ഗോവയില്‍നിന്ന് ഗാലക്‌സികളിലേക്ക് – Shalom Times Shalom Times |
Welcome to Shalom Times

ഗോവയില്‍നിന്ന് ഗാലക്‌സികളിലേക്ക്

എപ്പോഴും കൗതുകം നിറഞ്ഞ മനസുള്ളവനായിരുന്നു റിച്ചാര്‍ഡ്. ഒരു ശാസ്ത്രജ്ഞനാകുക എന്നതായിരുന്നു അവന്‍ ഉള്ളില്‍ കൊണ്ടുനടന്ന സ്വപ്നം. രണ്ട് ആണ്‍കുട്ടികളുള്ള ഒരു സാധാരണ ഗോവന്‍ ക്രൈസ്തവകുടുംബത്തിലെ രണ്ടാമത്തെ കുട്ടി. മാതാപിതാക്കള്‍ ജോലി ചെയ്തിരുന്നത് കുവൈറ്റിലായതിനാല്‍ കുടുംബമൊന്നിച്ച് കുവൈറ്റിലായിരുന്നു ബാല്യകാലം. എന്നാല്‍ ഒന്നാം ഗള്‍ഫ് യുദ്ധത്തിന് ശേഷം ജീവിതമാകെ മാറി. അവര്‍ അഭയാര്‍ത്ഥികളായി മടങ്ങി ഗോവയില്‍ സ്ഥിരതാമസമാക്കി. അന്ന് റിച്ചാര്‍ഡിന് പന്ത്രണ്ട് വയസ്. ഗോവയില്‍, ദൈവാശ്രയബോധത്തോടെ ആ കുടുംബം ജീവിതം തുടര്‍ന്നു.
ഗോവയിലെ മപുസയിലുള്ള സെന്റ് ബ്രിട്ടോ ഹൈസ്‌കൂളിലായിരുന്നു എട്ടാം ക്ലാസ്മുതല്‍ പത്താം ക്ലാസ് വരെയുള്ള പഠനം. അവിടെവച്ചാണ് അവന്‍ ഈശോസഭാ വൈദികരെ പരിചയപ്പെടുന്നത്. അവരുടെ ജീവിതരീതിയില്‍ ഞാന്‍ ആകൃഷ്ടനായി. അതേസമയം ശാസ്ത്രകൗതുകങ്ങള്‍ അവന്റെ മനസില്‍ എന്നും നിറഞ്ഞുനിന്നു. അല്പനാളുകള്‍ കൂടി കടന്നുപോയി. റിച്ചാര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി.
അവന്റെ വലിയൊരാഗ്രഹം മാതാപിതാക്കളോട് അവന്‍ തുറന്നുപറഞ്ഞു. പക്ഷേ അത് ശാസ്ത്രജ്ഞനാകണമെന്നായിരുന്നില്ല, തികച്ചും വ്യത്യസ്തമായ മറ്റൊരു ആഗ്രഹം, ‘ഒരു വൈദികനാകണം!’ പ്രപഞ്ചത്തെ വിസ്മയത്തോടെ കാണുന്ന ആ യുവമനസില്‍ ദൈവം പാകിയ ദൈവികമായ ആഗ്രഹത്തിന്റെ വിത്ത് ശക്തിയോടെ മുളപൊട്ടുകയായിരുന്നു. ആ ആഗ്രഹത്തിന് മാതാപിതാക്കളുടെ സമ്മതം ലഭിച്ചതോടെ 1996-ല്‍ വൈദിക പരിശീലനത്തിനായി ജസ്യൂട്ട് സഭയുടെ കര്‍ണാടകയിലെ ബെല്‍ഗാമിലുള്ള നോവിഷ്യേറ്റില്‍ ചേര്‍ന്നു.
പക്ഷേ മുന്നോട്ടുള്ള യാത്ര സുഗമമായിരുന്നില്ല. ഏറ്റവും നിര്‍ണായകമായ പ്രതിസന്ധിയാണ് നാളുകള്‍ക്കകം മുന്നില്‍ വന്നത്. ഏക സഹോദരന് സെറിബ്രല്‍ മലേറിയ ബാധിച്ചു. അല്പനാളുകള്‍ക്കുള്ളില്‍ സഹോദരന്‍ മരിച്ചു. ഇനി അവശേഷിക്കുന്നത് വൈദികാര്‍ത്ഥിയായ റിച്ചാര്‍ഡ്മാത്രം. സ്വാഭാവികമായും റിച്ചാര്‍ഡിന്റെ മാതാപിതാക്കള്‍, അവശേഷിക്കുന്ന മകനെങ്കിലും തങ്ങള്‍ക്കൊപ്പം വേണമെന്ന് ആഗ്രഹിച്ചു. സെമിനാരിയില്‍നിന്ന് തിരികെ വരാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു. പക്ഷേ റിച്ചാര്‍ഡിന് അത് ചിന്തിക്കാനാവില്ലായിരുന്നു, ”എനിക്ക് ഒരു വൈദികനാകണം,” അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. വിശുദ്ധ പൗലോസ് ചോദിക്കുന്നതുപോലെ, ”ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?” (റോമാ 8/35). ഒടുവില്‍ മാതാപിതാക്കള്‍ മകനെ തന്റെ ദൈവവിളിയുടെ യാത്ര തുടരാന്‍ അനുവദിച്ചു. തന്റെ സഹോദരനഷ്ടം റിച്ചാര്‍ഡിനെ വിശ്വാസത്തിലും കര്‍ത്താവിനെ അനുഗമിക്കാനുള്ള ആഗ്രഹത്തിലും കൂടുതല്‍ ശക്തനാക്കുകയാണ് ചെയ്തത്.
