നഥാനിയേലിന്റെ മകന്‍ യൂദാസ് ചോദിച്ചു, ”യേശുവേ, ദൈവനാമത്തില്‍ അങ്ങ് പ്രവര്‍ത്തിച്ച ഒരുപാട് അത്ഭുതങ്ങളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനായി മറ്റുള്ളവര്‍ പ്രവര്‍ത്തിക്കേണ്ടതെങ്ങനെയാണ്?”
ഇത് ചോദിക്കുമ്പോള്‍ അവന്റെ ഹൃദയം യഥാര്‍ത്ഥത്തില്‍ ദൈവമഹത്വത്തിനായി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നും സ്വന്തം മഹത്വം തീരെ ഇച്ഛിക്കുന്നില്ലെന്നും ഞാന്‍ ദര്‍ശിച്ചു. അവന്റെ പിതാവിനെപ്പോലെതന്നെ എളിമയുള്ളവനും ദൈവത്തെയും സഹോദരങ്ങളെയും സ്‌നേഹിക്കുന്നവനുമായ ഒരു മകനെ ഞാന്‍ അവനില്‍ കണ്ടു.
ഞാന്‍ പറഞ്ഞു, ”യൂദാസ്, നീ പൂര്‍ണമായും ദൈവത്തില്‍ ആശ്രയിക്കുന്നുവെങ്കില്‍, നിന്റെ ജീവിതം പ്രാര്‍ത്ഥനയിലൂടെ ദൈവത്തിനു സമര്‍പ്പിക്കുന്നുവെങ്കില്‍, അത്ഭുതങ്ങള്‍ സംഭവിക്കും. വിശ്വാസമാണിവിടെ ആവശ്യം. വിശ്വാസമുണ്ടെങ്കില്‍ എല്ലാം സാധ്യമാണ്. നിനക്ക് ആ വിശ്വാസമുണ്ട്; അതില്‍ വിശ്വസിക്കുക; എന്നിട്ട് ദൈവമഹത്വത്തിനായി അത്ഭുതങ്ങള്‍ സംഭവിക്കുന്നത് കാണുക.” അവന്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: ”ഞാന്‍ എന്റെ വിശ്വാസത്തെക്കുറിച്ച് സംശയം പുലര്‍ത്തിയിരുന്നു എന്ന് അങ്ങ് എങ്ങനെയറിഞ്ഞു?”
”വിശ്വാസം ഉണ്ടോ എന്ന് നീ സംശയിക്കുന്നതായി ഞാന്‍ കാണുന്നു, നിന്റെ വിശ്വാസം ശക്തമാണോ എന്ന് നീ വിചാരിക്കുന്നു; നിന്റെ ദൈവവിശ്വാസം കൂടുതല്‍ ശക്തമായിരുന്നെങ്കില്‍ എന്ന് നീ ആശിക്കുന്നു. എന്നാല്‍ ഞാന്‍ നിന്നോട് പറയുന്നു; നിന്റെയത്രയും ദൈവവിശ്വാസം കുറെക്കൂടി ആളുകള്‍ക്കുണ്ടായിരുന്നുവെങ്കില്‍ സാത്താന്‍ ഈ ലോകത്തുനിന്നു തന്നെ അപ്രത്യക്ഷമായേനേ,” ഞാന്‍ പറഞ്ഞു.
”പക്ഷേ, ചിലപ്പോഴൊക്കെ ഞാന്‍ വളരെ ബലഹീനനായി എനിക്കനുഭവപ്പെടും; ഒരു ഉപയോഗവും എന്നെക്കൊണ്ടില്ലല്ലോ എന്നു ഞാന്‍ ചിന്തിക്കും. എനിക്ക് ദൈവത്തിനുവേണ്ടി ഒരുപാട് പ്രവര്‍ത്തിക്കണമെന്നുണ്ട്. എന്നാല്‍ ഒരിക്കലും ഒന്നും ചെയ്യാനാകുന്നില്ല,” ഹൃദയത്തില്‍നിന്നുയര്‍ന്ന ആഴപ്പെട്ട എളിമയില്‍ അവന്‍ പറഞ്ഞു.
”നീ മനസ്സിലാക്കുന്നതില്‍ കൂടുതല്‍ നീ ചെയ്യുന്നുണ്ട്.
