ഒരു ഒക്ടോബര്‍ മാസം അവസാന ആഴ്ച. അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില്‍ ബഹുമാനപ്പെട്ട ഡൊമിനിക് വാളന്മനാല്‍ അച്ചന്‍ നയിക്കുന്ന ധ്യാനത്തില്‍ സംബന്ധിക്കാന്‍ അവസരം കിട്ടി. മാതാപിതാക്കളോടൊപ്പമാണ് ധ്യാനത്തില്‍ പങ്കെടുത്തത്. ധ്യാനം അവസാനിച്ച് വളരെ സന്തോഷത്തോടെ പുറത്തേക്കിറങ്ങി. അപ്പോഴാണ് മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തത്. ഉടനെ ഒരു ഫോണ്‍ കാള്‍.
എന്റെ ഹൃദയത്തിനടുത്ത ഒരു സഹോദരി. ധ്യാനം എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിക്കാന്‍ വിളിച്ചതാണ്. പന്ത്രണ്ടു വര്‍ഷമായി ബ്ലീഡിങ് തകരാറുള്ള പെണ്‍കുട്ടിയാണ് അവള്‍. ബ്ലീഡിങ് തുടങ്ങിയാല്‍ മാസങ്ങള്‍ നിലയ്ക്കാതെ തുടരും. മരുന്ന് കഴിച്ചാല്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ അല്പം കുറയും. വീണ്ടും പഴയതുപോലെതന്നെ. ഒടുവില്‍ മരുന്നുകള്‍ ഫലിക്കാതെയായി. ഡോക്ടര്‍മാര്‍ ഒരു അത്ഭുത പ്രതിഭാസമായി ചിത്രീകരിച്ചു. കൂടുതല്‍ ഒന്നും ചെയ്യാനില്ല എന്ന് വിധിയെഴുതി. കാണാന്‍ വളരെ സുന്ദരിയാണ് അവള്‍. നല്ല വിദ്യാഭാസവും ജോലിയും ഒക്കെയുണ്ട്. പക്ഷേ വിവാഹം എന്നത് അവളുടെ സ്വപ്‌നങ്ങളില്‍ മാത്രമായി അവശേഷിച്ചു.
അവളോട് സംസാരിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മ്മവന്നത് ധ്യാനദിവസങ്ങളില്‍ ബഹുമാനപ്പെട്ട ഡൊമിനിക് അച്ചന്‍ പറഞ്ഞ കാര്യമാണ്. ‘നിങ്ങള്‍ എന്തൊക്കെ പ്രതിസന്ധികള്‍ നേരിടുന്നവരായാലും ആര്‍ക്കെങ്കിലും വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണെങ്കിലും രണ്ടോ മൂന്നോ കരുണയുടെ ജപമാല ദിവസവും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുക. കുറച്ചു നാള്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കണം. ഒരു മാസമോ അതില്‍ കൂടുതലോ പ്രാര്‍ത്ഥന തുടരുക. ദൈവത്തിന്റെ ഇടപെടല്‍ സംഭവിക്കും.’ അനേകം സാക്ഷ്യങ്ങള്‍ അച്ചന്‍ കണ്ടിട്ടുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു.
ഞാന്‍ ഇക്കാര്യം ആ പെണ്‍കുട്ടിയോട് പറഞ്ഞു. എന്തായാലും രോ ഗവുമായി കുറെ വര്‍ഷങ്ങള്‍ കടന്നു പോയി. പണവും ഏറെ ചെലവായി. അവസാന പരീക്ഷണം പോലെ കരുണക്കൊന്ത എന്ന മരുന്ന് ഒന്ന് പരീക്ഷിച്ചാലോ? മൂന്ന് കരുണയുടെ ജപമാല വീതം നാല്‍പ്പത്തി ഒന്ന് ദിവസം പ്രാര്‍ത്ഥിക്കാന്‍ അവള്‍ തീരുമാനിച്ചു. മരുന്നുകള്‍ ഒന്നും ഉപയോഗിക്കില്ലെന്ന് അവള്‍ ഈശോയോടു പറഞ്ഞു. ”അങ്ങേയ്‌ക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെ യാതൊരു ഉദ്ദേശ്യവും തടയാനാവുകയില്ലെന്നും ഞാന്‍ അറിയുന്നു” (ജോബ് 42/2).
നവംബര്‍ ഒന്ന് മുതല്‍ അവള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. മരുന്നുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചു. മുപ്പത്തി ഒമ്പതു ദിവസവും ഒരു മാറ്റവും കണ്ടില്ല. പലപ്പോഴും അവള്‍ അവശതയില്‍ വീണു പോയി. എനിക്ക് ഉള്ളില്‍ ഒരു ഭയം. നാണം കെടേണ്ടിവരുമല്ലോ എന്നോര്‍ത്തിട്ട്…. ഇനി പത്തൊമ്പതാമത്തെ അടവ് ഞാന്‍ എടുക്കേണ്ടി വരുമല്ലോ എന്ന് ഈശോയോട് പറഞ്ഞു. ഈശോയെ ഭീഷണിപ്പെടുത്തി കാര്യം നേടാറുണ്ട് ചിലപ്പോള്‍. വേറെ ഒന്നും കൊണ്ടല്ല, ഈശോ ഭയങ്കര തിരക്കുള്ള ആളല്ലേ. പുള്ളിക്കാരന്‍ മറന്നുപോവുന്നതാവും. ചിലപ്പോള്‍ ഒന്ന് ഓര്‍മിപ്പിച്ചാല്‍ മതി. ഞാന്‍ ഈശോയോട് പറഞ്ഞു, ”നാല്പത്തൊന്നു ദിവസം കഴിയാന്‍ രണ്ടു ദിവസമേ ബാക്കി ഉള്ളൂ… നിനക്കും എനിക്കും നാണക്കേട് ഉണ്ടാക്കരുത്.”
വിശുദ്ധ ഫൗസ്റ്റീനയോട് ഈശോ പറഞ്ഞിട്ടുള്ള ഒരു കാര്യം ഈശോയെ ഓര്‍മിപ്പിച്ചു. വിശുദ്ധ, ഡയറിയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു, ‘ഇന്ന് സഹിക്കാന്‍ പറ്റാത്തവിധം ചൂട് വളരെ കഠിനമാണ്. മഴയ്ക്ക് വേണ്ടി ഞങ്ങളെല്ലാവരും ദാഹിക്കുകയാണ്. കര്‍ത്താവ് ഞങ്ങള്‍ക്ക് മഴ അയക്കുന്നതുവരെ കരുണയുടെ ജപമാല ചൊല്ലാന്‍ ഞാന്‍ തീരുമാനിച്ചു. അത്താഴത്തിനു മുന്‍പ് ശക്തമായ മഴ ഭൂമിയില്‍ പതിച്ചു. മൂന്നു മണിക്കൂര്‍ ഇടതടവില്ലാതെ ഞാന്‍ ഈ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരുന്നു. ഈ പ്രാര്‍ത്ഥന വഴി എല്ലാകാര്യങ്ങളും ആര്‍ജ്ജിച്ചെടുക്കാമെന്നു കര്‍ത്താവ് എനിക്ക് മനസ്സിലാക്കിത്തന്നു’ (1128).
എന്റെ ഭീഷണിക്കൊടുവില്‍ ഈശോ കൂളായി ഇരിക്കുന്നു എന്ന് തോന്നി. ‘നീ എന്തിനാ പേടിക്കുന്നത്, ഇനിയും രണ്ടു ദിവസം ഇല്ലേ’ എന്ന് എന്നോട് ചോദിക്കും പോലെ… ഈശോ അങ്ങനെയൊക്കെയാണ്. ലാസര്‍ രോഗിയാണെന്ന് അറിഞ്ഞിട്ടും പിന്നീട് ലാസര്‍ മരിച്ചിട്ടും അവിടേക്കു പോകാതെ നാല് ദിവസം കഴിഞ്ഞ് അവരുടെ ഭവനത്തില്‍ പോയി അത്ഭുതം പ്രവര്‍ത്തിച്ച ആളാണ്. അത് ഓര്‍ത്തപ്പോള്‍ എനിക്കും ഒന്നും പറയാന്‍ തോന്നിയില്ല. വിശുദ്ധ ഗ്രന്ഥം തുറന്നപ്പോള്‍ ഈശോ എനിക്കുള്ളത് കൃത്യമായി തന്നു, ”വിശ്വസിച്ചാല്‍ നീ ദൈവ മഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോട് പറഞ്ഞില്ലേ” (യോഹന്നാന്‍ 11/40). മറന്നുപോയെങ്കില്‍ ഒന്ന് ഓര്‍മിപ്പിച്ചേക്കാം എന്ന് കരുതി പോയതാണ്. എന്നിട്ടിപ്പോള്‍ എന്റെ വായടപ്പിച്ചു കളഞ്ഞു.
