സുവര്‍ണ ആപ്പിളും തേനറകളും – Shalom Times Shalom Times |
Welcome to Shalom Times

സുവര്‍ണ ആപ്പിളും തേനറകളും

ഒരു അപ്പൂപ്പന്‍ അസുഖം മൂര്‍ച്ഛിച്ച് തീവ്രപരിചരണവിഭാഗത്തിലായി. ഡോക്ടര്‍മാര്‍ പല മരുന്നുകളും മാറി മാറി പരീക്ഷിച്ചു. ഒന്നിനോടും അദേഹം പ്രതീകരിക്കുന്നില്ല. ശരീരം ആകെ തളര്‍ന്നിരുന്നു. ഇനിയും ആശുപത്രിയില്‍ കിടത്തിയിട്ട് കാര്യമില്ല. ശേഷം ദിവസങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം കഴിയട്ടെ എന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. അങ്ങനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റുന്ന വഴിക്ക് ഒരു ഹെല്‍പ്പര്‍ തന്റെ മുഖം താഴ്ത്തി അപ്പൂപ്പന്റെ കാതില്‍ എന്തോ ഒന്ന് മന്ത്രിച്ചു. അതുകേട്ടപ്പോള്‍ അടച്ചുവച്ചിരുന്ന കണ്ണ് തുറന്നു അപ്പൂപ്പന്‍ ഒന്ന് പുഞ്ചിരിച്ചത് പലരും ശ്രദ്ധിച്ചു. പക്ഷേ ഹെല്‍പ്പര്‍ എന്താണ് മന്ത്രിച്ചത് എന്ന് ആരും കേട്ടില്ല.

വീട്ടിലെത്തിയ അപ്പൂപ്പന്‍ വാസ്തവത്തില്‍ അന്ത്യദിനം എണ്ണുകയായിരുന്നില്ല. ദിവസം ചെല്ലുംതോറും കൂടുതല്‍ ഉന്മേഷഭരിതനായി കാണപ്പെട്ടു. ഭക്ഷണം കഴിക്കാന്‍ തുടങ്ങി. സാവധാനം ആരോഗ്യവാനായി മാറി. ഹെല്‍പ്പര്‍ പറഞ്ഞ മാന്ത്രികവാക്കുകള്‍ എന്താണെന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയായി. എന്നാല്‍ ഹെല്‍പ്പര്‍ പറഞ്ഞത് മാന്ത്രികവാക്കുകളൊന്നുമായിരുന്നില്ല. ”ദൈവകൃപയാല്‍ അപ്പൂപ്പന്‍ വേഗം സുഖം പ്രാപിക്കും” എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്.

കാന്‍സര്‍ ചികിത്സാരംഗത്തു സുപ്രസിദ്ധനായ ഡോക്ടര്‍ ഗംഗാധരനെക്കുറിച്ച് ഇപ്രകാരം കേട്ടിട്ടുണ്ട്. അദ്ദേഹം നിരന്തരം ശ്രമിക്കുന്നത് രോഗിയുടെ മനസ്സില്‍നിന്ന് ഭയം അകറ്റാനും പ്രത്യാശ നല്കാനുമാണ്. ‘ധീരതയോടെ എല്ലാം നേരിടണം. ജീവിക്കാന്‍ മറക്കരുത്…’ ഇതൊക്കെയാണ് അദ്ദേഹം ഓര്‍മപ്പെടുത്തുന്ന കാര്യങ്ങള്‍. നമുക്കറിയാം ഒരു ഡോക്ടറിന്റെ വാക്കുകള്‍ക്കുള്ളില്‍ ഒരു അത്ഭുതശക്തി ഉറങ്ങുന്നുണ്ട്. രോഗികളെയും ബന്ധുക്കളെയുമൊക്കെ പ്രത്യാശയില്‍ നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കും. അതുകൊണ്ടല്ലേ സുഭാഷിതങ്ങള്‍ 25/11-ല്‍ ഇപ്രകാരം എഴുതിയിരിക്കുന്നത്, ”ഉചിതമായ വാക്ക് വെള്ളിത്തകിടില്‍ പതിച്ചുവച്ച സ്വര്‍ണനിര്‍മിതമായ ആപ്പിള്‍പ്പഴംപോലെയാണ്.” റേച്ചല്‍ വോള്‍ചിന്‍ പറയുന്നതുപോലെ, ”നിങ്ങളുടെ വാക്കുകളുടെ കാര്യത്തില്‍ മനസുവച്ചോളൂ. ചില വാക്കുകള്‍ ചിലര്‍ക്ക് അര്‍ത്ഥശൂന്യമെന്ന് തോന്നിയേക്കാം. എന്നാല്‍ മറ്റുചിലര്‍ക്ക് ഒരു ജീവിതകാലം മുഴുവന്‍ അത് മനസ്സില്‍ ഒട്ടിനിന്നേക്കാം.”

മദര്‍ തെരേസ ഓര്‍മ്മിപ്പിക്കുന്നു, ”കരുണയുടെ വാക്കുകള്‍ എത്രയും ഹ്രസ്വവും ലളിതവുമായിക്കൊള്ളട്ടെ, അതിന്റെ മാറ്റൊലികള്‍ ഒരിക്കലും അവസാനിക്കാത്തതാണ്.” കരുണയോടും സ്‌നേഹത്തോടും കൂടെ നാം പറയുന്ന വാക്കുകള്‍ക്ക് വലിയ ശക്തി ഉണ്ടെന്ന് അനുഭവങ്ങള്‍ തെളിയിക്കുകയാണ്. തിരുവചനം പറയുന്നു, ”ഹൃദ്യമായ വാക്ക് തേനറപോലെയാണ്; അത് ആത്മാവിന് മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്” (സുഭാഷിതങ്ങള്‍ 16/24). നമ്മുടെയും വാക്കുകള്‍ ആത്മാവിന് മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമായിത്തീരട്ടെ.

ജോസ് വഴുതനപ്പിള്ളി