നീ കാണുന്നില്ലെങ്കിലും, മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അത് അവര്‍ക്ക് പ്രയോജനം ചെയ്യുന്നുണ്ട്. ചിലപ്പോഴൊക്കെ നീയത് കാണാറുമുണ്ട്; ഇല്ലേ? ലഹരിപദാര്‍ത്ഥങ്ങളിലും സ്ത്രീകളിലും മാത്രം താത്പ്പര്യമുണ്ടായിരുന്നവനായ നിന്റെ സുഹൃത്തിനെ ഓര്‍മിക്കുന്നില്ലെ? നീ അവനുവേണ്ടി എന്തുമാത്രം പ്രാര്‍ത്ഥിച്ചു. ഇപ്പോള്‍ അവന് മാറ്റം സംഭവിച്ചത് നീ കാണുന്നില്ലേ? ഇപ്പോള്‍ അവന്‍ സിനഗോഗില്‍ പോകുന്നു, അവന് ഭാര്യയും ഒരു മകളുമുണ്ട്, നീ വിചാരിച്ചതുപോലെതന്നെ അവന്‍ ഒരു നല്ല മനുഷ്യനായി രൂപാന്തരപ്പെട്ടിരിക്കുന്നു.
അതൊരു വലിയ അത്ഭുതമാണ്. നിന്റെ പ്രാര്‍ത്ഥനയുടെ ശക്തി അവിടെയുണ്ടായിട്ടുണ്ട്,” ഞാന്‍ അവനോട് പറഞ്ഞു.
”ഞാന്‍ അത് മനസ്സിലാക്കിയിരുന്നില്ല. നന്ദി, കര്‍ത്താവേ. ഈ അറിവ് എന്റെ പ്രാര്‍ത്ഥനയെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു,” തന്റെ പ്രാര്‍ത്ഥന കൂട്ടുകാരെ സഹായിച്ചിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ മുഖത്ത് വിരിഞ്ഞ വലിയൊരു ചിരിയോടെ അവന്‍ പറഞ്ഞു.
”എല്ലാ അത്ഭുതങ്ങളും ശ്രദ്ധിക്കപ്പെടാറില്ല,” ഞാന്‍ പറഞ്ഞു: ”കൗതുകകരമായതുമാത്രമേ ആളുകള്‍ പലപ്പോഴും തിരിച്ചറിയാറുള്ളൂ. പലപ്പോഴും ആത്മാക്കളുടെ രക്ഷയെന്ന പ്രധാനപ്പെട്ട അത്ഭുതം ആരും കാണാറില്ല. ഒരുപാട് ആളുകള്‍ പ്രാര്‍ത്ഥിക്കുകയും എന്നാല്‍ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല എന്ന് ചിന്തിക്കുകയും ചെയ്യുന്നു. വിശ്വാസമുണ്ടെങ്കില്‍ മാത്രമേ, പ്രാര്‍ത്ഥനയ്ക്ക് ദൈവം ഉത്തരമരുളുന്നുവെന്ന് ബോധ്യമുണ്ടെങ്കില്‍ മാത്രമേ, അത് ദര്‍ശിക്കാനാവുകയുള്ളൂ. ചിലപ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെ ആയിരിക്കില്ല പ്രാര്‍ത്ഥനയുടെ മറുപടി.
അത് ഗഹനവും നിഗൂഢവുമായിരിക്കും. ദൈവത്തിന്റെ കരവേല, അതെ ആ കരം എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു, കണ്ണു തുറന്നു നോക്കിയാല്‍മാത്രമേ അത് ദര്‍ശിക്കാനാവുകയുള്ളൂ. തന്റെ മക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക് അവിടുന്ന് മറുപടി നല്‍കുന്നു. എന്നാല്‍ പലപ്പോഴും മക്കള്‍ അത് കാണുന്നില്ല എന്നതാണ് വാസ്തവം.”
