നിങ്ങളെ സ്നേഹിക്കാന്‍ ഈ ഭൂമിയില്‍ ആരുമില്ലെന്നു കണ്ടാല്‍ നിങ്ങളെന്തു ചെയ്യും? നിങ്ങള്‍ക്കായി കരുതാന്‍ ഒരാളുമില്ലെന്നു തോന്നിയാല്‍, നിങ്ങള്‍ എങ്ങനെ ഈ ജീവിതം ജീവിച്ചുതീര്‍ക്കും? സ്നേഹിക്കാനും കാത്തിരിക്കാനുമൊക്കെ ആരെങ്കിലുമുണ്ടെന്ന ധാരണയിലല്ലേ വര്‍ത്തമാനകാലത്തെ ഏതൊരു ക്ഷോഭത്തെയും മറികടന്ന് മുന്നോട്ടുപോകാന്‍ കഴിയുന്നത്. സ്നേഹം തണുത്തുറഞ്ഞുപോയാല് സ്വയം നശിക്കാനും മറ്റുള്ളവരെ നശിപ്പിക്കാനും ഒരുമ്പെടുക സ്വാഭാവികമല്ലേ. ഇത്തരമൊരു അനുഭവമാണ് ന്യൂയോര്‍ക്കില്‍ ജീവിച്ചിരുന്ന കുപ്രസിദ്ധ മാഫിയാ തലവന്‍ നിക്കി ക്രൂസിന്റേത്.
പോര്‍ട്ടൊ റിക്കോ എന്ന കരീബിയന്‍ ദ്വീപിലാണ് നിക്കിയുടെ ജനനം. പതിനെട്ട് മക്കളില്‍ ഏറ്റം ഇളയവന്. മാതാപിതാക്കള്‍ തികഞ്ഞ സാത്താന് സേവകര്‍. ഭയത്തിന്റെയും വെറുപ്പിന്റെയും നിഴലിലായിരുന്നു നിക്കി ഉണരുന്നതും ഉറങ്ങുന്നതും. മിക്കവാറും എല്ലാ ദിവസവും സന്ധ്യയാകുമ്പോള്‍ ഗ്രാമവാസികളില്‍ ചിലര്‍ വീട്ടിലെത്തും, സാത്താന്‍സേവ നടത്താന്‍. അവര്‍ കാണിക്കുന്ന ചേഷ്ടകള്‍ ഈ കുരുന്നു മനസിന്റെ സമനില തെറ്റിക്കും. ‘നീ പിശാചിന്റെ സന്തതിയാണ്. ലൂസിഫറിന്റെ പുത്രന്!’ ഇതാണ് അമ്മ മൂന്നുവയസുള്ള നിക്കിയോട് പറയാറുള്ളത്. പിശാചിനെ പ്രീതിപ്പെടുത്താന്‍ ഇവനെ അവര്‍ ഉപദ്രവിക്കും.
കുത്തിമുറിവേല്‍പിക്കും. ഭയന്ന് ഓടിയൊളിക്കുമ്പോള്‍, നിക്കിയെ പിടിച്ച് പക്ഷിക്കൂട്ടിലടയ്ക്കും. ശരീരത്തിലും അതിലേറെ മനസിലും ഏറെ മുറിവുകളേറ്റ ഈ ബാലന്, ശരിക്കും കൂട്ടിലടയ്ക്കപ്പെട്ട പക്ഷിതന്നെയായിരുന്നു. തന്നോടും മറ്റുള്ളവരോടും ഒരുപോലെ വെറുപ്പു തോന്നിയ നാളുകള്‍. സ്കൂളില്‍ ഒരു റിബല്‍ ആയി, നിക്കി. നാട്ടില്‍ ശല്യവും. പലവട്ടം വീട്ടില്‍നിന്നും ഇറങ്ങിപ്പോയിട്ടുണ്ട്. പോലീസ് അവനെ തിരിച്ച് വീട്ടിലെത്തിക്കും. സ്കൂളില്‍നിന്നും പുറത്താക്കി. കൊച്ചുതോക്ക് ഉപയോഗിച്ച് പക്ഷികളെ വേട്ടയാടുന്നതിലായി പിന്നെ അവന്റെ വിനോദം. ഒടുക്കം പതിനാറു വയസുള്ള നിക്കിയെ ന്യൂയോര്‍ക്കിലേക്ക് അയച്ചു, അവന്റെ അപ്പന്.
