ചിരിച്ചുകളിച്ച് കുട്ടിക്കുറുമ്പുകള്‍ കാണിച്ച് ഓടിനടക്കുന്ന ഒരു പെണ്‍കുട്ടി, അതായിരുന്നു അലക്സാന്‍ഡ്രിന. എന്നാല്‍ കുട്ടിക്കുറുമ്പുകള്ക്കിടയിലും ഇരുത്തം വന്ന ഒരു സ്ത്രീയെപ്പോലെ അവള് ജോലികള്‍ ചെയ്യുമായിരുന്നു. വിറകുവെട്ടലും വീട് വൃത്തിയായി സൂക്ഷിക്കലും തുണി കഴുകലുമെല്ലാം അവള് ഭംഗിയായി ചെയ്യും.
അല്പം മുതിര്‍ന്നപ്പോള്‍ത്തന്നെ ഒരു കര്‍ഷകന്റെ വീട്ടില്‍ അവള് വേലക്കാരിയായി പോയി. പക്ഷേ അവിടത്തെ മോശം സാഹചര്യങ്ങള്‍കാരണം അഞ്ചുമാസത്തില്‍ കൂടുതല്‍ അവള്‍ക്ക് നില്ക്കാന് കഴിഞ്ഞില്ല. അങ്ങനെ അവള് തിരികെപ്പോന്നു.
അലക്സാന്‍ഡ്രിനയ്ക്ക് 14 വയസായ സമയം. ആ വിശുദ്ധവാരത്തിലെ ശനിയാഴ്ച അവള് തന്റെ വീട്ടില്‍ സഹോദരിയുടെയും ഒരു ജോലിക്കാരിയുടെയും കൂടെ തയ്യല്‍പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അവള് നേരത്തേ ജോലി ചെയ്തിരുന്ന വീട്ടിലെ ആളും വേറെ രണ്ടു ചട്ടമ്പികളും വീട്ടില്‍ അതിക്രമിച്ചു കയറി അവരെ ഉപദ്രവിക്കാന്‍ തുടങ്ങി. ലൈംഗികാതിക്രമമാണ് അവരുടെ ഉദ്ദേശ്യമെന്ന് മനസിലായ അലക്സാന്ഡ്രിനാ സഹോദരിയെയും കൂട്ടുകാരിയെയും രക്ഷപ്പെടുത്തിക്കൊണ്ട് അവരെ ചെറുത്തു. തുടര്‍ന്ന് സ്വയം രക്ഷപ്പെടാന്‍ ശ്രമിച്ചു. ഒടുവില്‍ തന്റെ ശുദ്ധത സംരക്ഷിക്കാന്‍ തുറന്ന ജനലിലൂടെ താഴേക്ക് എടുത്തുചാടുകയല്ലാതെ മറ്റ് വഴികളില്ലെന്ന് അവള്‍ക്ക് ബോധ്യമായി.
ആ ചാട്ടം അപകടകരമാണെന്ന് അറിഞ്ഞിരുന്നെങ്കിലും അവര്‍ക്ക് കീഴടങ്ങുന്നതിനെക്കാള് അതാണ് നല്ലതെന്ന് ഉറപ്പിച്ച അലക്സാന്‍ഡ്രിന പിന്നെ ഒന്നും നോക്കിയില്ല, താഴേക്ക് ഒരൊറ്റ ചാട്ടം. നാലുമീറ്ററിലധികം താഴ്ചയിലേക്ക് വീണതിനാല്‍ നടുവിന് അസഹ്യമായ വേദന അനുഭവപ്പെട്ടെങ്കിലും അവള് എഴുന്നേറ്റുപോയി ഒരു വടി എടുത്തുകൊണ്ടു വന്നു വീട്ടില്‍ കയറി ആ മനുഷ്യരെ അടിച്ചോടിച്ചു. പക്ഷേ അസഹ്യമായ വേദനയില്‍ അവള് കിടപ്പിലായി.
പിന്നീട് ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്കുള്ള യാത്രകള്‍. പക്ഷേ ഫലമൊന്നുമുണ്ടായില്ല. എങ്കിലും 19 വയസ്സാകുന്നതുവരെ അലക്സാന്‍ഡ്രിന ദൈവാലയത്തിലേക്ക് ഇഴഞ്ഞുപോയി നിലത്തു കിടന്നുകൊണ്ട് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തിരുന്നു. ആ കാഴ്ച ഇടവകയില്‍ ഒരുപാട് പേരെ സ്പര്‍ശിച്ചു, അവരുടെ ആത്മശോധനക്ക് കാരണമാവുകയും ചെയ്തു. അവളും വീട്ടുകാരും ഏറെ പ്രാര്‍ത്ഥിച്ചെങ്കിലും സൗഖ്യം ലഭിച്ചില്ല. പാപികള്‍ക്കുവേണ്ടി സഹിക്കുന്ന ഒരു ബലിയാത്മാവ് ആവാന്‍ ഈശോ തന്നെ ക്ഷണിക്കുകയാണെന്ന ഒരു തിരിച്ചറിവ് സാവധാനം അവള്‍ക്കുണ്ടായി. സഹിക്കുക, സ്നേഹിക്കുക, പ്രായശ്ചിത്തം ചെയ്യുക- ഇതായിരിക്കും ഇനിയുള്ള അവളുടെ ജീവിതമെന്നും.
