ലാബില്‍ കാത്തിരുന്ന സൗഖ്യം – Shalom Times Shalom Times |
Welcome to Shalom Times

ലാബില്‍ കാത്തിരുന്ന സൗഖ്യം


കൃഷി ചെയ്ത് ജീവിക്കുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്. 2020 ഓഗസ്റ്റ് മാസം പറമ്പില്‍ പണി ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ നടുവിന് ഒരു വല്ലാത്ത വേദന. വേദനസംഹാരി ഗുളികകള്‍ എത്ര കഴിച്ചിട്ടും വേദന മാറിയില്ല. ഒരാഴ്ച കഴിഞ്ഞ് ഡോക്ടറെ പോയി കണ്ടു. എക്‌സ്-റേ എടുത്തതിന്റെ റിസല്‍റ്റ് പരിശോധിച്ചിട്ട് അദ്ദേഹം പറഞ്ഞത് ഡിസ്‌കിന് തേയ്മാനമാണെന്നാണ്. ഒരാഴ്ചത്തേക്ക് വളരെ വിലകൂടിയ ഗുളികകള്‍ തന്നു. പക്ഷേ ഒട്ടും വേദന കുറഞ്ഞില്ല. വീണ്ടും ഗുളികകള്‍ തന്നു. പക്ഷേ കുറഞ്ഞില്ലെന്ന് മാത്രമല്ല, വേദന രണ്ട് കാലുകളിലേക്കും വ്യാപിച്ചു. ഇരിക്കാനോ നില്‍ക്കാനോ നടക്കാനോ വയ്യാത്ത അവസ്ഥ. വീണ്ടും ഡോക്ടറെ കണ്ടപ്പോള്‍ എം.ആര്‍.ഐ സ്‌കാനിന് എഴുതിത്തന്നു. റിസല്‍റ്റുമായി ചെന്നപ്പോള്‍ വേദന പതുക്കെ കുറയുമെന്ന് പറഞ്ഞ് മരുന്ന് കഴിക്കാന്‍ നിര്‍ദേശിച്ചു.
അപ്പോഴേക്കും ഗുളിക കഴിച്ചുകഴിച്ച് വയര്‍ വല്ലാതെ അസ്വസ്ഥമാകാന്‍ തുടങ്ങി. കൂടാതെ തലകറക്കം, ഛര്‍ദി, ഗ്യാസ്ട്രബിള്‍ എല്ലാം കൂടി വന്നു. വയറിന്റെ അസ്വസ്ഥത വല്ലാതെ കൂടിവന്നു. കാല്‍വേദന കുറഞ്ഞതുമില്ല. ഒടുവില്‍ വീണ്ടും ഒരു ഡോക്ടറെ കാണാന്‍ പോയി. അദ്ദേഹം കാല്‍സ്യം ചെക്ക് ചെയ്യാന്‍ നിര്‍ദേശിച്ചു. അതിനായി ലാബില്‍ പോയപ്പോള്‍ അല്പം താമസം ഉണ്ടായിരുന്നു. അങ്ങനെ അവിടെ കാത്തിരിക്കുന്ന നേരത്ത് ഒരു ശാലോം ടൈംസ് മാസിക കണ്ടു. വെറുതെ മറിച്ച് നോക്കിയപ്പോള്‍ രോഗസൗഖ്യം ലഭിച്ച പലരുടെയും സാക്ഷ്യങ്ങള്‍. ഞാന്‍ അവിടെയിരുന്ന് ഈശോയോട് പറഞ്ഞു, ”എന്റെ ഈശോയേ, കാലിന്റെ വേദന മാറിയില്ലേലും വേണ്ടില്ല. എന്റെ വയറ്റിലെ പ്രശ്‌നം മാറ്റിത്തന്നാല്‍ ഞാന്‍ ഇതുപോലെ സാക്ഷ്യപ്പെടുത്താം.” ഏതാണ്ട് അഞ്ച് മിനിറ്റിനകം എന്റെ വയറ്റിലെ വിഷമം മാറുന്നതായി അനുഭവപ്പെട്ടു. കുറച്ചുസമയംകൂടി കഴിഞ്ഞപ്പോള്‍ അത് പൂര്‍ണമായി മാറി. കാലിന്റെ വേദനയും പതിയെ മാറാന്‍ തുടങ്ങി. ഇപ്പോള്‍ നല്ലതുപോലെ മാറി. എല്ലാ പണിയും ചെയ്യാന്‍ എനിക്കിപ്പോള്‍ സാധിക്കുന്നുണ്ട്. കാരുണ്യവാനായ ദൈവത്തിന് ആയിരമായിരം നന്ദി.

റോസമ്മ ബാബു, വെള്ളയ്ക്കാക്കുടിയില്‍, മാങ്കുളം, ഇടുക്കി