പൗരോഹിത്യപരിശീലനത്തിന്റെ ഭാഗമായുള്ള ഫിലോസഫി പഠനത്തിന് മുമ്പുതന്നെ അധികാരികള്‍ റിച്ചാര്‍ഡിനെ ജര്‍മ്മനിയിലെ ഹൈഡല്‍ബര്‍ഗ് സര്‍വകലാശാലയിലേക്ക് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിനായി അയച്ചു. ദൈവത്തിന്റെ വിളി എത്രമാത്രം മഹത്തരമാണെന്ന് തെളിയിക്കുന്ന ഒരു തീരുമാനംകൂടിയായിരുന്നു അത്. തന്റെ പുരോഹിതനാകാന്‍ സ്വമനസാ തീരുമാനമെടുത്ത റിച്ചാര്‍ഡിന്റെ സ്വപ്‌നം അവിടുന്ന്തന്നെ ഏറ്റെടുക്കുകയായിരുന്നുവെന്ന് പറയാം. അദ്ദേഹം ആഗ്രഹിച്ചതുപോലെതന്നെ പ്രപഞ്ചത്തിന്റെ രഹസ്യങ്ങള്‍ തേടുന്ന ശാസ്ത്രജ്ഞന്‍ എന്ന സവിശേഷദൗത്യത്തിലേക്ക് റിച്ചാര്‍ഡ് അതിലൂടെ നയിക്കപ്പെടുകയായിരുന്നു. കാരണം ആ പഠനകാലത്ത് ഒരു ജ്യോതിശാസ്ത്രജ്ഞനെന്ന നിലയില്‍ സ്റ്റാഫ് അംഗമായി വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററി അദ്ദേഹത്തെ ക്ഷണിച്ചു. അങ്ങനെ ഒരേസമയം ശാസ്ത്രജ്ഞനും അതോടൊപ്പം വൈദികനുമാകാനുള്ള അസുലഭ അവസരം അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. ദൈവത്തിനുവേണ്ടി സ്വപ്നം കണ്ടവരെ അവിടുന്ന് ഉയര്‍ത്തുകതന്നെ ചെയ്യുമല്ലോ.
അല്പനാളുകള്‍ക്കകം ആ മഹനീയദിവസം വന്നെത്തി, 2011 ഡിസംബര്‍ 28. ഗോവ പ്രൊവിന്‍സിലെ ജെസ്യൂട്ട് പുരോഹിതനായി അദ്ദേഹം അഭിഷിക്തനാകുന്ന ദിവസം. അതൊരു സ്വര്‍ഗീയ സന്തോഷത്തിന്റെ ദിവസമായിരുന്നെന്നാണ് അമ്മ മേരി ഡിസൂസ പറയുന്നത്. ”ഞങ്ങളുടെ ആദ്യത്തെ മകന്‍ ദൈവത്തിങ്കലേക്ക് പോയി, റിച്ചാര്‍ഡ് ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു, പക്ഷേ പൗരോഹിത്യത്തിലേക്കുള്ള വിളിയില്‍ അവന്‍ ഉറച്ചുനിന്നു. ഇന്ന് സഭയ്ക്കും ലോകത്തിനും വേണ്ടി അവന്‍ വലിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്,” ഇതാണ് ആ അമ്മയുടെ വാക്കുകള്‍.
വൈദികനായി അഭിഷിക്തനായ ശേഷം, ജര്‍മ്മനിയിലെ മ്യൂണിക്കിലുള്ള മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജ്യോതിശാസ്ത്രത്തില്‍ പഠനം തുടരുകയും അവിടെനിന്നുതന്നെ ജ്യോതിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. പിന്നീട് അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം തുടര്‍ന്നു.
