തെളിഞ്ഞുവരും പുത്തന്‍ സാധ്യതകള്‍ – Shalom Times Shalom Times |
Welcome to Shalom Times

തെളിഞ്ഞുവരും പുത്തന്‍ സാധ്യതകള്‍

പുതുവത്സരത്തിന്റെ തിരുമുറ്റത്താണ് നാം നില്ക്കുന്നത്. ന്യൂ ഇയര്‍ – ആ വാക്ക് നല്കുന്ന പ്രതീക്ഷ അത്ഭുതാവഹമാണ്. ന്യൂ ഇയര്‍ നല്കിയ ദൈവത്തിന് ആദ്യമേ നന്ദി പറയാം. നവവത്സരം നമുക്ക് പല സാധ്യതകളും നല്കുന്നുണ്ട്. വിശുദ്ധ പൗലോസ് പറയുന്നതുപോലെ പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനാകാനുള്ള സന്ദര്‍ഭം. ഡോ. അബ്ദുള്‍ കലാം ഒരിക്കല്‍ പറഞ്ഞു, ‘ദൈവികമായ ഒരു തീപ്പൊരിയുമായിട്ടാണ് നാം ഈ ലോകത്ത് വരുന്നത്. അതിനെ ഒരു ജ്വാലയാക്കി മാറ്റണം.’ ന്യൂ ഇയര്‍ നന്മയുടെ തീപ്പൊരികളെ ജ്വാലയാക്കി മാറ്റാനുള്ള അവസരം.

ലക്ഷ്യം ഉദാത്തമാണെങ്കില്‍ അതിനെ നേടാന്‍ ഒരു വാശി ഉണ്ടെങ്കില്‍, വെട്ടിപ്പിടിക്കാന്‍ നിങ്ങള്‍ക്കുമുമ്പില്‍ ഈ ലോകം ഉണ്ടാകും. ന്യൂ ഇയര്‍ ഉദാത്തമായ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള സമയം. വിശുദ്ധ ഫ്രാന്‍സിസ് അസീസി പറഞ്ഞു: ”നിങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തു തുടങ്ങുക. അപ്പോള്‍ പുത്തന്‍ സാധ്യതകള്‍ തെളിഞ്ഞുവരും. അതുമൂലം നിങ്ങള്‍ക്ക് സാധ്യമായ എല്ലാ കാര്യങ്ങളും നേടാനാകും.” ‘ന്യൂ ഇയര്‍’ പൂര്‍ത്തീകരിക്കാന്‍ പറ്റാതെപോയ സാധ്യതകള്‍ സഫലീകരിക്കാനുള്ള സന്ദര്‍ഭം. കടന്നുപോയ വര്‍ഷത്തില്‍ നമുക്കുണ്ടായ പാകപ്പിഴകള്‍, അപചയങ്ങള്‍, എന്നിവ പരിഹരിക്കാം.

2021 നമ്മെ സംബന്ധിച്ച് സംഭവബഹുലവും അവിസ്മരണീയവുമായ ഒരു വര്‍ഷം ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരി കോവിഡ് -19, നാം അനുഭവിച്ച കാലയളവ്. ലക്ഷക്കണക്കിനാളുകള്‍ ഈ ലോകത്തുനിന്ന് കടന്നുപോയ വര്‍ഷം. നമ്മുടെ ഭവനങ്ങളുടെ മുമ്പില്‍ മരണം കാവല്‍ കിടന്ന ദിവസങ്ങള്‍. അനേകലക്ഷം ആളുകള്‍ കോവിഡ്-19-ന്റെ ദുരിതത്തില്‍ നിസഹായരായി. ഇന്നും ഈ ഭയപ്പാട് പൂര്‍ണമായും വിട്ടുമാറിയിട്ടില്ല. എങ്കിലും നാം ഒരു മനസോടെ ഈ ദുരന്തത്തിന്റെ ഭീകരതയ്‌ക്കെതിരെ പോരാടിയ ദിനങ്ങള്‍!

2022 പ്രതീക്ഷയുടെ വര്‍ഷമാണ്. ‘ഓരോ പ്രഭാതത്തിലുമുള്ള ദൈവത്തിന്റെ കാരുണ്യം പുതുമയാര്‍ന്നതാണെന്ന്’ ബൈബിള്‍ സാക്ഷിക്കുന്നു. ഈ പ്രതീക്ഷയിലും ധൈര്യത്തിലും നമുക്ക് മുന്നേറണം. ദൈവം നമ്മോടുകൂടി ഉള്ളതിനാല്‍ നമുക്ക് അസാധ്യമായി ഒന്നുമില്ല. ദൈവത്തിന്റെ കൂടെ നടന്ന് പുതിയ മനുഷ്യരാകാന്‍ നമുക്ക് സാധിക്കണം. പുതിയ മനുഷ്യനാകണമെങ്കില്‍ കഴിഞ്ഞ വര്‍ഷം നടന്ന വഴിയിലൂടെമാത്രം നടക്കരുത്. പുതിയ വഴിയിലൂടെ നാം സഞ്ചരിക്കണം. കോവിഡ് 19, മനുഷ്യന്റെ ചിന്തകളില്‍ മാറ്റം ഉണ്ടാക്കി.

