ഞാനിന്ന് ജീവിച്ചിരിക്കുന്നതിന്റെ കാരണം – Shalom Times Shalom Times |
Welcome to Shalom Times

ഞാനിന്ന് ജീവിച്ചിരിക്കുന്നതിന്റെ കാരണം

കോവിഡ് -19 പകര്‍ച്ചവ്യാധി കേരളത്തില്‍ രൂക്ഷമായ കാലം. ഞാന്‍ ഒരു കോളേജിലാണ് താമസം. കോവിഡ് മൂലം കോളജ് പൂര്‍ണമായി അടഞ്ഞു കിടക്കുന്നു. ഞാനും സഹായിയായ ചേട്ടനും മാത്രം കോളജ് കെട്ടിടത്തിന്റെ രണ്ട് അറ്റത്തായി താമസിക്കുന്നു. കോവിഡ് പിടിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചാണ് ജീവിതം. എങ്കിലും ഒരു ദിവസം കേടായ ഫോണ്‍ നന്നാക്കുവാന്‍ രണ്ട് കടകളില്‍ പോകേണ്ടി വന്നു. കൂടാതെ ചുരുക്കം ചില വ്യക്തികളുമായും സമ്പര്‍ക്കമുണ്ടായി. ഫലമോ, ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് കോവിഡ് പോസിറ്റീവ് ആയി. വിവരം അധികാരികളെ അറിയിച്ചു. ഒന്നുകില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാം; അല്ലെങ്കില്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വന്ന് താമസിക്കാം എന്ന് അധികാരികള്‍ പറഞ്ഞു.

ഒറ്റയ്ക്ക് ആകുമ്പോള്‍ മറ്റാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഇറങ്ങി നടക്കാനും മറ്റും സൗകര്യമുണ്ടല്ലോ എന്ന ചിന്തയില്‍ കോളജില്‍ത്തന്നെ താമസിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇതെല്ലാം സംഭവിച്ചത് കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞ അതേ ദിവസം ഉച്ചകഴിഞ്ഞപ്പോഴാണ്.അന്ന് സന്ധ്യ കഴിഞ്ഞപ്പോള്‍ എന്റെ സഹോദരിയുടെ മകന്റെ ഭാര്യ ഫോണ്‍ ചെയ്ത് ചോദിച്ചു: ”കോവിഡ് ആണെന്ന് കേട്ടല്ലോ?” അവര്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ നഴ്‌സിങ്ങ് സൂപ്പര്‍വൈസര്‍ ആയി സേവനം ചെയ്യുകയാണ്. പക്ഷേ ഞാന്‍ ബന്ധുക്കളെ ആരെയും അറിയിക്കാത്ത കാര്യം എങ്ങനെ അവര്‍ അറിഞ്ഞുവെന്ന് ഞാന്‍ അത്ഭുതപ്പെട്ടു.

അവര്‍ തുടര്‍ന്നു: ”വേഗം ഇങ്ങോട്ട് പോരേ? ഇവിടെ അഡ്മിറ്റ് ആകാം. വേറെയും അസുഖങ്ങള്‍ ഉള്ള ആള്‍ അല്ലേ?” ഞാന്‍ ഒഴിഞ്ഞുമാറി. കൂടുതല്‍ ആവുകയാണെങ്കില്‍ വരാമെന്നും തനിയെ വാഹനം ഓടിക്കാന്‍ കഴിയില്ലെന്നുമൊക്കെ പറഞ്ഞുനോക്കി. ആ സാഹചര്യത്തില്‍ വേറൊരാളെ ഡ്രൈവിംഗിനായി വിളിക്കാന്‍ കഴിയുകയുമില്ലല്ലോ. ഉടനെ അവര്‍ പറഞ്ഞു: ”ഞാന്‍ ആശുപത്രിയുടെ ആംബുലന്‍സ് ഇപ്പോള്‍ അങ്ങോട്ട് അയക്കും. അതില്‍ കയറി ഇങ്ങ് പോന്നേക്കണം.” അവര്‍ ഫോണ്‍ കട്ട് ചെയ്തു.

ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുറ്റത്ത് ഐസിയു ആംബുലന്‍സ് എത്തി. പിന്നെ പോകാതെ നിവൃത്തിയില്ലല്ലോ. അങ്ങനെ അത്യാവശ്യ സാധനങ്ങള്‍ എടുത്ത് ആംബുലന്‍സില്‍ കയറി. അപ്പോള്‍ ശരീരവേദന, കാല്‍വേദന എന്നിവ ഉണ്ട്. പെട്ടെന്ന് ഒരു തൊണ്ടവേദനയും തുടങ്ങി. അങ്ങനെ സൈറണ്‍ മുഴക്കുന്ന ഐസിയു ആംബുലന്‍സില്‍ ഒരു മെയില്‍ നഴ്‌സിന്റെ പരിചരണത്തില്‍, കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് യാത്ര.

