ഹൃദയം സദാ സന്തോഷിക്കാന്‍! – Shalom Times Shalom Times |
Welcome to Shalom Times

ഹൃദയം സദാ സന്തോഷിക്കാന്‍!

സന്തോഷകരമായ ജീവിതം എല്ലാവരുടെയും ആഗ്രഹവും ലക്ഷ്യവുമാണല്ലോ. നാമെല്ലാവരും അധ്വാനിക്കുന്നതും വിയര്‍പ്പൊഴുക്കുന്നതും അതിനുവേണ്ടിത്തന്നെയാണ്. എന്നാല്‍ ഓരോ മനുഷ്യനും ലഭ്യമാകുന്ന സന്തോഷത്തിന്റെ മാനങ്ങള്‍ വ്യത്യസ്തമാണ്. ഉന്നത ജോലി, ഉയര്‍ന്ന അധികാര സ്ഥാനങ്ങള്‍, ധാരാളം സമ്പത്ത്, മറ്റുള്ളവരുടെ അംഗീകാരവും പ്രശംസയും, ജഡികതാല്‍പര്യങ്ങളെ തൃപ്തിപ്പെടുത്താന്‍- ഇത്യാദി പല മാര്‍ഗങ്ങളിലൂടെ ജീവിതസന്തോഷം കൈവരിക്കുവാന്‍ മനുഷ്യര്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇവിടെ ഉദ്ദേശിക്കുന്നത് നിലനില്ക്കുന്നതും സാഹചര്യങ്ങള്‍ക്ക് എടുത്തുമാറ്റുവാന്‍ സാധിക്കാത്തതുമായ ഒരു ആത്മീയസന്തോഷമാണ്. ഇതുതന്നെ എപ്പോഴും അനുഭവവേദ്യമാകണമെന്നില്ല.

ചിലപ്പോള്‍ വലിയ ആത്മീയാനുഭൂതിയുടെ അനുഭവമാണെങ്കില്‍ മറ്റു ചിലപ്പോള്‍ കടുത്ത ദുഃഖവും സങ്കടവും നിരാശയുമായിരിക്കും ഒരാളുടെ മനസിനെ കീഴടക്കുന്നത്. എന്നാല്‍ ചോദ്യമിതാണ്. എപ്പോഴും ഒരു മനുഷ്യന് സന്തോഷം അനുഭവിക്കുവാന്‍ സാധിക്കുമോ? ദുഃഖകരമായ അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴും അതിനെ കീഴടക്കുന്ന ഒരു സന്തോഷത്തിന്റെ തലം പ്രാപിക്കുവാന്‍ ഒരാള്‍ക്ക് സാധിക്കുമോ?

സാധിക്കുമെന്നുതന്നെയാണ് വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മിപ്പിക്കുന്നത്. വിശുദ്ധ പൗലോസ് ശ്ലീഹാ ഇപ്രകാരമാണ് ആഹ്വാനം ചെയ്യുന്നത്: ”എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍” (1 തെസലോനിക്ക 5/16). ഒരു കാര്യം വ്യക്തം. ഇത് സാധിക്കുന്ന കാര്യമാണ്. അല്ലെങ്കില്‍ ശ്ലീഹാ ഇക്കാര്യം ആവശ്യപ്പെടുകയില്ലായിരുന്നല്ലോ.

ഒരു മനുഷ്യന് എപ്രകാരമാണ് ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും സന്തോഷചിത്തനാകുവാന്‍ സാധിക്കുന്നത്? സങ്കീര്‍ത്തകന്‍ ഇക്കാര്യത്തില്‍ ഒരു ഉള്‍ക്കാഴ്ച നല്കുന്നുണ്ട്. നിങ്ങളുടെ ശ്രദ്ധയെ പതിനാറാം സങ്കീര്‍ത്തനത്തിലേക്ക് ക്ഷണിക്കട്ടെ. അവിടെ ഹൃദയത്തില്‍ സ്ഥായിയായ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും അനുഭവമുള്ള ഒരു വ്യക്തിയെ നാം കണ്ടുമുട്ടുന്നു. ”അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു” (സങ്കീര്‍ത്തനങ്ങള്‍ 16/9). ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ സന്തോഷം ശരീരത്തെയും സ്വാധീനിക്കുന്നു എന്നതാണ്. എന്നുവച്ചാല്‍ ശരീരത്തിന് അസ്വസ്ഥതകളില്‍നിന്ന് മോചനമുള്ള ഒരു അവസ്ഥ. സങ്കീര്‍ത്തകന്‍ അത് ഇങ്ങനെയാണ് വിവരിക്കുന്നത്. ”എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 16/9).

