ഒരു സുഹൃത്ത് എന്നോട് പങ്കുവച്ച സംഭവം കുറിക്കട്ടെ. ആശാരിപ്പണിയെടുത്ത് ജീവിക്കുന്ന ഷാജി എന്ന കുടുംബനാഥന്റെ ജീവിതത്തിലുണ്ടായ സംഭവമാണിത്. കഴുത്ത് തിരിക്കാനും കൈകള്‍ ചലിപ്പിക്കാനുമൊക്കെ ബുദ്ധിമുട്ടാകുന്ന എല്ലുകളെ ബാധിക്കുന്ന പ്രത്യേക അസുഖം അദ്ദേഹത്തെ ബാധിച്ചു. ജോലിക്ക് പോകാന്‍ കഴിയാതെ ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി. പല മരുന്നുകളും കഴിച്ചെങ്കിലും രോഗത്തിന് കുറവില്ലാത്ത അവസ്ഥ.
അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം അങ്ങാടിയില്‍ പോയി മടങ്ങുമ്പോള്‍ അവിടെയുള്ള കോണ്‍വെന്റിന്റെ മതിലില്‍ എഴുതിവച്ചിരിക്കുന്ന ദൈവവചനം ശ്രദ്ധിച്ചു. അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 16/31- ”കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും”.
ആ മനുഷ്യന് അപ്പോള്‍ ഉള്ളില്‍ തോന്നിയതനുസരിച്ച് അദ്ദേഹം മതിലിനോട് ചേര്‍ന്നുനിന്ന് ആ ദൈവവചനത്തില്‍ കൈകള്‍ ചേര്‍ത്ത് സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചു. വചനത്തില്‍ കൈകള്‍ ചേര്‍ത്ത നിമിഷംതന്നെ ഏതോ ഒരു ശക്തി തന്നെ മുന്നോട്ട് തള്ളുന്നതായി അനുഭവപ്പെട്ടു. ആ സമയം മുതല്‍ അദ്ദേഹം സൗഖ്യമുള്ളവനായി മാറി.
ഈ സൗഖ്യം അക്രൈസ്തവനായ അദ്ദേഹത്തെ ചിന്തിപ്പിച്ചു. പിന്നീട് അയാള്‍ മാമോദീസ സ്വീകരിച്ച് സഭയിലെ അംഗമായി മാറി. നമ്മുടെ വാഹനങ്ങളിലും മതിലുകളിലും വീട്ടിലുമെല്ലാം വചനം പ്രദര്‍ശിപ്പിച്ചുകൊണ്ട് നമ്മുടെ ഈശോയെ കൊടുക്കാന്‍ കഴിയില്ലേ?
മാത്യു ജോസഫ്