സീരിയല്‍ കണ്ട കൗമാരക്കാരി – Shalom Times Shalom Times |
Welcome to Shalom Times

സീരിയല്‍ കണ്ട കൗമാരക്കാരി

അന്ന് എനിക്ക് ഏതാണ്ട് 16 വയസ്. ഒരു സ്വരം ഞാന്‍ കേട്ടുതുടങ്ങി, ”ഇതാണ് നിന്റെ വഴി!” എനിക്കൊന്നും മനസിലായില്ല. പകരം മനസില്‍ ഒരു ചോദ്യമുദിക്കുകയാണ് ചെയ്തത്, ”ഏതാണ് എന്റെ വഴി?” പിന്നീട് കണ്ടത് സൂര്യപ്രകാശംപോലെ മിന്നുന്ന ഒരു രൂപം. അത് യേശുവായിരുന്നു. യേശുവിന്റെ ഹൃദയഭാഗത്തുനിന്ന് പ്രകാശരശ്മികള്‍ എന്റെ മുഖത്ത് പ്രതിഫലിച്ചു. അവിടുന്ന് എന്നോട് പറഞ്ഞു, ”ഇതാണ് നിന്റെ വഴി!” എന്റെ ജീവിതത്തിലെ ആദ്യ ദൈവാനുഭവം ഇതായിരുന്നു. ഏതെങ്കിലും ഒരു മനുഷ്യനോ ഈ ലോകത്തിലെ മറ്റെന്തെങ്കിലും സൗഭാഗ്യത്തിനോ തരാന്‍ കഴിയാത്ത ഒരു പ്രത്യേക അനുഭവം.

അതിനുശേഷം എനിക്ക് ദിനപത്രത്തില്‍നിന്ന് പരിശുദ്ധാത്മാവിന്റെ ഒരു പ്രാര്‍ത്ഥന കിട്ടി. ഉപകാരസ്മരണ എന്ന പേരില്‍ നല്കിയിരുന്ന പ്രാര്‍ത്ഥന. അത് ദിവസവും മൂന്ന് തവണ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഈശോയോട് വളരെയധികം സ്‌നേഹവും ഭക്തിയും വളര്‍ത്തിയത് ആ പ്രാര്‍ത്ഥനയാണ്. ആ സമയത്ത് ശാലോം ടി.വി എനിക്ക് വളരെ സഹായമായി മാറി. വിശ്വാസജീവിതത്തില്‍ എനിക്ക് ആവശ്യമായത് ദൈവം ഈ ടെലിവിഷന്‍ ചാനലിലൂടെ നല്കുകയായിരുന്നു. പരിശുദ്ധ അമ്മയെ മനസിലാക്കാനും ശാലോം ടി.വി സഹായിച്ചു.

ഇതിനെല്ലാം ഒപ്പം എനിക്ക് സന്യാസത്തിലേക്കുള്ള ദൈവവിളി ഉണ്ടെന്നൊരു തോന്നല്‍ ശക്തമായിക്കൊണ്ടിരുന്നു. ആ തോന്നല്‍ ശരിയാണോ എന്ന് തിരിച്ചറിയുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അപ്രകാരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു സന്ധ്യാസമയം. ഒരു വലിയ പ്രകാശഗോളം എനിക്ക് ചുറ്റും കറങ്ങുന്നതാണ് കണ്ടത്. അതെന്റെ ദൈവവിളി ഉറപ്പിക്കുന്ന ഒരു അനുഭവമാണെന്ന് മനസിലായി.

അതോടെ ഒരു തീരുമാനമെടുത്തു, എന്റെ ജീവിതം ഈശോയ്ക്കുവേണ്ടിമാത്രമുള്ളതാണ്! തീരുമാനം എടുത്തെങ്കിലും വീട്ടില്‍ അത് പറയാന്‍പോലും സാധിക്കുമായിരുന്നില്ല. ഒരു സാധാരണ ഹൈന്ദവകുടുംബമായിരുന്നു എന്റേത്. ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നുവെന്നതുതന്നെ ഉള്‍ക്കൊള്ളാന്‍ വിഷമമാണ് കുടുംബാംഗങ്ങള്‍ക്ക്. പിന്നെ എങ്ങനെ സന്യാസിനിയാകാന്‍ തീരുമാനിച്ചു എന്ന് പറയാന്‍ കഴിയും? പക്ഷേ മറ്റൊരു ജീവിതത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല.