അങ്ങനെ നന്നേ ചെറുപ്പത്തിലേ ന്യൂയോര്‍ക്കു സിറ്റിയിലെ ഒരു മയക്കുമരുന്നുമാഫിയായുടെ ഭാഗമായി നിക്കി. ‘ന്യൂയോര്‍ക്ക് ഒരു കാടാണ്. കാട്ടുനീതിയാണ് ഇവിടുത്തെ നീതി. അതുകൊണ്ട് ആരെയും ഉപദ്രവിക്കാന്‍ നീ മടിക്കരുത്’ ഇതായിരുന്നു ഇവര്‍ക്ക് കൊടുത്ത ഉപദേശം. ക്രൂരത വിനോദമാക്കിയ നിക്കി രാത്രിയുടെ മറവില്‍ എല്ലാ വഴികളിലൂടെയും നടന്നു. ജയിലും പോലീസുമൊന്നും ഒരു വിഷയമേ അല്ലാതായി. നിരന്തരം മുറിവേറ്റ് വളര്‍ന്ന നിക്കിയെന്ന പക്ഷി, ചീറ്റുന്ന ചോരയ്ക്കുമുമ്പില് ഊറ്റം കൊള്ളാനും എല്ലാ നരകവഴികളും പിന്തുടരാനും തുടങ്ങി.
സ്നേഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍
നിക്കിയെ തേടി ഒരു ദൈവദൂതനെത്തി, അന്ന്. ഇവര്‍ താമസിക്കുന്ന കോളനിയില്‍ ഒരു സായാഹ്ന ബൈബിള്‍ പ്രഭാഷണം. ദൈവസ്നേഹമായിരുന്നു വിഷയം. യോഹന്നാന്റെ സുവിശേഷത്തിലെ വചനം അയാള്‍ വ്യാഖ്യാനിച്ചു: ”അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹന്നാന് 3/16). ക്രിസ്തുവിന്റെ സ്നേഹത്തിന് സകലരെയും മാറ്റാന്‍ കഴിയും. വീട്ടിലിരുന്ന് നിക്കി ഇതു കേള്‍ക്കുന്നുണ്ട്, തികഞ്ഞ അവജ്ഞയോടെ. കൈയില്‍ വലിയ സിഗരറ്റുമുണ്ട്.
പ്രഭാഷണത്തിനുശേഷം സുവിശേഷകന് നിക്കിയുടെ താമസസ്ഥലത്ത് എത്തി. ‘നിക്കി, ഈശോ നിന്നെ സ്നേഹിക്കുന്നു.’ ഇത് കേട്ടയുടനെ അയാളുടെ മുഖത്തു കാര്‍ക്കിച്ചു തുപ്പി, കരണത്ത് അടിച്ചു. ‘സ്നേഹമെന്ന ആ വാക്ക് ഇനിയും ഒരാവര്‍ത്തികൂടി പറഞ്ഞാല്‍ നിന്നെ ഞാന്‍ തുണ്ടം തുണ്ടമാക്കി നുറുക്കും.’ താഴെ വീണ ആ വചനപ്രഘോഷകന് വിളിച്ചു പറഞ്ഞു: ‘നിനക്ക് എന്നെ കൊല്ലാം, വെട്ടിനുറുക്കാം. പക്ഷേ ഓരോ തുണ്ടവും വിളിച്ചുപറയും ഈശോ നിന്നെ സ്നേഹിക്കുന്നുവെന്ന്. ഞാനും നിന്നെ സ്നേഹിക്കുന്നു.’ സംഘത്തിലെ മറ്റാളുകള്‍ ചേര്‍ന്ന് ഈ വചനപ്രഘോഷകനെ അവിടെനിന്നും പറഞ്ഞയച്ചു.
