സ്വര്‍ണം വെള്ളിയാക്കുന്നവര്‍ സൂക്ഷിക്കുക – Shalom Times Shalom Times |
Welcome to Shalom Times

സ്വര്‍ണം വെള്ളിയാക്കുന്നവര്‍ സൂക്ഷിക്കുക


ദൈവസ്‌നേഹം അനുഭവിച്ച് നല്ല തീക്ഷ്ണതയോടെ ആത്മീയജീവിതം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്ന കാലം. ഒരു ദിവസം എന്റെ ആത്മീയജീവിതത്തില്‍ ഒരു വീഴ്ച സംഭവിച്ചു. അതോടെ ആകെ തളര്‍ന്നു. ശരീരത്തിലും ആത്മാവിലും വലിയ ഭാരം കയറ്റിവച്ചതുപോലെ. ദൈവസാന്നിധ്യവും അഭിഷേകവും നഷ്ടമായ അവസ്ഥ. അങ്ങനെ വലിയ സങ്കടത്തോടെ ഇരിക്കുമ്പോഴാണ് മനസിലേക്ക് ഒരു ചിന്ത കടന്നുവന്നത്. മറിയവും ജോസഫും അവരുടെ ജീവിതത്തില്‍ ഈശോയെ നഷ്ടപ്പെട്ടപ്പോള്‍ അവനെ തിരക്കി ദൈവാലയത്തിലേക്കാണ് ചെന്നത്. അവിടെവച്ച് അവര്‍ക്കവനെ കണ്ടുകിട്ടുന്നു. ഇത് ഓര്‍മയില്‍ വന്നപ്പോള്‍ ഞാനും ദൈവാലയത്തിലേക്ക് പോകാന്‍ തീരുമാനിച്ചു.
സക്രാരിയിലേക്ക് നോക്കി ഞാന്‍ കരഞ്ഞു. ”ദൈവമേ, എവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്? ഞാന്‍ അനുഭവിച്ച ദൈവസ്‌നേഹം, ഞാന്‍ കേട്ട പരിശുദ്ധാത്മാവിന്റെ സ്വരം, എന്നെക്കുറിച്ചുള്ള അവിടുത്തെ പദ്ധതി, പരിശുദ്ധാത്മാവിന്റെ അഭിഷേകം എല്ലാം ഞാന്‍ നഷ്ടപ്പെടുത്തിയല്ലോ.” ഇനി എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോള്‍ സക്രാരിക്കകത്തുള്ള ഈശോ എന്നോട് സംസാരിക്കാന്‍ തുടങ്ങി. മുന്നിലിരിക്കുന്ന വിശുദ്ധ ബൈബിള്‍ എടുത്ത് വായിക്കാന്‍ പറഞ്ഞു. ഞാന്‍ ബൈബിള്‍ തുറന്നപ്പോള്‍ ലഭിച്ച വചനഭാഗം ദാനിയേല്‍ രണ്ടണ്ടാം അധ്യായത്തില്‍നിന്നായിരുന്നു, നബുക്കദ്‌നേസര്‍ രാജാവിന്റെ സ്വപ്നവും അതിന് ദാനിയേല്‍ നല്കുന്ന വ്യാഖ്യാനവും.
ദാനിയേല്‍ നല്കിയ സ്വപ്നവ്യാഖ്യാനം ഇപ്രകാരമാണ്. ‘നിനക്ക് അധികാരവും ശക്തിയും മഹത്വവും നല്കിയത് ദൈവമാണ്. അതായത് സ്വര്‍ണംകൊണ്ടുള്ള ശിരസ് നീ തന്നെ. നിനക്കുശേഷം വരുന്ന രാജാക്കന്മാര്‍ പ്രതാപം കുറഞ്ഞ രാജാക്കന്മാരായിരിക്കും. അതാണ് വെള്ളി. അതിനുശേഷം കാണുന്നത് ഭൂമി മുഴുവന്‍ അടക്കി ഭരിക്കുന്ന ഓട്. എല്ലാം തകര്‍ത്ത് തരിപ്പണമാക്കുന്ന ഇരുമ്പ്. അവസാനം ഇരുമ്പും കളിമണ്ണും ചേര്‍ന്ന മിശ്രിതം. രാജ്യം ദുര്‍ബലമായി പോകും എന്നാണ് ഇതിനര്‍ത്ഥം. എന്നാല്‍ പ്രതിമയെ തകര്‍ത്ത ആ കല്ല്, ലോകം മുഴുവന്‍ നിറഞ്ഞുനിന്ന ആ കല്ല്, സ്വര്‍ഗസ്ഥനായ പിതാവ് മേല്‍പറഞ്ഞ രാജ്യങ്ങളെ എല്ലാം ഇല്ലാതാക്കി ദൈവം പുതിയൊരു രാജ്യം സ്ഥാപിക്കും എന്ന് സൂചിപ്പിക്കുന്നു.’ എനിക്ക് ലഭിച്ച ഈ വചനഭാഗത്തുനിന്ന് സത്യം പറഞ്ഞാല്‍ എനിക്കൊന്നും മനസിലായില്ല. ഞാന്‍ വീണ്ടും ദൈവസന്നിധിയിലേക്ക് നോക്കി ഇരിക്കാന്‍ തുടങ്ങി.
