അന്നൊരു ശനിയാഴ്ചയായിരുന്നു. രാവിലെ 5.30-നാണ് വിശുദ്ധ കുര്‍ബാന. പതിവുപോലെ ചാപ്പലില്‍ എത്തി. വെള്ളിയാഴ്ച ഉപവാസം എടുത്തിരുന്നതിനാല്‍ നല്ല ക്ഷീണവും വിശപ്പുമുണ്ടായിരുന്നു. സാധാരണയായി വിശുദ്ധ കുര്‍ബാന കഴിഞ്ഞ് അരമണിക്കൂര്‍ സമയം പ്രാര്‍ത്ഥിച്ചിട്ടാണ് ജോലിക്ക് പോകുക. അന്ന് ഈശോയുടെ മുഖത്ത് നോക്കിയിരുന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.
പതുക്കെ ഈശോയോട് പറഞ്ഞു, ”അപ്പാ നല്ല വിശപ്പുണ്ട്. ഇന്നലെ വെള്ളംമാത്രമേ കുടിച്ചുള്ളൂ. മെസ്സില്‍ ഭക്ഷണം കിട്ടണമെങ്കില്‍ ഒമ്പത് മണിയാകും. വേറെ കഴിക്കാന്‍ കയ്യില്‍ പൈസയുമില്ല. പക്ഷേ ഒമ്പതുമണിവരെ കാത്തിരിക്കാനും വയ്യ അപ്പാ.” ഉടനെ ഈശോ ഇങ്ങനെ പറയുന്നതായി എനിക്കനുഭവപ്പെട്ടു, ”മോനേ, നീ ഇടതുവശത്തേക്ക് നോക്കൂ.” ഞാന്‍ നോക്കിയപ്പോള്‍ പരിചയമുള്ള ഒരു ചേച്ചി അവിടെയിരുന്ന് പ്രാര്‍ത്ഥിക്കുന്നു. ഈശോ പറഞ്ഞു, ”ഇന്ന് അവരുടെ വീട്ടിലായിരിക്കും നിനക്ക് ഭക്ഷണം!” ”ഓകെ,” ഞാന്‍ പറഞ്ഞു. പക്ഷേ അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആ ചേച്ചി എഴുന്നേറ്റ് പോയി. ഇനിയെങ്ങനെ ഈശോ പറഞ്ഞത് നടക്കും! എനിക്കാണെങ്കില്‍ ജോലിക്ക് പോകാന്‍ ഇനിയുമുണ്ട് ധാരാളം സമയം. അതിനാല്‍ അവിടെത്തന്നെ ഇരുന്നു.
പതിനഞ്ച് മിനിറ്റോളം കഴിഞ്ഞപ്പോള്‍ ഞാന്‍ പുറത്തിറങ്ങി. അല്പം മുന്നോട്ട് നടന്നപ്പോഴതാ നേരത്തേ കണ്ട ചേച്ചി ഒരു സിസ്റ്ററുമായി സംസാരിച്ചുകൊണ്ട് ഗെയ്റ്റിനരികെ നില്ക്കുന്നു. ഞാന്‍ അതിലേ കടന്നുപോയപ്പോള്‍ ചേച്ചി പറഞ്ഞു, ”ഞാനും ആ വഴിക്കാണ്.” അതുകേട്ട് ഞാന്‍ ആ ചേച്ചിക്കൊപ്പം നടക്കാന്‍ തുടങ്ങി. അപ്പോള്‍ അവര്‍ പറയുകയാണ്, ”എന്റെ മകന്‍ ഇന്നലെ രാത്രി ബാഗ്ലൂരില്‍നിന്നും വന്നിട്ടുണ്ട്. അവനിവിടെ ഫ്രണ്ട്‌സ് ആരുമില്ല. മോന്‍ വീട്ടില്‍ വരുകയാണെങ്കില്‍ അവന് സന്തോഷമാകും.” ചേച്ചിയുടെ ക്ഷണം സ്വീകരിച്ച് ഞാന്‍ അവരുടെ വീട്ടില്‍ കയറി. അവര്‍ക്കൊപ്പമായിരുന്നു അന്നത്തെ പ്രാതല്‍. അതെ, ഈശോ പറഞ്ഞിരുന്നതുപോലെതന്നെ! ഭക്ഷണംമാത്രമല്ല, പുതിയ കൂട്ടുകാരനെയും തന്നു. അത് ഈശോയുടെ മറ്റൊരു സര്‍പ്രൈസ്.
”കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ എന്നെ സന്തോഷിപ്പിച്ചു; അങ്ങയുടെ അത്ഭുതപ്രവൃത്തി കണ്ട് ഞാന്‍ ആനന്ദഗീതം ആലപിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 92/4).
ജോണ്‍സി കാക്കശ്ശേരി