കുറ്റവാളിയെ സംരക്ഷിച്ച ജഡ്ജി – Shalom Times Shalom Times |
Welcome to Shalom Times

കുറ്റവാളിയെ സംരക്ഷിച്ച ജഡ്ജി

രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് നസറത്തില്‍ ജീവിച്ചു കടന്നു പോയ യേശു എന്നു പേരായ ചെറുപ്പക്കാരന്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു? അവഗണിച്ചു മാറ്റി നിര്‍ത്താന്‍ കഴിയുന്ന കേവലം ഒരു തച്ചന്റെ മകന്‍ മാത്രമായിരുന്നോ അവന്‍? പലരുടേയും നെറ്റി ചുളിക്കാന്‍ കാരണക്കാരനായ തിരുത്തല്‍വാദിയായ ഒരു യഹൂദയുവാവുമാത്രമായിരുന്നുവോ നസറത്തിലെ യേശു?

അവന്‍ നമ്മില്‍ ഒരുവനെപ്പോലെ ഈ ഭൂമിയില്‍ മനുഷ്യനായി ജനിച്ചു. അദ്ധ്വാനിച്ചും വിയര്‍പ്പൊഴുക്കിയും അപ്പം സമ്പാദിച്ചു. വിശപ്പും ദാഹവും സഹിച്ചു. കണ്ണീരും വിലാപവും അവന് സന്തതസഹചാരികളായി കൂട്ടിനുണ്ടായിരുന്നു. ഒടുവില്‍ അവന്‍ ദാരുണമായി വധിക്കപ്പെട്ടു. എന്നാല്‍ ഒരു സംശയം ബാക്കി നില്‍ക്കുന്നു. അവന്‍ നമ്മെപ്പോലെ മാനവകുലത്തില്‍ ഒരുവന്‍ മാത്രമായിരുന്നുവോ? യേശുവിന്റെ വാക്കുകളും പ്രവൃത്തികളും ജനകോടികള്‍ക്ക് ഇക്കാലഘട്ടത്തില്‍പോലും അവന്‍ കണ്ടതുപോലെ ജീവിതത്തെ കാണാനും അവന്‍ ജീവിച്ചതുപോലെ ജീവിക്കാനും പ്രേരണയുണര്‍ത്തി നില്‍ക്കുന്നു.

എന്തിനേറെ, ചരിത്രം തന്നെ അവന്റെ വരവില്‍ വഴിമാറിയതു പോലെ! ‘അവനു മുന്‍പ്’ എന്നും അവനു ശേഷം’ എന്നും (ആഇ മിറ അഉ) ലോകചരിത്രം രണ്ടായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ലോകചരിത്രം മാത്രമല്ല, അവനെ കണ്ടുമുട്ടിയ എല്ലാവരുടേയും ജീവിതത്തില്‍ ക്രിസ്തുവിനെ അറിയുന്നതിനു മുന്‍പെന്നും ക്രിസ്തുവിനെ അറിഞ്ഞതിനു ശേഷമെന്നുമുള്ള വേര്‍തിരിവ് പ്രകടമായിരിക്കും.

ഇന്നും നമ്മെ കീഴ്‌പ്പെടുത്താന്‍ മാത്രം എന്തൊരു മാസ്മരികതയാണ് ആ വ്യക്തി പ്രഭാവത്തിന്! എന്തൊരു വശ്യശക്തിയാണ് ആ വാക്കുകള്‍ക്ക്! താര്‍സോസുകാരന്‍ സാവൂളിന് ദമാസ്‌കസിലേയ്ക്കുള്ള പാതയില്‍ വച്ച് കണ്ണില്‍ നിന്ന് ഇരുള്‍ നീക്കി ബുദ്ധിക്ക് പ്രകാശം ചൊരിഞ്ഞതുപോലെ മാനവരാശിയുടെ സഞ്ചാരപഥങ്ങളില്‍ പ്രകാശം വീശിക്കൊണ്ട് മിശിഹാ ഇന്നും കടന്നു വരുന്നു; അവന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു, ജീവിതഗതി മാറ്റിമറിക്കുന്നു. ചിലപ്പോഴെങ്കിലും നമ്മുടെ സമ്മതം ചോദിക്കാതെയും അനുവാദത്തിനായി കാത്തുനില്‍ക്കാതെയും അവനത് സംഭവിപ്പിക്കുന്നു.