സ്‌നേഹനിധിയായ എന്റെ ദൈവം വീണ്ടും സംസാരിച്ചു. ഞാന്‍ നിന്നോട് പറഞ്ഞ വചനഭാഗം നിന്റെ ജീവിതത്തിലൂടെ മനസിലാക്കാന്‍ ഇസ്രായേലിന്റെ ആദ്യത്തെ രാജാവായ സാവൂളിന്റെ ജീവിതം ധ്യാനവിഷയമാക്കണം. അത് പറഞ്ഞപ്പോള്‍ ഉടനെ 1 സാമുവേല്‍ ഒമ്പതു മുതല്‍ 31 വരെയുള്ള സാവൂളിന്റെ ജീവിതം ഞാന്‍ വായിച്ചുതുടങ്ങി. വായിക്കുംതോറും ഞാന്‍ പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു.
ഇസ്രായേലിന്റെ ആദ്യത്തെ രാജാവായ സാവൂള്‍, പിതാവിന്റെ കഴുതയെ അന്വേഷിച്ച് ഇറങ്ങിയവന്‍, തിരിച്ചുവരുന്നത് രാജാവായിട്ടാണ്. അവന് യോഗ്യതയായി ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്തൊക്കെയായാലും ദൈവം അവനെ രാജാവാക്കി. എന്നുപറഞ്ഞാല്‍ സ്വര്‍ണമാക്കി മാറ്റി. പുതിയ നിയമത്തില്‍ നാം കാണുന്നു- ദൈവികകല്പനകള്‍ അനുസരിക്കാതെ പാപത്തിന്റെ അടിമകളായി അയോഗ്യരായി കഴിഞ്ഞിരുന്ന മനുഷ്യവംശത്തെ വീണ്ടെടുക്കാന്‍ ദൈവം തന്റെ ഏകപുത്രനെ ഭൂമിയിലേക്ക് അയച്ചു. അവന്‍ മനുഷ്യരുടെ പാപത്തിന്റെ ശിക്ഷ ഏറ്റെടുത്ത് അടിമത്തത്തിന്റെ നുകം തകര്‍ത്ത് അവരെ ദൈവമക്കളാക്കി. യോഗ്യരല്ലാത്തവരെ വിലയുള്ളവരാക്കി മാറ്റുന്ന ദൈവം. സ്വര്‍ണമാക്കി മാറ്റുന്ന ദൈവം. നമ്മുടെ കഴിഞ്ഞ കാല ജീവിതം ഓര്‍ത്താല്‍ നമുക്കത് തിരിച്ചറിയാന്‍ കഴിയും. യോഗ്യതകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും ഞാന്‍ സ്വര്‍ണമാകാന്‍ കാരണം ദൈവത്തിന് എന്നോടുള്ള സ്‌നേഹമാണ്. നൂറ് ആടുകള്‍ ഉണ്ടായിട്ടും ഒന്ന് നഷ്ടപ്പെട്ടപ്പോള്‍ അന്വേഷിച്ചിറങ്ങുന്ന ഈ നല്ല ഇടയന്റെ സ്‌നേഹം. പക്ഷേ പിന്നെ എങ്ങനെ മൂല്യം കുറഞ്ഞുപോയി എന്നറിയാന്‍ സാവൂളിലേക്ക് നോക്കിയാല്‍ മതിയാകും.
1 സാമുവല്‍ 13-ല്‍ സാവൂള്‍ തിരസ്‌കൃതനാകുന്നത് കാണുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്വര്‍ണമായി മാറിയവന്‍ മൂല്യം കുറഞ്ഞ് വെള്ളിയായി മാറുന്നു. ഇതിനു കാരണം ബലിയര്‍പ്പിക്കാന്‍ പുരോഹിതന്‍ എത്താന്‍ നേരം വൈകിയപ്പോള്‍, ജനം തന്നെ വിട്ടുപോകുമെന്ന അവസ്ഥ വന്നപ്പോള്‍, സാവൂള്‍ തന്നെ ബലിയര്‍പ്പിച്ചതാണ്. സാമുവേല്‍ ഇതറിഞ്ഞതിനുശേഷം സാവൂളിനോട് പറയുന്നുണ്ട്, നീ ദൈവകല്പന അനുസരിച്ചില്ല. നിനക്ക് തെറ്റ് പറ്റിപ്പോയെന്ന്. സ്വര്‍ണമാക്കിയവനില്‍നിന്ന് മുന്നില്‍ കാണുന്ന ജനങ്ങളിലേക്കും സ്ഥാനമാനങ്ങളിലേക്കും കണ്ണ് മാറിയാല്‍, ദൈവകല്പനകള്‍ വളച്ചൊടിച്ച് പറയാനും പ്രവര്‍ത്തിക്കാനും തുടങ്ങിയാല്‍, അപ്പോള്‍മുതല്‍ സ്വര്‍ണമല്ല, മൂല്യം കുറഞ്ഞ് വെള്ളിയായി മാറി.
1 സാമുവേല്‍ 15. ഈ വചനഭാഗത്ത് വെള്ളിയില്‍നിന്നും ഓടിലേക്കുള്ള സാവൂളിന്റെ പതനം കാണാം. ശത്രുവിനെ ജയിച്ചാല്‍ ആ രാജ്യത്തെ ഒന്നുംതന്നെ സ്വന്തമാക്കരുത് എന്ന ദൈവത്തിന്റെ കല്പന തെറ്റിച്ച് അവിടെ കണ്ട തടിച്ച ആടുകളെയും ഉത്തമമായവയെയും സ്വന്തമാക്കി സൂക്ഷിച്ചു. കര്‍ത്താവ് പ്രവാചകനായ സാമുവേലിനോട് പറഞ്ഞു. സാവൂളിനെ രാജാവാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു. അവന്‍ എന്നില്‍നിന്ന് അകന്നിരിക്കുന്നു. കല്പന നിറവേറ്റാതിരിക്കുന്നു. ദാനിയേല്‍ പ്രവാചകന്‍ ഓട് എന്ന ലോഹത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. എല്ലാ രാജ്യത്തുമുള്ള ഒരു സാധാരണ ലോഹമാണ് ഓട്.
ദൈവം വിളിച്ച് വേര്‍തിരിച്ച് നിര്‍ത്തിയിരിക്കുന്ന വ്യക്തി സ്വന്തം ജീവിതത്തിലെ കുരിശുകള്‍ എടുത്ത് ക്രിസ്തുവിനെ അനുഗമിക്കേണ്ടവനാണ്. എന്നാല്‍ അത് അനുസരിക്കാതെ ജീവിതത്തില്‍ ദൈവം അനുവദിച്ചിരിക്കുന്ന സഹനങ്ങള്‍ ഏറ്റെടുക്കാതെ ഭൗതിക കാര്യങ്ങളെമാത്രം ആശ്രയിച്ചാല്‍, നല്ലത് മാത്രം ആഗ്രഹിച്ചാല്‍, ഒരു സാധാരണ മനുഷ്യനായി മാറും. ഒരു സാധാരണ വ്യക്തിയായി മാറിയ സാവൂള്‍ ശത്രുവായ ഗോലിയാത്തിനെ ഭയപ്പെട്ട് കൊട്ടാരത്തില്‍ കഴിയുന്നു. സാവൂള്‍ സ്വര്‍ണമായിരുന്ന ആദ്യനാളില്‍ ആത്മാവിനാല്‍ ശക്തനായി യുദ്ധങ്ങള്‍ ജയിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഭീരുവിനെപ്പോലെ ശത്രുവിന്റെ ശക്തിയെ വര്‍ണിക്കുന്നു. ദൈവം തിരഞ്ഞെടുത്ത ഞാനും ഒരു സാധാരണ മനുഷ്യനായാല്‍ ശത്രുവായ സാത്താനെ ഭയപ്പെടാന്‍ തുടങ്ങും. ഈ ഭയം പല ശുശ്രൂഷയില്‍നിന്നും പുറകോട്ട് വലിക്കും.
1 സാമുവല്‍ 18-ല്‍ ഇരുമ്പ് എന്ന തലത്തിലേക്കുള്ള സാവൂളിന്റെ പതനം കാണാം. ശത്രുവിനെ തോല്‍പിച്ച് നില്‍ക്കുന്ന ദാവീദിനോട് സാവൂളിന് അസൂയ തോന്നാന്‍ തുടങ്ങി. അത് അവനെ കൊല്ലാനുള്ള തീരുമാനമായി മാറി. പിന്നീട് അവന്റെ ശ്രമം മുഴുവന്‍ അവനെ കൊല്ലാനായിരുന്നു. ദാനിയേല്‍ പ്രവാചകന്‍ പറഞ്ഞതുപോലെ, എല്ലാം തകര്‍ത്ത് തരിപ്പണമാക്കുന്ന ഇരുമ്പ് എന്ന തലത്തിലേക്ക് സ്വര്‍ണമായിരുന്ന സാവൂള്‍ മാറിയിരുന്നു. ആരോടെങ്കിലും ശത്രുതയും ദേഷ്യവും ഉള്ളിലുണ്ടെങ്കില്‍, മറ്റുള്ളവരോട് ക്ഷമിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസൂയ തോന്നുന്നുണ്ടെങ്കില്‍, ആ വ്യക്തി ഇരുമ്പായി മാറിക്കഴിഞ്ഞു.
