ബാംഗ്ലൂരിലുള്ള ഞങ്ങളുടെ സ്‌കൂളില്‍ സേവനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് ചെറിയൊരു വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. വലിയ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ആകസ്മികമായി 2021 ജൂലൈ മാസം സ്‌കൂളിന് അവധിയുള്ള ഒരു ദിവസം ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണുവാന്‍ പോയി. അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിനുശേഷം അഡ്മിറ്റ് ചെയ്യുകയും തുടര്‍ന്ന് സി.ടി സ്‌കാനും ബയോപ്‌സി ടെസ്റ്റുകളും നടത്തുകയും ചെയ്തു.
ഒരാഴ്ചയ്ക്കുശേഷം ബയോപ്‌സി റിസള്‍ട്ടുമായി ഓങ്കോളജി ഡോക്ടറെ കാണുവാന്‍ നിര്‍ദേശിച്ചപ്രകാരം ഡോക്ടറെ കാണുന്നു. ഡോക്ടര്‍ പറഞ്ഞു, PMP (Pseudomyxoma Peritonei) എന്ന കാന്‍സര്‍ ആണ്!’ തുടര്‍ന്ന് എന്നോട് പുറത്തിരിക്കാന്‍ പറഞ്ഞു. കൂടെ വന്ന വൈദികരോട് അരമണിക്കൂറിലധികം ഡോക്ടര്‍ സംസാരിക്കുകയും ചെയ്തു. ഈ സമയങ്ങളില്‍ ഞാന്‍ ഗൂഗിളില്‍ ഈ രോഗത്തെക്കുറിച്ച് സേര്‍ച്ച് ചെയ്തു. അച്ചന്മാര്‍ പുറത്തുവന്ന് എന്നോട് പറഞ്ഞു, ”എത്രയും പെട്ടെന്ന് ഒരു മേജര്‍ സര്‍ജറി വേണം.” ഞാന്‍ ആശുപത്രിയില്‍ വരുന്ന വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. അതിനാല്‍ ആ സമയത്തുതന്നെ വീട്ടില്‍നിന്നും ഫോണ്‍വിളി വന്നു. മറ്റൊരു രോഗവാര്‍ത്ത, ‘ഡാഡിക്ക് എത്രയും പെട്ടെന്ന് ഹാര്‍ട്ട് സര്‍ജറി വേണം!’
”ദൈവമേ, എന്തുകൊണ്ടാണ് ഇതൊക്കെ… ഏകമകനായ ഞാന്‍ നിന്റെ പുരോഹിതനായിട്ടും എന്തേ ഇത്രയും വലിയ കുരിശുകള്‍ ഒരേസമയം നീ തരുന്നു…” ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങളും ആകുലതകളും മനസില്‍ നിറഞ്ഞു.
ഇതെല്ലാമറിഞ്ഞ ഞങ്ങളുടെ സന്യാസസഭാധികാരി മാനന്തവാടിയില്‍നിന്നും എന്നെ വിളിച്ചു പറഞ്ഞു, ”അച്ചന്റെ രോഗവിവരം മാതാപിതാക്കളെ ഇപ്പോള്‍ അറിയിക്കണ്ട. കുടുംബത്തിലെ ഏറ്റവും അടുത്ത ഒരാളെ മാത്രം അറിയിക്കുക. അച്ചനുവേണ്ട ഏറ്റവും നല്ല ചികിത്സ ഞങ്ങള്‍ തന്നിരിക്കും… അച്ചന്‍ പ്രാര്‍ത്ഥിക്കുക…”
ഹൃദയം വിങ്ങുന്നതുപോലെ…. ആശ്രമത്തില്‍ എന്റെ മുറിയില്‍ കയറി ബൈബിള്‍ തുറന്നു. കര്‍ത്താവ് വചനത്തിലൂടെ സംസാരിച്ചു, ജ്ഞാനം 16:12 – ”കര്‍ത്താവേ മരുന്നോ ലേപനമോ അല്ല എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്.” വലിയൊരു ആശ്വാസവും പ്രത്യാശയും മനസില്‍ നിറഞ്ഞു. ആ വചനം ഒരു വലിയ പേപ്പറില്‍ എഴുതി മുറിയിലെ ഭിത്തിയില്‍ ഒട്ടിച്ചുവച്ച് പ്രാര്‍ത്ഥിച്ചു. അതിനൊപ്പം, പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിനായി എന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തു.
