ഞങ്ങള്‍ക്ക് മൂന്ന് പെണ്‍കുഞ്ഞുങ്ങളാണ്. രണ്ടാമത്തെ മോള്‍ക്ക് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. പകല്‍ ഇരുപതു മിനിറ്റുപോലും ഉറങ്ങില്ല. ഉണര്‍ന്നാല്‍ കുറഞ്ഞത് രണ്ടു മണിക്കൂര്‍ എങ്കിലും തോളില്‍ത്തന്നെ കിടക്കണം. പിന്നെ ഒരു കാരണവുമില്ലാതെ നിര്‍ത്താതെ കരയും. രാത്രിയിലും ഇങ്ങനെതന്നെ. രാത്രി 11 മണിക്ക് എഴുന്നേറ്റാല്‍ രാവിലെ നാലുമണിക്കായിരിക്കും പിന്നെ ഉറങ്ങുക, അതും വളരെ കുറച്ചുമാത്രം. ബാക്കി സമയം കളിക്കു കയോ കരയുകയോ ചെയ്യും.
ആ നാളുകളില്‍ ഞാനും ഭാര്യയും സ്വസ്ഥമായ ഉറക്കം എന്തെന്ന് അറിഞ്ഞിട്ടില്ല. കുഞ്ഞ് രാത്രിയില്‍ ആരെയും ഉറങ്ങാന്‍ സമ്മതിക്കാതെ കരച്ചിലും ബഹളങ്ങളുമായതിനാല്‍ ഞങ്ങള്‍ക്ക് ബന്ധുവീടുകളിലും മറ്റും പോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. പല ഡോക്ടര്‍മാരെയും കാണിച്ചെങ്കിലും പ്രത്യേകിച്ചൊരു മാറ്റവും ഉണ്ടായില്ല. പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, സൈക്കോളജിസ്റ്റ് മുതലായ ഡോക്ടര്‍മാരെയും സമീപിച്ചു. അവര്‍ പറയുന്നത് കുഞ്ഞിന്റെ ബ്രെയിന്‍ അസ്വസ്ഥമാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ്.
അങ്ങനെയിരിക്കെ 2020 നവംബര്‍ മാസം അവസാന ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ദൈവാലയത്തില്‍ലിരുന്ന് ഈശോയോടും മാതാവിനോടും പറഞ്ഞു, ”എന്റെ കുഞ്ഞിന്റെ ഈ അവസ്ഥ മാറുവാന്‍ ഞാന്‍ ഡിസംബര്‍ ഒന്നിനും 31-നുമിടയില്‍ 1001 വിശ്വാസപ്രമാണം ചൊല്ലി പ്രാര്‍ത്ഥിച്ചോളാം.”
2020 ഡിസംബര്‍ ഒന്നാം തിയതി മുതല്‍ ഞാന്‍ വിശ്വാസപ്രമാണം ചൊല്ലിത്തുടങ്ങി. അന്ന് 36 എണ്ണമാണ് ചൊല്ലിയത്. അത്ഭുതമെന്ന് പറയട്ടെ, ആ രാത്രിമുതല്‍ മകള്‍ ശാന്തമായി ഉറങ്ങാന്‍ തുടങ്ങി. കാറ്റിനെയും കടലിനെയും ശാന്തനാക്കിയ കര്‍ത്താവ് എന്റെ കുഞ്ഞിന്റെ എല്ലാ അസ്വസ്ഥതകളും ശാന്തമാക്കി. ”അവന്‍ ഉണര്‍ന്ന് കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോടു പറഞ്ഞു അടങ്ങുക, ശാന്തമാവുക. കാറ്റ് ശമിച്ചു പ്രശാന്തത ഉളവായി” (മര്‍ക്കോസ് 4:39).
അന്നുതൊട്ട് രാത്രി ഒമ്പതുമണിയാകുമ്പോഴേക്കും ഉറങ്ങാന്‍ കിടക്കുന്ന കുഞ്ഞ് രാവിലെ ഏഴുമണിവരെ ശാന്തമായി ഉറങ്ങുന്ന കാഴ്ചയാണ് ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചത്. പകലും രണ്ടര മണിക്കൂര്‍വരെ ഉറങ്ങുന്നു. ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു. ഇതുവരെ ഒരു ബുദ്ധിമുട്ടും കുഞ്ഞിന് ഉണ്ടായിട്ടില്ല. പെട്ടെന്നുള്ള ഈ മാറ്റം ദൈവം കുഞ്ഞില്‍ പ്രവര്‍ത്തിച്ച വലിയൊരു അത്ഭുതമാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി. ദൈവത്തിന് നന്ദി!
”അങ്ങാണ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം; ജനതകളുടെ ഇടയില്‍ ശക്തി വെളിപ്പെടുത്തിയതും അങ്ങുതന്നെ” (സങ്കീര്‍ത്തനങ്ങള്‍ 77:14).
ജോബി ജോസഫ്