നഥാനിയേല്‍ ഭാര്യ റബേക്കായെ ഒന്ന് നോക്കിയതിനുശേഷം എന്നോട് പറഞ്ഞു: ”എനിക്ക് മരിച്ചുപോയ ഒരു മകന്‍ കൂടിയുണ്ട്. അവന്‍ ഒരു മതഭ്രാന്തനായിത്തീരുകയും അവന്റെ വിദ്വേഷത്തിനിരയായി ഒരുപാട് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ തീര്‍ത്തും പതിഞ്ഞ സ്വഭാവക്കാരാണെന്നു പറഞ്ഞ് അവന്‍ ഞങ്ങളെ ഉപേക്ഷിച്ചുപോയി.
ഞങ്ങള്‍ ഇസ്രായേലിനുവേണ്ടി റോമാക്കാര്‍ക്കെതിരെ പൊരുതുവാന്‍ തയ്യാറായി മുന്നോട്ടുവരണം എന്നായിരുന്നു അവന്റെ അഭിപ്രായം. ഞാന്‍ സമാധാനത്തിന്റെയും ക്ഷമയുടെയും മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവന്‍ അത് ഗൗനിച്ചില്ല. മഠയനും വൃദ്ധനുമായ മനുഷ്യന്‍, എന്നാണവന്‍ എന്നെ വിളിച്ചത്.
ഞങ്ങളെ വിട്ട് റോമാക്കാര്‍ക്കെതിരെ അവന്‍ പടവെട്ടാന്‍ പോയപ്പോള്‍ റബേക്കായുടെ ഹൃദയം തകര്‍ന്നുപോയി. പിന്നീട്, കുറച്ചു മാസങ്ങള്‍ക്ക് ശേഷമാണ് അവന്‍ റോമാക്കാരുമായി ഉണ്ടായ ഒരേറ്റുമുട്ടലില്‍ മരണമടഞ്ഞെന്ന് ഞങ്ങള്‍ അറിയുന്നത്. അന്നു പോയതില്‍പ്പിന്നെ ഞങ്ങള്‍ അവനെ കണ്ടിരുന്നില്ല. ഞങ്ങളോട് അവന്‍ അവസാനമായി സംസാരിച്ചത് കോപത്തിന്റെ വാക്കുകളാണ്. അത് അങ്ങനെയുള്ളതല്ലായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു.”
നഥാനിയേല്‍ ഏറെ ദുഃഖിതനായി കാണപ്പെട്ടു. റബേക്കാ കരയുകയായിരുന്നു. അവരുടെ മകന്‍ യൂദാസ് തലതാഴ്ത്തി നിന്നു. എന്നാല്‍ അവന്‍ ഇങ്ങനെ പറഞ്ഞു: ”ഞാന്‍ അവന്റെ ആത്മാവിനുവേണ്ടി നിത്യവും പ്രാര്‍ത്ഥിക്കുന്നുണ്ട്. ദൈവം അവനെ കാത്തുകൊള്ളും. തീര്‍ച്ചയാണ്; അങ്ങനെയല്ലേ യേശുവേ?”
”ദൈവം പ്രാര്‍ത്ഥനകള്‍ ശ്രവിക്കുന്നു. അവിടുത്തെ ക്ഷമ നിസ്സീമമാണ്. തിന്മ ചെയ്യുന്നത് നല്ലതിനുവേണ്ടിയാണെന്നും കൊലപാതകം അംഗീകരിക്കപ്പെട്ടതാണെന്നുമൊക്കെയുള്ള സിദ്ധാന്തങ്ങള്‍ വിശ്വസിക്കയാല്‍ ചിലപ്പോഴൊക്കെ ചെറുപ്പക്കാര്‍ ചതിയില്‍പ്പെടുന്നു. യുവത്വത്തിന്റെ തിളപ്പില്‍ പാപം ചെയ്യുന്നത് അവരെ ആവേശംകൊള്ളിക്കുന്നു, വിശിഷ്യാ ദൈവത്തിനോ, രാജ്യത്തിനോ വേണ്ടിയാണ് കൊല്ലുന്നത് എന്ന് പഠിപ്പിച്ചിരിക്കുമ്പോള്‍. പല നല്ല ആളുകളും ഈവിധം വഞ്ചിക്കപ്പെടുന്നു. എന്നാല്‍ ദൈവത്തിന്റെ ക്ഷമയും കരുണയും അവര്‍ക്കു കൂടിയുള്ളതാണ്.
