ആ പൂക്കള്‍ വെറുതെയായില്ല… – Shalom Times Shalom Times |
Welcome to Shalom Times

ആ പൂക്കള്‍ വെറുതെയായില്ല…

വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ആ ദിവസം ഇന്നും ഞാനോര്‍ക്കുന്നുണ്ട്. എന്റെ മൂത്ത മകള്‍ അഞ്ജന അന്ന് മൂന്നാം ക്ലാസിലാണ്. പക്ഷേ അവള്‍ക്ക് പഠനവൈകല്യമുള്ളതിനാല്‍ മലയാളമോ ഇംഗ്ലീഷോ അക്ഷരങ്ങള്‍പോലും ശരിയായി അറിയില്ല. ഒരു ദിവസം ടീച്ചര്‍ നിവൃത്തിയില്ലാതെ, വളരെ ദേഷ്യത്തോടെ അവളെ ഒന്നാം ക്ലാസില്‍ അവളുടെ അനിയത്തിക്കൊപ്പം കൊണ്ടുപോയി ഇരുത്തി. ഇത് അവള്‍ക്ക് വലിയ വിഷമമുണ്ടാക്കി.

അന്ന് വീട്ടില്‍വന്ന് ഇക്കാര്യമെല്ലാം മക്കള്‍ സങ്കടത്തോടെ പങ്കുവച്ചു. പക്ഷേ ഞാന്‍ ഒന്നും പ്രതികരിച്ചില്ല. പകരം അപ്പോള്‍ മനസില്‍ തോന്നിയത് ഒരു പുതിയ ചിന്തയായിരുന്നു. അതിനാല്‍ ഞാന്‍ മൂത്ത മകളെ അരികിലേക്ക് വിളിച്ചിട്ട് പറഞ്ഞു, ”മോളേ, നാളെമുതല്‍ നീ സ്‌കൂളിലേക്ക് പോകുമ്പോള്‍ എല്ലാ ദിവസവും പള്ളിയുടെ ഗ്രോട്ടോയിലെ മാതാവിന് ഒരു പൂവ് വച്ചിട്ട് പോകണം.” ഇത്രയേ ഞാന്‍ പറഞ്ഞുള്ളൂ. കാരണം പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞാല്‍ അവള്‍ക്കത്രയൊന്നും അറിയില്ലായിരുന്നു.

അവള്‍ സ്‌കൂളിലേക്ക് പോകുന്നത് ദൈവാലയത്തിന്റെ മുറ്റത്തുകൂടിയാണ്. അതിനാല്‍ത്തന്നെ പിറ്റേന്നുമുതല്‍ അവള്‍ ഗ്രോട്ടോയിലെ മാതാവിന് പൂവ് വയ്ക്കാന്‍ തുടങ്ങി. പിന്നീട് ആ ഗ്രോട്ടോയുടെ മുന്നിലൂടെ പോകുന്ന കാലമത്രയും അവള്‍ അപ്രകാരം ചെയ്തുകൊണ്ടിരുന്നു.
നാളുകള്‍ കഴിഞ്ഞിട്ടും വലിയൊരു മാറ്റമൊന്നും കണ്ടില്ല. എങ്കിലും പഠനത്തില്‍ ഒരല്പം മെച്ചപ്പെട്ടു. പിന്നീട് ഒരു ക്ലാസിലും പരാജയപ്പെട്ടില്ല. എങ്കിലും പി.ടി.എ മീറ്റിംഗിനൊക്കെ പോകുമ്പോള്‍ ‘ഇവള്‍ ശരിക്ക് പഠിക്കുന്നില്ല, എഴുതുന്നില്ല’ എന്നെല്ലാമുള്ള പരാതികള്‍ എപ്പോഴും കേള്‍ക്കുമായിരുന്നു. അതിനാല്‍ തലതാഴ്ത്തി ഏറ്റവും പിറകിലാണ് ഞാന്‍ ഇരിക്കാറുള്ളത്. ഒടുവില്‍, ആകെ ഒരു എ പ്ലസ്മാത്രമാണ് ലഭിച്ചതെങ്കിലും, പത്താം ക്ലാസില്‍ അവള്‍ ജയിച്ചു.

അതുകഴിഞ്ഞ് പ്ലസ് ടു പഠനം ആരംഭിച്ചപ്പോള്‍ കാര്യമായ പുരോഗതി കണ്ടു. അവിടെ പി.ടി.എ മീറ്റിംഗിന് ചെല്ലുമ്പോള്‍ അധ്യാപകര്‍ എന്നോട് വലിയ പരിഗണന കാണിച്ചിരുന്നു. അവര്‍ പറഞ്ഞത് മകള്‍ പഠനത്തിലും പാഠ്യേതര കാര്യങ്ങളിലും നല്ല മികവുപുലര്‍ത്തുന്നുണ്ടെന്നാണ്. മാത്രവുമല്ല എന്നെ അത്ഭുതപ്പെടുത്തിയ അവരുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ”ആദ്യത്തെ ഒരു പ്രാവശ്യം പറയുമ്പോള്‍ത്തന്നെ ഈ കുട്ടിക്ക് കാര്യങ്ങള്‍ മനസിലാവുന്നുണ്ട്! പക്ഷേ മറ്റെല്ലാ കുട്ടികള്‍ക്കും ഇത്രയും ഗ്രഹണശേഷി ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ ഒരേ കാര്യം കൂടുതല്‍ തവണ പഠിപ്പിക്കും. അപ്പോള്‍ ഇവള്‍ക്ക് അതൊരു ബുദ്ധിമുട്ടാണ് എന്ന് മാത്രം!”

ഇംഗ്ലീഷില്‍ ക്ലാസെടുക്കുമ്പോഴും ഇത്രയും പെട്ടെന്ന് മനസിലാക്കാന്‍ തക്കവിധം അവളുടെ പഠനശേഷി വര്‍ധിച്ചു എന്നെനിക്ക് നല്ലവണ്ണം മനസിലായി. തിരിഞ്ഞുനോക്കുമ്പോള്‍ ഞങ്ങള്‍ പ്രത്യേകിച്ച് വലിയ കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. പക്ഷേ മകള്‍ മാതാവിന് പൂവ് വയ്ക്കുമ്പോള്‍ ഞാനിങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു, ”അമ്മേ, അമ്മ ഈ പൂവ് സ്വീകരിച്ച് അവള്‍ക്ക് ജ്ഞാനം നല്കണമേ…”
നാളുകളേറെ കഴിഞ്ഞിരിക്കുന്നു.

ഇന്ന് അവള്‍ നല്ല മാര്‍ക്കോടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി ഐ.ഇ.എല്‍.ടി.എസ് ട്രെയിനറായി ജോലി ചെയ്യുകയാണ്. ഇംഗ്ലീഷ് അക്ഷരങ്ങള്‍പോലും നന്നായി പഠിക്കാന്‍ കഴിയാതിരുന്ന അവളെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്ന ആളായി ഉയര്‍ത്തിയത് ദൈവാനുഗ്രഹം ഒന്നുമാത്രമാണ്. അതിന് കാരണമായത് അവളുടെ പ്രാര്‍ത്ഥനാപൂക്കള്‍ സ്വീകരിച്ച പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യവും. ആവേ മരിയ! ”നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടണ്ടാകട്ടെ, ആമ്മേന്‍! ” എഫേസോസ് 3 /20-21

സോജന്‍ മാത്യു