തന്റെ ദൗത്യത്തെക്കുറിച്ച് വ്യക്തമായപ്പോള്‍ പൂര്‍ണമനസോടെ അതവള് ഏറ്റെടുത്തു. പരിശുദ്ധ അമ്മ തന്നെ വലിയ കൃപയിലേക്കാണ് നയിച്ചത് എന്നവള്‍ പറഞ്ഞു, ആദ്യം ഉപേക്ഷയിലേക്ക്, പിന്നെ ദൈവഹിതത്തിന് പൂര്‍ണ്ണമായി അനുരൂപപ്പെടാന്‍, പിന്നീട് സഹിക്കുവാനുള്ള ദാഹത്തിന്… 1925 ഏപ്രില്‍ 14 മുതല്‍ കിടപ്പുരോഗി ആയിത്തീര്‍ന്ന അവള് മരിക്കുന്നതു വരെ നീണ്ട 30 കൊല്ലമാണ് ആ കിടപ്പില്‍ തുടര്‍ന്നത്.
1938 ഒക്ടോബര്‍ 3 മുതല്‍ 1942 മാര്‍ച്ച് 24 വരെ എല്ലാ വെള്ളിയാഴ്ചകളിലും മൂന്നുമണിക്കൂര്‍ നേരത്തേക്ക് യേശുവിന്റെ പീഡാനുഭവവേദനയില്‍ അലക്സാന്‍ഡ്രിന പങ്കുപറ്റിയിരുന്നു. ആ നേരത്തേക്ക് തളര്‍ച്ച മാറി, കഠിനവേദന അനുഭവിച്ചു കൊണ്ട് കുരിശിന്റെ വഴികളില്‍ അവള് ജീവിച്ചു. മനുഷ്യരുടെ തെറ്റിദ്ധാരണയും അവിശ്വാസവും അവളുടെ സഹനം വര്‍ദ്ധിപ്പിച്ചു. അലക്സാന്ഡ്രിനായുടെ ജീവിതാവസ്ഥകളെക്കുറിച്ച് പഠിക്കുന്നതിനായി രൂപതയില്‍നിന്നും പ്രത്യേക അന്വേഷണകമ്മിഷന് സ്ഥലത്തെത്തി. അവരുടെ വിധി അവള്‍ക്കെതിരായിരുന്നു. തത്ഫലമായി ആര്‍ച്ചുബിഷപ്പ് കുറെയേറെ കാര്യങ്ങളില്‍ അവള്‍ക്ക് നിരോധനം പുറപ്പെടുവിച്ചു. ഏഴ് വര്‍ഷത്തേക്ക് അവളുടെ ആത്മീയ ഉപദേഷ്ടാവായിരുന്ന ഈശോസഭാ വൈദികനെ വിലക്കി. ഈ സഹനങ്ങളെല്ലാം പരാതി കൂടാതെ അവള് ഏറ്റടുത്തു.
1942 മാര്‍ച്ച് 27-നുശേഷം അവളുടെ ജീവിതത്തില്‍ പുതിയൊരു അദ്ധ്യായം ആരംഭിച്ചു. ദിവ്യകാരുണ്യമല്ലാതെ വേറൊന്നും അവള്‍ക്ക് കഴിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് മരണംവരെ ദിവ്യകാരുണ്യം മാത്രം സ്വീകരിച്ചാണ് ജീവന് നിലനിര്‍ത്തിയത്. പിന്നീടങ്ങോട്ട് ഡോക്ടര്‍മാരുള്‍പ്പെടെ നടത്തിയ പരീക്ഷണനിരീക്ഷണങ്ങളുടെ ഒരു കാലഘട്ടമായിരുന്നു.
ഈശോ അവളോട് പറഞ്ഞ വാക്കുകള്‍ അവളോര്‍ത്തു, ”നിനക്ക് ആശ്വാസം ലഭിക്കുന്നത് വിരളമായിരിക്കും. പക്ഷേ നിന്റെ ഹൃദയം സഹനത്തില്‍ നിറഞ്ഞിരിക്കുമ്പോഴും നിന്റെ ചുണ്ടില്‍ പുഞ്ചിരി കാണണമെന്നുള്ളത് എന്റെ ആഗ്രഹമാണ്.” ആ ആഗ്രഹം അവള് നിറവേറ്റി. സന്ദര്‍ശിച്ചവരെല്ലാം അവളെ സന്തോഷത്തോടെയും പുഞ്ചിരിയോടെയുമാണ് കണ്ടത്. അവള് എത്ര സഹിക്കുന്നെന്ന് അറിയാവുന്നത് വളരെ കുറച്ചു പേര്‍ക്ക് മാത്രമായിരുന്നു. ഉപദേശം തേടിവരുന്നവരുടെ ആത്മീയാരോഗ്യത്തില് അവള് വളരെ താല്പര്യം കാണിച്ചു.
