നാലുവയസുകാരനെ തൊട്ട ചിത്രം – Shalom Times Shalom Times |
Welcome to Shalom Times

നാലുവയസുകാരനെ തൊട്ട ചിത്രം

നാല് വയസുള്ള എന്റെ മൂത്ത സഹോദരന് ടെറ്റനസ് ബാധിച്ചിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും അത് ഗുരുതരമായി ‘ലോക്ക് ജോ’ എന്ന അവസ്ഥയിലെത്തി. അതായത് ടെറ്റനസ് അധികരിച്ച് വായ് തുറന്നടയ്ക്കാന്‍ കഴിയാത്ത അവസ്ഥ. തുടര്‍ന്ന് ശ്വസിക്കാന്‍ കഴിയാതെയാകും, രോഗി മരണത്തിലേക്ക് നീങ്ങും. ഈ സ്ഥിതിയിലാണ് മൂത്ത സഹോദരനെയുംകൊണ്ട് പിതാവ് ഡോക്ടറുടെ അരികിലേക്ക് പോകുന്നത്. അതേ സമയം പൂര്‍ണഗര്‍ഭിണിയായ അമ്മയും കൂടെയുണ്ട്. അമ്മയ്ക്ക് പ്രസവസമയം അടുക്കുന്നു.

‘ലോക്ക് ജോ’ അവസ്ഥയില്‍നിന്ന് മൂത്ത കുട്ടി മരണത്തിലേക്ക് നീങ്ങുകയാണ് എന്ന് ഡോക്ടറിന് മനസിലായി. തനിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല എന്ന് അദ്ദേഹം പിതാവിനെ അറിയിച്ചു. ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ നില്ക്കുകയാണ് പിതാവ്. 1948 മെയ്മാസത്തില്‍, മെഡിക്കല്‍ സേവനങ്ങള്‍ അധികമൊന്നും വികസിച്ചിട്ടില്ലാത്ത ഒരു ഫിലിപ്പൈന്‍ ഗ്രാമത്തിലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. ആ ക്ലിനിക്കിലുള്ള ഒരേയൊരു ഡോക്ടര്‍ നിര്‍ണായകമായ തീരുമാനമെടുക്കേണ്ട സമയം.

ഒടുവില്‍, മരണത്തിലേക്ക് നീങ്ങുമെന്നുറപ്പുള്ള കുട്ടിയെ വിട്ട് പ്രസവസമയമടുത്ത അമ്മയ്ക്കരികിലേക്ക് നീങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ നിസഹായനായി നില്ക്കുന്ന പിതാവിനെ കാണുമ്പോള്‍ ഡോക്ടര്‍ക്കും വല്ലാത്ത വിഷമം. ഒടുവില്‍ ആ ഡോക്ടര്‍ തന്റെ മുറിയുടെ ചുവരില്‍ കിടന്നിരുന്ന നിത്യസഹായമാതാവിന്റെ ചിത്രം എടുത്ത് എന്റെ പിതാവിന്റെ കൈയില്‍ കൊടുത്തിട്ട് പറഞ്ഞു, ”ഇവരോട് സഹായം ചോദിക്കുക. മകന്‍ നഷ്ടപ്പെടുക എന്നാല്‍ എന്താണെന്ന് ഈ സ്ത്രീക്കറിയാം. ഈ കുട്ടി മരിക്കുകയാണ്. എന്നാല്‍ എനിക്ക് നിങ്ങളുടെ ഭാര്യയുടെ പ്രസവത്തിന് സഹായം നല്‌കേണ്ടിയിരിക്കുന്നു.”

വേഗംതന്നെ ഡോക്ടര്‍ അടുത്ത മുറിയിലേക്ക് പോയി. എന്റെ പിതാവാകട്ടെ ആ മുറിയില്‍ത്തന്നെ നിന്നു. നിസഹായതയോടെ കൈയിലിരിക്കുന്ന ചിത്രത്തിലേക്ക് നോക്കി. അദ്ദേഹം കത്തോലിക്കാവിശ്വാസി ആയിരുന്നില്ല. അതിനാല്‍ത്തന്നെ ഒരിക്കലും പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യം തേടിയിട്ടുമില്ല.
പക്ഷേ ആ ചിത്രത്തില്‍ നോക്കി അദ്ദേഹം പറഞ്ഞു, ”ഞാനിതുവരെ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല. എന്നാല്‍ എന്റെ മകനെ സൗഖ്യപ്പെടുത്താന്‍ തുണയ്ക്കുമെങ്കില്‍ ഞാന്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കും. എന്റെ എല്ലാ കുട്ടികള്‍ക്കും കത്തോലിക്കാസഭയില്‍ മാമ്മോദീസ നല്കും.”

