നിങ്ങള്‍ ആരെപ്പോലെയാണ്? – Shalom Times Shalom Times |
Welcome to Shalom Times

നിങ്ങള്‍ ആരെപ്പോലെയാണ്?

ഒരു കുടുംബനാഥന്‍ ഏതാനും ദിവസങ്ങള്‍ വീട്ടില്‍നിന്ന് മാറി നില്ക്കുന്നു എന്നു കരുതുക. തിരികെ വീട്ടിലേക്ക് വരുമ്പോള്‍ കുഞ്ഞുങ്ങള്‍ അരികിലേക്ക് ഓടി വരുന്നു. അവര്‍ നോക്കുന്നത് അദ്ദേഹത്തിന്റെ കൈയിലേക്കായിരിക്കും. അവര്‍ക്കായി എന്തു കൊണ്ടുവന്നിട്ടുണ്ട് എന്നതിലാണ് അവരുടെ ശ്രദ്ധ. എന്നാല്‍, ഭാര്യ നോക്കുന്നത് ഭര്‍ത്താവിന്റെ മുഖത്തേയ്ക്കായിരിക്കും. ഭര്‍ത്താവ് ക്ഷീണിതനാണോ, യാത്രയൊക്കെ സുഖമായിരുന്നോ എന്നൊക്കെയാണ് അവള്‍ക്കറിയേണ്ടത്. ആത്മീയ ജീവിതത്തിലും ഇതു സംഭവിക്കാം.

ദൈവത്തില്‍നിന്ന് എന്തു ലഭിക്കും എന്നു മാത്രം ചിന്തിക്കുന്ന, അതിനുവേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ ആണോ നമ്മള്‍? എങ്കില്‍, യേശുവിന്റെ മുഖത്തേയ്ക്കും ഹൃദയത്തിലേക്കും നോക്കുന്ന ആത്മീയ പക്വതയിലേക്ക് നാം വളരേണ്ടിയിരിക്കുന്നു. ”അതിനാല്‍ ക്രിസ്തുവിന്റെ വചനത്തിന്റെ പ്രഥമ പാഠങ്ങള്‍ പിന്നിട്ട് നമുക്ക് പക്വതയിലേക്ക് വളരാം” (ഹെബ്രായര്‍ 6/1).

രണ്ട് രീതിയിലുള്ള ആത്മീയത നമ്മിലും നമുക്കുചുറ്റും കാണാന്‍ കഴിയും. ഒന്ന്, ദൈവത്തെ മാത്രം നോക്കി അവിടുത്തെ സ്വന്തമാക്കി ജീവിക്കുന്നവര്‍. വിശുദ്ധാത്മാക്കളും രക്തസാക്ഷികളുമെല്ലാം ഇങ്ങനെ യേശുവിനെ സ്വന്തമാക്കി കടന്നുപോയവരാണ്. എന്നാല്‍ രണ്ടാമത്തെ വിഭാഗം, ദൈവത്തിന്റെ കരങ്ങളിലേക്ക് മാത്രം നോക്കി (എന്തു കിട്ടും എന്നു നോക്കുന്നവര്‍) ഭൗതിക നേട്ടങ്ങള്‍ മാത്രം സ്വന്തമാക്കിയവരാണ്.

