സ്വര്‍ഗത്തില്‍ പോകുമെന്ന് പറഞ്ഞ വിശുദ്ധ – Shalom Times Shalom Times |
Welcome to Shalom Times

സ്വര്‍ഗത്തില്‍ പോകുമെന്ന് പറഞ്ഞ വിശുദ്ധ


ഞാന്‍ അപ്പോള്‍ നോവിഷ്യറ്റിലായിരുന്നു. എങ്ങനെ തരണം ചെയ്യുമെന്നു കരുതിയ ചില സഹനങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. പല വിശുദ്ധരോടും ഞാന്‍ നൊവേന നടത്തി. എന്നാല്‍ സഹനങ്ങള്‍ കൂടിവരികയാണു ചെയ്തത്. ജീവിക്കാന്‍തന്നെ ബുദ്ധിമുട്ടായി. പെട്ടെന്ന് ഉണ്ണിയീശോയുടെ വിശുദ്ധ ത്രേസ്യയോടു പ്രാര്‍ത്ഥിക്കണമെന്ന് ഒരു പ്രേരണ ലഭിച്ചു. ഈ പുണ്യവതിയുടെ പേരില്‍ ഒരു നൊവേന ഞാന്‍ ആരംഭിച്ചു. നൊവേനയുടെ അഞ്ചാം ദിവസം ഞാന്‍ വിശുദ്ധ ത്രേസ്യായെ സ്വപ്നം കണ്ടു. ഭൂമിയില്‍ ജീവിച്ചിരിക്കുന്നപോലെയാണ് കണ്ടത്.
ഒരു വിശുദ്ധയാണെന്നു വെളിപ്പെടുത്താതെ ഇപ്രകാരം പറഞ്ഞുകൊണ്ട് എന്നെ ആശ്വസിപ്പിച്ചു:

”ഇക്കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ടാ; ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കുക. ഞാനും വളരെ സഹിച്ചിട്ടുണ്ട്.” എന്നാല്‍ ഞാനത് വിശ്വസിച്ചില്ല. ഞാന്‍ പറഞ്ഞു: ”നീ ഒന്നും സഹിച്ചെന്ന് എനിക്ക് തോന്നുന്നില്ല.” എന്നാല്‍ അവള്‍ വളരെ സഹിച്ചെന്ന് എനിക്കു ബോധ്യമാകുന്നവിധത്തില്‍ സംസാരിച്ചു. അവള്‍ എന്നോടു പറഞ്ഞു ”സിസ്റ്റര്‍, മൂന്നു ദിവസത്തിനുള്ളില്‍ ഈ പ്രയാസങ്ങളെല്ലാം സന്തോഷപ്രദമായി പര്യവസാനിക്കും.” എന്നാല്‍ ഞാന്‍ അവരെ വിശ്വസിക്കായ്കയാല്‍ അവള്‍ ഒരു വിശുദ്ധയാണെന്നു വെളിപ്പെടുത്തി. എന്റെ ആത്മാവ് ആനന്ദപൂരിതമായി. ഞാനവരോടു ചോദിച്ചു: ‘നീ ഒരു വിശുദ്ധയാണോ?” ”അതെ” അവള്‍ മറുപടി പറഞ്ഞു. ”ഞാന്‍ ഒരു വിശുദ്ധയാണ്. മൂന്നു ദിവസത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ക്കു തീരുമാനമാകും.” ഞാന്‍ ചോദിച്ചു: ”ഏറ്റവും പ്രിയപ്പെട്ട ത്രേസ്യാ, ഞാന്‍ സ്വര്‍ഗത്തില്‍ പോകുമോ എന്ന് എന്നോടു പറയുമോ?” അവള്‍ മറുപടി പറഞ്ഞു: ”ഉവ്വ്, സഹോദരി സ്വര്‍ഗത്തില്‍ പോകും.”

”കൊച്ചുത്രേസ്യാ, നിന്നെപ്പോലെ ഞാന്‍ അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട ഒരു വിശുദ്ധയാകുമോ?” അവള്‍ പറഞ്ഞു: ”ഉവ്വ്, എന്നെപ്പോലെ നീയും ഒരു വിശുദ്ധയാകും. എന്നാല്‍ നീ കര്‍ത്താവീശോയില്‍ ആശ്രയിക്കണം.” പിന്നീട് എന്റെ അപ്പനും അമ്മയും സ്വര്‍ഗത്തില്‍ പോകുമോ എന്നു ഞാന്‍ ചോദിച്ചു. അവര്‍ പോകുമെന്ന് വിശുദ്ധ മറുപടി പറഞ്ഞു. ഞാന്‍ വീണ്ടും ചോദിച്ചു: ”എന്റെ സഹോദരിമാരും സഹോദരന്മാരും സ്വര്‍ഗത്തില്‍ പോകുമോ?” അവര്‍ക്കുവേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കാന്‍ അവള്‍ ആവശ്യപ്പെട്ടു. വ്യക്തമായ ഒരു മറുപടി തന്നില്ല. അവര്‍ക്കു വളരെ പ്രാര്‍ത്ഥന ആവശ്യമാണെന്ന് എനിക്കു മനസിലായി. അതൊരു സ്വപ്നമായിരുന്നെങ്കിലും, അതിന് അതിന്റേതായ പ്രാധാന്യം ഉണ്ടായിരുന്നു.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍നിന്ന്