ഈശോയ്‌ക്കൊപ്പം കാന്‍ഡില്‍ ലൈറ്റ് നൈറ്റ്‌സ്‌ – Shalom Times Shalom Times |
Welcome to Shalom Times

ഈശോയ്‌ക്കൊപ്പം കാന്‍ഡില്‍ ലൈറ്റ് നൈറ്റ്‌സ്‌

ബാല്യകാലത്ത് ഒരിക്കല്‍പ്പോലും ആഗ്രഹിച്ചിട്ടില്ല ഒരു നേഴ്‌സ് ആകണം എന്ന്. ”മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു; അന്തിമമായ തീരുമാനം കര്‍ത്താവിന്റേതത്രേ” (സുഭാഷിതങ്ങള്‍ 16/1) എന്നാണല്ലോ. എന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. കടബാധ്യതകള്‍ തീര്‍ക്കാനുള്ള ഏകവഴി എന്ന ചിന്തയുടെ ഫലമായാകണം പിന്നീട് ഞാന്‍ നഴ്‌സിംഗ് മേഖല തിരഞ്ഞെടുത്തു. വിദ്യാഭ്യാസ വായ്പയെടുത്ത പണം തികയാതിരുന്നിട്ടും എങ്ങനെയൊക്കെയോ പഠനം പൂര്‍ത്തിയാക്കാന്‍ ദൈവം അനുവദിച്ചു. തമിഴ്‌നാട്ടിലായിരുന്നു പഠനം. പഠനശേഷം ഒരു ജോലിക്കായി ശ്രമിക്കുന്ന കാലം. കേരളത്തില്‍ ലഭിക്കുന്ന തുച്ഛശമ്പളം ലോണ്‍ തിരിച്ചടക്കാന്‍ തികയില്ലെന്ന ചിന്തയും കടബാധ്യതയുടെ പേരില്‍ നേരിടുന്ന അപമാനവും കേരളത്തെ മറക്കാന്‍ എന്നെ പ്രേരിപ്പിച്ചു.

മനസ്സില്‍ എന്നോ കയറിക്കൂടിയ ഒരു മോഹമായിരുന്നു ബോംബെ നഗരം. ബോംബെയില്‍ ചിത്രീകരിച്ചിട്ടുള്ള സിനിമകള്‍ പല തവണ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഒപ്പം മനസ്സിനെ ഭയപ്പെടുത്തുന്ന കുറെ ചിന്തകളും ആ നഗരത്തെക്കുറിച്ചുണ്ടായിരുന്നു. പക്ഷേ ജീവിതം കരക്കെത്തിക്കാന്‍ പാടുപെടുമ്പോള്‍ ഭയം പതിയെ വഴി മാറി. ഹിന്ദി ഭാഷ സ്‌കൂളില്‍ പഠിച്ചെന്നല്ലാതെ സംസാരിക്കാനോ സംസാരിക്കുന്നതു മനസ്സിലാക്കാനോ എനിക്ക് കഴിയുമായിരുന്നില്ല. എന്റെ കുറവുകളെക്കുറിച്ച് ഞാന്‍ തീര്‍ത്തും ബോധവതിയായിരുന്നു. ”എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും” (ഫിലിപ്പി 4/ 13) എന്ന വചനമായിരുന്നു ബലം.
എന്ത്, എങ്ങനെ എന്നൊന്നും ഒരു ഐഡിയയും ഇല്ല… ബോംബെ നഗരത്തിന്റെ ഭൂമിശാസ്ത്രം മുഴുവന്‍ മനഃപാഠമറിയുന്ന, രാഷ്ട്രഭാഷ പച്ചവെള്ളം പോലെ സംസാരിക്കാന്‍ കഴിയുന്ന ഈശോ കൂടെ ഉണ്ടല്ലോ എന്ന് ഓര്‍ത്തു.
രാത്രിയില്‍ ഉറക്കമില്ലാതെ കിടക്കുകയാണ്. മുറിയിലെ തിരുഹൃദയ രൂപത്തിലേക്ക് തിരിഞ്ഞു കിടന്നു… ഇരുട്ടില്‍ ഈശോയുടെ മുഖം കാണാന്‍ കഴിയുന്നില്ല. എന്തെങ്കിലും പറയുമ്പോള്‍ മുഖത്ത് നോക്കി പറയണ്ടേ. ഉടനെ എഴുന്നേറ്റ് ഒരു മെഴുകുതിരി കത്തിച്ചു വച്ചു. ഈശോയേ കുറച്ചുനേരം നോക്കിയിരുന്നു. ഈശോക്ക് ഒടുക്കത്തെ ഗ്ലാമര്‍. സമയം പുലര്‍ച്ചെ മൂന്നു മണി.