ദൈവം സ്വര്‍ഗത്തില്‍നിന്ന് നോക്കുന്നതും തന്നെ ഹൃദയപൂര്‍വം അന്വേഷിക്കുന്നവരെയാണ്. ”കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്ന് മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെ തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു” (സങ്കീര്‍ത്തനങ്ങള്‍ 14/2). തിരുവചനം വ്യക്തമാക്കുന്ന സത്യം ദൈവത്തെ സ്വന്തമാക്കുന്നതാണ് വിവേകമെന്നും അനുഗ്രഹങ്ങള്‍ക്കുവേണ്ടിയുള്ള പരക്കംപാച്ചില്‍ ഭോഷത്തമാണെന്നുമല്ലേ. യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനെ സ്വന്തമാക്കിയവര്‍ ജീവിതത്തിന്റെ ഏത് കനല്‍വഴികളിലും അവനെ ഉപേക്ഷിക്കുകയില്ല, തിരുസഭ വിട്ടു പോവുകയില്ല, തന്റെ ശുശ്രൂഷകള്‍ അവസാനിപ്പിക്കുകയുമില്ല. മാത്രമല്ല, ദൈവത്തിനുവേണ്ടി ജീവന്‍പോലും ത്യജിക്കാന്‍ അവര്‍ തയാറാവുകയും ചെയ്യും. രക്തസാക്ഷികളുടെ ജീവിതം അതാണല്ലോ നമ്മെ പഠിപ്പിക്കുന്നത്.

എന്നാല്‍ സ്വന്തം കാര്യസാധ്യത്തിനായി മാത്രം ദൈവത്തെ തേടുന്നവര്‍ ജീവിതത്തിന്റെ വിപരീത സാഹചര്യങ്ങളില്‍ ഈശോയെ തള്ളിപ്പറയാനും സഭ വിട്ടുപോകാനും ശുശ്രൂഷകള്‍ അവസാനിപ്പിക്കാനും സാധ്യതയുണ്ട്. യേശുവിന്റെ കുരിശുയാത്രയില്‍ മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദം ഓര്‍മയില്ലേ? ‘അവിടുത്തെ അത്ഭുത പ്രവൃത്തികള്‍ കണ്ടവരും അവയുടെ ഫലമനുഭവിച്ചവരും ഇന്നെവിടെ?’ സത്യത്തില്‍ ഇത് കര്‍ത്താവിന്റെ ഹൃദയവേദനയാണ്.

യേശുക്രിസ്തു ഈ ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ തന്റെ അടുക്കല്‍ വന്ന രോഗികളെ എങ്ങനെ സുഖപ്പെടുത്തിയോ, പാപികള്‍ക്ക് എങ്ങനെ മോചനം കൊടുത്തുവോ, ബന്ധിതരെ എങ്ങനെ പിശാചിന്റെ പിടിയില്‍നിന്ന് മോചിപ്പിച്ചുവോ അതുപോലെ തന്നെ, ഒരുപക്ഷേ അതിനെക്കാളധികമായി അവിടുന്ന് ഇന്ന് പ്രവര്‍ത്തിക്കുന്നത് തന്റെ മൗതിക ശരീരമായ തിരുസഭയിലൂടെയും സഭയിലെ വിവിധ കൂദാശകളിലൂടെയും ശുശ്രൂഷകളിലൂടെയുമാണ്. അതിനാല്‍ കൗദാശികതയില്‍ അടിസ്ഥാനമിട്ട ആത്മീയതയാണ് യഥാര്‍ത്ഥ ആത്മീയ ജീവിതം. കേവലം ഭക്താനുഷ്ഠാനങ്ങള്‍ക്കും ഭൗതികനേട്ടങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്കുന്ന ഒരു ശൈലി വര്‍ധിച്ചുവരുന്നു എന്നത് ഈ കാലഘട്ടത്തിന്റെ ദുരന്തമാണ്.

ഈ ദുരവസ്ഥയിലേക്ക് ആളുകള്‍ ഓടിക്കൂടുന്നതിന്റെ ഒരു കാരണം മനുഷ്യന് ഭൗതിക നന്മകളും അനുഗ്രഹങ്ങളും പ്രാപിക്കാനുള്ള കുറുക്കുവഴിയായി ഭക്താനുഷ്ഠാനങ്ങളെ കാണുന്നു എന്നതാണ്. ദാതാവായ ദൈവത്തെക്കാള്‍ ദാനങ്ങള്‍ക്ക് മാത്രം അമിത പ്രാധാന്യം നല്കുന്ന ജീവിതങ്ങളിലാണ് ഈ അപകടം കൂടുതലായി കണ്ടുവരുന്നത്. കൂദാശകളെല്ലാം യേശുവിനാല്‍ സ്ഥാപിതമാണ്. അവയെല്ലാംതന്നെ നമ്മുടെ ആത്മാവിന്റെ രക്ഷയ്ക്കും നിത്യജീവനും ഒഴിച്ചുകൂടാനാവാത്തതുമാണ്.

