ഫ്രാന്‍സിസ്‌കന്‍ കൂട്ടായ്മയുടെ ആരംഭകാലത്തെ ഒരു സംഭവം. മിഷനറിമാരായ സഹോദരന്‍മാര്‍ ചിലപ്പോള്‍ ഒത്തുകൂടാറുണ്ട്. ഫ്രാന്‍സിസ് അസ്സീസ്സിയും അവരുടെ മധ്യത്തില്‍ വന്നിരുന്നു. ആത്മാക്കളുടെ രക്ഷയെക്കുറിച്ചും മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കാന്‍ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടു. ഫ്രാന്‍സിസിന്റെ സാന്നിധ്യം സഹോദരന്‍മാരെ ഏറെ സന്തോഷിപ്പിച്ചു. ആത്മാവിന്റെ പ്രേരണയാല്‍ അദ്ദേഹം ഒരു കൊച്ചുസഹോദരനോട് പറഞ്ഞു, ”പ്രിയമകനേ, പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തുന്നതുപോലെ ദൈവികകാര്യങ്ങളെക്കുറിച്ച് സംസാരിക്കൂ, ഞങ്ങളെല്ലാവരും കേള്‍ക്കട്ടെ!”
കൊച്ചുസഹോദരന്‍ വിജ്ഞാനിയോ പണ്ഡിതനോ ആയിരുന്നില്ല. പക്ഷേ അദ്ദേഹം അനുസരിച്ചു. പരിശുദ്ധാത്മാവ് നല്കിയ ഉള്‍പ്രേരണയനുസരിച്ച് സംസാരിക്കാന്‍ തുടങ്ങി. ദൈവസ്‌നേഹത്തിന്റെ മാധുര്യമാണ് ആ അധരങ്ങളിലൂടെ ഒഴുകിയത്. ദൈവികകാര്യങ്ങള്‍ വളരെ ലളിതമായും വ്യക്തമായും ആ സഹോദരന്‍ വിശദീകരിച്ചു. എല്ലാവര്‍ക്കും അത്ഭുതം!
കുറേനേരം കഴിഞ്ഞ് ആ സഹോദരനോട് സംസാരം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ട് അടുത്തിരുന്ന മറ്റൊരു കൊച്ചുസഹോദരനോട് ഫ്രാന്‍സിസ് ചോദിച്ചു, ”ഇതുപോലെ ദൈവസ്‌നേഹത്തെക്കുറിച്ച് സംസാരിക്കാമോ?” അദ്ദേഹവും കൃപയാല്‍ നിറഞ്ഞവനായി സംസാരിക്കാന്‍ ആരംഭിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തോട് നിശ്ശബ്ദനാകാന്‍ പറഞ്ഞ് ഫ്രാന്‍സിസ് മൂന്നാമതൊരു സഹോദരനോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു.
വലിയ വിജ്ഞാനിയൊന്നുമല്ലാത്ത ആ സഹോദരനും ഒട്ടും മുന്നൊരുക്കമില്ലാതെ ദൈവസ്‌നേഹത്തെക്കുറിച്ച് സംസാരിക്കണം! അനുസരണത്തോടെയും വിധേയത്വത്തോടെയും അദ്ദേഹവും മനോഹരമായി സംസാരിക്കാന്‍ തുടങ്ങി, ആഴമായ ദൈവികരഹസ്യങ്ങള്‍ മനസിലാക്കിയ ഒരാളെപ്പോലെ…. പരിശുദ്ധാത്മാവാണ് ഈ സഹോദരങ്ങളിലൂടെ സംസാരിക്കുന്നതെന്ന് ഫ്രാന്‍സിസിനും മറ്റുള്ളവര്‍ക്കും ബോധ്യമായി.
അപ്പോഴതാ ആ എളിയ സഹോദരന്‍മാരുടെ മധ്യേ ഈശോ ഒരു യുവാവിന്റെ രൂപത്തില്‍ പ്രത്യക്ഷനാകുന്നു! അവിടുന്ന് എല്ലാവരെയും ആശീര്‍വദിച്ച് അനുഗ്രഹിച്ചു. സഹോദരങ്ങള്‍ സന്തോഷത്താല്‍ നിറഞ്ഞു. അല്പം കഴിഞ്ഞ് ഫ്രാന്‍സിസ് പറഞ്ഞു, ”പ്രിയസഹോദരങ്ങളേ, എളിമയും നിഷ്‌കളങ്കതയും എപ്പോഴും ഉണ്ടാവണം.
എളിയവരിലൂടെ ദൈവികജ്ഞാനമാകുന്ന നിധി നമുക്ക് വെളിപ്പെടുത്തിയ മിശിഹാക്ക് അകംനിറഞ്ഞ നന്ദിയര്‍പ്പിക്കാം. ശിശുക്കളുടെയും നിഷ്‌കളങ്കരുടെയും അധരങ്ങള്‍ അവിടുന്ന് തുറക്കുന്നു. അവിടുന്ന് ആഗ്രഹിക്കുമ്പോഴെല്ലാം എളിയവരുടെ അധരങ്ങള്‍ വിജ്ഞാനം സംസാരിക്കുന്നു. എളിയവരായ നമുക്ക് അവിടുന്ന് എത്രയോ ദാനങ്ങളാണ് നല്കിയിരിക്കുന്നത്! നമുക്ക് അവിടുത്തെ സ്തുതിക്കാം.”