അവസാനഭാഗമായ ഇരുമ്പും കളിമണ്ണും ചേര്‍ന്ന മിശ്രിതം 1 സാമുവല്‍ 28-31 ഭാഗങ്ങളില്‍ കാണാം. സാവൂള്‍ ശത്രുവിനെ ഭയപ്പെട്ട് സ്വന്തം നാട്ടില്‍നിന്ന് പുറത്താക്കിയ മന്ത്രവാദിനിയുടെ വീട്ടിലെത്തി അവളില്‍നിന്ന് ഉപദേശം സ്വീകരിക്കുന്നു, അവള്‍ നല്കുന്ന ഭക്ഷണം കഴിക്കുന്നു. അവസാനം രക്ഷപെടാന്‍ ഒരു വഴിയും ഇല്ല എന്നറിഞ്ഞ് സ്വന്തം വാളിന് മുകളിലേക്ക് വീണ് ആത്മഹത്യ ചെയ്യുന്നു. ഈയൊരു അവസ്ഥ ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ ദയനീയമാണ്.
പുറമേനിന്ന് നോക്കിയാല്‍ രാജാവ്! എന്നാല്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്തവിധം അധഃപതിച്ച അവസ്ഥ. പുറമേനിന്ന് നോക്കുന്നവര്‍ക്ക് ചിലപ്പോള്‍ മനസിലായെന്ന് വരില്ല. പ്രാര്‍ത്ഥിക്കുന്ന മനുഷ്യന്‍, എന്നും വിശുദ്ധ കുര്‍ബാനയ്ക്ക് വരുന്നുണ്ട്, കൂട്ടായ്മകളില്‍ സജീവം, എല്ലാ തരത്തിലും നല്ല മനുഷ്യന്‍. എന്നാല്‍, ഉപേക്ഷിച്ച പഴയ പാപങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കില്‍, സാത്താന്റെ പ്രലോഭനങ്ങളില്‍ പെട്ടെന്ന് വീണുപോകുന്നുണ്ടെങ്കില്‍, ദൈവം സ്വര്‍ണമാക്കി മാറ്റിയവന്‍ ഇപ്പോള്‍ ഏറ്റവും മൂല്യം കുറഞ്ഞ, ഒന്നിനും കൊള്ളാത്ത ഒന്നായി മാറിയിരിക്കുന്നു.
ദാനിയേല്‍ 2/44-45ല്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് ഒരു കല്ല് ഉരുണ്ട് വരുന്നുണ്ട്, ഒരു പുതിയ രാജ്യം സ്ഥാപിക്കാന്‍. ഈ കല്ല് ആരാണ്? യോഹന്നാന്‍ 14/3 അതിനുള്ള ഉത്തരം തരും. ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലം ഒരുക്കി കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും എന്ന് അവിടെ ഈശോ പറയുന്നു. പുതിയ രാജ്യം സ്ഥാപിക്കുമെന്നും സ്ഥലമൊരുക്കി തിരിച്ചുവരുമെന്നും വാഗ്ദാനം തന്നവന്‍. സുവിശേഷത്തിലെ പണിക്കാര്‍ ഉപേക്ഷിച്ചവനും എന്നാല്‍ കര്‍ത്താവ് മൂലക്കല്ലായി തിരഞ്ഞെടുത്തവനുമായ യേശുക്രിസ്തുവാണ് അടര്‍ന്നുവരുന്ന ആ കല്ല്. അതിനാല്‍ അവന്റെ രാജ്യത്തില്‍ അവനോടൊപ്പം ഉണ്ടാകേണ്ടതിന് നമുക്കും അനുതപിച്ച് ദൈവമക്കളെന്ന സ്ഥാനം നഷ്ടപ്പെടുത്താതെ ജീവിക്കാം, ആമ്മേന്‍.

സിന്റോ ചൊവ്വല്ലൂര്‍
തൃശൂര്‍ പാവറട്ടി സെയ്ന്റ് ജോസഫ്‌സ് ഇടവകാംഗമാണ് സിന്റോ. മാതാപി താക്കളും ഭാര്യ റിന്‍സിയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.