ആ രാത്രികളില്‍ നിക്കിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. ‘ഈശോ, നിന്നെ സ്നേഹിക്കുന്നു’ എന്ന വാക്കുകള്‍ ഒരു ഇരമ്പല്‍പോലെ കാതുകളില്‍ നിരന്തരം മുഴങ്ങുന്നു. സ്നേഹം നിങ്ങളെ ഭ്രാന്തു പിടിപ്പിക്കും. ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഇതേ വചനപ്രഘോഷകന് അവരുടെ ദേശത്ത് എത്തിയതായി നിക്കി അറിഞ്ഞു. അയാളെ കൊല്ലാനുള്ള റിവോള്‍വറുമായാണ് നിക്കി അന്ന് പോയത്. ‘നിങ്ങളെന്റെ സമാധാനം തല്ലിക്കെടുത്തി. എന്റെ അമ്മയ്ക്കുപോലും എന്നെ വേണ്ടായിരുന്നു. എന്നിട്ട് ഈശോ എന്നൊരാളുടെ കാര്യം പറഞ്ഞ് എന്റെ സമനില തെറ്റിച്ച നിങ്ങളെ ഞാന്‍ കൊല്ലും,’ ആക്രോശത്തോടെ നിക്കി അയാളെ സമീപിച്ചു.
പൊട്ടിക്കരയുന്ന കുഞ്ഞ്
കാഞ്ചി വലിക്കാന്‍ ഒരുമ്പെടുമ്പോഴും തികഞ്ഞ ആത്മധൈര്യത്തോടെ സുവിശേഷകന് പറഞ്ഞു, ‘നിക്കി, ഈശോ നിന്നെ സ്നേഹിക്കുന്നു. നിന്നെ നിനക്ക് ഇഷ്ടമില്ലെങ്കിലും മറ്റാര്‍ക്കും നിന്നെ ഇഷ്ടമില്ലെങ്കിലും ഈശോയ്ക്ക് നിന്നെ ഇഷ്ടമാണ്.’ പെട്ടെന്ന് നിക്കിയുടെ കൈയിലെ തോക്ക് താഴെ വീണു. അയാള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. ഇപ്പോള്‍ നിക്കി മാഫിയാത്തലവനല്ല, ഒരു കുഞ്ഞാണ്! അപ്പായുടെ സ്നേഹത്തിനുമുമ്പില്‍ വാവിട്ടു കരയുന്ന ഒരു കുഞ്ഞ്.
അതെ, സ്നേഹം ഒരിക്കലും പരാജയപ്പെടില്ല (1 കോറിന്തോസ് 13/8). ഇരുട്ടിനെക്കാള്‍ വെളിച്ചത്തിന് തേജസുണ്ട്.
വെറുപ്പിനെക്കാള്‍ സ്നേഹത്തിന് ശക്തിയുണ്ട്. മരണത്തെക്കാള്‍ ജീവന് ശോഭയുണ്ട്. എല്ലാക്കാലത്തും ഇതാണ് സത്യം. നിത്യവെളിച്ചമായ ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ വഴിമാറാത്ത ഒരു അന്ധകാരവും ഈ ഭൂമിയിലില്ല. ആ പരമസാന്നിധ്യത്തിന്റെ സ്നേഹത്തില്‍ വെറുപ്പിന് നിലനില്പില്ല. ആ നിത്യജീവന് മരണത്തെ കീഴടക്കും. കുപ്രസിദ്ധ മാഫിയാതലവന് പ്രസിദ്ധ വചനപ്രഘോഷകനായി മാറിയ ചരിത്രം ‘റണ്‍ ബേബി റണ്‍’ എന്ന തന്റെ ആത്മകഥയില്‍ നിക്കി ക്രൂസ് വിശദീകരിക്കുന്നുണ്ട്. നിങ്ങളുടെ സ്നേഹത്തിന്റെ നീരുറവ കണ്ടെത്തുക. പിന്നെയത്, നിരന്തരം സ്നേഹം ചുരത്തിക്കൊണ്ടിരിക്കും.