പിന്നെ ആശ്രമത്തിലെ പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയ്ക്കടുത്ത് പോയി. നൊമ്പരം നീറ്റുന്ന മനസുമായി അമ്മയ്ക്കരികിലെത്തുന്ന കുഞ്ഞുങ്ങളെ അമ്മ ചേര്‍ത്തുപിടിക്കാതിരിക്കുമോ? ആ മാതൃസ്‌നേഹവും സാന്ത്വനവും എന്നിലേക്ക് അമ്മ പകര്‍ന്നുനല്കുകയായിരുന്നു.അതേത്തുടര്‍ന്ന് ഒരു പ്രത്യേകപ്രചോദനം. വര്‍ഷങ്ങള്‍ക്കുമുമ്പ് മോണ്ട്‌ഫോര്‍ട്ട് സന്യാസ സമൂഹത്തിലെ നോവിസ്മാസ്റ്ററായ റെനിയച്ചന്‍ സമ്മാനിച്ച മാല എന്നോട് എന്തോ ഓര്‍മിപ്പിക്കുന്നതുപോലെ…. ആ മാലയുടെ കുരിശില്‍ എഴുതിയ ‘തോത്തൂസ് തൂസ്’ (ഞാന്‍ മുഴുവനായും നിന്റേതു മാത്രം) എന്ന വാക്കുകള്‍ എന്നില്‍ നിറഞ്ഞു. ഞാന്‍ ആ വാക്കുകള്‍ ആവര്‍ത്തിച്ച് പറഞ്ഞു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി, ‘പരിശുദ്ധ അമ്മേ, ഞാന്‍ നിന്റേതുമാത്രം!’
ഡോക്ടറെ കാണാന്‍ എന്റെ കൂടെ വന്ന അച്ചന്മാരുടെ മുഖഭാവവും ശരീരഭാഷയും കണ്ടപ്പോള്‍ സംഗതി വളരെ ഗൗരവമുള്ളതാണെന്ന് ഞാനറിഞ്ഞു. എങ്കിലും ‘വിശ്വസിക്കുക, ദൈവമഹത്വം നീ ദര്‍ശിക്കു’മെന്ന ഈശോയുടെ വാക്കുകള്‍ ഞാന്‍ പൂര്‍ണമായി വിശ്വസിച്ച് ഏറ്റെടുത്തു. തുടര്‍ന്ന് സഭയുടെ പ്രിലേറ്റച്ചന്‍ പറഞ്ഞപ്രകാരം PET സ്‌കാനിനും രണ്ടാമത് ഒരു ഡോക്ടറുടെ അഭിപ്രായം എടുക്കുന്നതിനുമായി കേരളത്തിലേക്ക് യാത്ര. PET സ്‌കാനിങ്ങിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഓങ്കോളജി തലവനെ കണ്ടു. ഉടനെതന്നെ ഡോക്ടര്‍ കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍ ദിലീപ് ദാമോദരനുമായി ബന്ധപ്പെട്ട് വേഗം അദ്ദേഹത്തെ പോയി കാണുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അവിടെ ഞാന്‍ എനിക്കായി കാത്തിരിക്കുന്ന ഡോക്ടറെയാണ് കണ്ടത്.
എത്രയും പെട്ടെന്ന് മേജര്‍ സര്‍ജറി വേണമെന്ന് നിര്‍ദേശിക്കുകയും ഓഗസ്റ്റുമാസം പത്താം തിയതി സര്‍ജറി ഡേറ്റ് തരികയും ചെയ്തു. ഏകദേശം പതിനൊന്ന് മണിക്കൂര്‍ നീണ്ട സര്‍ജറി. അവിടെ ദൈവത്തിന്റെ കരങ്ങള്‍ വളരെ ശക്തമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ആ സര്‍ജറിക്കുമുമ്പുതന്നെ എന്റെ പിതാവിന്റെ കാര്യത്തിലും ദൈവം ഇടപെട്ടു. ചികിത്സകള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ ലഭിച്ച അദ്ദേഹം ആരോഗ്യവാനായി വീട്ടിലെത്തി.
