ഓക്‌സിജന്‍ ലെവലും അച്ചാച്ചന്റെ ബൈബിളും – Shalom Times Shalom Times |
Welcome to Shalom Times

ഓക്‌സിജന്‍ ലെവലും അച്ചാച്ചന്റെ ബൈബിളും

അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. എന്റെ അച്ചാച്ചനും (പിതാവ്) അനുജനും കൊവിഡ് പോസിറ്റീവാണെന്ന് ടെസ്റ്റ് റിസല്‍റ്റ് വന്നു. എങ്കിലും വീട്ടില്‍ മറ്റാര്‍ക്കും പോസിറ്റീവായില്ല എന്നത് ആശ്വാസമായിരുന്നു. പക്ഷേ അച്ചാച്ചന് അല്പം ചുമയുള്ളതുകൊണ്ടും അറുപതിനുമുകളില്‍ പ്രായമുള്ളതുകൊണ്ടും ശ്വാസതടസം വരാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം. അതിനാല്‍ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറി. അവിടെ ആദ്യമൊന്നും കുഴപ്പമില്ലായിരുന്നെങ്കിലും പിന്നീട് ചുമയും ശ്വാസതടസവും ക്ഷീണവും അനുഭവപ്പെടാന്‍ തുടങ്ങി. ഓക്‌സിജന്റെ അളവില്‍ സ്ഥിരതയില്ലാതെയായി. അതിനാല്‍ പെട്ടെന്നുതന്നെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വളരെ വേഗം ഓക്‌സിജന്‍ നല്‌കേണ്ട അവസ്ഥയായിരുന്നു അപ്പോള്‍. കാരണം ഓക്‌സിജന്റെ അളവ് 88-ലും താഴെ ആയിരുന്നു.

ആശുപത്രിയിലെത്തി എക്‌സ്‌റേ പരിശോധന നടത്തിയിട്ട് ന്യൂമോണിയയുടെ ആരംഭമെന്ന് ഡോക്ടര്‍ വിധിയെഴുതി. തുടര്‍ന്ന് മരുന്ന് നല്കാന്‍ തുടങ്ങിയെങ്കിലും അതുകൊണ്ടൊന്നും വലിയ മാറ്റം ഉണ്ടായില്ല. ഓക്‌സിജന്‍ മാസ്‌ക് മാറ്റി യാല്‍ ഓക്‌സിജന്റെ അളവ് നന്നായി താഴ്ന്നുപോകും. അതിനാല്‍ ഡോക്ടറെ കണ്ട് വിവരം തിരക്കി. ഡോക്ടര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, ”സാധാരണയായി എല്ലാം നോര്‍മല്‍ ആവേണ്ടതാണ്. ഇത് എന്താണെന്ന് അറിയില്ല. ഒരാഴ്ചകൂടി മരുന്ന് തുടരാം.” എന്തുചെയ്യണമെന്നറിയാതെ ഞാന്‍ നിന്ന നിമിഷം. കൊവിഡിന്റെ ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ എന്റെ മനസിലൂടെ കടന്നുപോയി. ദൈവമായിരുന്നു ഏക അഭയം.

തൊട്ടടുത്ത ദിവസം. രാവിലത്തെ ഭക്ഷണം കഴിഞ്ഞപ്പോള്‍, മുറിയിലിരുന്ന ബൈബിള്‍ എടുത്ത് ഞാന്‍ അച്ചാച്ചന്റെ കൈയിലേക്ക് കൊടുത്തു. ദിവസവും സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം അരമണിക്കൂര്‍ ബൈബിള്‍ വായിക്കുന്ന ശീലമുണ്ടായിരുന്നു അച്ചാച്ചന്. എന്നാല്‍ കൊവിഡ് ആ ശീലത്തെപ്പോലും മരവിപ്പിച്ചു. പക്ഷേ അന്ന് വീണ്ടും ബൈബിള്‍ വായിക്കാന്‍ തുടങ്ങി. അത് കണ്ടുകൊണ്ടാണ് ഞാന്‍ ആ മുറിയില്‍നിന്ന് എന്റെ മുറിയിലേക്ക് നീങ്ങിയത്.