”ഈശോയേ, എനിക്ക് ബോംബെയില്‍ ഒരു ജോലി വേണമായിരുന്നു. എന്റെ കാര്യങ്ങള്‍ ഒക്കെ നിനക്കറിയാല്ലോ. കൂടുതല്‍ ഒന്നും ചോദിക്കുന്നില്ല. പതിനായിരം രൂപ എന്റെ കയ്യില്‍ കിട്ടുന്നപോലെ ഒരു ജോലി. അത് മതി. അത് ലഭിച്ചാല്‍ നമുക്ക് ബോംബയില്‍ സ്‌നേഹിച്ചു നടക്കാം.” ഇതും പറഞ്ഞു ഈശോയുടെ ചങ്കില്‍ ഒരു ചക്കര ഉമ്മ.ചുംബനം ഈശോയുടെ വലിയൊരു ബലഹീനതയാണെന്നു തോന്നിയിട്ടുണ്ട്. എന്തായാലും ഈശോ ഫ്‌ളാറ്റ് ആയി എന്ന് വേണം കരുതാന്‍. നേരം വെളുക്കും വരെ പരസ്പരം നോക്കിയിരുന്നു. ഈശോയുടെ കണ്ണുകളും ചുണ്ടുകളും എന്നോട് സംസാരിക്കാന്‍ മത്സരിക്കുന്നത് ഞാന്‍ കണ്ടു. ജീവിതത്തില്‍ ആദ്യമായി ഞാനും ഈശോയും ഒന്നിച്ചു ചെലവഴിച്ച ഞങ്ങളുടെ ആദ്യത്തെ കാന്‍ഡില്‍ ലൈറ്റ് നൈറ്റ്.

തലേന്ന് രാത്രിയില്‍ അനുഭവിച്ച സ്‌നേഹം തുടര്‍ന്നുള്ള ദിനങ്ങളിലും അനുഭവിക്കാന്‍ ഹൃദയം വെമ്പല്‍ കൊണ്ടു. ഏകദേശം ഒരു മാസത്തോളം ഞങ്ങളുടെ കാന്‍ഡില്‍ ലൈറ്റ് നൈറ്റ് തുടര്‍ന്നുകൊണ്ടിരുന്നു. പലപ്പോഴും ഈശോയുടെ സ്‌നേഹം കണ്ണീര്‍ചാലുകളായി എന്റെ കവിളിലൂടെ ഒഴുകി ഇറങ്ങി. എന്തൊരു അനുഭൂതിയാണവന്റെ സ്‌നേഹം! തടയാനാവാത്ത ജലപ്രവാഹങ്ങളെപ്പോലെ, അണയ്ക്കാന്‍ കഴിയാത്ത അഗ്‌നിപോലെ…
പെട്ടെന്നൊരു ദിവസം എന്റെ സുഹൃത്ത് ഫോണില്‍ വിളിക്കുന്നു. അവള്‍ താമസിക്കുന്നത് ബോംബെയില്‍ ആണ്. വിശേഷങ്ങള്‍ ചോദിക്കുന്ന കൂട്ടത്തില്‍ അവള്‍ ഇങ്ങനെ പറഞ്ഞു, ”നിനക്ക് ഇവിടെ വന്നു ജോലി അന്വേഷിച്ചുകൂടെ? നാട്ടില്‍നിന്ന് സമയം കളയുന്നതെന്തിനാ?” ഈശോയുടെ തിരുഹൃദയ രൂപത്തിലേക്ക് ഒരു കള്ളച്ചിരിയോടെ ഞാന്‍ നോക്കി, ‘ഈശോയേ, നീ പണി തുടങ്ങി അല്ലേ’ എന്ന അര്‍ത്ഥത്തില്‍…