പിതാവ് ഈ വാഗ്ദാനം ചെയ്തയുടനെ ഒരത്ഭുതം നടന്നു. എന്റെ മൂത്ത സഹോദരന്റെ ‘ലോക്ക് ജോ’ സൗഖ്യമായി! പെട്ടെന്ന് ശ്വസിക്കാന്‍ തുടങ്ങി. അവന്റെ വിളറിത്തുടങ്ങിയ ശരീരം വീണ്ടും സാധാരണ ഫിലിപ്പിനോകളെപ്പോലെ തവിട്ടുനിറമാവാന്‍ തുടങ്ങി. നന്ദിയും സന്തോഷവുംകൊണ്ട് എന്റെ പിതാവിന്റെ കണ്ണുകള്‍ നിറഞ്ഞു.
ഈ സമയം, ഇതൊന്നും അറിയാതെ അപ്പുറത്ത് എന്റെ അമ്മ പ്രസവത്തിലൂടെ കടന്നുപോവുകയായിരുന്നു. ഒരു പെണ്‍കുട്ടിയാണ് ജനിച്ചത്. അമ്മയും തന്റെ മൂത്ത മകനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. അമ്മ ചിന്തിച്ചത് ഇങ്ങനെയാണ്, പ്രസവിക്കുന്നത് ഒരാണ്‍കുട്ടിയെ ആണെങ്കില്‍ മൂത്ത മകനെ നഷ്ടപ്പെടും.

എന്നാല്‍ പെണ്‍കുട്ടിയെയാണ് പ്രസവിക്കുന്നതെങ്കില്‍ മൂത്ത മകന്‍ രക്ഷപ്പെടും. എന്തായാലും പ്രസവിച്ചത് പെണ്‍കുട്ടിയെയാണ്. അതിനാല്‍ തന്റെ മൂത്ത മകന്‍ രക്ഷപ്പെട്ടു എന്ന് അമ്മ മനസിലാക്കി. അത് ശരിയായിരുന്നു, അമ്മയുടെ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു. ഇതെല്ലാം നടന്നത് കത്തോലിക്കര്‍ കരുണയുടെ മണിക്കൂര്‍ എന്ന് വിളിക്കുന്ന മൂന്നുമണി സമയത്തായിരുന്നു. പിന്നീട് എന്റെ ഇളയ സഹോദരിക്ക് ലൂര്‍ദിലെ അത്ഭുതത്തെ ഓര്‍മ്മിക്കുന്ന വിധത്തില്‍ ലൂര്‍ദ് എന്ന് പേരിട്ടു.

എന്റെ പിതാവ് തന്റെ വാക്ക് നിറവേറ്റി. പിതാവും മാതാവും അവരുടെ ദാമ്പത്യത്തിന്റെ ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം ദൈവാലയത്തില്‍വച്ച് വിവാഹിതരായി, കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. മക്കള്‍ക്കെല്ലാം മാമ്മോദീസ നല്കി. അതായിരുന്നു അനുഗൃഹീതമായ ഞങ്ങളുടെ കത്തോലിക്കാവിശ്വാസജീവിതത്തിന്റെ തുടക്കം.
എന്റെ ജീവിതത്തെ ആകമാനം സ്വാധീനിച്ച വേറൊരു സംഭവം എന്റെ പിതാവിന്റെ ജീവിതത്തിലുണ്ടായതാണ്. അദ്ദേഹത്തിന് ഏതാണ്ട് 60 വയസ് പ്രായമുള്ളപ്പോള്‍ ഗുരുതരമായ ഹൃദയാഘാതം ഉണ്ടായി. ബൈപാസ് സര്‍ജറി ചെയ്യേണ്ടിവന്നു. സര്‍ജറിക്കുശേഷം ഐ.സി.യുവിലേക്ക് കൊണ്ടുവന്ന സമയം.