ഒരു മണിക്കൂര്‍കൊണ്ട് അവിടെ എത്തി. അപ്പോഴേക്കും വിഷമങ്ങള്‍ കൂടി. വീല്‍ചെയറിലാണ് എമര്‍ജന്‍സി മെഡിസിന്‍ യൂണിറ്റിലേക്ക് പോയത്. പരിശോധനകള്‍ക്കുശേഷം അവര്‍ നല്കിയ ഗുളികയും വെള്ളവും തൊണ്ടയില്‍നിന്നും ഇറക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു അപ്പോഴേക്കും. പിന്നീട് ഒരു ദിവസം മുഴുവന്‍ ഉമിനീര്‍പോലും ഇറക്കാന്‍ കഴിയാതെ കഴിഞ്ഞുകൂടി.
പിറ്റേന്ന് രാവിലെ പ്രധാന ഡോക്ടര്‍ വന്നപ്പോള്‍ പറഞ്ഞ ഒരു കാര്യം എന്നെ അമ്പരപ്പിച്ചു. നമ്മുടെ രക്തത്തില്‍ ഡി ഡൈമര്‍ എന്നൊരു ഘടകമുണ്ട്. ഈ ഘടകമാണ് രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്നത്. സാധാരണയായി ഒരു യൂണിറ്റ് രക്തത്തില്‍ ഡി ഡൈമറിന്റെ അളവ് അഞ്ഞൂറില്‍ താഴെയായിരിക്കും. അത് അയ്യായിരം യൂണിറ്റ് ആയാല്‍ അപകടകരമാണ്. രക്തം കൂടുതല്‍ കട്ട പിടിക്കും.

അതിനാല്‍ രക്തയോട്ടം കുറയും. അത് സ്‌ട്രോക്കിനും ഹൃദയസ്തംഭനത്തിനും കാരണമാകാം. എന്നാല്‍ എന്റെ രക്തത്തില്‍ ഡി ഡൈമറിന്റെ അളവ് പതിനായിരം എത്തിയിരിക്കുന്നു! എന്നിട്ടും എനിക്ക് സ്‌ട്രോക്കും ഹൃദയസ്തംഭനവും ഉണ്ടായില്ല എന്ന് കണ്ട് എല്ലാവര്‍ക്കും അതിശയം.
തലേന്ന് രാത്രിതന്നെ ആശുപത്രിയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഒന്നുകില്‍ സ്‌ട്രോക്ക് വന്ന് ഞാന്‍ മുറിയില്‍ കിടക്കുന്നുണ്ടാകാം അല്ലെങ്കില്‍ മരിച്ചിട്ടുണ്ടാകും. എന്തായാലും പിന്നീട് ഒരാഴ്ച ഞാന്‍ ആശുപത്രിയില്‍ കിടന്നു. ഇഞ്ചക്ഷനും മരുന്നുകളും പരിചരണവും ദൈവാനുഗ്രഹവുമെല്ലാംകൂടി എന്നെ സുഖപ്പെടുത്തി.

നഴ്‌സിംഗ് സൂപ്പര്‍വൈസറായ ബന്ധു എന്റെ രോഗവിവരം അറിഞ്ഞതും ഒരത്ഭുതമായിരുന്നു. കോവിഡ് ആണെന്ന് അറിയുന്നതിന് മുമ്പ് കുളത്തുവയല്‍ നി ര്‍മല ധ്യാനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ ചെല്ലാമെന്ന് ഞാന്‍ സമ്മതിച്ചിരുന്നു. കോവിഡ് പോസിറ്റീവ് ആയപ്പോള്‍ ദിവ്യബലിക്ക് എത്താന്‍ കഴിയില്ല എന്ന് അറിയിച്ചു. എന്റെ പെങ്ങളുടെ ഒരു മകള്‍ എംഎസ്എംഐ സന്യാസസഭയില്‍ സിസ്റ്ററാണ്. കണ്ണൂര്‍ ജില്ലയിലെ ഒരു കോണ്‍വെന്റിലുള്ള ആ സിസ്റ്റര്‍ എന്തോ ആവശ്യത്തിന് കുളത്തുവയലിലേക്ക് വിളിച്ചപ്പോള്‍ എനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞു.

