തിന്മ നമ്മില്‍ പ്രവേശനം നേടുന്നത് പ്രേരണയിലൂടെയാണ്, ബലമുപയോഗിച്ചല്ല. ദൈവകൃപയും ഇതുതന്നെയാണ് ചെയ്യുന്നത്. അതിനാല്‍ നമ്മുടെ സ്വാതന്ത്ര്യവും സ്വതന്ത്രമായ ഇച്ഛയും സംരക്ഷിക്കപ്പെടുന്നു. പിശാചിന് വിധേയനായിരിക്കുന്ന ഒരുവന്‍ പാപം ചെയ്യുകയാണെങ്കില്‍ ശിക്ഷയനുഭവിക്കേണ്ടതും അയാള്‍തന്നെയാണ്; പിശാചല്ല. എന്തെന്നാല്‍ പിശാച് ബലം പ്രയോഗിച്ച് അയാളെക്കൊണ്ട് പാപം ചെയ്യിക്കുകയല്ല, സ്വന്തം ഇഷ്ടമനുസരിച്ചാണ് അയാള്‍ പാപം ചെയ്യുന്നത്.
ഒരു നല്ല പ്രവൃത്തിയുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുന്നു. ദൈവകൃപ നല്ല പ്രവൃത്തികള്‍ തന്റേതെന്ന് അവകാശപ്പെടുന്നില്ല.അതില്‍ അഭിമാനിക്കാനുള്ള അവകാശം മനുഷ്യന് നല്കുന്നു; എന്തെന്നാല്‍ അവന് വന്നുഭവിക്കുന്ന നന്മയ്ക്ക് നിദാനം അവന്‍തന്നെയാണ്. ദൈവകൃപ ഒരുവന്റെമേല്‍ ബലം പ്രയോഗിച്ച് അവനെ പാപം ചെയ്യാന്‍ കഴിവില്ലാത്തവനാക്കുന്നില്ല. പകരം ഒരുവന് നന്മയിലേക്കാണോ തിന്മയിലേക്കാണോ ചായ്‌വുള്ളതെന്ന് വ്യക്തമാക്കാന്‍വേണ്ടി തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമനുവദിക്കുകയാണ് ചെയ്യുന്നത്. തിരഞ്ഞെടുപ്പിനുള്ള ഈ സ്വാതന്ത്ര്യമാണ് അയാളെ തിന്മയിലേക്കും നന്മയിലേക്കും നയിക്കുന്നത്.
തന്റെ ആത്മാവ് അശുദ്ധവും അപായകരവുമായ ചിന്തകളിലേക്ക് തിരിയാതെ ഒരുവന്‍ അതിനെ സംരക്ഷിക്കണം. തിന്മ, ദുഷിച്ച ചിന്തകള്‍ എന്നിവയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതുമൂലവും അവയ്ക്ക് അനുമതി നല്കുന്നതുമൂലവും ആത്മാവും അശുദ്ധമായിത്തീരുന്നു. വക്രബുദ്ധിയുടെയും ചാരിത്ര്യമില്ലായ്മയുടെയും ചിന്തകള്‍മാത്രമല്ല, അവിശ്വാസം, കാപട്യം, ആത്മപ്രശംസ, കോപം, അസൂയ, മാത്സര്യം തുടങ്ങി എല്ലാത്തരത്തിലുമുള്ള ദുഷ്ടചിന്തകളും ആത്മാവിനെ സ്വാധീനിക്കുന്നു. ”ശരീരത്തിന്റെയും ആത്മാവിന്റെയും എല്ലാ അശുദ്ധിയിലുംനിന്ന് നമ്മെത്തന്നെ ശുദ്ധീകരിക്കുകയും ദൈവഭയത്തില്‍ വിശുദ്ധി പരിപൂര്‍ണമാക്കുകയും ചെയ്യാം” (2 കോറിന്തോസ് 7/1) എന്ന വചനത്തിന്റെ അര്‍ത്ഥം ഇതുതന്നെയാണ്.
ഓരോരുത്തരും സ്വന്തം ആത്മാവിനെ പരിശോധിക്കുകയും എന്തിനോടാണ് അത് മമത പുലര്‍ത്തുന്നതെന്ന് കണ്ടെത്തുകയും വേണം. തന്റെ ഹൃദയം ദൈവനിയമം അനുസരിക്കുന്നില്ലെന്ന് മനസിലായാല്‍ സര്‍വശക്തിയുമുപയോഗിച്ച് ശരീരത്തെമാത്രമല്ല മനസിനെയും തിന്മയില്‍നിന്നും ദുഷ്ടചിന്തകളില്‍നിന്നും സംരക്ഷിക്കണം. കാരണം, ”നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍ ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും” (2 കോറിന്തോസ് 6/16).
ഈജിപ്തിലെ വിശുദ്ധ മക്കാറിയോസ്