അതിനാല്‍ ഉപവസിച്ചും പ്രാര്‍ത്ഥിച്ചും കാത്തിരുന്നു. ആയിടക്കാണ് ശാലോം ടി.വിയില്‍ ഒരു പരിപാടി കണ്ടത്. നിത്യാരാധനാമഠത്തെക്കുറിച്ച് അതില്‍ വിശദമായി പറഞ്ഞിരുന്നു. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെയും വിശുദ്ധ ക്ലാരയുടെയും ജീവിതം എന്നെ വല്ലാതെ ആകര്‍ഷിച്ചു. അതിനാല്‍ത്തന്നെ ആ സന്യാസസഭയില്‍ ചേരാമെന്ന് ഞാന്‍ കരുതി. അങ്ങനെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അവിടത്തെ മദറിനോട് സംസാരിച്ചു. മദര്‍ വളരെ അനുകൂലമായാണ് എന്നോട് സംസാരിച്ചത്. ”വന്നു കാണൂ” എന്നായിരുന്നു മദറിന്റെ വാക്കുകള്‍.

പക്ഷേ എന്റെ മുന്നില്‍ ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. എങ്കിലും സകല വിശുദ്ധരുടെയും തിരുനാള്‍ദിനത്തില്‍ വീട്ടില്‍വച്ചുതന്നെ സ്വകാര്യമായി വ്രതവാഗ്ദാനം നടത്തി. അപ്പോള്‍ ഈശോ എന്റെ അരികില്‍ നില്‍ക്കുന്നതും മൂന്ന് പ്രാവശ്യം എന്റെ ശിരസില്‍ തൊടുന്നതുമായ അനുഭവമാണ് ഉണ്ടായത്. എന്റെ സമര്‍പ്പണം ഈശോ സ്വീകരിച്ചെന്ന് എനിക്ക് ഉറപ്പായി. എന്നാല്‍ ഇതൊന്നും വീട്ടുകാരോട് പറയാനുള്ള ഒരു സാഹചര്യവും ഇല്ലായിരുന്നു. എങ്കിലും, ചേച്ചിയുടെ വിവാഹം കഴിഞ്ഞാല്‍ ഇക്കാര്യം അവതരിപ്പിക്കാന്‍ ഒരല്പം അനുകൂലമായ സാഹചര്യം ഒരുങ്ങും എന്നറിയാം. പക്ഷേ നാളുകളായി ചേച്ചിയുടെ വിവാഹാലോചനകളൊന്നുംതന്നെ വിജയകരമാവുന്നില്ലായിരുന്നു.

ആയിടക്കാണ് ശാലോം ടി.വിയിലൂടെ അല്‍ഫോന്‍സാമ്മ ടെലിസീരിയല്‍ കണ്ടത്. അതെന്നെ വിശുദ്ധ അല്‍ഫോന്‍സാമ്മയോട് ഏറെ അടുപ്പിച്ചു. അതുകൊണ്ട് ചേച്ചിയുടെ വിവാഹകാര്യം ശരിയാകുന്നതിന് അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥ്യം തേടി. ഒരു മാസത്തിനകം ചേച്ചിയുടെ വിവാഹം നടന്നു. കുറച്ച് നാളുകള്‍ക്കകം ഞാന്‍ മാതാപിതാക്കളോട് എന്റെ ആഗ്രഹം അറിയിച്ചു. പ്രതീക്ഷിച്ചതുപോലെതന്നെ അവര്‍ പറഞ്ഞു, ”ഒരിക്കലും അതിന് അനുവദിക്കില്ല.” ആ സമയത്ത് ഞാന്‍ മനസുരുകി വീണ്ടും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥ്യം തേടി. ഒരു സന്യാസിനിയാവാന്‍ എനിക്ക് കഴിയുകയില്ലേ എന്നതായിരുന്നു എന്റെ മനസില്‍ നിറഞ്ഞുനിന്ന ചോദ്യം. വിശുദ്ധ പറഞ്ഞുതന്നത് ഇങ്ങനെയായിരുന്നു, ”സന്യാസജീവിതം ഒരു മഹാസമുദ്രം കടന്നുള്ള യാത്രയാണ്. ഒരുപാട് സഹനത്തിലൂടെവേണം ഈ യാത്ര ചെയ്യാന്‍.”