”ജോലി ലഭിക്കും വരെ എന്റെ വീട്ടില്‍ താമസിക്കാം. എന്ത് സഹായം വേണമെങ്കിലും ചെയ്യാം,” ഇത്രയും അവള്‍ കൂട്ടിച്ചേര്‍ത്തു. ഈശോയുടെ വാക്കുകളായി മാത്രമേ തോന്നിയുള്ളൂ. തൊട്ടടുത്ത ദിനങ്ങളില്‍ ബോംബയ്ക്കു പോകാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. മെയ് മാസത്തിന്റെ ആരംഭത്തില്‍ സ്വപ്‌നനഗരത്തില്‍ വന്നിറങ്ങി. അധികം അലയാനൊന്നും ഈശോ എന്നെ അനുവദിച്ചില്ല. അന്ധേരിയിലെ ഒരു വലിയ ആശുപത്രിയിലേക്ക് ഇന്റര്‍വ്യൂവിന് പോയി. ബുദ്ധിമുട്ടില്ലാതെ ഇന്റര്‍വ്യൂ കഴിഞ്ഞു. ഒരു മാഡം പേപ്പറില്‍ കടലാസ് പെന്‍സില്‍ കൊണ്ട് ‘സെലക്ടഡ്’ എന്ന് എഴുതി. ഒപ്പം സാലറി 11500 രൂപ എന്ന് പറഞ്ഞു. 1500 രൂപ ഹോസ്റ്റല്‍ ഫീസ് ആയി എടുക്കും എന്നും ബാക്കി 10000 രൂപ കയ്യില്‍ കിട്ടുമെന്നും പറഞ്ഞു. ആ മാഡത്തിന്റെ മുഖത്തു നോക്കിയപ്പോള്‍ ഈശോയെ കാണുന്ന പോലെ…
പുറത്തേക്കിറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഏകദേശം വൈകിട്ട് അഞ്ചു മണി. ഈശോയുടെ നെഞ്ചില്‍ തലചായ്ച്ചുകിടക്കാന്‍ ഹൃദയം തുടിച്ചുകൊണ്ടിരുന്നു. അല്‍പദൂരത്തില്‍ ഒരു ചുവന്ന കുരിശുരൂപം കണ്ടു. അതിനെ ലക്ഷ്യമാക്കി നടന്നു. വിശുദ്ധ വിന്‍സെന്റ് പള്ളോട്ടിയുടെ നാമധേയത്തില്‍ ഉള്ള ദൈവാലയം. അള്‍ത്താരക്ക് നടുവിലേക്ക് ഞാന്‍ ഓടി. ഈശോയെ നോക്കാന്‍ പോലും സാധിക്കാത്ത വിധം കണ്ണുനീര്‍ത്തുള്ളികള്‍ കണ്ണുകളെ മറച്ചിരുന്നു.

”ദിവ്യകാരുണ്യ ആരാധനയുടെ ചാപ്പല്‍ തൊട്ടു പിറകില്‍ ഉണ്ട്…” ആരോ സംസാരിച്ചു കൊണ്ട് കടന്നുപോകുന്ന സ്വരം. ഉടനെ അവിടേക്ക് പോയി. അതെ, എനിക്കും എന്റെ നസ്രായനും സ്‌നേഹം പങ്കുവയ്ക്കാനുള്ള ഇടം! അവന്റെ കരവലയത്തിനുള്ളില്‍ സ്‌നേഹാര്‍ദ്രതയോടെ കുറച്ചു സമയം ചെലവഴിച്ചു. എന്റെ ഹൃദയം മന്ത്രിച്ചു… ആരെങ്കിലും എന്നോട് ഇപ്രകാരം ചോദിച്ചിരുന്നെങ്കില്‍, ”മാനിനിമാരില്‍ അതിസുന്ദരീ, ഇതര കാമുകന്‍മാരെക്കാള്‍ നിന്റെ കാമുകന് എന്തു മേന്‍മയാണുള്ളത്?” (ഉത്തമഗീതം 5/9).
അപ്പോള്‍ ഞാന്‍ മറുപടി പറയുമായിരുന്നു, ”അവന്റെ മൊഴികള്‍ അതിമധുരമാണ്; എല്ലാം കൊണ്ടും അഭികാമ്യനാണ് അവന്‍. ജറുസലെം പുത്രിമാരേ, ഇതാണ് എന്റെ പ്രിയന്‍, ഇതാണ് എന്റെ തോഴന്‍” (ഉത്തമഗീതം 5/16).

ആന്‍ മരിയ ക്രിസ്റ്റീന