കടുത്ത ബ്ലീഡിംഗ് നിമിത്തം പിതാവ് മരണത്തിലേക്ക് നീങ്ങാന്‍ തുടങ്ങി. ആ സമയത്ത് അദ്ദേഹത്തിനുണ്ടായത് അസാധാരണമായ ഒരനുഭവമാണ്. താന്‍ ശരീരത്തില്‍നിന്ന് പുറത്തേക്ക് വന്നതുപോലെ… അക്ഷരാര്‍ത്ഥത്തില്‍ തന്റെ ആത്മാവ് ശരീരത്തില്‍നിന്ന് വേര്‍പെട്ടതായും ആ മുറിയുടെ മുകളില്‍നിന്നുകൊണ്ട് അവിടെ നടക്കുന്ന കാര്യങ്ങള്‍ കാണുന്നതായും അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഡോക്ടര്‍മാരും നഴ്‌സുമാരും ചേര്‍ന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹം വീക്ഷിച്ചു.

പ്രകാശം നിറഞ്ഞ തുരങ്കത്തിലൂടെ കടന്നുപോവുന്നതുപോലെയായിരുന്നു അദ്ദേഹത്തിന്റെ അപ്പോഴത്തെ അനുഭവം. അതിനപ്പുറത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ നില്‍ക്കുന്നു. അവര്‍ അദ്ദേഹത്തോട് പറഞ്ഞു, തിരിച്ചുപോകണമെന്ന്. വാസ്തവത്തില്‍ എന്റെ പിതാവിന് തിരികെവരാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. സ്വന്തം മാതാപിതാക്കളെ കണ്ടത് അദ്ദേഹത്തിന് സന്തോഷമായിരുന്നു. എന്തിനാണ് താന്‍ തിരിച്ചുപോകുന്നതെന്ന് അവരോട് അദ്ദേഹം അന്വേഷിച്ചു. ”അന്റോണിനെ ഒരു ഡോക്ടറാകാന്‍ സഹായിക്കുന്നതിന്” എന്നായിരുന്നു മറുപടി.
വാസ്തവത്തില്‍, മുത്തശ്ശിയെ ഞാന്‍ കണ്ടിട്ടില്ല, ഞാന്‍ ജനിക്കുംമുമ്പേ മുത്തശ്ശി മരിച്ചുപോയതാണ്.

മുത്തച്ഛനാണെങ്കില്‍ എനിക്ക് മൂന്നോ നാലോ വയസുള്ളപ്പോഴാണ് മരിച്ചത്. അതിനാല്‍ രണ്ടുപേരെയും കാര്യമായി എനിക്ക് അറിഞ്ഞുകൂടാ. പക്ഷേ അവര്‍ക്ക് എന്നെ അറിയാം, എന്റെ പേരറിയാം, ഞാന്‍ ആരായിത്തീരുമെന്നും അവര്‍ക്ക് അറിയാം! പിതാവ് പിന്നീട് ഇക്കാര്യം പങ്കുവച്ചപ്പോള്‍ അതെന്നെ തെല്ല് അത്ഭുതപ്പെടുത്തി. എന്തായാലും ഈ അനുഭവത്തിനുശേഷം ‘ക്ലിനിക്കലി ഡെഡ്’ എന്ന അവസ്ഥയില്‍നിന്ന് എന്റെ പിതാവ് ഉയിര്‍ത്തെഴുന്നേറ്റു. ഡോക്ടര്‍മാര്‍ക്ക് അത് ഒരു അത്ഭുതമായിരുന്നു.