എങ്ങനെയാണ് ശരീരത്തിനും മനസിനും സന്തോഷമുള്ള ഒരു അവസ്ഥയിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്. ഒറ്റനോട്ടത്തില്‍ ലളിതമെന്ന് തോന്നുന്ന ഒരു ഉത്തരമാണ് അദ്ദേഹം നല്കുന്നത്. ”കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുമ്പിലുണ്ട്. അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാന്‍ കുലുങ്ങുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 16/8). രണ്ട് കാര്യങ്ങളാണ് ഇവിടെയുള്ളത്, ഒന്ന്: കര്‍ത്താവിനെ എപ്പോഴും കണ്ടുകൊണ്ടിരിക്കുക. രണ്ട്: വിപരീതാവസരങ്ങളില്‍പ്പോലും കൂടെയുള്ള, അതും വലതുഭാഗത്ത് നില്ക്കുന്ന ദൈവത്തെ കാണുക. അപ്പോള്‍ നമ്മുടെ മനസ് ഒരിക്കലും നിരാശയുടെ ഗര്‍ത്തത്തില്‍ പതിക്കുകയില്ല, പ്രഭാതസൂര്യനെപ്പോലെ പ്രകാശിച്ചുകൊണ്ടേയിരിക്കും. കര്‍ത്താവിനെ കാണുമ്പോഴാണ് യഥാര്‍ത്ഥ സന്തോഷം ലഭിക്കുന്നതെന്ന് സുവിശേഷം വെളിപ്പെടുത്തുന്നു. ”എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തുകളയുകയുമില്ല” (യോഹന്നാന്‍ 16/22).

എപ്പോഴും കര്‍ത്താവിനെ കണ്ടുകൊണ്ടിരിക്കുക എന്നത് നാം വിചാരിക്കുന്ന അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. അത് നേടിയെടുക്കുവാന്‍ നമ്മുടെ ഭാഗത്തുനിന്ന് കഠിനമായ ഒരു പരിശ്രമം ആവശ്യമത്രേ. കാരണം ദൈവത്തെ കാണുവാന്‍ കഴിയുന്നത് വിശുദ്ധിയുള്ളവര്‍ക്കാണ്. ഈശോതന്നെ ഇക്കാര്യം മലയിലെ പ്രസംഗമധ്യേ വെളിപ്പെടുത്തിയത് ഓര്‍ക്കുക. ”ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും” (മത്തായി 5/8). ആന്തരിക വിശുദ്ധിക്കായി നിരന്തരം ദാഹിക്കുകയും പാപവഴികളെയും സാഹചര്യങ്ങളെപ്പോലും വെറുത്തുപേക്ഷിക്കുകയും ചെയ്യുക എന്നത് ഇവിടെ പരമപ്രധാനമാണ്. അശുദ്ധിയുടെ കറ വീഴാന്‍ ഇടയാകുമ്പോഴെല്ലാം അനുതാപത്തിന്റെ കണ്ണീരിനാല്‍ അതിനെ കഴുകുവാന്‍ തയാറാകുമ്പോള്‍ ഹൃദയമാകുന്ന കണ്ണാടി ദൈവത്തിന്റെ തിരുമുഖം പ്രതിഫലിക്കുന്ന വിധത്തില്‍ വൃത്തിയും വെടിപ്പുമുള്ളതായിരിക്കും. നിരന്തരമായ ജാഗ്രതയും ദൈവത്തിന്റെ കരുണയില്‍ ആശ്രയിച്ചുള്ള ഒരു പ്രാര്‍ത്ഥനാജീവിതവുമാണ് ഒരു മനുഷ്യനെ ഇങ്ങനെയൊരു ജീവിതചര്യക്കായി ഒരുക്കുന്നത്.