പാവങ്ങളോടുള്ള കരുണയും പ്രദര്‍ശിപ്പിച്ചിരുന്നു.
ഫാദര്‍ പാസ്കലിന്റെ നിര്‍ദ്ദേശപ്രകാരം അവളുടെ സഹോദരി 1944 മുതല്‍ 1955ല്‍ അവള് മരിക്കുന്നതു വരെയുള്ള അവളുടെ സംഭാഷണങ്ങളും മിസ്റ്റിക്കല്‍ അനുഭവങ്ങളും ശ്രദ്ധയോടെ എഴുതിസൂക്ഷിച്ചു. ആ 5000 പേജുകള്‍ അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന അവസരത്തില്‍ വളരെ ഉപകാരപ്പെട്ടു. 1944ല്‍ അലക്സാന്‍ഡ്രിന യൂണിയന് ഓഫ് സലേഷ്യന്‍ കോഓപ്പറേറ്റേഴ്സില് (Union of Salesian Cooperators) അംഗമായി. വിശുദ്ധ ഡോണ്‍ബോസ്കോയുടെ ദൗത്യം ലോകത്തില്‍ തുടരാന്‍ ഒരുങ്ങിക്കൊണ്ടിരുന്ന സലേഷ്യന്‍ നോവിസുകളുടെ കൂടെ ഒരു സഹനസഹോദരിയാവാന് അവള് ആഗ്രഹിച്ചു.
1954 മുതല്‍ അവളുടെ കാഴ്ചശക്തി നന്നേ കുറഞ്ഞു. ചെറിയ പ്രകാശം പോലും നേരിടാന്‍ സാധിക്കാതെ ജീവിച്ച തന്റെ മുറിയെ അവള് വിളിച്ചത് ഇരുണ്ട ജയില്‍ എന്നാണ്. പാപികള്‍ക്കുവേണ്ടി താന്‍ ഒരു ചെറുനാരങ്ങാപോലെ പിഴിയപ്പെടുന്നു എന്ന് പറഞ്ഞുകൊണ്ട് അവരോട് അവള് മാനസാന്തരത്തിനായി ആഹ്വാനം ചെയ്തു. തന്റെ ശവകുടീരത്തില്‍ എഴുതി വയ്ക്കണമെന്ന് ആവശ്യപ്പെട്ട വാക്കുകളും പാപികളെപ്രതിയുള്ള അവളുടെ ദൗത്യം വെളിപ്പെടുത്തുന്നതായിരുന്നു.
”പാപികളേ, എന്റെ ശരീരത്തിലെ ധൂളികള്‍ക്ക് നിങ്ങളെ രക്ഷിക്കാന്‍ കഴിയുമെങ്കില്‍… അടുത്ത് വരൂ, അതില്‍ ചവിട്ടി നടക്കൂ, അത് അപ്രത്യക്ഷമാകും വരെ എടുത്തെറിഞ്ഞു ചവിട്ടിക്കൊള്ളുക. പക്ഷേ ഒരിക്കലും പാപം ചെയ്യരുത്, ഈശോയെ ഇനിയും വേദനിപ്പിക്കരുത്, പാപികളേ, നിങ്ങളോടിത് പറയാന്‍ ഞാനെത്ര ആഗ്രഹിക്കുന്നു…. നിത്യകാലത്തേക്ക് ഈശോയെ നഷ്ടപ്പെടുത്തുക എന്ന ദുര്‍വിധി നിങ്ങള്‍ വരുത്തരുത്, കാരണം അവന് ഒരുപാട് നല്ലവനാണ്. പാപം ചെയ്യുന്നത് മതിയാക്കൂ. ഈശോയെ സ്നേഹിക്കൂ… അവനെ സ്നേഹിക്കൂ!”’
പോര്‍ച്ചുഗലില്‍ 1904 മാര്‍ച്ച് 30നാണ് അലക്സാന്‍ഡ്രിന മരിയ ഡികോസ്റ്റ ജനിച്ചത്. 1955 മെയ് 6-ന് പരിശുദ്ധ അമ്മ അവളോട് പറഞ്ഞു, ‘കുറഞ്ഞ സമയത്തിനുള്ളില്‍ നിന്നെ കൊണ്ടുപോകാന്‍ ഞാന്‍ വരും. ഒക്ടോബര്‍ 13ന് ആ ദിവസം വന്നുചേര്‍ന്നു. അന്ന് വൈകുന്നേരം അവള് മരിച്ചു. ”ഞാന്‍ വളരെ സന്തോഷവതിയാണ്, കാരണം ഞാന്‍ പോകുന്നത് സ്വര്‍ഗത്തിലേക്കാണ്” എന്നാണ് മരണനേരത്ത് അവള് പറഞ്ഞത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ, 2004 ഏപ്രില്‍ 25ന് അലക്സാന്‍ഡ്രിന മരിയ ഡികോസ്റ്റയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 13 ആണ് തിരുനാള്‍ദിനം.
ജില്‍സ ജോയ്