പിന്നെ വീണ്ടും കാത്തിരിപ്പ്. എങ്കിലും ഉപവാസവും പ്രാര്‍ത്ഥനയും മുടക്കിയില്ല. മുറിയിലെ ഈശോയുടെ ചിത്രത്തിന് മുന്നില്‍ ചരല്‍വിതറി അതിന്‍മേല്‍ മുട്ടുകുത്തിയും തലയില്‍ മുള്‍ക്കിരീടം വച്ചുമൊക്കെ പ്രാര്‍ത്ഥിച്ചിരുന്നു. കാരണം പ്രാര്‍ത്ഥനയല്ലാതെ മറ്റൊരു വഴിയും എനിക്ക് മുന്നിലുണ്ടായിരുന്നില്ല. വിശുദ്ധ അല്‍ഫോന്‍സാമ്മയെപ്പോലെ വിശുദ്ധയായ ഒരു സന്യാസിനിയാവണമെന്നായിരുന്നു എന്റെ ആഗ്രഹം. അതിനായാണ് എപ്പോഴും പ്രാര്‍ത്ഥിച്ചിരുന്നത്.

വിശുദ്ധ ജോണ്‍ പോള്‍ പാപ്പയോടും പ്രത്യേക അടുപ്പമുണ്ടായിരുന്നു. പാപ്പയെക്കുറിച്ചുള്ള അറിവുകളും അദ്ദേഹത്തിന്റെ ചിത്രങ്ങളും എന്നെ വളരെയധികം ആകര്‍ഷിച്ചിരുന്നു. പാപ്പയോട് മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതിനുമുമ്പുതന്നെ ഞാന്‍ പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ചത്. ആയിടക്ക് എനിക്ക് കടുത്ത പനി ബാധിച്ചു. ഡെങ്കിപ്പനി നാട്ടിലെല്ലാം പരന്ന ഒരു സമയവുമായിരുന്നു അത്. അല്പദിവസങ്ങളിലെ പനികൊണ്ടുതന്നെ ഞാന്‍ തീര്‍ത്തും ക്ഷീണിതയായി മാറി.

ആ സമയത്തും വിശുദ്ധയായ ഒരു സിസ്റ്ററാവാന്‍വേണ്ടി ജോണ്‍ പോള്‍ പാപ്പയുടെ പ്രാര്‍ത്ഥനാസഹായം ചോദിച്ചിരുന്നു. പനി മൂര്‍ച്ഛിച്ച ദിവസം രാത്രി എന്റെ മുന്നിലൂടെ ജോണ്‍ പോള്‍ പാപ്പ കടന്നുപോകുന്നതായി ഞാന്‍ കണ്ടു. അതുകഴിഞ്ഞപ്പോള്‍ പനി വളരെയധികം കുറഞ്ഞതായി അനുഭവപ്പെട്ടു. തലേന്നത്തെ കടുത്ത പനി കണ്ടതിനാല്‍ പിറ്റേന്ന് വീട്ടുകാര്‍ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവിടെയെത്തിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ”ഇപ്പോള്‍ കുഴപ്പമൊന്നുമില്ല, വളരെ മെച്ചപ്പെട്ടിട്ടുണ്ട്” എന്നാണ്. ജോണ്‍ പോള്‍ പാപ്പയുടെ ഇടപെടലിലൂടെയാണ് സൗഖ്യം കിട്ടിയതെന്ന് എനിക്കുറപ്പുണ്ട്.