അവനെപ്രതി, അവന്റെ സന്ദേശത്തെ പ്രതി, ജീവന്‍ ത്യജിക്കാന്‍പോലും അനേകായിരങ്ങള്‍ തയ്യാറാവുന്നു. അത് ജീവിതത്തിന്റെ വിജയവും ലാഭവുമായി അവര്‍ കരുതുക പോലും ചെയ്യുന്നു. എന്താണിതിന്റെ രഹസ്യം? ആരാണ് ഈ നസ്രായന്‍?

രാജ്യങ്ങളിലും സംസ്‌കാരങ്ങളിലും ജനപദങ്ങളിലും മതങ്ങളിലും അവന്റെ സ്വാധീനം പ്രകടമായിരിക്കുന്നു. നീതി, സ്‌നേഹം, സത്യം, സമാധാനം എന്നിങ്ങനെയുള്ള മൂല്യങ്ങളെക്കുറിച്ച് എവിടെയെല്ലാം, എപ്പോഴെല്ലാം, ചര്‍ച്ച ചെയ്യാനിടയാകുന്നുവോ അപ്പോഴെല്ലാം നസറത്തിലെ മറിയത്തിന്റെ മകന്റെ പ്രബോധനങ്ങളും കടന്നു വരുന്നു. അത് മൂല്യങ്ങളെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളെയും വിലയിരുത്താനുള്ള മാനദണ്ഡമായി മാറിയിരിക്കുന്നു.

മൂല്യങ്ങളെക്കുറിച്ചു മാത്രമല്ല, ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും നിത്യതയെക്കുറിച്ചും യേശു നല്‍കിയ പ്രബോധനങ്ങള്‍ അന്യൂനവും പൂര്‍ണവുമായി നില കൊള്ളുന്നു. യേശുവിനെക്കുറിച്ച് പരാമര്‍ശിക്കാതെ ദൈവത്തെക്കുറിച്ച് പറയാന്‍ സാധ്യമല്ലാതായിരിക്കുന്നു. സ്വര്‍ഗത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും ഇത്ര ആധികാരികമായി പഠിപ്പിക്കാന്‍ കഴിയുന്ന ഇവന്‍ എവിടെ നിന്നു വന്നു?

അനേകര്‍ അവനില്‍ ദൈവികത കണ്ടുകൊണ്ട് ദൈവമായി അവനെ ആരാധിക്കുന്നു. അതിശയകരമെന്നേ പറയേണ്ടൂ, അവന്‍ ഒന്നും എഴുതിവച്ചില്ല. എന്നാല്‍ അവനെക്കുറിച്ച് എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ എണ്ണമറ്റവ. അവന്‍തന്നെ മാനവരാശിക്ക് ഒരു തുറന്ന പുസ്തകമായിരുന്നു. എക്കാലത്തുമുള്ള മനുഷ്യര്‍ക്ക് അവന്‍ സനാതനമായ ഒരു പാഠവും പാഠശാലയും അദ്ധ്യാപകനുമായി നിലകൊള്ളുന്നു.

ഒരു സ്ഥാപനവും അവന്‍ പടുത്തുയര്‍ത്തിയില്ല, ഒരു നിര്‍മിതിയും രൂപകല്‍പന ചെയ്തിട്ടുമില്ല. എന്നാല്‍ അവന്റെ പേരില്‍ പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ള നിര്‍മിതികളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും അനവധിയത്രേ! ഒരിക്കലും അവന്‍ തന്റെ ഛായാചിത്രം വരച്ചു സൂക്ഷിക്കാനോ തന്റെ പ്രതിമകള്‍ സ്ഥാപിക്കാനോ അനുയായികളോട് ആവശ്യപ്പെട്ടിട്ടില്ല. ജനകീയനാകാന്‍ അവന്‍ ശ്രദ്ധിച്ചില്ല. ശ്രോതാക്കളുടെ കയ്യടി വാങ്ങാന്‍ അവന്‍ ഉത്സാഹിച്ചില്ല. എന്നാല്‍ മാനവകുലം അവന്റെ രൂപങ്ങളും പ്രതിമകളും നിര്‍മിച്ച് വീടുകളിലും നഗരങ്ങളിലും സ്ഥാപിച്ച് ആദരിക്കുന്നു.