അവന്റെ സാമൂഹിക കാഴ്ചപ്പാടുകളിലും മാറ്റം ഉണ്ടാക്കി. അവന്റെ ആത്മീയ ധാര്‍മിക കാഴ്ചപ്പാടുകളിലും മാറ്റം ഉണ്ടാക്കി. 2022-ല്‍ ജീവിതത്തെ പുതിയ കാഴ്ചപ്പാടോടെ സമീപിക്കേണ്ടതാണ്. പുതിയ ദര്‍ശനത്തോടെ നാം സഞ്ചരിക്കണം എന്ന് പറയുമ്പോഴും നാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്, നമ്മുടെ സഞ്ചാരം ഓരോ വര്‍ഷം കഴിയുമ്പോഴും ഈ ഭൂമിയില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നമ്മുടെ സഞ്ചാരപഥം നമുക്ക് ജീവന്‍ നല്കുവാനും അത് സമൃദ്ധിയായി നല്കുവാനും വന്ന രക്ഷകന്റെ സഞ്ചാരവഴിയിലൂടെ ആകണം. ഇനിയും നമുക്ക് യേശുവിനോട് ചേര്‍ന്നുനടക്കാന്‍ പറ്റിയിട്ടില്ലെങ്കില്‍ അവനോട് ഒത്ത് യാത്ര ചെയ്യാനുള്ള അവസരം ആകണം, 2022.
ഞാന്‍ എന്റെ ഒരു കോവിഡ് അനുഭവം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.

കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്റെ രണ്ട് ഡോസും എടുത്ത് ധൈര്യപൂര്‍വം മുന്നോട്ട് പോകുമ്പോള്‍ അറിയുന്നു, ഞാന്‍ കോവിഡ് രോഗി ആയെന്ന്. ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആന്റിബോഡി ഇന്‍ജെക്ഷനുവേണ്ടി ഞാന്‍ ഐ.സി.യുവില്‍ കിടന്നപ്പോള്‍ നിസ്സഹായനായി ഞാന്‍ കേട്ടത് രോഗികളെ വേഗം എത്തിക്കാന്‍ ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞുവരുന്ന ആംബുലന്‍സിന്റെ ശബ്ദവും മരിച്ച രോഗികളുടെ മൃതശരീരം കയറ്റി വേഗത്തില്‍ അവരെ വീടുകളിലേക്ക് കൊണ്ടുപോകുന്ന ആംബുലന്‍സിന്റെ ശബ്ദവുമാണ്. ഞാന്‍ സൗഖ്യം പ്രാപിച്ച് തിരികെ വന്നപ്പോള്‍ ഈ ശബ്ദം ഞാന്‍ ഏകാന്തതയില്‍ ധ്യാനവിഷയമാക്കി. ദൈവം എന്നെ താങ്ങിനിര്‍ത്തി എന്ന ധൈര്യവും പ്രത്യാശയും എന്നെ കൂടുതല്‍ കര്‍മനിരതനാക്കുന്നു. പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും ജീവിതത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ന്യൂ ഇയര്‍ ഇടയാക്കും.
ലോകത്ത് അതിവേഗം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

മാറ്റം സംഭവിക്കേണ്ടത് നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സഭയിലും സമൂഹത്തിലുമാണ്. വ്യക്തിജീവിതത്തില്‍ മാറ്റം സംഭവിക്കേണ്ടത് വിശുദ്ധിയിലും വിജ്ഞാനത്തിലും സ്ഥിരോത്സാഹത്തിലും നാം മുന്നേറുമ്പോഴാണ്. ദൈവാശ്രയത്തില്‍ ആഴപ്പെട്ട അടിസ്ഥാനം ഉള്ള കുടുംബങ്ങളാണ് നല്ല മാറ്റത്തിന് വിധേയമാകുന്നത്. വിവിധ കുടുംബങ്ങളുടെ ദൈവികകൂട്ടായ്മ സജീവമാകുന്നതും കൃപകൊണ്ട് നിറയുന്നതും നാം സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ്. ഫ്രാന്‍സിസ് പാപ്പായുടെ ഭാഷയില്‍ പറഞ്ഞാല്‍ അനേകം പേര്‍ മുറിവേറ്റുകിടക്കുന്ന ഒരു വലിയ ആശുപത്രിയാണ് സഭ. അവിടെ നല്ല സമരിയാക്കാരന്റെ മനോഭാവത്തോടെ നാം ശുശ്രൂഷ ചെയ്യുമ്പോള്‍ സഭയുടെ ദൈവികത പ്രോജ്വലമാകും. അതിനുള്ള അവസരമാണ് ന്യൂ ഇയര്‍.

സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ പറഞ്ഞു, ‘I am not handsome but I can give my hand to someone who needs help, beauty is in the heart not in the face.” നമ്മുടെ കരങ്ങള്‍ ഉയര്‍ത്തി മറ്റുള്ളവരെ സഹായിക്കാന്‍ ന്യൂ ഇയര്‍ ഇടയാക്കണം. മനഃശാസ്ത്രജ്ഞനായ വാള്‍ട്ടര്‍ സേക്കാട്ട് പറഞ്ഞത് ”വിജയവും പരാജയവും ഒരാളുടെ കഴിവിനെക്കാള്‍ ഉപരി അയാളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു” എന്നാണ്. പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും നിറങ്ങള്‍ ചാര്‍ത്തി 2022 ആഗതമാകുമ്പോള്‍ Lord Tennyson-ന് ഒപ്പം നമുക്കും പാടാം.
Ring out, wild bells, to the wild sky,
The flying cloud, the frosty light:
The year is dying in the night;
Ring out, wild bells, and let him die.
Ring out the old, ring in the new,
Ring, happy bells, across the snow:
The year is going, let him go;
Ring out the false, ring in the true.
ഈ ന്യൂ ഇയര്‍ നാടിന് വികസനത്തിന്റെ വര്‍ഷമാകണം. നാടിന്റെ വികസനം ഭൗതികംമാത്രമല്ല, ഒരു നല്ല മനുഷ്യന്റെ രൂപീകരണംകൂടിയാണ്. നല്ല വികസനത്തിന്റെ സന്ദേശം നല്കുന്നത് സുവിശേഷമാണ്. Gospel is development.. സുവിശേഷം വികസനമാണ്. സന്തോഷവും സമാധാനവും നീതിയും കരുണയും പങ്കുവയ്ക്കുന്ന വികസനം. സമൂഹത്തില്‍, സാഹോദര്യവും സൗഹൃദവും മാനവികതയും പുലരുന്നതാണ് വികസനം അഥവാ സുവിശേഷം. ദൈവപിതാവിന്റെ കര്‍തൃത്വത്തില്‍ ഈ മണ്ണില്‍ പിറന്നുവീഴുന്ന എല്ലാ ദൈവമക്കളും സാഹോദര്യത്തില്‍ ഒരേ പിതാവിന്റെ മക്കള്‍ എന്ന കാഴ്ചപ്പാടില്‍ പുതിയ ആകാശവും ഭൂമിയുംസൃഷ്ടിക്കുക. ഇതാണ് സുവിശേഷം, വികസനം. ഈ ജീവിതം ധന്യമാക്കേണ്ടത് എങ്ങനെയെന്ന് ജോണ്‍ വെസ്‌ലി പറയുന്നു, ”നന്മ ചെയ്യുക, എപ്പോഴും നന്മമാത്രം ചെയ്യുക. നിങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സന്ദര്‍ഭങ്ങളിലും എല്ലാ സ്ഥലങ്ങളിലും നിങ്ങള്‍ കണ്ടുമുട്ടുന്ന എല്ലാ മനുഷ്യര്‍ക്കും എല്ലാ വിധത്തിലും നന്മ ചെയ്യുക.”

ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ തനിക്ക് കിട്ടിയ ഓരോ നിമിഷവും രോഗികള്‍ക്ക് നന്മ ചെയ്തു. മദര്‍ തെരേസ അഗതികള്‍ക്ക് നന്മ പങ്കുവച്ചു. ഫാ. ഡാമിയന്‍ കുഷ്ഠരോഗികള്‍ക്ക് നന്മ പകര്‍ന്നു. 2022 നമുക്ക് നന്മ ചെയ്യുന്ന അവസരമാക്കി മാറ്റാം. ഓരോ നിമിഷവും ദൈവം തൊട്ടുണര്‍ത്തി അനുഗ്രഹിച്ച് കടന്നുപോകുന്ന നിമിഷങ്ങളാക്കി മാറ്റണം. എല്ലാവര്‍ക്കും പുതുവത്സരത്തിന്റെ ആശംസകള്‍ നേരുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്
ബത്തേരി രൂപതാധ്യക്ഷന്‍