വിരലുകൊടുത്ത് ചങ്ക് വാങ്ങിയ ‘ചങ്ക്’ – Shalom Times Shalom Times |
Welcome to Shalom Times

വിരലുകൊടുത്ത് ചങ്ക് വാങ്ങിയ ‘ചങ്ക്’

ഹൂസ്റ്റണിലുള്ള ടോമിച്ചേട്ടന്‍ എന്നോട് ഒരു സംഭവം പങ്കുവച്ചു. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്നതാണ്. ഒരു ദിവസം വൈകിട്ട് വീട്ടിലെ പണികള്‍ ചെയ്യുന്നതിനിടെ പുല്ല് ചെത്തുന്ന മെഷീനില്‍ കൈ പെട്ടു. വലതുകൈയിലെ രണ്ട് വിരലുകളുടെ അറ്റം ചെത്തിപ്പോയി. ദൈവാനുഗ്രഹത്താല്‍ ബാക്കി വിരലുകള്‍ക്കും കൈപ്പത്തിക്കും കുഴപ്പമൊന്നും പറ്റിയില്ല.

ഇനി അദ്ദേഹത്തിന്റെതന്നെ വാക്കുകളില്‍ കേള്‍ക്കാം: ”ദൈവപരിപാലന നന്നായി ഉണ്ടായിരുന്നച്ചാ, ഞാന്‍ വളരെ കൂള്‍ ആയിരുന്നു. ചോരയൊന്നും അധികം പോയില്ല. ആശുപത്രിയില്‍ പോയി വേണ്ട ശുശ്രൂഷകളൊക്കെ ചെയ്തു.
പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോഴാണച്ചാ എനിക്ക് ഇതിലെ ദൈവപദ്ധതി വെളിപ്പെട്ട് കിട്ടിയത്. എന്റെ ഒരു അടുത്ത കൂട്ടുകാരന്‍ കാന്‍സര്‍ ആണെന്ന് അറിഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റായത് ആ സമയത്താണ്.

കൂദാശാജീവിതത്തിലൊക്കെ ആള്‍ വളരെ പിന്നില്‍ ആയിരുന്നു. അതുകൊണ്ട് എന്റെ വേദനയെല്ലാം ഞാന്‍ അവനുവേണ്ടി സമര്‍പ്പിച്ചു. കൈയുടെ വേദനയൊന്നും വകവയ്ക്കാതെ എന്നും വെളുപ്പിന് മൂന്നുമണിക്ക് എഴുന്നേറ്റ് ഞാന്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നു.

ഫലമോ, അവന്‍ വൈകാതെതന്നെ സ്വയം മുന്‍കൈയെടുത്ത് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ തുടങ്ങി. എന്നും വികാരിയച്ചന്‍ അവന് വിശുദ്ധ കുര്‍ബാന കൊടുക്കാന്‍ ആശുപത്രിയില്‍ പോകുമായിരുന്നു. നാല് മാസത്തിനുള്ളില്‍ എന്റെ സുഹൃത്ത് മരിച്ചു. പക്ഷേ എല്ലാ കൂദാശകളും സ്വീകരിച്ച് ആശ്വാസത്തില്‍ മരിക്കാന്‍ അവന് സാധിച്ചു, ദൈവത്തിന് സ്‌തോത്രം അച്ചാ.”

ഞാനും കൂടെ പറഞ്ഞു, ”ഈശോയ്ക്ക് സ്തുതി!”
തന്റെ ‘ചങ്ക്’ സുഹൃത്ത് നഷ്ടപ്പെട്ട് പോവാതിരിക്കാന്‍ എന്തും സഹിക്കാന്‍ തയ്യാറായ ടോമിച്ചേട്ടനില്‍ ഞാന്‍ കണ്ടു, സുവിശേഷത്തിലെ നല്ലിടയന്‍ ജീവിക്കുന്നതായി. തൊണ്ണൂെറ്റാമ്പതിനെയും വിട്ട് വഴി തെറ്റിയ ഒരു ആടിനെ അന്വേഷിച്ചിറങ്ങണമെങ്കില്‍, ഇതുപോലെ ‘സ്വന്തം’ എന്ന ചിന്ത ഉണ്ടാവണം.

എന്റെ കൂടെയുള്ളവര്‍ അസന്മാര്‍ഗികതയില്‍ ചരിക്കുന്നവരാവാം, ദൈവനിഷേധകരാവാം, തിന്മയുടെ വഴിയില്‍ സഞ്ചരിക്കുന്നവരാവാം, എന്റെ വിശ്വാസത്തെ കളിയാക്കുന്നവരാവാം, സഭയെ ചീത്ത വിളിക്കുന്നവരാവാം… അവരെ സ്വന്തമെന്ന് കരുതി സ്‌നേഹിക്കാനും അവരെ നേടേണ്ടതിന് പരിത്യാഗങ്ങള്‍ എടുക്കാനും ഞാന്‍ തയ്യാറാണോ? സ്വയം പരിശോധിക്കാം.

മത്തായി 18/12-ല്‍ യേശു ഇങ്ങനെ ചോദിക്കുന്നു, ”നിങ്ങള്‍ക്ക് എന്തു തോന്നുന്നു, ഒരാള്‍ക്ക് നൂറ് ആടുകള്‍ ഉണ്ടായിരിക്കെ, അതിലൊന്ന് വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്, അവന്‍ വഴിതെറ്റിയതിനെ അന്വേഷിച്ച് പോകയില്ലേ?” നല്ലിടയനായ യേശു അപ്രകാരം വഴിതെറ്റിയ ആടിനെ തേടിപ്പോകുന്നവനാണ്. നമ്മുടെ ഹൃദയങ്ങളിലും നല്ലിടയന്റെ സ്‌നേഹം ജ്വലിക്കട്ടെ.

ഫാ. ജോസഫ് അലക്‌സ്
ചങ്ങനാശേരി അതിരൂപതവൈദികനായ ഫാ. ജോസഫ് അലക്‌സ് പൂവേലിയില്‍ നവമാധ്യമ ആത്മീയ എഴുത്തുകാരനാണ്. വാഷിംഗ്ടണ്‍ ഡി.സി, പൊന്തിഫിക്കല്‍ ജോണ്‍ പോള്‍ സെക്കന്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫാമിലി തിയോളജിയില്‍ ഡോക്ടറല്‍ പഠനം നടത്തുന്നു.