റിതാ കോറുസി സര്‍വ്വശക്തിയുമുപയോഗിച്ച് പ്രാര്‍ത്ഥിച്ച സമയമായിരുന്നു അത്. അവള്‍ പൂര്‍ണമായി ദൈവത്തിലാശ്രയിച്ചു. ദൈവം തന്നെ ഉപേക്ഷിക്കുകയില്ലെന്ന് ഉറച്ച് വിശ്വസിച്ചു. എന്നാല്‍ ഒരിക്കലും എത്തിപ്പെടരുത് എന്ന് ആഗ്രഹിച്ച സ്ഥലത്താണ് റിതാ ആ ഓപ്പറേഷന് ശേഷം എത്തിയത്, വീല്‍ചെയറില്‍.
ജന്മനായുള്ള ശാരീരികവൈകല്യം നിമിത്തം നടക്കാന്‍ കഴിയാതിരുന്ന റിതായുടെ മൂന്നാമത്തെ ഓപ്പറേഷനായിരുന്നു അത്. വളരെ പ്രതീക്ഷയോടെയും പ്രാര്‍ത്ഥനയോടെയുമാണ് റിതാ ആ ഓപ്പറേഷനായി ഒരുങ്ങിയിരുന്നതെങ്കിലും പ്രതീക്ഷയ്ക്ക് വിപരീതമായ കാര്യമാണ് ആ ഓപ്പറേഷനിലും സംഭവിച്ചത്.
തന്നോട് കരുണയില്ലാതെ പെരുമാറിയ ദൈവത്തെ അവള്‍ക്ക് മനസിലാക്കാന്‍ സാധിച്ചില്ല. അതോടെ ദൈവത്തിന്റെ നന്മയിലും കാരുണ്യത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട റിതാ ക്രമേണ ദൈവത്തില്‍ നിന്നകലാന്‍ തുടങ്ങി. എന്നാല്‍ അമ്മ റിതായെ അപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു, ”ദൈവം നിന്നെ ഉപേക്ഷിച്ചിട്ടില്ല. ഈ വൈകല്യം ദൈവം അനുവദിച്ചിട്ടണ്ടെങ്കില്‍ അത് ആ അവസ്ഥയില്‍ ദൈവത്തെ ശുശ്രൂഷിക്കുന്നതിന് വേണ്ടിയാണ് നല്‍കിയിരിക്കുന്നത്.” പക്ഷേ അതൊന്നും റിതായുടെ തലയില്‍ കയറിയില്ല.
അങ്ങനെ വിശ്വാസത്തില്‍നിന്നകന്നുകൊണ്ടിരിക്കുന്ന സമയത്താണ് റിതാ 2001-ല്‍ ലൂര്‍ദ് സന്ദര്‍ശിക്കുന്നത്. വലിയ വിശ്വാസമൊന്നും തോന്നിയില്ലെങ്കിലും ഒരത്ഭുതം സംഭവിക്കുവാന്‍ അവള്‍ അപ്പോഴും ദൈവത്തോട് മനമുരുകി പ്രാര്‍ഥിച്ചു. ഇത്തവണ പരിശുദ്ധ അമ്മയോട് ഒരു ചെറിയ പ്രാര്‍ത്ഥനകൂടി കൂട്ടിച്ചേര്‍ത്തു, ”എന്നെ സുഖപ്പെടുത്തിയില്ലെങ്കില്‍ അതിന്റെ കാരണം എന്താണെന്ന് അമ്മ പറഞ്ഞുതരണം” എന്നതായിരുന്നു അത്.
