ഉത്തരം പറഞ്ഞുതരുന്ന പഴ്‌സ് – Shalom Times Shalom Times |
Welcome to Shalom Times

ഉത്തരം പറഞ്ഞുതരുന്ന പഴ്‌സ്

ഒരു വൈകുന്നേരം എന്റെ മൂത്തമകന്‍ അജയ് കോഴിക്കോടുനിന്നും ആലുവയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നായിരുന്നതു കൊണ്ട് മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്തിരുന്നില്ല. ജനറല്‍ കംപാര്‍ട്ടുമെന്റില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ട്രെയിനില്‍ അധികം യാത്ര ചെയ്ത് പരിചയമില്ല മകന്.
ഷൊര്‍ണൂര്‍ എത്തി ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പുറത്തിറങ്ങി ഒരു ചായ കുടിച്ചു. പണം കൊടുക്കാന്‍ നോക്കുമ്പോള്‍ പഴ്‌സ് നഷ്ടപ്പെട്ടിരിക്കുന്നു. ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, കോളേജ് ഐ.ഡി കാര്‍ഡ് തുടങ്ങി വിലപ്പെട്ട രേഖകളെല്ലാം പഴ്‌സില്‍ ഉണ്ട്. പോക്കറ്റില്‍ ചെറിയൊരു തുക ഉണ്ടായിരുന്നതുകൊണ്ട് ചായ കുടിച്ച പണം കൊടുത്ത് ട്രെയിനില്‍ കയറി അവിടെയൊക്കെ പരിശോധിച്ചു.

പഴ്‌സ് വീണുപോയതായിരിക്കുമെന്നാണ് മകന്‍ കരുതിയത്, പോക്കറ്റടിയെക്കുറിച്ച് അത്ര ചിന്തിച്ചില്ല. വിഷമത്തോടെ പഴ്‌സ് നഷ്ടപ്പെട്ട കാര്യം എന്നെ വിളിച്ചുപറഞ്ഞു. എന്തുചെയ്യാന്‍… ട്രെയിന്‍ ഇറങ്ങി അടുത്ത സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ ആവശ്യപ്പെട്ടു. അവന്‍ അതുപോലെ ചെയ്തു. പക്ഷേ ഫലമൊന്നും കണ്ടില്ല.
പിറ്റേന്ന് ബുധനാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന അവസരത്തില്‍ ഈശോയോട് ഞാന്‍ പറഞ്ഞു, ”ഈശോയേ, ഈ ബലിയില്‍ അങ്ങ് ജീവനോടെ എഴുന്നള്ളിയിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. നാളെ വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആണ്. അഭിമാനത്തോടെ വിശുദ്ധ കുര്‍ബാനയെ കുറിച്ച് സാക്ഷ്യപ്പെടുത്താവുന്ന രീതിയില്‍ എനിക്ക് ഒരു അടയാളം തരണം. മകന്‍ വീട്ടില്‍ തിരിച്ചെത്തുന്നതിനുമുന്‍പ് അവന്റെ നഷ്ടപ്പെട്ട പഴ്‌സും അതിലുള്ള രേഖകളും കണ്ടുകിട്ടിയെന്ന് അറിയണം.”

രാത്രിയായപ്പോള്‍ മകന്‍ വിളിച്ചു പറഞ്ഞു: ”തിരുവനന്തപുരത്തുനിന്ന് വരുന്ന ട്രെയിനില്‍നിന്ന് പഴ്‌സും അതിലെ രേഖകളും കിട്ടിയിട്ടുണ്ട് എന്ന് ഒരു ചേട്ടന്‍ വിളിച്ചു. അദ്ദേഹം കോട്ടയത്തേക്ക് വരികയായതുകൊണ്ട് അവിടെച്ചെന്നാല്‍ നേരിട്ട് തരുമെന്നും പറഞ്ഞിട്ടുണ്ട്.” അദ്ദേഹം ഇരുന്ന സീറ്റിനുപുറകില്‍ തിരുകി വച്ച രീതിയില്‍ കണ്ടെത്തുകയായിരുന്നു പഴ്‌സ് എന്ന് പിന്നീട് അറിഞ്ഞു. ആ സമയത്ത് പാലായിലായിരുന്ന മകന്‍ കൂട്ടുകാരെ അറിയിച്ചതുപ്രകാരം അവര്‍ കോട്ടയത്തെത്തി പഴ്‌സ് കൈപ്പറ്റി. രേഖകളെല്ലാം അതിലുണ്ടായിരുന്നു, പണംമാത്രമേ നഷ്ടപ്പെട്ടുള്ളൂ.

പഴ്‌സ് തിരികെ ലഭിക്കുക എന്നത് ലളിതമായ ഒരു ഉദാഹരണംമാത്രം. വിശുദ്ധ കുര്‍ബാനയുടെ ശക്തി അറിഞ്ഞാല്‍ നമ്മുടെ പ്രയാസങ്ങള്‍ക്കെല്ലാം അവിടെ ഉത്തരമുണ്ട്. അതിനെക്കാളുപരി എത്രയോ അമൂല്യമായ അനുഗ്രഹങ്ങള്‍ നല്കാന്‍ സര്‍വശക്തനായ ദൈവം വിശുദ്ധ കുര്‍ബാനയില്‍ നമ്മെ കാത്തിരിക്കുന്നു!
”അങ്ങയുടെ ദാസര്‍ക്ക് അങ്ങയുടെ പ്രവൃത്തിയും അവരുടെ മക്കള്‍ക്ക് അങ്ങയുടെ മഹത്വവും വെളിപ്പെടുമാറാകട്ടെ” (സങ്കീര്‍ത്തനങ്ങള്‍ 90/16)

പ്രേംജി മുണ്ടിയാങ്കല്‍