മദ്യപിക്കുന്നതിന് മുമ്പ് പ്രാര്‍ത്ഥിച്ചപ്പോള്‍… – Shalom Times Shalom Times |
Welcome to Shalom Times

മദ്യപിക്കുന്നതിന് മുമ്പ് പ്രാര്‍ത്ഥിച്ചപ്പോള്‍…

ഫാ. ജോസഫ് അലക്‌സ്

ചെറുപ്പത്തില്‍ത്തന്നെ തുടങ്ങിയ ഒരു ദുശീലമുണ്ടായിരുന്നു എന്റെ അപ്പന്, മദ്യപാനം. അപ്പന്‍ വിശ്വാസാനുഭവത്തിലേക്കും പ്രാര്‍ത്ഥനാജീവിതത്തിലേക്കുമൊക്കെ തിരിയുന്നത് തന്റെ അമ്പതുകളിലാണ്. പക്ഷേ, അപ്പോഴും മദ്യപാനം ബലഹീനതയായിത്തന്നെ തുടര്‍ന്നു. ഓരോ ന്യായവുമുണ്ടായിരുന്നു.
‘ഫ്രീ ആയിട്ട് കിട്ടുന്നത് മാത്രമേ കുടിക്കുന്നുള്ളൂ.’ അതാവുമ്പോള്‍ വീട്ടുചെലവ് മുടിക്കുന്നില്ലല്ലോ.
‘ചില വിശേഷാവസരങ്ങളില്‍ ആരേലും ക്ഷണിച്ചാല്‍ മാത്രം.’ അവരെ പിണക്കാന്‍ പാടില്ലല്ലോ.
ഇങ്ങനെയാണെങ്കിലും, ഈശോയുടെ സ്‌നേഹം അപ്പനെ വെറുതെ വിടുന്നില്ലായിരുന്നു.
ഈശോ ശിമയോനെ നോക്കിയപ്പോള്‍ കോഴി ‘സൈറണ്‍’ കൊടുത്തതുപോലെ, ഓരോ തവണയും വീണിട്ട് അപ്പന്‍ ഈശോയുടെ പക്കല്‍ ചെല്ലുമ്പോള്‍, അപ്പന്റെ ഹൃദയത്തില്‍ സൈറണ്‍ മുഴങ്ങുന്നുണ്ടായിരുന്നു.
അവസാനം സഹികെട്ട്, അപ്പന്‍ ഇങ്ങനെ ചെയ്തുതുടങ്ങി. മദ്യപിക്കുന്നതിന് മുമ്പേ പ്രാര്‍ത്ഥിച്ച് കുരിശ് വരയ്ക്കും, ‘കര്‍ത്താവേ, എന്റെ കുടി മാറ്റിത്തരണേ’യെന്ന് പറഞ്ഞ്!
മൂന്നോ നാലോ വര്‍ഷം അത് തുടര്‍ന്നു. ഒരിക്കല്‍ ഫ്‌ളൈറ്റ് യാത്രയ്ക്കിടയില്‍ ‘സാധനം’ വാങ്ങിച്ച്, പ്രാര്‍ത്ഥിച്ചിട്ട് രുചിക്കാന്‍ നോക്കുമ്പോള്‍ എന്തുകൊണ്ടോ തൊണ്ടയില്‍നിന്നും ഇറക്കാനാവുന്നില്ല!
മദ്യബ്രാന്‍ഡിന്റെ പ്രത്യേകതയാവുമെന്ന് കരുതി, ബ്രാന്‍ഡുകള്‍ മാറി കഴിക്കാന്‍ ശ്രമിച്ചുനോക്കി. പക്ഷേ ഒന്നും കീഴോട്ട് ഇറങ്ങുന്നില്ല.
കാര്യം ഉറപ്പാക്കാന്‍ എയര്‍പോര്‍ട്ടിലെ ബാറില്‍ കയറി കഴിക്കാന്‍ ശ്രമിച്ചു. അതേ സ്ഥിതിതന്നെ! മദ്യപാനത്തില്‍നിന്ന് പൂര്‍ണ വിടുതല്‍ ലഭിച്ചതായിരുന്നു!
ഉത്ഥിതന്‍ നല്കിയ കൃപയിലാണ് അപ്പന് തന്റെ ബലഹീനതയില്‍നിന്ന് എഴുന്നേറ്റ് നിവര്‍ന്നുനില്ക്കാന്‍ സാധിച്ചത്.
”അതിനാല്‍, വേണ്ട സമയത്ത് കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം” (ഹെബ്രായര്‍ 4/16).