യൗസേപ്പിതാവ് എന്നെ ഞെട്ടിച്ചു! – Shalom Times Shalom Times |
Welcome to Shalom Times

യൗസേപ്പിതാവ് എന്നെ ഞെട്ടിച്ചു!


പഠനവും വിവാഹവും കഴിഞ്ഞ് രണ്ട് മക്കളുടെ അമ്മയുമായപ്പോള്‍ ഒരു ജോലി വേണമെന്ന് തോന്നിത്തുടങ്ങി. ആ സമയത്താണ് എനിക്ക് യൗസേപ്പിതാവിന്റെ ഒരു നൊവേനപ്പുസ്തകം കിട്ടിയത്. 30 ദിവസം ചൊല്ലേണ്ട ഒരു നൊവേന. ഞാന്‍ അത് ചൊല്ലിത്തുടങ്ങി. എന്റെ പ്രാര്‍ത്ഥന ഇങ്ങനെ ആയിരുന്നു: ”യൗസേപ്പിതാവേ, എനിക്ക് ഏതെങ്കിലും ഒരു സ്‌കൂളില്‍ ജോലി വേണം.

സ്‌കൂളിന് അടുത്തുതന്നെ എന്റെ മക്കളെ നന്നായി വളര്‍ത്താന്‍ പറ്റുന്ന രീതിയില്‍ ഒരു വീടും വേണം.” അഞ്ചോ ആറോ മാസങ്ങള്‍ക്കുള്ളില്‍ എനിക്ക് കണ്ണൂര്‍ ജില്ലയിലെ വളരെ പ്രശസ്തമായ ഒരു കോണ്‍വെന്റ് സ്‌കൂളില്‍ ജോലി കിട്ടി. അങ്ങനെ യാതൊരു മുന്‍പരിചയവും ഇല്ലാത്ത സ്ഥലത്തേക്ക് യാത്ര തിരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ എനിക്ക് ഒരു വീടും ശരിയായി. സ്‌കൂളിന് തൊട്ടുമുന്നില്‍ ഒരു വാടക വീട്.

ഞാന്‍ രണ്ടും അഞ്ചും വയസുള്ള മക്കളോടൊപ്പം താമസം തുടങ്ങി. ഭര്‍ത്താവിന് കോഴിക്കോടാണ് ജോലി. അതിനാല്‍ മക്കള്‍ക്ക് അസുഖം വന്നാല്‍ ഞാന്‍തന്നെ ലീവെടുക്കണം. അവര്‍ക്കാണെങ്കില്‍ മിക്കവാറും അസുഖവും. പ്രൊബേഷന്‍ സമയത്ത് ലീവെടുക്കരുത് എന്നാണ് നിയമം. ആ സമയത്ത് ഞാന്‍ വളരെയധികം വിഷമിച്ചു.
ഒരു ദിവസം പനി പിടിച്ചു കിടക്കുന്ന മകള്‍ക്ക് കൂട്ടിരിക്കുമ്പോള്‍ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ഒരു സ്ത്രീ, (ഞങ്ങള്‍ അമ്മമ്മ എന്നാണ് വിളിച്ചിരുന്നത്) എന്റെ വീട്ടില്‍ വന്നു പറഞ്ഞു, ”മോളേ, നീ ഈ മക്കളെയും കൊണ്ട് എത്ര കഷ്ടപ്പെടുന്നു. നാളെ മുതല്‍ ഞാന്‍ ഇവരെ നോക്കിക്കൊള്ളാം, എനിക്ക് പണമൊന്നും തരണ്ട!” അന്നുമുതല്‍ അമ്മമ്മ എന്റെ മക്കള്‍ക്ക് മുത്തശ്ശിയായി.

ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം എനിക്ക് കോഴിക്കോടുള്ള സ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടി. അപ്പോഴതാ വീണ്ടും യൗസേപ്പിതാവ് എന്നെ ഞെട്ടിക്കുന്നു! ഞങ്ങള്‍ കോഴിക്കോട് എത്തി രണ്ടു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അമ്മമ്മ എന്നെ വിളിച്ചു പറയുകയാണ്, ”മോളേ, ഈ വീട് എത്രയും പെട്ടെന്ന് ഒഴിഞ്ഞു കൊടുക്കണം എന്ന് വീടിന്റെ ഉടമസ്ഥന്‍ ആവശ്യപ്പെടുന്നു. അതുകൊണ്ട് ഞങ്ങള്‍ കുറച്ചു ദൂരെയുള്ള ഒരു സ്ഥലത്തേക്ക് താമസം മാറ്റുകയാണ്. പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യംവഴി ഒരുക്കിയതായിരുന്നു അമ്മമ്മയെ എന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം 2021 ജനുവരിയില്‍ ഞാന്‍ മകളെയും കൂട്ടി അവരെ കാണാന്‍ പോയി. അമ്മമ്മയുടെ ഓര്‍മ്മ പൂര്‍ണമായും നഷ്ടപ്പെടുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു ഞങ്ങളുടെ സന്ദര്‍ശനം. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ അമ്മമ്മ നിത്യസമ്മാനം നേടി ഞങ്ങളോട് യാത്ര പറഞ്ഞു.
കൊഴിഞ്ഞ ഇലകളും കടന്നു പോയ സമയവും ഇനിയൊരിക്കലും വരില്ല. എങ്കിലും ദൈവപരിപാലനയുടെ ആര്‍ദ്രമായ ഓര്‍മ്മകള്‍ ഇപ്പോഴും എന്റെ കണ്ണുകളെ ഈറനണിയിക്കാറുണ്ട്. ”തന്നെ കാത്തിരിക്കുന്നവര്‍ക്കുവേണ്ടി അധ്വാനിക്കുന്ന അവിടുത്തെ അല്ലാതെ ആരും മറ്റൊരു ദൈവത്തെപ്പറ്റി കേള്‍ക്കുകയോ മറ്റൊരു ദൈവത്തെ കാണുകയോ ചെയ്തിട്ടില്ല” (ഏശയ്യാ 64/4).

ആന്‍സി ജോര്‍ജ്‌