ആന്‍ഡ്രൂവിന്റെ പോരാട്ടം എത്തിപ്പെട്ടത്…. – Shalom Times Shalom Times |
Welcome to Shalom Times

ആന്‍ഡ്രൂവിന്റെ പോരാട്ടം എത്തിപ്പെട്ടത്….

”ഞാന്‍ ആന്‍ഡ്രൂ,” മുന്നിലിരുന്ന യുവവൈദികന്‍ സ്വയം പരിചയപ്പെടുത്തി. കൃത്യമായി പറഞ്ഞാല്‍ ഉന്നതപഠനത്തിനായി ഇറ്റലിയിലെത്തിയതിന്റെ പിറ്റേന്ന്, അന്നാണ് പരസ്പരം ആദ്യമായി പരിചയപ്പെടുന്നത്. ഏഷ്യക്കാരനും യൂറോപ്യനും ആഫ്രിക്കനും അമേരിക്കനും ഒരുമിച്ചു പാര്‍ക്കുന്ന കൂരയ്ക്കുള്ളിലെ ആദ്യത്തെ പ്രഭാതഭക്ഷണത്തിനിടയില്‍.

കൈയിലിരുന്ന ചായക്കോപ്പ മേശപ്പുറത്തു വച്ചിട്ട് ചിരിച്ചുകൊണ്ടദ്ദേഹം സ്ഥലം കൂടി പറഞ്ഞു, സിയറാ ലിയോണ്‍. ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നാണ്. ഞാന്‍ കേട്ടിട്ട് പോലുമില്ലാത്ത രാജ്യം. എങ്കിലും ആവി പറക്കുന്ന ചായക്കപ്പുകള്‍ക്കിരുവശത്തുമിരുന്ന് സംസാരം തുടങ്ങി.

പേര് ചോദിച്ചാല്‍ പിന്നത്തെ നമ്മുടെ സ്ഥിരം ചോദ്യംതന്നെ ആവര്‍ത്തിച്ചു, ”വീട്ടിലാരൊക്കെയുണ്ട്?”
അപ്പനുമമ്മയും ഉണ്ടെന്ന മറുപടിക്കൊപ്പം ഒരു വാചകം കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ”അവര്‍ മുസ്ലിംസ് ആണ് കേട്ടോ!”
കേട്ടത് തെറ്റിയതാണോ എന്ന് കരുതി വീണ്ടും ചോദിച്ചു, ”പറഞ്ഞത് മനസിലായില്ല.”
ആ യുവവൈദികന്‍ പറഞ്ഞു തുടങ്ങി, വീട്ടുവിശേഷം. പക്ഷേ ആ വീട്ടുവിശേഷത്തിനു ഒരു സുവിശേഷത്തിന്റെ മനോഹാരിതയുണ്ടായിരുന്നു.

അടിയുറച്ച മുസ്ലിം വിശ്വാസത്തില്‍ വളര്‍ന്ന ബാല്യം. അഞ്ചാം ക്ലാസ്സില്‍ പഠിപ്പിച്ച സിസ്റ്ററമ്മ പറഞ്ഞ ക്രിസ്തുവെന്ന ചെറുപ്പക്കാരനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആഗ്രഹം. ആ ആഗ്രഹം ഒടുവിലെത്തിയത് മാമോദീസ സ്വീകരിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ്. അതും ഏഴാം ക്ലാസില്‍ പഠിക്കുന്ന പ്രായത്തില്‍! ബാങ്കുവിളി ഉയരുമ്പോള്‍ വീട്ടിലിരുന്ന് അപ്പനുമമ്മയും നിസ്‌കരിക്കുന്ന നേരത്ത് തൊട്ടപ്പുറത്ത് മാറി കുരിശു വരയ്ക്കാന്‍ ആരംഭിച്ച സമയങ്ങള്‍.

ഒടുവില്‍ മകന്റെ മാറ്റങ്ങള്‍ അറിഞ്ഞു തുടങ്ങിയപ്പോള്‍ വീട്ടുകാര്‍ എതിര്‍ത്തു. പക്ഷേ എല്ലാത്തിലും വലുത് ക്രിസ്തുവാണെന്ന് പറഞ്ഞു വെറും ഏഴാം ക്ലാസ് പ്രായത്തില്‍ മാമോദീസ മുങ്ങാനുള്ള ചങ്കൂറ്റം. ഒരു മതബോധനക്ലാസും കൂടിയിട്ടല്ല. ഒരു സിസ്റ്ററമ്മ ക്ലാസ്സില്‍ പറഞ്ഞ ഒരു കാര്യം. പിന്നെ അറിയാനുള്ള തീക്ഷ്ണതയില്‍ വായിച്ച പുസ്തകങ്ങളുടെ കരുത്ത്. അത് മതിയായിരുന്നു അവന് ക്രിസ്തുവിനെപ്രതി ബാക്കിയൊക്കെ വേണ്ടെന്ന് വയ്ക്കാന്‍.

ഒടുവില്‍ പത്താം തരം കഴിഞ്ഞപ്പോ അച്ചനാകണം എന്ന ആഗ്രഹം തോന്നി. അതും കൂടെയുള്ള എല്ലാവരും എതിര്‍ത്ത് നില്‍ക്കുമ്പോള്‍ത്തന്നെ. ഒടുവില്‍ അവന്റെ ആഗ്രഹത്തിന്റെ തീവ്രത മനസിലാക്കി മെത്രാന്‍ അവനെ സെമിനാരിയിലെടുത്തു. അങ്ങനെ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ മുസ്ലിം മാതാപിതാക്കളുടെ ആ മകന്‍ കത്തോലിക്കാ വൈദികനായി ഇതാ എന്റെ മുന്‍പില്‍ ഇരിക്കുകയാണ്.

ക്രൈസ്തവദൈവാലയങ്ങള്‍ പിടിച്ചടക്കുന്ന എര്‍ദോഗന്‍മാര്‍ വാഴുമ്പോഴും നിസ്‌കരിച്ചു തഴമ്പ് വന്ന നെറ്റിയില്‍ കുരിശുവരയ്ക്കുന്ന ആന്‍ഡ്രൂമാര്‍ ജന്മം കൊള്ളും. അത് കാലത്തിന്റെ സുവിശേഷം.

ഫാ. റിന്റോ പയ്യപ്പിള്ളി