മനസിന്റെ സമതുലിതാവസ്ഥയെ തെറ്റിക്കുന്ന ഒന്നാണ് ഉല്‍ക്കണ്ഠകള്‍. ജീവിതഭാരങ്ങള്‍ മനസിനെ ഞെരുക്കുവാന്‍ തുടങ്ങുമ്പോള്‍ കണ്ണാടിയില്‍ വിള്ളലുണ്ടാകും. ദൈവത്തിന്റെ മുഖം അവിടെ പ്രതിഫലിക്കുന്നുണ്ടെങ്കിലും അത് പൂര്‍ണമായിരിക്കുകയില്ല. ഇവിടെയാണ് നിലപാട് ശ്രദ്ധേയമാകുന്നത്. ”അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാന്‍ കുലുങ്ങുകയില്ല.” എന്താണ് വലതുഭാഗത്തിന്റെ പ്രത്യേകത? അത് അധ്വാനത്തിന്റെ, വിജയത്തിന്റെ ഭാഗമാണ്. ഞാന്‍ പരാജയത്തിന്റെ വശത്താണ് എന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പോകുമ്പോഴും പതറിപ്പോകേണ്ട ആവശ്യമില്ല. കാരണം എനിക്കുവേണ്ടി പട പൊരുതുവാന്‍, എനിക്ക് ആത്യന്തിക വിജയം നേടിത്തരുവാന്‍ എന്റെ ദൈവം എന്റെ വലത്തുവശത്തുതന്നെയുണ്ട്. ഈ ചിന്ത പ്രതികൂലങ്ങളെ സമചിത്തതയോടെ തരണം ചെയ്യുവാന്‍ നിശ്ചയമായും സഹായിക്കും. നമ്മുടെ എല്ലാ കാര്യത്തിലും – വലുതും ചെറുതുമായ എല്ലാത്തിലും – ശ്രദ്ധാലുവായ ഒരു ദൈവത്തിലാണ് നമ്മുടെ പ്രത്യാശ. വിശുദ്ധ പത്രോസ് ശ്ലീഹാ ഇങ്ങനെയാണ് അത് വ്യാഖ്യാനിക്കുന്നത്. ”നിങ്ങളുടെ ഉത്ക്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുവിന്‍. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്”(1 പത്രോസ് 5/6).

നമ്മള്‍ പ്രതീക്ഷിക്കാത്ത ദുഃഖാനുഭവങ്ങള്‍ ദൈവസ്‌നേഹത്തെ സംശയിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കും. ‘എന്തുകൊണ്ട്’ എന്ന ചോദ്യം നമ്മുടെ മനസിനെ വേട്ടയാടുവാന്‍ തുടങ്ങിയാല്‍ അതിന്റെ സമതുലിതാവസ്ഥയ്ക്ക് കോട്ടം വരും. ഈ അവസ്ഥയ്ക്ക് പരിഹാരവും സഹായവുമായി വീണ്ടും ദൈവത്തിന്റെ തിരുവചനം നമ്മെ തേടിയെത്തുന്നു. വിശുദ്ധ പൗലോസ് ശ്ലീഹാ ഇപ്രകാരം എഴുതുന്നു: ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ” (റോമാ 8/28). ഒരു കൊച്ചുകുട്ടിയെപ്പോലെ അന്ധമായി വിശ്വസിക്കുന്നവര്‍ക്ക് ദൈവസാന്നിധ്യം ഒരിക്കലും നഷ്ടമാകുകയില്ല, മാത്രവുമല്ല അത് അവരെ പൊതിഞ്ഞുപിടിക്കുന്ന ഒരു പ്രകാശവലയം ആയിരിക്കുകയും ചെയ്യും. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം:

കാരുണ്യവാനായ കര്‍ത്താവേ, അങ്ങയുടെ മക്കള്‍ നിരന്തരം സന്തോഷത്തില്‍ ജീവിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുണ്ടല്ലോ. ആ കൃപ ഞങ്ങള്‍ക്ക് എന്നും നല്കിയാലും. സാഹചര്യങ്ങള്‍ മാറിയാലും മാറ്റമില്ലാത്ത ദൈവമേ, സാഹചര്യങ്ങളിലേക്ക് നോക്കാതെ എപ്പോഴും അങ്ങയുടെ
പ്രകാശപൂര്‍ണമായ മുഖത്തേക്ക് മാത്രം നോക്കി ജീവിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ.
പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ഈ കൃപയില്‍ ജീവിക്കുവാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ ആമ്മേന്‍.

കെ.ജെ. മാത്യു