യേശുവിന്റെ ഉത്ഥാനത്തിനുശേഷം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനഫലമായിത്തന്നെ സഭയില്‍ രൂപംകൊണ്ട ഭക്താനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളും (ഉദാ: വിശുദ്ധരോടുള്ള വണക്കം, നൊവേനകള്‍…) നമ്മുടെ ആത്മീയ പോഷണത്തിന് ഉപകാരപ്രദമാണെങ്കിലും അവയ്ക്ക് കൂദാശകളെക്കാള്‍ അമിത പ്രാധാന്യം നല്കുന്നത് നമുക്ക് ദോഷകരമായി തീര്‍ന്നേക്കാം. ഇവിടെ ക്രിസ്തു കേന്ദ്രീകൃതമായ ആത്മീയ ജീവിതം തടസ്സപ്പെടുകയും ആത്മീയ ഉന്നതിയുടെ ശ്രേഷ്ഠമായ പടവുകളിലേക്കുള്ള യാത്രയ്ക്ക് നാം തന്നെ വിഘാതമാവുകയും ചെയ്യുന്നു. ആകയാല്‍ നമ്മുടെ ദൈവിക കാഴ്ചപ്പാടുകളെ നമുക്ക് പൊളിച്ചെഴുതാം. ക്രിസ്തുവിനായി നമ്മുടെ ഹൃദയം ദാഹിക്കട്ടെ.

ഈ ലോകത്തില്‍വച്ച് നമുക്ക് നേടാവുന്ന ഏറ്റവും വലിയ നിധിയാണ് യേശു. അത് കണ്ടെത്തിയവനു മാത്രമേ ഭൗതിക സുഖങ്ങള്‍ക്കുവേണ്ടിയുള്ള ഹൃദയദാഹം ശമിക്കുകയുള്ളൂ. അതിന് നമുക്ക് ആവശ്യമായിട്ടുള്ളത് കൂദാശകളില്‍ അടിസ്ഥാനമിട്ട ജീവിതശൈലിയാണ്. ഇതറിഞ്ഞ്, അനുഭവിച്ച സങ്കീര്‍ത്തകന്‍ പ്രഘോഷിക്കുന്നു: ”അങ്ങ് എനിക്ക് ജീവന്റെ മാര്‍ഗം കാണിച്ചുതന്നു. അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്. അങ്ങയുടെ വലതുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്” (സങ്കീര്‍ത്തനങ്ങള്‍ 16/11).

ഈ ലോകവും അതിലെ നന്മകളും നമുക്ക് ആനന്ദവും സന്തോഷവും നല്കിയേക്കാം. എന്നാല്‍ ശാശ്വതമായത്, പൂര്‍ണതയുള്ളത് യേശുവില്‍നിന്ന് വരുന്നു. ഇതാണ് ഫ്രാന്‍സിസ് പാപ്പാ പങ്കുവയ്ക്കുന്ന ‘സുവിശേഷത്തിന്റെ ആനന്ദം നുകരുന്ന ജീവിതങ്ങള്‍.’
നമുക്ക് പ്രാര്‍ത്ഥിക്കാം: യേശുവേ നാഥാ, അനശ്വരമായവയില്‍ പ്രത്യാശ വയ്ക്കാനും മറ്റെന്തിനെക്കാളുമുപരി അങ്ങയെ സ്വന്തമാക്കാനും എന്നെ അനുവദിച്ചാലും, ആമ്മേന്‍.

മാത്യു ജോസഫ്