈവം ഈ ഭൂമിയില്‍ ജനിച്ചുവീണ കോടാനുകോടി മനുഷ്യരുടെ പേരുകള്‍ കൃത്യമായി ഓര്‍ത്തിരിക്കുന്നത്? അവരുടെ ഉള്ളിന്റെയുള്ളില്‍ ആരോടും പറയാത്ത ചിന്തകളും വേദനകളും അവന്റെ കണ്ണുനീരും എങ്ങനെയാണ് ഈ ദൈവം മനസ്സിലാക്കുക? ഇത് കുറച്ചുകാലത്തേയ്‌ക്കെങ്കിലും ചില ആത്മീയ സംഘര്‍ഷം എന്നില്‍ ഉളവാക്കി. എന്നാല്‍, വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു. വിശുദ്ധ ഗ്രന്ഥത്തില്‍ ഒരു വചനത്തിലും അതിശയോക്തിയുടെ ഭാഷ ഇല്ല. ദൈവത്തിന്റെ വചനങ്ങളെല്ലാം വിശ്വാസയോഗ്യവും തികച്ചും സത്യവുമാണ്.
ആ തിരിച്ചറിവിലേക്ക് എന്നെ നയിച്ചത് ഒരു അനുഭവമാണ്. ഒരിക്കല്‍ ഒരപേക്ഷാഫോമില്‍ ചേര്‍ക്കുന്നതിനായി ഞാന്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എടുത്തു. എന്നാല്‍, ഫോട്ടോ കൈയില്‍ കിട്ടിയപ്പോള്‍ വലിയ വിഷമം തോന്നി. കാരണം, ഉദ്ദേശിച്ചതുപോലെ അതത്ര ഭംഗിയായില്ല. അതിനാല്‍ അത് മറ്റുള്ളവരെ കാണിക്കാന്‍ എന്റെ ‘ഈഗോ’ അനുവദിച്ചില്ല. ഈ വിഷമം ഞാന്‍ ആരോടും പറഞ്ഞില്ല. എന്നു മാത്രമല്ല, ഫോട്ടോ ആരും കാണാതിരിക്കാന്‍ വലിയൊരു പുസ്തകത്തിന്റെ താളുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തു.
ഏതാനും ദിവസങ്ങള്‍ക്കുശേഷം എന്റെ ആത്മീയ എല്‍ഡറുടെ അടുക്കല്‍ പ്രാര്‍ത്ഥനയ്ക്കിരിക്കുമ്പോള്‍ അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു: ”ഒരു ഫോട്ടോ എടുത്തിട്ട് ഒട്ടും ശരിയായില്ല എന്ന വിഷമം മനസ്സില്‍ ഉള്ളതായി ഈശോ കാണുന്നു. മാത്രമല്ല, ഒരു വലിയ പുസ്തകത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ചുവച്ച പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പരിശുദ്ധാത്മാവ് കാണിച്ചു തരുന്നു.”
ഈ സന്ദേശങ്ങള്‍ കേട്ട ഞാന്‍ അല്പനേരം തരിച്ചിരുന്നുപോയി. ഞാന്‍ ഈ ഭൂമിയില്‍ ആരോടും ഇതുവരെയും പറഞ്ഞിട്ടില്ലാത്ത വേദന എന്റെ യേശു അറിഞ്ഞിരിക്കുന്നു. ”കര്‍ത്താവേ, എന്റെ ആഗ്രഹങ്ങള്‍ അങ്ങേയ്ക്കറിയാമല്ലോ; എന്റെ തേങ്ങല്‍ അങ്ങേയ്ക്ക് അജ്ഞാതമല്ല” (സങ്കീര്‍ത്തനങ്ങള്‍ 38/9). അതുമാത്രമല്ല, ആരും കാണാതെ ഞാന്‍ ഒളിപ്പിച്ചുവച്ച ഫോട്ടോയും എന്റെ ഈശോ കണ്ടിരിക്കുന്നു. ”അവന്റെ മുമ്പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല.
അവിടുത്തെ കണ്‍മുമ്പില്‍ സകലവും അനാവൃതവും വ്യക്തവുമാണ്” (ഹെബ്രായര്‍ 4/13).
അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ ഒമ്പതാം അധ്യായത്തില്‍ സാവൂളിന്റെ ജ്ഞാനസ്‌നാനത്തെക്കുറിച്ച് നാം വായിക്കുന്നു. ദമാസ്‌കസിലുള്ള തന്റെ ശിഷ്യനായ അനനിയാസിനെ പേരു ചൊല്ലി വിളിച്ച് സാവൂളിനെക്കുറിച്ച് കര്‍ത്താവ് കൊടുക്കുന്ന കൃത്യമായ വിവരണം ഈ യാഥാര്‍ത്ഥ്യംതന്നെയാണ് നമ്മെ പഠിപ്പിക്കുന്നത്. കര്‍ത്താവ് അവനോടു പറഞ്ഞു: ”നീ എഴുന്നേറ്റ് ഋജുവീഥി എന്നു വിളിക്കപ്പെടുന്ന തെരുവില്‍ ചെന്ന് യൂദാസിന്റെ ഭവനത്തില്‍ താര്‍സോസുകാരനായ സാവൂളിനെ അന്വേഷിക്കുക. അവന്‍ ഇതാ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്” (അപ്പോസ്‌തോല പ്രവര്‍ത്തനങ്ങള്‍ 9/11).
ഈ വിവരണം ശ്രദ്ധിക്കുക. ദമാസ്‌കസിലേക്കുള്ള യാത്രാമധ്യേ ദൈവമഹത്വം ദര്‍ശിച്ച് മാനസാന്തരപ്പെട്ട സാവൂള്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് കര്‍ത്താവിന് അറിയാം. സാവൂള്‍ ഏതു നാട്ടുകാരനാണെന്നും അവന് ഇപ്പോള്‍ അഭയം നല്കിയിരിക്കുന്ന യൂദാസിനെയും കര്‍ത്താവ് അറിയുന്നു. അതുമാത്രമല്ല, സാവൂള്‍ ഇപ്പോള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അവിടുന്ന് വെളിപ്പെടുത്തിക്കൊടുക്കുന്നു. ഈ ദൈവം എന്നെയും നിങ്ങളെയും നന്നായി അറിയുന്നവനാണ്.
എന്റെ പേരും പാരമ്പര്യവും വീടും ഞാന്‍ ഇപ്പോള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും എന്നെ സൃഷ്ടിച്ച എന്റെ ദൈവം അറിയുന്നു. ഈ ലോകം മുഴുവന്‍ സൃഷ്ടിച്ചത് അവിടുന്നാകയാല്‍ സകല മനുഷ്യരുടെയും വേദനയും കണ്ണുനീരും അവിടുന്ന് മനസ്സിലാക്കുന്നു. ”അവിടുന്ന് എന്റെ അലച്ചിലുകള്‍ എണ്ണിയിട്ടുണ്ട്; എന്റെ കണ്ണീര്‍കണങ്ങള്‍ അങ്ങ് കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്” (സങ്കീര്‍ത്തനങ്ങള്‍ 56/8).
നമ്മുടെ വേദനകളും നന്മകളും മാത്രമല്ല, നമ്മുടെ രഹസ്യപാപങ്ങളും കാപട്യങ്ങളും അവിടുന്ന് തിരിച്ചറിയുന്നു. സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായ ചുംബനത്തിലൂടെ യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുമ്പോള്‍ മറ്റു ശിഷ്യന്മാര്‍ അമ്പരന്നു, ”നോക്കൂ, അവന്‍ എത്രയധികം യേശുവിനെ സ്‌നേഹിക്കുന്നു!” എന്നാല്‍, ആ ചുംബനത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കിയ യേശു അവനോട് ചോദിച്ചു- നീ മനുഷ്യപുത്രനെ ചുംബനം കൊണ്ട് ഒറ്റിക്കൊടുക്കുകയാണോ?
രണ്ട് കാര്യങ്ങള്‍ നമുക്ക് മനസ്സില്‍ ഉറപ്പിക്കാം. ഒന്ന്, നമുക്ക് വ്യാമോഹം വേണ്ട. ദൈവത്തെ കബളിപ്പിക്കാന്‍ ആവില്ല. രണ്ട്, ആരും നിരാശപ്പെടുകയോ ഭയപ്പെടുകയോ വേണ്ട. നമ്മെ പൂര്‍ണമായി അറിയുന്ന, നമ്മെ കരുതുന്ന, ചേര്‍ത്തുപിടിക്കുന്ന ഒരു ദൈവം നമ്മുടെ കൂടെയുണ്ട്. അവനാണ് യേശു! .

മാത്യു ജോസഫ്