എനിക്കാകട്ടെ ഒരു മേജര്‍ സര്‍ജറിയും തുടര്‍ന്ന് ആറ് കീമോതെറാപ്പികളും ഒരു മൈനര്‍ സര്‍ജറിയുമാണ് വേണ്ടിവന്നത്. ഏകദേശം എട്ടുമാസങ്ങള്‍ നീണ്ടുനിന്ന ചികിത്സയും വിശ്രമവും. ആ സമയം ദൈവത്തെ കൂടുതല്‍ അറിയാന്‍ സാധിച്ചു. പരിശുദ്ധ അമ്മയോടുള്ള ഭക്തിയിലും ജപമാല പ്രാര്‍ത്ഥനയിലും അല്പംകൂടി വളരാനും കഴിഞ്ഞു. കൂടുതല്‍ വിശുദ്ധിയില്‍ ജീവിക്കാനും കൃപ ലഭിച്ച സമയങ്ങളായിരുന്നു അത്.
അവസാനം, കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മാസമെത്തി. അപ്പോഴാണ് എന്റെ അസുഖത്തെക്കുറിച്ചും സര്‍ജറിയെക്കുറിച്ചും മാതാപിതാക്കളോട് പറഞ്ഞത്. അവര്‍ മാനന്തവാടിയിലെ ആശ്രമത്തില്‍ വന്ന് എന്നെ സന്ദര്‍ശിച്ചു. ആ സമയത്ത് എന്റെ ശരീരം 20 കിലോഗ്രാമോളം തൂക്കം കുറഞ്ഞ് 47 കിലോഗ്രാം ആയിരുന്നു.
കടന്നുപോയ ഈ വേദനയുടെ വഴികളെല്ലാം എന്നെ പഠിപ്പിച്ചൊരു കാര്യമുണ്ട്, സഹനം ഒരു രഹസ്യമാണ്. എന്തുകൊണ്ടാണ്, എന്തിനാണ് എന്ന നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുക പ്രയാസമാണുതാനും. അതിനുപകരം ”ഇതാ കര്‍ത്താവിന്റെ ദാസി; നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ” എന്നു പ്രാര്‍ത്ഥിച്ച പരിശുദ്ധ അമ്മയുടെ മനോഭാവമായിരിക്കണം നമുക്ക് വേണ്ടത്. സഹനപാതകളില്‍ നാം ഒറ്റയ്ക്കല്ല മറിച്ച്, പരിശുദ്ധ അമ്മയുടെ ശക്തമായ മധ്യസ്ഥതയും കരുതലും ഉണ്ട്.
അത് സത്യമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് ഏറ്റുപറയുന്നത്. പലപ്പോഴും ആശ്രമത്തിലെ പ്രൈവറ്റ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാന നിറകണ്ണുകളോടെ അര്‍പ്പിക്കുമ്പോള്‍ സഹനങ്ങള്‍ അനുവദിച്ച ദൈവത്തെ ഞാനറിയാതെതന്നെ മഹത്വപ്പെടുത്തുകയായിരുന്നു. ഈശോയുടെ കുരിശുപീഡകളോട് തുലനം ചെയ്യുമ്പോള്‍ എന്റെ വേദനകള്‍ എത്ര നിസാരമെന്ന് അനുഭവിച്ചറിഞ്ഞ ദിവസങ്ങള്‍… അതെ, ദൈവത്തിന് അസാധ്യമായി ഒന്നുമില്ല!
2022 ജൂലൈ 18-ന് കോഴിക്കോട് പോയി, ടെസ്റ്റുകളെല്ലാം നടത്തി ഡോക്ടറെ കണ്ടു. അദ്ദേഹം പറഞ്ഞു, ‘ഫാദര്‍, നിങ്ങള്‍ ആരോഗ്യവാനാണ്. നിങ്ങള്‍ക്കിനി സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. ഭക്ഷണക്രമം പാലിച്ചാല്‍മതി!’ ഞാന്‍ സൗഖ്യപ്പെട്ടു എന്ന വാര്‍ത്ത പരിശുദ്ധ അമ്മ നേരിട്ട് പറഞ്ഞതുപോലെയായിരുന്നു ആ വാക്കുകള്‍!
ഇന്ന് ആശ്രമത്തില്‍ സഹവൈദികരുടെ സ്‌നേഹപരിലാളനകളോടെ ഞാനിത് എഴുതുമ്പോള്‍ വചനവും വചനത്തെ മാംസം ധരിച്ച പരിശുദ്ധ അമ്മയും വലിയൊരു പ്രതിസന്ധിയില്‍ കൈപിടിച്ചുനടത്തിയ തിന്റെ സാക്ഷ്യമാണ് എന്റെ ജീവിതം…. ‘തോത്തൂസ് തൂസ്’- അമ്മേ ഞാന്‍ നിന്റേതു മാത്രമാണ്….
ഫാ. ലിബിന്‍ കൂമ്പാറ ഒ. പ്രേം