ദൈവം നമ്മോട് സംസാരിക്കുന്നത് തിരിച്ചറിയുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് ചിലപ്പോള്‍ വചനം വായിക്കുമ്പോഴാകാം. അല്ലെങ്കില്‍ വചനം ശ്രവിക്കുമ്പോഴാകാം. അതുമല്ലെങ്കില്‍ ഒരു സദ്ഗ്രന്ഥത്തിലൂടെയാകാം. ചിലപ്പോള്‍ മറ്റുള്ളവരുടെ പരിഹാസങ്ങളിലൂടെപ്പോലും ആകാം. ”ദൈവം ഒരിക്കല്‍ ഒരു രീതിയില്‍ പറയുന്നു. പിന്നെ വേറൊരു രീതിയില്‍. എന്നാല്‍, മനുഷ്യന്‍ ഗ്രഹിക്കുന്നില്ല” (ജോബ് 33/14). പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു (ഹെബ്രായര്‍ 1/1-2). ഇവ തിരിച്ചറിഞ്ഞാല്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നമുക്ക് കൂടുതല്‍ വളരാനും മറ്റുള്ളവരെ വളര്‍ത്താനുമാകും.
ആദ്യകാലങ്ങളില്‍ ഞാന്‍ ശാലോം പ്രസിദ്ധീകരണങ്ങളുടെ ഏജന്‍സിയെടുത്ത് പ്രവര്‍ത്തിക്കുന്ന സമയം. ഏജന്‍സി കൂട്ടായ്മയില്‍ ക്ലാസെടുക്കാന്‍ വന്ന ബ്രദര്‍ ഇപ്രകാരം പറഞ്ഞു: ”ഈ കൂട്ടായ്മയില്‍നിന്ന് ഒരു എഴുത്തുകാരനെ കര്‍ത്താവ് ഉയര്‍ത്തുന്നു. എഴുത്തിന്റെ ആദ്യാക്ഷരങ്ങള്‍ പോലും അറിയില്ലെങ്കിലും ഞാന്‍ പൂര്‍ണമായും വിശ്വസിച്ചു അത് ഞാന്‍തന്നെയാണെന്ന്. അക്കാലഘട്ടങ്ങളില്‍ എനിക്ക് സദ്ഗ്രന്ഥങ്ങളുടെ വലിയൊരു ശേഖരമുണ്ടായിരുന്നു. ഒരിക്കല്‍ പുതുതായി മാറിവന്ന ഇടവക വികാരിയച്ചനെയുംകൊണ്ട് ഭവനസന്ദര്‍ശനത്തിന് വന്നപ്പോള്‍ അന്നത്തെ കമ്മറ്റിക്കാരന്‍ എന്റെ പുസ്തകശേഖരം അച്ചന് കാണിച്ചുകൊടുത്തുകൊണ്ട് ഇപ്രകാരം പറഞ്ഞു. ”അച്ചന്‍ വായിക്കുന്നതിലും കൂടുതല്‍ വായിക്കുന്ന ആളാ. എഴുതാനുള്ള കഴിവുണ്ട്. പക്ഷേ എഴുതാത്തത് തൂലികാനാമം കിട്ടാത്തതുകൊണ്ടാണ്.” ഇതൊരു പരിഹാസമായിട്ടാണ് എനിക്ക് തോന്നിയത്.
എന്നാല്‍ പിന്നീടൊരിക്കല്‍ ഒരാള്‍ വീട്ടില്‍ വന്നപ്പോള്‍ ഇപ്രകാരം പറഞ്ഞു. ഇത്രയുമൊക്കെ വായിക്കുന്ന ആളല്ലേ, എഴുതാന്‍ ശ്രമിച്ചുകൂടേ. ഞാനിപ്രകാരം പറഞ്ഞു ”എന്റെ കയ്യക്ഷരം മോശമാ.” അദ്ദേഹം പറഞ്ഞു, ”നാം എഴുതുന്ന കയ്യക്ഷരത്തിലല്ല പ്രസിദ്ധീകരിക്കുന്നത്.”