പോര്‍ട്ടൊ റിക്കോയിലെ പക്ഷി
എട്ടുവയസ് പ്രായമുള്ളപ്പോള്‍ നിക്കിയോട് അവന്റെ അപ്പന് ഒരു കഥ പറഞ്ഞുകൊടുത്തു. പോര്‍ട്ടൊ റിക്കോയില്‍ പറയപ്പെടുന്ന ഐതിഹാസികമായ ഒരു കഥ. ഇരുകാലുകളുമില്ലാത്ത ഒരു പക്ഷി. ചിറകിലാണ് അതിന്റെ ജീവിതം. ഭൂമിയെ സ്പര്‍ശിക്കാന്‍ അതിന് അവസരമില്ല. ഭൂമിയെ തൊടുന്നത് അതിന്റെ മരണദിനമായിരിക്കും. നിരന്തരം അസ്വസ്ഥമായി ഈ പക്ഷി പറക്കും. ദിശ അറിയാതെയും ലക്ഷ്യങ്ങള്‍ ഇല്ലാതെയും. നിക്കി ചോദിച്ചു: ‘അപ്പോള്‍ പക്ഷി എങ്ങനെ ഭക്ഷിക്കും?’ പറന്നു നടക്കുമ്പോള്‍ കിട്ടുന്ന കീടങ്ങളെ ഭക്ഷിക്കും. ചിറകില്‍ വന്നിരിക്കുന്നവയെ തിന്നും. ഒന്നും വന്നിരിക്കാത്ത ദിവസം തീറ്റയില്ല. അതാണ് അതിന്റെ വിധി. ‘നിക്കി നീയാണ് ആ പക്ഷി,’ അവന്റെ അപ്പന് പറഞ്ഞു. നിരന്തരം പറന്നു നടക്കുന്ന, അലക്ഷ്യമായി ചലിക്കുന്ന പക്ഷി.
വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ നിക്കിക്ക് തോന്നി ശരിയാണ്, ഞാനാണ് ആ പക്ഷി. പക്ഷേ, ഇന്ന് അലക്ഷ്യമായോ അസ്വസ്ഥമായോ അല്ല ഞാന്‍ പറക്കുന്നത്. ചിറകുകളില്‍ അഭയം നല്കുന്ന ദൈവത്തിന്റെ സംരക്ഷണത്തിലാണ്. നിക്കി ഇന്നു പറക്കുന്നത് ഏറെ ചെറുപ്പക്കാരെ നേര്‍വഴിയിലേക്ക് തിരിക്കാനാണ്. നിക്കിയുടെ ചിറകിന് വലിയ ശക്തിയുണ്ട്. ഏറെ മനുഷ്യരെ സ്നേഹദൂത് അറിയിക്കുന്ന ദൈവദൂതരുടെ ചിറകിന്റെ ശക്തി.
ഒരിക്കലും പരാജയപ്പെടാത്ത സ്നേഹമേ, ഞാന്‍ നിന്നിലും നീ എന്നിലുമാണെന്ന് എന്നെ ഓര്‍മപ്പെടുത്തണമേ. ഭ്രാന്തമായ ഈ ലോകത്ത് സ്നേഹത്തിന്റെ ഭ്രാന്ത് എനിക്ക് തരണമേ. സ്നേഹത്തിന്റെ ജ്വാലയില്‍ എന്നിലെ സ്നേഹനിഷേധത്തിന്റെ ചാപല്യങ്ങള്‍ കീഴടങ്ങട്ടെ. ഓ സ്നേഹമേ, സ്നേഹമേ….!
റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ
സ്പിരിച്വല്‍ ഡയറക്ടര്‍, ശാലോം വേള്‍ഡ്