ആ പ്രാര്‍ത്ഥനയക്ക് പരിശുദ്ധ അമ്മ ലൂര്‍ദില്‍ വച്ച് ഉത്തരം നല്‍കി. മാതാവിന്റെ സ്വരം അവളുടെ ഹൃദയത്തില്‍ വ്യക്തമായി മുഴങ്ങി, ”നീ എന്റെ അടുക്കല്‍ വരുവാന്‍ ഏറെ വൈകി. സാരമില്ല, ഏതായാലും നീ ഇവിടെ എത്തിയല്ലോ. കാരണങ്ങളാണ് നീ എന്നോട് ചോദിച്ചത്. അവ ഞാന്‍ പറഞ്ഞുതരാം. ദൈവത്തിന് നിന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. മാനസാന്തരപ്പെട്ട് ക്രിസ്തുവിന്റെ സാക്ഷിയായി മാറുക,” ഇതായിരുന്നു പരിശുദ്ധ അമ്മയുടെ വാക്കുകള്‍. എന്നാല്‍ യേശുവിനെ നഷ്ടപ്പെട്ട തനിക്ക് അത് അസാധ്യമായ കാര്യമാണെന്നാണ് റിതായ്ക്ക് തോന്നിയത്. എന്നാല്‍ അത് ശരിയല്ലെന്ന് പറഞ്ഞ അമ്മ അവളോട് ആവശ്യപ്പെട്ടു, ”താഴേക്ക് നോക്കുക!”
റിതാ താഴേക്ക് നോക്കി. അവിടെ വീല്‍ചെയറല്ലാതെ മറ്റൊന്നും കണ്ടില്ല. പക്ഷേ മിന്നല്‍പോലെ റിതാ ഒരു കാര്യം തിരിച്ചറിഞ്ഞു, യേശുവായിരുന്നു ആ വീല്‍ചെയര്‍. യേശുവിന്റെ മടിയിലാണ് ഇത്രയും കാലം ഇരുന്നത്. അത് ശ്രദ്ധിച്ചില്ല എന്ന് മാത്രം. ലൂര്‍ദിലെ ഗ്രോട്ടോയുടെ മുമ്പില്‍വെച്ച് ഒരു മിന്നലൊളിപോലെ ലഭിച്ച ആ ബോധോദയം രോഗത്തെക്കുറിച്ചുള്ള റിതായുടെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചു. യേശുവിന്റെ മടിയിലാണ് താന്‍ ഇരിക്കുന്നതെന്ന ബോധ്യം ലഭിച്ച റിതാ പിന്നീട് ഒരിക്കലും രോഗസൗഖ്യത്തിനായി പ്രാര്‍ഥിച്ചില്ല. ക്ലേശങ്ങളുടെയും വേദനകളുടെയും നടുവില്‍ ദൈവത്തെ മറന്നുപോകുന്ന അനേകര്‍ക്ക് ഇന്ന് റിതായുടെ വാക്കുകള്‍ പ്രചോദനമേകുന്നു.
ഏറ്റവും ഇരുണ്ട നിമിഷങ്ങളിലും ദൈവം നമ്മുടെ കൂടെയുണ്ട്. നമുക്ക് അനുഭവവേദ്യമായില്ലെങ്കിലും അവിടുന്ന് നമ്മുടെ ചാരത്തുതന്നെയുണ്ട്. അവിടുന്ന് നമ്മെ ഒരിക്കലും വിട്ടുപോകുന്നില്ല. എന്നാല്‍ നമ്മുടെ വേദനകളില്‍ ശ്രദ്ധിക്കുന്നത് മൂലം യേശുവിനെ അനുഭവിക്കാനാവുന്നില്ലെന്ന് മാത്രം. എങ്കിലും ദൈവത്തിന്റെ കരങ്ങളിലേക്ക് നമ്മെ പൂര്‍ണമായി വിട്ടുകൊടുത്തുകൊണ്ട് വിശ്വസിച്ചാല്‍ അവന്റെ സാന്നിധ്യം നമുക്ക് അനുഭവിക്കാനാവും. ”അവരുടെ കഷ്ടതകളില്‍ ദൂതനെ അയച്ചില്ല, അവിടുന്നുതന്നെയാണ് അവരെ രക്ഷിച്ചത്. തന്റെ കരുണയിലും സ്‌നേഹത്തിലും അവിടുന്ന് അവരെ വീണ്ടണ്ടെടുത്തു. കഴിഞ്ഞ കാലങ്ങളില്‍ അവിടുന്ന് അവരെ കരങ്ങളില്‍ വഹിച്ചു.” (ഏശയ്യാ 63/9)
രഞ്ജിത് ലോറന്‍സ്