ശാലോം കൂട്ടായ്മയില്‍നിന്ന് പറഞ്ഞതും ഇടവക കമ്മറ്റിക്കാരന്‍ പറഞ്ഞതും ഇദ്ദേഹം പറഞ്ഞതും കൂട്ടിവായിച്ചപ്പോള്‍ എനിക്ക് തോന്നി ഇതൊരു ദൈവസ്വരമാണ്. തന്നെയുമല്ല ഒരു തൂലികാനാമം കിട്ടുന്നെങ്കില്‍ കിട്ടട്ടെ. അങ്ങനെ ഞാനൊരു ലേഖനമെഴുതി, അതിന്റെ അടിയില്‍ എന്റെ വിലാസവുംകൂടി വച്ചു. ആ ലേഖനം തങ്കച്ചന്‍ തുണ്ടിയില്‍ എന്ന തൂലികാനാമത്തില്‍ പുറത്തുവന്നു. അങ്ങനെ എനിക്കൊരു തൂലികാനാമം കിട്ടി. എനിക്ക് സന്തോഷമായി. ഞാനിപ്രകാരം ചിന്തിച്ചു. തൂലികാനാമം കിട്ടി, ഇനി എഴുത്ത് തുടരാം. അങ്ങനെ ഏതാണ്ട് 35-ഓളം മാധ്യമങ്ങളില്‍ എഴുതാനും 35-ഓളം പുസ്തകങ്ങളെഴുതാനും ദൈവം കൃപ നല്‍കി.
നല്ല പുസ്തകങ്ങള്‍ വാങ്ങി പ്രചരിപ്പിച്ചു നടന്ന കാലം. ഞാനൊരു എഴുത്തുകാരനോട് ഇപ്രകാരം പറഞ്ഞു, ”എനിക്കും ഇതുപോലെ പുസ്തകങ്ങളെഴുതണമെന്നാഗ്രഹമുണ്ട്.” അന്നദ്ദേഹം ഇപ്രകാരം പറഞ്ഞു, ”എന്നെക്കാള്‍ പുസ്തകങ്ങള്‍ താങ്കളെഴുതും.” അതും ഒരു പ്രവചനമായിരുന്നു.വചനം കേള്‍ക്കാന്‍ ആ കാലഘട്ടങ്ങളില്‍ ഓടി നടക്കുമായിരുന്നു, വചനത്തോടുള്ള ദാഹത്താല്‍. ഒരിക്കല്‍ ഒരു ബ്രദറിന്റെ വചനപ്രഘോഷണം എനിക്കിഷ്ടപ്പെട്ടു. അദ്ദേഹം തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ എന്നോട് സ്വകാര്യമായി ചോദിച്ചു. ”എന്താണ് ആഗ്രഹം?” ഞാനിപ്രകാരം പറഞ്ഞു, ”എനിക്കൊരു വിശുദ്ധനാകണം. പിന്നെ ബ്രദറിനെപ്പോലെ ഒരു വചനപ്രഘോഷകന്‍ കൂടിയാകണം.” അദ്ദേഹം ഇപ്രകാരം പറഞ്ഞു, ”രണ്ടാഗ്രഹങ്ങളും സാധിക്കും. പിന്നെ താങ്കള്‍ എന്നെക്കാള്‍ വലിയ വചനപ്രഘോഷകനുമായി മാറും.” എനിക്കേറെ പ്രത്യാശ നല്‍കിയ വാക്കുകള്‍.
ഇപ്രകാരമൊക്കെ സംഭവിക്കണമെങ്കില്‍ നമ്മില്‍ മാറ്റം വരുത്തണം. ഒരുദാഹരണം മാത്രം കുറിക്കാം. ആദ്യകാലങ്ങളില്‍ വചനം കേള്‍ക്കുമ്പോള്‍ ഇപ്രകാരം മനസില്‍ പറയും, ‘ഇതൊക്കെ അവനും അവളുമൊക്കെയായിരുന്നു കേള്‍ക്കേണ്ടത്.’ കൂട്ടുകാരോടും ഇപ്രകാരം പറയുമായിരുന്നു. പിന്നീട് ഞാന്‍ ആ സത്യം മനസിലാക്കി. ഇതൊക്കെ ‘അവനും’ ‘അവളു’മല്ല ഞാന്‍തന്നെയാണ് കേള്‍ക്കേണ്ടത്, എന്നോടാണ് ഈശോ സംസാരിക്കുന്നത്. ഇപ്രകാരം എന്റെ ചിന്താരീതി മാറിയതുമുതല്‍ എന്നില്‍ ദൈവാത്മാവിന്റെ പ്രവര്‍ത്തനം ശക്തമായി. ദൈവം നമ്മോട് സംസാരിക്കുന്നത് തിരിച്ചറിയാനും അത് അനുസരിക്കാനും ആഗ്രഹിക്കാം, പരിശ്രമിക്കാം.
പ്രാര്‍ത്ഥിക്കാം, പരിശുദ്ധാത്മാവേ, ദൈവസ്വരം തിരിച്ചറിയാനും അതനുസരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ സഹായിക്കണമേ.
തങ്കച്ചന്‍ തുണ്ടിയില്‍