പെങ്ങളുടെ മകള്‍ ഉടനെ അവരുടെ സഹോദരന്റെ ഭാര്യയായ മിംസ് ആശുപത്രിയിലെ മേല്‍പറഞ്ഞ നഴ്‌സിങ്ങ് സൂപ്പര്‍വൈസറെ വിളിച്ച് എന്റെ രോഗവിവരം അറിയിച്ചു. എന്നെ വിളിച്ച് വിവരം അന്വേഷിക്കുകപോലും ചെയ്യാതെയാണ് പെങ്ങളുടെ മകള്‍ ഈ നഴ്‌സിങ്ങ് സൂപ്പര്‍വൈസറെ വിളിച്ച് എന്റെ രോഗവിവരം പറഞ്ഞത്. അത് അറിഞ്ഞ ഉടന്‍ ആ സഹോദരി എന്നെ വിളിക്കുകയും ആംബുലന്‍സ് പറഞ്ഞുവിട്ട് എന്നെ ആശുപത്രിയില്‍ എത്തിച്ച് അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. അങ്ങനെയാണ് ഞാന്‍ രക്ഷപെട്ടത്.

എന്റെ ജീവിതത്തില്‍ ഞാന്‍പോലും അറിയാത്ത ഒരു പ്രതിസന്ധിയുടെ സമയത്ത് ദൈവം ഇടപെട്ട വഴികള്‍ എത്ര അത്ഭുതകരമാണ്! ഇതെല്ലാം സംഭവിച്ചത് പിറ്റേന്ന് രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ വരാം എന്ന് ഞാന്‍ പറഞ്ഞതുകൊണ്ടുമാത്രമാണ്. ഒഴിഞ്ഞു മാറിയിരുന്നെങ്കില്‍ മേല്‍വിവരിച്ച അത്ഭുതങ്ങള്‍ ഒന്നും എന്നില്‍ സംഭവിക്കുകയില്ലായിരുന്നു. മറ്റുള്ളവരുടെ ആവശ്യനേരത്ത് അവരെ സഹായിക്കാന്‍ നമ്മള്‍ മനസുവയ്ക്കുന്നത് നമുക്കുതന്നെ ചിലപ്പോള്‍ എത്രമാത്രം രക്ഷാകരമായിത്തീരും എന്ന് ദൈവം എന്നെ വീണ്ടും പഠിപ്പിച്ചു.

അമേരിക്കന്‍ ആധ്യാത്മിക ഗ്രന്ഥകാരനായ ഓറല്‍ റോബര്‍ട്ട്‌സണ്‍ എഴുതിയ ഒരു വാചകം 1984-ല്‍ വായിച്ചത് ഇന്നും ഞാന്‍ ഓര്‍ത്തിരിപ്പുണ്ട്: ‘നിന്റെ ആവശ്യനേരത്ത് നിന്നെ സഹായിക്കുവാനായി ദൈവം തക്കസമയത്തുതന്നെ വരും; അവിടുന്ന് വരുന്നത് വളരെ നേരത്തെ ആയിരിക്കുകയില്ല; വരാന്‍ അവിടുന്ന് ഒട്ടും താമസിക്കുകയുമില്ല.’ ഈ വാചകം ഞാന്‍ ആയിരക്കണക്കിന് ആളുകളോട് പറഞ്ഞിട്ടുണ്ട്. തക്കസമയത്ത് ദൈവം വരുന്നത് നമ്മള്‍ ഉദ്ദേശിച്ച വ്യക്തികളിലൂടെയോ ഉദ്ദേശിച്ച മാര്‍ഗങ്ങളിലൂടെയോ ആകണമെന്നില്ല എന്നും കൂട്ടിച്ചേര്‍ക്കും. അത്തരം അനേകം അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടുമുണ്ട്.

ഒരിക്കല്‍കൂടി ആ കാര്യങ്ങള്‍ സത്യമാണെന്ന് ദൈവം എന്നെ ബോധ്യപ്പെടുത്തിയിരിക്കുന്നു. തക്കസമയത്ത് എന്റെ ജീവിതത്തില്‍ ഇടപെട്ട ദൈവത്തിന് മഹത്വം നല്‍കാനും ദൈവത്തിന്റെ കരങ്ങളില്‍ ഉപകരണമായവര്‍ക്ക് നന്ദി പറയാനും ഇത് ഞാന്‍ സാക്ഷ്യപ്പെടുത്തുകയാണ്.
ദൈവം എന്റെ ജീവിതത്തിന് ഒരു പുതിയ അധ്യായം കൂട്ടിച്ചേര്‍ത്തു. ആ അധ്യായമാണ് ഇപ്പോഴത്തെ എന്റെ ജീവിതം. ഏശയ്യാ 55/8-9-ല്‍ നാം ഇങ്ങനെ വായിക്കുന്നു, ”കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.” ദൈവമേ നന്ദി.

ഫാ. ജോസഫ് വയലില്‍ സി.എം.ഐ