ദൈവം എന്താണ് എന്റെ പ്രാര്‍ത്ഥന കേള്‍ക്കാത്തത് എന്നത് നമ്മെ വളരെയധികം അലട്ടുന്ന ഒരു ചിന്തയാണ്. ദൈവത്തിന്റെ ചെവി അടഞ്ഞുപോയോ? ഇത് നമ്മെ നിരാശയില്‍പ്പെടുത്തുന്നു. വിശ്വാസത്തില്‍നിന്നകന്ന് ദൈവത്തോട് ദേഷ്യം തോന്നുന്നു. അവിടുത്തോട് മല്ലടിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ ഒന്ന് നില്‍ക്കൂ, ദൈവം എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കൂ…
”ദാനിയേലേ, ഭയപ്പെടേണ്ട, ശരിയായി അറിയുന്നതിന് നീ നിന്റെ ദൈവത്തിന്റെ മുമ്പില്‍ നിന്നെത്തന്നെ എളിമപ്പെടുത്താന്‍ തുടങ്ങിയ ദിവസംമുതല്‍ നിന്റെ പ്രാര്‍ത്ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു” (ദാനിയേല്‍ 10/12).
എളിമപ്പെടുത്തല്‍ എന്നുപറഞ്ഞാല്‍ സ്വയം തിരുത്തല്‍ ആണ്. അതിലൂടെമാത്രമേ ശരിയായ അറിവ് ലഭിക്കുകയുള്ളൂ. അതിനായി വിട്ടുകൊടുക്കുന്ന സമയംമുതല്‍ നിന്റെ മനോഭാവത്തിന് വ്യത്യാസം വരും. അതിനാണ് മാനസാന്തരം എന്ന് പറയുന്നത്. Attitude change എന്നും പറയാം. നല്ലൊരു ജോലി കിട്ടാന്‍, IELTS വിജയിക്കാന്‍, കല്യാണം നടക്കാന്‍, കടബാധ്യത മാറാന്‍, പ്രശ്‌നങ്ങള്‍ തീരാന്‍, സ്‌നേഹം ലഭിക്കാന്‍, സമാധാനം ലഭിക്കാന്‍, വളരാന്‍, വളര്‍ത്താന്‍ attitude change അത്യാവശ്യമാണ്.
ഒരു സംഭവം പറയാം, ബി.ടെക് പഠനം പൂര്‍ത്തിയാക്കിയ ഒരു അക്രൈസ്തവന്‍ നാല് വര്‍ഷത്തോളമായി ബാങ്ക് ടെസ്റ്റ് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. എത്ര പ്രാവശ്യം ശ്രമിച്ചിട്ടും ഇന്റര്‍വ്യൂ വിജയിക്കുന്നില്ല. ഇദ്ദേഹം ക്രൈസ്തവവിശ്വാസത്തില്‍ ജീവിക്കുന്ന ആളായതിനാല്‍ ആ നാളുകളില്‍ മലയാറ്റൂര്‍ മല കയറി തോമാശ്ലീഹായ്ക്ക് തന്നെത്തന്നെ അടിമവച്ചു. ദൈവസന്നിധിയിലിരുന്ന് ഏറെ കാര്യങ്ങള്‍ കര്‍ത്താവിനോട് ചോദിച്ച് മനസിലാക്കി. കുടുംബത്തിന്റെ പ്രശ്‌നം തീരാന്‍ ഞാന്‍ എന്ത് നിലപാട് എടുക്കണം, ജോലി ലഭിക്കാന്‍ എന്നില്‍ എന്ത് മാറ്റം വരുത്തണം, മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ ഞാന്‍ എന്ത് ചെയ്യണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍. ഇതാണ് സ്വയംതിരുത്തല്‍ അഥവാ എളിമപ്പെടല്‍. ഇതിനുശേഷം മലയിറങ്ങി വീട്ടിലേക്ക് തിരിച്ചു.
രാവിലെ വീട്ടിലെത്തിയപ്പോള്‍ അതാ ഒരു കത്ത് വന്നിരിക്കുന്നു. കനറാ ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ പോസ്റ്റിലേക്കുള്ള ഓഫര്‍ ലെറ്റര്‍!
മാനസാന്തരം അഥവാ
attitude change
അനുഗ്രഹങ്ങളുടെ
വാതില്‍ തുറക്കുന്നു.
ജോര്‍ജ് ജോസഫ്