മധുരം നല്കിക്കഴിഞ്ഞാണ് അത് സംഭവിച്ചത് ! – Shalom Times Shalom Times |
Welcome to Shalom Times

മധുരം നല്കിക്കഴിഞ്ഞാണ് അത് സംഭവിച്ചത് !

ഞങ്ങളുടെ സ്ഥലത്ത് കിണര്‍ കുഴിക്കാന്‍ സ്ഥാനം കണ്ടു. ആദ്യം ഒരു കിണര്‍ കുഴിച്ചതില്‍ വെള്ളം ലഭിക്കാതെ മൂടേണ്ടിവന്നിരുന്നു. അതുകൊണ്ട് രണ്ടാം തവണ കുഴല്‍കിണര്‍ കുത്താനാണ് സ്ഥാനം കണ്ടത്. 175 അടി താഴ്ചയില്‍ വെള്ളം കാണും, എങ്കിലും 250 അടിവരെ കുഴിച്ചുകൊള്ളുക എന്നാണ് സ്ഥാനം കണ്ടയാള്‍ പറഞ്ഞത്. അതുപ്രകാരം കിണര്‍ കുഴിക്കാന്‍ ജോലിക്കാര്‍ എത്തി. കുത്താന്‍ തുടങ്ങിയ ദിവസം മുഴുവന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കുരിശിന്റെ വഴി, കരുണക്കൊന്ത, തിരുഹൃദയക്കൊന്ത എല്ലാം ചൊല്ലി. എന്നാല്‍ 250 അടി താഴ്ത്തിയിട്ടും വെള്ളം കിട്ടിയില്ല.
മുകള്‍മുതല്‍ താഴെവരെ ഒരേ പാറ. ”അവിടുന്ന് മരുഭൂമിയില്‍ പാറ പിളര്‍ന്നു, അവര്‍ക്ക് കുടിക്കാന്‍ ആഴത്തില്‍നിന്ന് സമൃദ്ധമായി ജലം നല്കി. പാറയില്‍നിന്ന് അവിടുന്ന് നീര്‍ച്ചാല്‍ ഒഴുക്കി. ജലം നദിപോലെ ഒഴുകി” എന്ന സങ്കീര്‍ത്തനം 78/15-16 വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിച്ചു. 350 അടിവരെ കുഴിക്കാന്‍ തീരുമാനിച്ചു. പക്ഷേ വെള്ളമില്ല. കുഴിക്കാനെത്തിയവര്‍ പറഞ്ഞു, ”ഇനി നോക്കിയിട്ട് കാര്യമില്ല, വെള്ളത്തിന്റെ അംശംപോലുമില്ല.” എന്നാലും വിശ്വാസം കൈവിടാതെ 50 അടികൂടി താഴ്ത്താമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ മൊത്തം 400 അടി ആയി, വെള്ളമൊന്നും കണ്ടില്ല. ഒടുവില്‍ കിണര്‍ കുത്താനെത്തിയ ആള്‍ പറഞ്ഞു, ”ഇനി മൂടി ഇട്ടേക്കാം.” ചെലവ് കണക്കുകൂട്ടി നോക്കി, 68,000 രൂപ. ഇത്രയും പണം ചെലവാക്കിയിട്ടും വെള്ളം കിട്ടാത്തതിന്റെ സങ്കടമായിരുന്നു വീട്ടിലെല്ലാവര്‍ക്കും.
വെള്ളം കണ്ടാല്‍ വിതരണം ചെയ്യാനായി ലഡു വാങ്ങിവച്ചിരുന്നു. ”വെള്ളം കിട്ടിയില്ലെങ്കിലും സാരമില്ല, മധുരം കഴിച്ചിട്ട് പോകാം” എന്ന് ഞാന്‍ പറഞ്ഞതോടെ വന്നവരെല്ലാം ലഡു കഴിച്ച് തിരികെപ്പോയി. ചില സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കിണര്‍ കാണാന്‍ വന്നു. പലര്‍ക്കും