പിന്നീട് ദൈവികവെളിപ്പെടുത്തല്‍പോലെതന്നെ ഞാന്‍ ഡോക്ടറായിത്തീര്‍ന്നു. വിവാഹിതനായി. അമേരിക്കയില്‍ താമസമാക്കി. ഡോക്ടര്‍ബിരുദം നേടിയശേഷം ഞാന്‍ അനസ്‌തേഷ്യോളജിയിലാണ് ഉപരിപഠനം നടത്തിയത്. സര്‍ജറിപോലുള്ള ആവശ്യങ്ങള്‍ക്കായി ഉറക്കുന്നതാണല്ലോ അന്‌സ്‌തേഷ്യോളജിസ്റ്റിന്റെ കര്‍ത്തവ്യം. വാസ്തവത്തില്‍ ഉറങ്ങുക എന്നതിനെക്കാള്‍ പ്രധാനമാണ് അവര്‍ യഥാസമയം ഉണരുക എന്നത്. അവര്‍ക്ക് ശരിയായി ഉണരാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്റെ ജോലി വിജയിച്ചില്ല എന്നാണര്‍ത്ഥം. ഇതുതന്നെയാണ് ആത്മീയമേഖലയിലും ആവശ്യം എന്ന് എനിക്ക് തോന്നുന്നു. ആളുകളെ ആത്മീയ ഉറക്കത്തില്‍നിന്ന് ഉണര്‍ത്താന്‍ നമുക്ക് കടമയുണ്ട്.

എന്റെ പിതാവിനെ യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് ആനയിച്ച ഡോക്ടറും അതുതന്നെയാണ് ചെയ്തത്. ഇന്ന് ഞങ്ങളുടെ കുടുംബമൊന്നാകെ കത്തോലിക്കാവിശ്വാസത്തില്‍ വളരുന്നതിന് നിമിത്തമായത് ആ സംഭവമായിരുന്നു.
ഈ വിശ്വാസജീവിതത്തിലും പലവിധ ദുരിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. പക്ഷേ ഞങ്ങളുടെ കുടുംബം പ്രധാനമായും പ്രാര്‍ത്ഥനയില്‍ ശരണം തേടുന്നു.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ആക്‌സിഡന്റ് ഉണ്ടായതിനെത്തുടര്‍ന്ന് ഞാന്‍ കിടപ്പിലായി. പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ ഞാന്‍ അംഗവൈകല്യത്തോടെയാണ് ജീവിച്ചത്. എന്നാല്‍ ഈ സമയത്ത് എന്റെ മൂത്ത മകന്‍ ആന്തണി റെയ്മുണ്ടോ വൈദിക ദൈവവിളി സ്വീകരിച്ചു. എന്റെ അവസ്ഥ അവനെ ചിന്തിപ്പിക്കുകയും അത് അവന്റെ ദൈവവിളിക്ക് ആക്കം കൂട്ടുകയുമാണ് ഉണ്ടായത്. പിന്നീട് എനിക്ക് അത്ഭുതകരമായി സൗഖ്യം ലഭിക്കുകയും ചെയ്തു.

ഇതിനിടെ ഞങ്ങളുടെ ഏഴ് മക്കളില്‍ രണ്ടാമത്തെ മകന്‍ മരിച്ചു. പല രീതിയിലും ജോബിനെപ്പോലുള്ള അനുഭവത്തിലൂടെ ഞങ്ങള്‍ കടന്നുപോയി എന്ന് പറയാം. അപ്പോഴെല്ലാം വിശ്വാസവും പ്രാര്‍ത്ഥനയുമാണ് ഞങ്ങളെ പിടിച്ചുനിര്‍ത്തിയത്. അത് എന്നെയും ഭാര്യയെയും സുഖദുഃഖങ്ങളില്‍ ചേര്‍ത്തുനിര്‍ത്തി. നഷ്ടപ്പെട്ടിടത്തെല്ലാം ദൈവം വീണ്ടും പണിതുയര്‍ത്തി. ഭാര്യയും വൈദികനായ മൂത്ത മകനും ഇളയ അഞ്ച് മക്കളുംകൂടിയുള്‍പ്പെടുന്നതാണ് ഇപ്പോള്‍ എന്റെ കുടുംബം. കുടുംബമൊന്നിച്ച് ഞങ്ങള്‍ കത്തോലിക്കാവിശ്വാസത്തില്‍ ആഴപ്പെട്ട് വളരാന്‍ ശ്രമിക്കുന്നു.

ഡോ. അന്റോണ്‍ റെയ്മുണ്ടോ,
ഫിലാഡെല്‍ഫിയ