2018ല്‍, എറിക് ബെല്ലിനൊപ്പം, ങ32 എന്ന് വിളിക്കപ്പെടുന്ന ഒരു ചെറിയ ഗാലക്‌സിയുടെ സാന്നിധ്യം തെളിയിക്കാന്‍ ഈ വൈദികശാസ്ത്രജ്ഞന് കഴിഞ്ഞു. നമ്മുടെ ഭൂമി ഉള്‍പ്പെടുന്ന ഗാലക്‌സിയായ ‘ആകാശഗംഗ’ക്ക് ഏറ്റവും സമീപഗാലക്‌സി ‘ആന്‍ഡ്രോമിഡ’ ആകാശഗംഗയുടെ പകുതി വലിപ്പമുള്ള മറ്റൊരു ഗാലക്‌സിയെ ലയിപ്പിച്ചു. അതിന്റെ അവശിഷ്ടമായിരുന്നു ങ32. ഏതാണ്ട് പൂര്‍ണ്ണമായും നശിച്ചുപോയ യഥാര്‍ത്ഥ ഗാലക്‌സിക്ക് ശാസ്ത്രസംഘം M32. എന്ന് പേരിട്ടു. ഇത് ശാസ്ത്രലോകത്ത് വളരെ ശ്രദ്ധേയമായ ചലനമാണ് സൃഷ്ടിച്ചത്.
ജ്യോതിശാസ്ത്രത്തില്‍ മുഴുവന്‍ സമയ ഗവേഷണമാണെങ്കിലും, ഫാ. റിച്ചാര്‍ഡ് പലപ്പോഴും പ്രാദേശിക ഇറ്റാലിയന്‍ ഇടവകകളില്‍ ഞായറാഴ്ചകളില്‍ സഹായിക്കുകയും അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം ജൂലൈ മുതല്‍, വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയോട് അനുബന്ധിച്ചുള്ള ഈശോസഭാ സമൂഹത്തിന്റെ സുപ്പീരിയര്‍ കൂടിയാണ് ഫാ. റിച്ചാര്‍ഡ് ഡിസൂസ എസ്.ജെ.
”പൗരോഹിത്യത്തിലേക്കും ശാസ്ത്രത്തിലേക്കുമുള്ള വിളികള്‍ പരസ്പരം കൈകോര്‍ക്കുന്നു. കാരണം, ജ്യോതിശാസ്ത്രം പഠിക്കാനും ശാസ്ത്രജ്ഞനാകാനും ഒബ്‌സര്‍വേറ്ററിയില്‍ ഈശോസഭാ വൈദികനായി ജോലി ചെയ്യാനും എന്റെ മേലുദ്യോഗസ്ഥര്‍ എന്നോട് വ്യക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയില്‍ പ്രവര്‍ത്തിക്കുന്നത് സഭയുടെ ദൗത്യത്തിന്റെ ഭാഗമാണ്. ഒരു കത്തോലിക്കന്‍ എന്ന നിലയില്‍, ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ഞാന്‍ പ്രപഞ്ചത്തെ എത്രയധികം കണ്ടെത്തുന്നുവോ അത്രയധികം ഞാന്‍ അതിന്റെ സ്രഷ്ടാവിനെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു.” ഇതാണ് ഫാ. റിച്ചാര്‍ഡ് എന്ന ശാസ്ത്രജ്ഞന്റെ വാക്കുകള്‍. അതെ, ”ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു” (സങ്കീര്‍ത്തനങ്ങള്‍ 19/1).
കര്‍ശനമായ ജ്യോതിശാസ്ത്ര ഗവേഷണത്തിനുപുറമെ, ശാസ്ത്രത്തിനും മതത്തിനും ഒരുമിച്ചു പോകാന്‍ കഴിയുമെന്ന് ലോകത്തോടും സഭയോടും വിശദീകരിക്കുന്ന പൊതുപ്രസംഗങ്ങളില്‍ പങ്കെടുക്കുക എന്നതും അദ്ദേഹത്തിന്റെ കര്‍ത്തവ്യത്തിന്റെ ഭാഗമാണ്. സഭയ്ക്ക് കത്തോലിക്കാ ശാസ്ത്രജ്ഞരുടെ സമ്പന്നമായ പാരമ്പര്യമുണ്ടെന്നും ശാസ്ത്രവും വിശ്വാസവും യോജിച്ചതാണെന്നും പ്രഖ്യാപിക്കുകയാണ് ഫാ. റിച്ചാര്‍ഡിന്റെ ജീവിതം. ദൈവവിളി എത്രയോ ശ്രേഷ്ഠമെന്ന് വിളിച്ചോതുന്ന ഇപ്രകാരമുള്ള ജീവിതങ്ങളെയോര്‍ത്ത് കര്‍ത്താവിന് നന്ദി പറയാം.
നല്ല ദൈവമേ, അനേകം വിശുദ്ധവൈദികരെ സഭയ്ക്കും ദൈവജനത്തിനും അനുഗ്രഹമായി അങ്ങ് ഉയര്‍ത്തണമേ.

സിസ്റ്റര്‍ സോണിയ ചാക്കോ ഡി.സി