കുറച്ചുനേരം കഴിഞ്ഞ് ഞാന്‍ വീണ്ടും തിരികെയെത്തിയപ്പോള്‍ അച്ചാച്ചന്‍ നല്ല ഉറക്കത്തിലാണ്. തൊട്ടടുത്ത് ബൈബിളും ഇരിക്കുന്നുണ്ട്. ഞാന്‍ പതുക്കെ അച്ചാച്ചനരികില്‍ ഇരുന്ന് ഓക്‌സിജന്‍ ലെവല്‍ കാണിക്കുന്ന മോണിട്ടറിലേക്ക് നോക്കി. 99/100 ആണ് ഓക്‌സിജന്‍ ലെവല്‍. കുറച്ചുനേരം തുടര്‍ച്ചയായി ശ്രദ്ധിച്ചിട്ടും മാറ്റമൊന്നും കാണിക്കുന്നില്ല. അതിനുശേഷം സിലിണ്ടറില്‍നിന്ന് ഓക്‌സിജന്‍ നല്കുന്നതിന്റെ അളവ് കുറച്ചിട്ടും ഓക്‌സിജന്‍ ലെവലില്‍ വ്യത്യാസമൊന്നും വന്നില്ല. അതിനാല്‍ നഴ്‌സ് ഓക്‌സിജന്‍ സിലിണ്ടര്‍ ഓഫാക്കി നോക്കി. എന്നിട്ടും പ്രശ്‌നമൊന്നുമുണ്ടായില്ല. സ്ഥിരമായ ഓക്‌സിജന്‍ ലെവല്‍തന്നെ! ‘ദൈവമേ, ഇങ്ങനെതന്നെ തുടരണേ’ എന്ന പ്രാര്‍ത്ഥന എന്റെ മനസില്‍നിന്ന് ഉയര്‍ന്നു.

പ്രാര്‍ത്ഥനപോലെതന്നെ ആ അവസ്ഥ തുടര്‍ന്നു. ഉച്ചകഴിഞ്ഞ് ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായമില്ലാതെതന്നെ ശ്വസിക്കാം എന്നായി. ഓക്‌സിജന്‍ ലെവല്‍ 98,99,100 എന്ന തോതില്‍ത്തന്നെ തുടര്‍ന്നു. ഇക്കാര്യം ഡോക്ടറെ അറിയിച്ചു. ”നാളെ ഒരു ദിവസം ഓക്‌സിജന്‍ ഇല്ലാതെ പോകട്ടെ. നമുക്ക് നടത്തിച്ച് നോക്കാം. ആ റിസല്‍റ്റ് കൂടി നോക്കിയിട്ട് വെറെ കുഴപ്പമൊന്നും ഇല്ലെങ്കില്‍ നാളെത്തന്നെ ഡിസ്ചാര്‍ജ് ചെയ്യാം” എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.

അത്ഭുതം എന്നല്ലാതെ എന്താണ് പറയുക! പിറ്റേന്ന് അച്ചാച്ചന്‍ ഓക്‌സിജന്‍ നല്കാതെതന്നെ നടന്നു, സ്വയം ഇരുന്നു. എന്നിട്ടും ഓക്‌സിജന്റെ അളവ് ഒട്ടും താഴ്ന്നില്ല. അന്നുതന്നെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും ആ ദിവസംകൂടി ആശുപത്രിയില്‍ തുടര്‍ന്നു. പിറ്റേന്ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയി. തുടര്‍ന്ന് അച്ചാച്ചന്‍ പൂര്‍ണ ആരോഗ്യത്തോടെ തന്റെ ജോലികള്‍ പുനരാരംഭിച്ചു.

ഏഴുദിവസം മരുന്ന് കഴിച്ചിട്ടും ഓക്‌സിജന്‍ ലെവല്‍ കൂടാതിരുന്ന അച്ചാച്ചന് ബൈബിള്‍ വായിച്ച സമയം മുതല്‍ സൗഖ്യം ലഭിക്കുകയായിരുന്നു. ഒരാഴ്ചകൂടി ആശുപത്രിയില്‍ കിടക്കേണ്ടിവരുമെന്നും മരുന്ന് തുടരാമെന്നും പറഞ്ഞ ഡോക്ടര്‍ മൂന്ന് ദിവസംകൊണ്ടുതന്നെ ഡിസ്ചാര്‍ജ് എഴുതിത്തന്നു. ”കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്” (ജ്ഞാനം 16/12) എന്ന തിരുവചനം അച്ചാച്ചന്റെ ജീവിതത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ നിറവേറുകയായിരുന്നു.

ജെറിന്‍ ജോര്‍ജ്‌