അപ്പോഴേക്കും ചേച്ചിയുടെ വിവാ ഹം കഴിഞ്ഞ് ഒരു മാസത്തോളമായി. ഇനിയും കാത്തിരിക്കാനാവില്ല എന്ന അവസ്ഥയിലെത്തി ഞാന്‍. വീട്ടുകാര്‍ സമ്മതിച്ചിട്ട് മഠത്തിലേക്ക് പോകാന്‍ സാധിക്കില്ല എന്നുറപ്പ്. മറ്റൊരു വഴിയും കാണാത്തതിനാല്‍ ഒരു കത്തെഴുതിവച്ചിട്ട് മഠത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ടു. ആദ്യമായാണ് തനിയെ അത്രയും ദൂരം യാത്ര ചെയ്തത്. പക്ഷേ ഈശോയും മാതാവും വിശുദ്ധരുമെല്ലാം എന്നോടൊപ്പമുണ്ടായിരുന്നു.
അധികം താമസിച്ചില്ല, കുടുംബാംഗങ്ങളും ബന്ധുക്കളും ഞാനെവിടേക്കാണ് പോയതെന്ന് കണ്ടെത്തി. മഠത്തില്‍നിന്ന് എന്നെ തിരികെ കൊ ണ്ടുപോകാനായിരുന്നു പിന്നെ അവരുടെ ശ്രമം. പോലീസില്‍ അറിയിക്കും എന്ന് പറഞ്ഞുകൊണ്ട് അവര്‍ മഠത്തിലെത്തി.

സാഹചര്യം അപകടകരമാണെന്ന് കണ്ടപ്പോള്‍ മദര്‍ ഒരു വക്കീലിനെ മഠത്തിലേക്ക് വിളിച്ചുവരുത്തി. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നിയമപരമായി മാതാപിതാക്കളുടെ മുന്നില്‍വച്ച് ഒരു കത്തെഴുതി മദറിന് കൊടുത്തു. ”എന്റെ എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്നു. സ്വന്തം ഇഷ്ടത്താലാണ് മഠത്തില്‍ ചേരുന്നത്. ജീവിക്കുന്നു എങ്കില്‍ ഈശോക്കുവേണ്ടി, മരിക്കുന്നു എങ്കില്‍ ഈശോക്കുവേണ്ടി….” ഇതെല്ലാമായിരുന്നു കത്തിന്റെ ഉള്ളടക്കം. അത് അച്ഛനെയും അമ്മയെയും വല്ലാതെ വേദനിപ്പിച്ചു. മനസ്സലിയിക്കുംവിധം അമ്മ കരയുന്നുണ്ടായിരുന്നു. പക്ഷേ എന്തുചെയ്യാം? അമ്മയോടൊപ്പം തിരികെച്ചെല്ലാന്‍ എനിക്കാവുമായിരുന്നില്ല. ഈശോ എന്നെ സ്വന്തമാക്കിക്കഴിഞ്ഞല്ലോ. ”ഞാന്‍ എന്റെ പ്രിയന്റേതാണ്, എന്റെ പ്രിയന്‍ എന്റേതും” (ഉത്തമഗീതം 6/3) എന്ന തിരുവചനം എന്റെയും അനുഭവമായി മാറിയിരുന്നു.

ഈ സമയമെല്ലാം പ്രാര്‍ത്ഥനയുടെ സംരക്ഷണവും കരുതലും നല്കി മറ്റ് സന്യാസിനിമാര്‍ പിന്നില്‍ നിന്നു. അതില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ എല്ലാം വലിയ പ്രശ്‌നങ്ങളില്‍ കലാശിച്ചേനേ. അങ്ങനെ മഠത്തില്‍ ഒരു അതിഥിയായെങ്കിലും താമസിക്കാനുള്ള സാഹചര്യമൊരുങ്ങി. എങ്കിലും ഒരു സന്യാസിനിയാകണമെങ്കില്‍ ഇനിയും അനേകം കടമ്പകള്‍ കടക്കാനുണ്ടായിരുന്നു. ആദ്യപടിയെന്നോണം അധികം വൈകാതെ 2009 ജൂണില്‍ ഞാന്‍ മാമ്മോദീസ സ്വീകരിച്ചു. അന്നുമുതല്‍ ഒരു പുതിയ യാത്ര ആരംഭിക്കുകയായിരുന്നു.

സിസ്റ്റര്‍ മേരി ഇമ്മാനുവേല