അവന്‍ രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചില്ല. ഈ ലോകത്ത് രാജാവായി അവന്‍ ഭരണം നടത്തിയില്ല, ചക്രവര്‍ത്തിപദം അലങ്കരിച്ചില്ല. ജനങ്ങള്‍ അവനെ രാജാവാക്കാന്‍ നിര്‍ബന്ധിക്കവേ അവന്‍ വിജന പ്രദേശങ്ങളിലേക്ക് പിന്‍വാങ്ങുകയാണുണ്ടായത്. എന്നാല്‍ മനുഷ്യ ഹൃദയങ്ങളില്‍ അവന്‍ തന്റെ സിംഹാസനം ഉറപ്പിച്ചു. ‘രാജാക്കന്മാരുടെ രാജാവ്’ എന്ന് അവന്‍ ഇന്നും വിളിക്കപ്പെടുന്നു. ‘എന്റെ രാജ്യം ഐഹികമല്ല’ എന്നവന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ തന്റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്റെ മാതൃക നല്‍കാന്‍ മടിച്ചില്ല.

ആരും ഇന്നേവരെ ഉന്നയിച്ചിട്ടില്ലാത്ത അവകാശവാദങ്ങള്‍ അവന്‍ ഉന്നയിച്ചു. ”ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു, പുനരുത്ഥാനവും ജീവനും ഞാനാകുന്നു, വഴിയും സത്യവും ജീവനും ഞാനാകുന്നു, ഞാനാകുന്നു ആടുകള്‍ക്ക് വാതില്‍,” ”ഞാന്‍ നല്ല ഇടയനാകുന്നു,” ”സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവന്റെ അപ്പം ഞാനാകുന്നു” എന്നിങ്ങനെ അവന്‍ സ്വയം പരിചയപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ നടത്തി ലോകത്തെ വിസ്മയിപ്പിച്ചു. അവന്‍ സ്വയം നടത്തിയ ഈ അവകാശവാദങ്ങളെപ്രതി അവന്‍ പീഡിപ്പിക്കപ്പെട്ടു. മരണത്തിന് ഏല്‍പിക്കപ്പെട്ടു. എങ്കിലും അവയിലൊന്നു പോലും നിരാകരിച്ചുകൊണ്ട് മരണവക്ത്രത്തില്‍ നിന്നു രക്ഷപ്പെടാന്‍ അവന്‍ കൂട്ടാക്കിയില്ല.

മരണശേഷം മൂന്നാം നാള്‍ താന്‍ ഉയിര്‍ക്കും എന്നുവരെ അവന്‍ പ്രഖ്യാപിക്കുകയുണ്ടായി. ആ പ്രഖ്യാപനത്തെ നിസ്സാരമായി കരുതി തളളിക്കളയാന്‍ യഹൂദര്‍ക്കോ റോമന്‍ ഭരണാധിപന്മാര്‍ക്കോ കഴിഞ്ഞില്ല. അതിന്റെ തെളിവാണല്ലോ അവന്റെ ശവകുടീരത്തിന് അവര്‍ ഏര്‍പ്പെടുത്തിയ കാവല്‍. അവനാകട്ടെ തന്റെ പ്രഖ്യാപനം ശരിവച്ചുകൊണ്ട് ഉയിര്‍ത്തുവന്ന് പ്രത്യക്ഷം നല്‍കി.

ഈ ലോകത്തിന്റെ മൂല്യശ്രേണിയെ തകിടം മറിക്കുന്നതായിരുന്നു യേശുവിന്റെ പ്രഖ്യാപനങ്ങള്‍. ദരിദ്രര്‍, ദുഃഖിതര്‍, വിശക്കുന്നവര്‍, പീഡിപ്പിക്കപ്പെടുന്നവര്‍, വിലപിക്കുന്നവര്‍, ഇവരൊക്കെ അനുഗൃഹീതരും ഭാഗ്യവാന്മാരുമാണെന്നവന്‍ പ്രഖ്യാപിച്ചു. ശത്രുക്കളെ സ്‌നേഹിക്കണമെന്ന് മാനവരാശിയെ പഠിപ്പിച്ച ലോകഗുരുവാണ് യേശു. മാനവരാശി എപ്പോഴൊക്കെ അപരന്റെ സമ്പത്തും അവകാശങ്ങളും കൈയ്യടക്കുന്നുവോ, എപ്പോഴൊക്കെ യുദ്ധത്തിന് മുറവിളി കൂട്ടുന്നുവോ, അപ്പോഴൊക്കെയും ശത്രുസ്‌നേഹത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രബോധനം മാനവരാശിയുടെ മനസ്സാക്ഷിയെ നൊമ്പരപ്പെടുത്തി നില്‍ക്കുന്നു.നിയമത്തിന്റെ മുന്‍പില്‍ ക്ഷമ അര്‍ഹിക്കാത്തവര്‍ക്ക് അവന്‍ പാപക്ഷമ നല്‍കി. പാപിയെ സംരക്ഷിക്കാന്‍ നിയമം മാറ്റിവച്ചു. സ്‌നേഹിക്കപ്പെടാന്‍ അവകാശമില്ലാത്തവനെ സ്‌നേഹിച്ചു. സമൂഹം ഭ്രഷ്ട് കല്‍പിച്ചു മാറ്റി നിര്‍ത്തിയവരെ തന്നോടു ചേര്‍ത്തുനിര്‍ത്തി.