നിന്റെ സഹോദരന്റെ മരണസമയത്ത് നിങ്ങള്‍ക്ക് അവന്‍ സമ്മാനിച്ച വേദനകളെപ്രതിയും തന്റെ തെറ്റുകളെപ്രതിയും ദൈവത്തോട് ക്ഷമ ചോദിച്ചുകൊണ്ട് നിലവിളിച്ചു. താന്‍ കുടുംബാംഗങ്ങളെ എത്രമാത്രം മുറിപ്പെടുത്തിയിട്ടുണ്ടെന്നും ദൈവത്തെ എത്രയോ വേദനിപ്പിച്ചെന്നും ആ നിമിഷങ്ങളില്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ തന്റെ ഹൃദയത്തില്‍നിന്ന് ആത്മാര്‍ത്ഥമായി അവന്‍ മാപ്പിരന്നു. അവന്‍ അവസാനമായി വിളിച്ചത് തന്റെ അപ്പനെയും അമ്മയെയും സഹോദരനെയുമാണ്. മാപ്പ് അപേക്ഷിച്ചപ്പോള്‍ അത് നല്‍കപ്പെട്ടു. അതുകൊണ്ട് നീ അറിയുക യൂദാസേ, നിന്റെ പ്രാര്‍ത്ഥനകള്‍ വെറുതെ ആയിരുന്നില്ല, ആയിരിക്കുകയുമില്ല.” ഇതുപറയുമ്പോള്‍ ഞാന്‍ അവരുടെ മകന്റെ മരണസമയം ദര്‍ശിക്കുകയായിരുന്നു. പിന്നില്‍ ബറാബാസ് നില്‍ക്കുന്നു. അവനെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിനാകാതെ പിന്‍തിരിഞ്ഞ് ഓടിപ്പോകുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
”നന്ദി യേശുവേ; അങ്ങേയ്ക്കു നന്ദി” റബേക്കാ പറഞ്ഞു. മെല്ലെ കരയുകയായിരുന്നെങ്കിലും തന്റെ മകനോട് ക്ഷമിക്കപ്പെട്ടു എന്നറിഞ്ഞതിലുള്ള വലിയ സമാധാനം അവളുടെ ഉള്ളില്‍ അനുഭവപ്പെട്ടു.
ഭക്ഷണസമയത്ത് ഞങ്ങള്‍ പല കാര്യങ്ങളും ചര്‍ച്ചചെയ്തു. ദൈവത്തോടുള്ള ആ കുടുംബത്തിന്റെ സ്‌നേഹം സ്പഷ്ടമായിരുന്നു. അത്, അവര്‍ വേലക്കാരോട് പെരുമാറുന്ന രീതിയിലും തെളിഞ്ഞു കണ്ടിരുന്നു. ആ കുടുംബത്തിന്റെ ഒരു ഭാഗംപോലെതന്നെയായിരുന്നു വേലക്കാര്‍.
ഞങ്ങള്‍ വിടവാങ്ങുമ്പോള്‍ നേരം വൈകി. ”നിങ്ങള്‍ക്ക് ഇവിടെ എപ്പോള്‍ വേണമെങ്കിലും വരാം. എപ്പോഴും സ്വാഗതം. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ചോദിക്കണേ” എന്നും പറഞ്ഞ് ഒരു കിഴി നിറയെ നാണയങ്ങള്‍ നഥാനിയേല്‍ എന്റെ കൈയില്‍ വച്ചു: ”ഇത് നിങ്ങളെ ജോലിയില്‍ സഹായിക്കുവാന്‍.”
തിരിച്ചുനല്‍കിയാല്‍ വേദനിക്കുമെന്നറിയാമായിരുന്നതുകൊണ്ട് ഞാനത് യൂദാസ് കറിയോത്തായുടെ കൈയില്‍ കൊടുത്തു. എന്നിട്ട് പറഞ്ഞു: ”നിങ്ങളുടെ ഔദാര്യത്തിന് നന്ദി. ഇത് നല്ല കാര്യത്തിനായി ഉപയോഗിക്കുന്നതാണ്.”
(യേശു കാര്‍വര്‍ അലന്‍ ഏമ്‌സിന് വെളിപ്പെടുത്തിയ ‘യേശുവിന്റെ കണ്ണുകളിലൂടെ’ എന്ന ഗ്രന്ഥത്തില്‍നിന്ന്)