അടുത്ത ദിവസം നാല്പത് ദിവസങ്ങള്‍ തികയുകയാണ്. രാത്രിയില്‍ എനിക്ക് ഒരു ഫോണ്‍ സന്ദേശം. ‘ചേച്ചി, ഇന്ന് അല്പംപോലും ബ്ലീഡിങ്ങ് ഉണ്ടായിട്ടില്ല!’
എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നുപറഞ്ഞ് അവള്‍ കരയാന്‍ തുടങ്ങി. എന്ത് പറയണം എന്നറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഈശോയെ കെട്ടിപ്പിടിച്ചു കുറെ നേരം ഞാന്‍ കരഞ്ഞു. ഈശോയേ നിന്റെ സ്‌നേഹം ഉള്‍ക്കൊള്ളാന്‍ എന്റെ ഹൃദയത്തിനു ശക്തിയില്ല’ എന്ന് പറഞ്ഞുകൊണ്ട് കണ്ണീരോടെ ഈശോയുടെ അടുത്തിരുന്നു.
ഇത്രയും വലിയൊരു സാക്ഷ്യം ഈശോയുടെ കരുണയുടെ മഹത്വത്തിന് വേണ്ടി അനേകരോട് പറയാന്‍ ഞാനും അവളും തീരുമാനിച്ചു. പക്ഷേ ബുദ്ധിയുടെ തലത്തില്‍ ചിന്തിച്ചപ്പോള്‍ കുറച്ചു നാള്‍ കാത്തിരുന്നിട്ട് എല്ലാം ശരിയായെങ്കില്‍മാത്രം സാക്ഷ്യപ്പെടുത്താം എന്ന് ഞാന്‍ കരുതി. തൊട്ടടുത്ത ദിവസം അവളുടെ മെസ്സേജ്. വീണ്ടും ബ്ലീഡിങ് തുടങ്ങി എന്ന്. എനിക്ക് മനസ്സില്‍ ഒരു കുറ്റബോധം. ഈശോയെ സംശയിച്ചതിന്റെ പേരില്‍ ഈശോയോടു ക്ഷമ ചോദിച്ചിട്ടും മനസ്സില്‍ സ്വസ്ഥത ഇല്ല.
മനസ്സ് ഭാരപ്പെട്ടുകൊണ്ട് അഞ്ച് ദിവസങ്ങള്‍ കടന്നുപോയി. അവളുടെ മെസ്സേജ് വീണ്ടും വന്നു. ജീവിതത്തില്‍ ആദ്യമായി അവള്‍ക്കു മാസമുറ അഞ്ച് ദിവസത്തില്‍ മരുന്നുകളില്ലാതെ അവസാനിച്ചു. ഈശോയെ നോക്കാന്‍ പോലും സാധിക്കാതെ എന്റെ അവിശ്വാസത്തെയും നികൃഷ്ടാവസ്ഥയെയും ഓര്‍ത്തു ഞാന്‍ വിലപിച്ചു. പിന്നീട് ഒരിക്കലും അവള്‍ക്കു ബ്ലീഡിങ് തകരാറു സംഭവിച്ചിട്ടില്ല. വിവാഹ ജീവിതവും കുഞ്ഞുങ്ങളും ഒക്കെ വെറും സ്വപ്‌നം മാത്രം ആയിരുന്ന അവള്‍ വിവാഹിതയായി, അമ്മയായി. എന്റെ സംശയത്തെ നിവാരണം ചെയ്യാന്‍ ഈശോ പ്രവര്‍ത്തിച്ച അത്ഭുതം ആയിരുന്നു നാല്‍പതു ദിവസത്തെ പ്രാര്‍ത്ഥനക്കു ശേഷമുള്ള ബ്ലീഡിങ് എന്ന് എനിക്ക് മനസ്സിലായി.
”കര്‍ത്താവ് എന്നെ സഹായിച്ചിരുന്നില്ലെങ്കില്‍ എന്റെ പ്രാണന്‍ പണ്ടേ മൂകതയുടെ ദേശത്ത് എത്തുമായിരുന്നു. എന്റെ കാല്‍ വഴുതുന്നു എന്നു ഞാന്‍ വിചാരിച്ചപ്പോഴേക്കും കര്‍ത്താവേ, അങ്ങയുടെ കാരുണ്യം എന്നെ താങ്ങി നിര്‍ത്തി” (സങ്കീര്‍ത്തനങ്ങള്‍ 94/17-18)
ആന്‍ മരിയ ക്രിസ്റ്റീന