കേസറിയാ ഫിലിപ്പിയില്‍ ഉയര്‍ന്ന ചോദ്യം മനുഷ്യഹൃദയങ്ങളില്‍ ഇന്നും അലയടിക്കുന്നു: ”ഞാനാരെന്നാണ് നിങ്ങള്‍ പറയുന്നത്?” പലര്‍ക്കും ഉത്തരങ്ങള്‍ പലതാകാം; ഒരു വിപ്ലവകാരി, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, പ്രവാചകന്‍, മതസ്ഥാപകന്‍, എന്നിങ്ങനെ പലതും. എന്നാല്‍ ”ദൈവപുത്രനും മിശിഹായുമാണ് നീ” എന്ന് നാം പ്രത്യുത്തരം നല്‍കുമ്പോള്‍ മാത്രമാണ് ഉത്തരം ശരിയാവുന്നത്. തുടര്‍ന്ന് മറ്റൊരു ചോദ്യം കൂടി ഉന്നയിക്കപ്പെടും: ”നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ?” യേശു ആരാണെന്നു വിശ്വസിക്കുകയും അവനെ സ്വന്തമാക്കി സ്‌നേഹിക്കുകയും ചെയ്യുകയാണ് അവനെ പിന്‍പറ്റാനുള്ള മാര്‍ഗം.

അവന്‍ ആരാണെന്ന തിരിച്ചറിവ് നമ്മുടെ മുന്‍പില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുണ്ട്. അവന്റെ പ്രബോധനങ്ങളെ നമ്മുടെ ജീവിതാദര്‍ശമായി സ്വീകരിക്കാനുള്ള വെല്ലുവിളി. അവന്റെ ശിഷ്യത്വം സ്വീകരിച്ച് അവനു സാക്ഷിയാകാനുള്ള വിളി. അവനെ പ്രതിബിംബിപ്പിച്ചുകൊണ്ട് ജീവിതം ധന്യമാക്കാനുള്ള വിളി.
ഒരു കാര്യം സത്യമാണ്. നമുക്ക് ഗ്രഹിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് അവന്റെ വ്യക്തിത്വം. യേശുവിനെ സ്വന്തമാക്കാതെയും അവന്റെ സ്വന്തമായിത്തീരാതെയും അവനെക്കുറിച്ചു നാം നടത്തുന്ന പഠനങ്ങളൊക്കെയും കേവലം ജലരേഖകള്‍ മാത്രം.

സി. എസ്. ലേവിസ് കുറിക്കുന്നതു പോലെ, ”ഈ മനുഷ്യന്‍ ഒന്നുകില്‍ അവന്‍ ആയിരിക്കുന്നതുപോലെ ദൈവപുത്രനാണ്. അല്ലെങ്കില്‍ ഭ്രാന്തനാണ്. അല്ലെങ്കില്‍ അതിലും മോശക്കാരനാണ്. ഒരു മണ്ടനെയെന്നപോലെ നിങ്ങള്‍ക്ക് അവനെ നിശബ്ദനാക്കാം. അവന്റെമേല്‍ തുപ്പാം. പിശാചിനെയെന്ന പോലെ ആക്രമിച്ചു കൊല്ലാം. അല്ലെങ്കില്‍ അവന്റെ പാദാന്തികത്തില്‍ വീണ് കര്‍ത്താവും ദൈവവുമെന്ന് വിളിക്കാം.”

ഫാ. ജയിംസ് കിളിയനാനിക്കല്‍