പല അഭിപ്രായമായിരുന്നു. ‘സ്ഥാനം കണ്ടയാള്‍ ശരിയായില്ല’, ‘ജിയോളജി വകുപ്പുകാരോട് പറഞ്ഞാല്‍ മതിയായിരുന്നു…’ അങ്ങനെ വിവിധ അഭിപ്രായങ്ങള്‍. എല്ലാം കേട്ടപ്പോള്‍ മനസ് നിറയെ സങ്കടം. വീട്ടില്‍ കയറി ഒരു മൂലയിലിരുന്നു കുറേ കരഞ്ഞു. ‘ഹാഗാറിന്റെ കരച്ചില്‍ കണ്ട് മരുഭൂമിയില്‍ പാറ പിളര്‍ന്ന് വെള്ളം നല്കിയ ദൈവമേ, എന്റെ സങ്കടം കണ്ട് അനുഗ്രഹിക്കണമേ’ എന്ന് പ്രാര്‍ത്ഥിച്ചു.
ഏതാണ്ട് പത്ത് മിനിറ്റ് കഴിഞ്ഞ് എല്ലാവരും പോയി. അപ്പോള്‍ ഞാന്‍ പതുക്കെ വീടിന് പുറത്തിറങ്ങി. വീട്ടിലുള്ളവരോട് പറഞ്ഞു, ”വിശ്വാസം ഉള്ളവരെല്ലാം എന്റെ കൂടെ വാ!” തുടര്‍ന്ന് കൊന്തയും ഹന്നാന്‍വെള്ളവും എടുത്ത് കിണറിനരികിലേക്ക് പോയി. കിണര്‍ മൂടിയിരുന്ന കെട്ട് അഴിച്ച് അവിടെനിന്ന് വിശ്വാസപ്രമാണം ചൊല്ലി. അതിനൊപ്പം ഈ കിണറില്‍ വെള്ളം കിട്ടും എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്ന് ഏറ്റുപറഞ്ഞു. ലൂക്കാ 18/27 ”മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്” എന്ന തിരുവചനം ഏറ്റുപറഞ്ഞു.
‘വെള്ളം കിട്ടുക അസാധ്യമെന്ന് മനുഷ്യര്‍ പറഞ്ഞ ഈ പൊട്ടക്കിണറ്റിലേക്ക് എല്ലാം സാധ്യമാക്കുന്ന ദൈവികശക്തി അയക്കപ്പെടട്ടെ. അനുഗ്രഹത്തിന്റെ നീരുറവ പൊട്ടിപ്പുറപ്പെടട്ടെ, ആമ്മേന്‍.’ ഇങ്ങനെ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ കിണറിലേക്ക് ഹന്നാന്‍വെള്ളം ഒഴിക്കുകയും ചെയ്തു. എന്നിട്ട് വെള്ളം ദൈവം തരും എന്ന വിശ്വാസത്തോടെ തിരികെപ്പോന്നു. പിന്നെ എന്നും കിണറിനരികില്‍ പോയി സാക്ഷ്യം പറയാന്‍ തക്കവിധത്തില്‍ ഈ മേഖലയില്‍ ദൈവം ഇടപെടണം എന്ന് പ്രാര്‍ത്ഥിക്കും.
അങ്ങനെ മൂന്ന് ദിവസം കഴിഞ്ഞു. കല്ല് ഇട്ടുനോക്കിയപ്പോള്‍ വെള്ളം ഉള്ളതുപോലെ! എങ്കിലും പ്രാര്‍ത്ഥന തുടര്‍ന്നു. ആറ് ദിവസമായപ്പോള്‍ നന്നായി വെള്ളം ഉയര്‍ന്നു. ദൈവം അത്ഭുതകരമായി ഇടപെടുകയായിരുന്നു. ദിവസം രണ്ട് നേരം മോട്ടോര്‍ ഉപയോഗിച്ച് അടിക്കാന്‍ പാകത്തിന് സമൃദ്ധമായ വെള്ളം കിണറില്‍ നിറഞ്ഞു! അതെ, അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത അപ്പനിലാണ് നമ്മുടെ ആശ്രയം.

ദിപു ജോസഫ്