കൂടുതല്‍ പ്രതിഫലം നല്കുന്ന ടിപ്‌സ് – Shalom Times Shalom Times |
Welcome to Shalom Times

കൂടുതല്‍ പ്രതിഫലം നല്കുന്ന ടിപ്‌സ്

എത്രയോ നാളുകള്‍ക്കുശേഷം പ്രിയകൂട്ടുകാരന്‍ ജോബി വിളിക്കുന്നു! ആ ഫോണ്‍കോള്‍ ഏറെ സന്തോഷത്തോടെയാണ് സന്തോഷ് എടുത്തത്. പക്ഷേ ആ സന്തോഷം പതിയെ മങ്ങി. ജോബിയുടെ സംസാരം വളരെ തളര്‍ന്ന മട്ടിലാണ്, ഏതോ വലിയ വിഷാദത്തിലകപ്പെട്ടിരിക്കുകയാണ് അവന്‍. മുമ്പ് ഏറെ ഊര്‍ജസ്വലനും ശുഭാപ്തിവിശ്വാസിയുമായിരുന്ന സ്‌നേഹിതന്റെ മാറ്റം സന്തോഷിനെ വളരെ വേദനിപ്പിച്ചു. അവനെ ആ വിഷാദാവസ്ഥയില്‍നിന്നും എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കണമെന്ന ചിന്തയായിരുന്നു പിന്നെ. അതിനായി സന്തോഷ് കഠിനപരിശ്രമമാണ് നടത്തിയത്.

പലപ്പോഴും കുടുംബാംഗങ്ങള്‍ക്കൊപ്പം ആയിരിക്കുന്ന സമയംപോലും ജോബിയോട് സംസാരിക്കാനായി നീക്കിവച്ചു. എന്തായാലും അദ്ധ്വാനം ഫലം കണ്ടുതുടങ്ങി, അല്പനാളുകള്‍ക്കകം ജോബി വിഷാദത്തില്‍നിന്ന് കരകയറി. അതോടെ അവനുവേണ്ടി സമയം ചെലവഴിക്കേണ്ട ആവശ്യവുമില്ലാതായി. എങ്കിലും ഇരുസുഹൃത്തുക്കളും വല്ലപ്പോഴും വിളിക്കുകയും ബന്ധം പുതുക്കുകയും ചെയ്യുമായിരുന്നു.

അങ്ങനെയിരിക്കേയാണ് സന്തോഷിന് വീടുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ രേഖ അനിവാര്യമായി വന്നത്. അത് ലഭിക്കാന്‍ വളരെയേറെ തടസങ്ങള്‍ ഉണ്ടായിരുന്നു. സര്‍ക്കാരോഫീസുകള്‍ കയറിയിറങ്ങുന്നതിനിടെ ജോബിയുടെ ഫോണ്‍കോള്‍ വന്നു. സംസാരമധ്യേ സ്വാഭാവികമായി തന്റെ അപ്പോഴത്തെ പ്രശ്‌നവും സന്തോഷ് സുഹൃത്തിനോടു പറഞ്ഞു. പ്രസ്തുത സര്‍ക്കാര്‍രേഖ ലഭിക്കുക ഒട്ടും എളുപ്പമല്ലാതിരുന്നിട്ടും, ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ ജോബി തന്റെ സ്വാധീനവും അനുഭവസമ്പത്തും ഉപയോഗിച്ച് ആ രേഖ ദിവസങ്ങള്‍ക്കകം ശരിയാക്കി.
സുഹൃത്ത് വഴിയാണ് രേഖ ലഭിച്ചതെന്ന് സന്തോഷ് കുടുംബാംഗങ്ങളുമായി പങ്കുവച്ചപ്പോള്‍ അവര്‍ക്കും അത്ഭുതം. ഇങ്ങനെയായിരുന്നെങ്കില്‍ ആ സുഹൃത്തിനുവേണ്ടി അല്പംകൂടി സമയം ചെലവഴിക്കാമായിരുന്നു എന്ന അഭിപ്രായമായിരുന്നു അപ്പോഴവര്‍ക്ക്.

മേല്‍പ്പറഞ്ഞതുപോലെ ഏതെങ്കിലും പരോപകാരത്തിന് പ്രതീക്ഷിക്കാത്തവിധത്തില്‍ പ്രതിഫലം ലഭിച്ച അനുഭവങ്ങള്‍ നമുക്കുമുണ്ടാകാം. അപ്പോള്‍ തീര്‍ച്ചയായും നാം ചിന്തിക്കും, ‘ഇങ്ങനെയായിരുന്നെങ്കില്‍ കുറച്ചുകൂടി സഹായം ചെയ്യാമായിരുന്നു’ എന്ന്. ഇതുതന്നെയാണ് സ്വര്‍ഗത്തിലും സംഭവിക്കുക. ദൈവസ്‌നേഹത്തെപ്രതി നാം ചെയ്ത ചെറുതും വലുതുമായ സര്‍വ നന്മകള്‍ക്കും വലിയ പ്രതിഫലം നമുക്ക് ലഭിക്കും.
അത് വേദനിക്കുന്ന ഒരാളോട് ആശ്വാസവാക്ക് പറഞ്ഞതാകാം, പാവപ്പെട്ടവര്‍ക്ക് പണം നല്കിയതാവാം, ദൈവശുശ്രൂഷക്കായി സമയമോ സമ്പത്തോ പങ്കുവച്ചതാവാം, പ്രാര്‍ത്ഥിച്ചതാവാം, അടുക്കളയില്‍ ജോലിചെയ്തതാവാം, എന്തിനധികം മറ്റൊരാള്‍ക്ക് പ്രത്യാശ പകരുന്ന ഒരു പുഞ്ചിരി സമ്മാനിച്ചതുപോലും ദൈവസന്നിധിയില്‍ പ്രതിഫലം നല്കപ്പെടുന്ന നന്മകളാണ്. ജ്ഞാനം 5/15,16 വചനങ്ങള്‍ പറയുന്നു, ”നീതിമാന്‍ എന്നേക്കും ജീവിക്കും. അവരുടെ പ്രതിഫലം കര്‍ത്താവിന്റെ പക്കലുണ്ട്. അതുകൊണ്ട് മഹത്തരവും സുന്ദരവുമായ കിരീടം അവര്‍ക്ക് കര്‍ത്താവില്‍നിന്ന് ലഭിക്കും.”

ചിലപ്പോള്‍ നാം ചെയ്തതൊന്നും മറ്റാരും കണ്ടിട്ടുണ്ടാവുകയില്ല. മറ്റുചിലപ്പോഴാകട്ടെ നമ്മില്‍നിന്ന് നന്മ സ്വീകരിച്ചവര്‍പോലും നമ്മെ അവഗണിച്ചിട്ടുണ്ടാകും. പക്ഷേ ഒരു നന്മയും ദൈവസന്നിധിയില്‍ പരിഗണിക്കപ്പെടാതെപോവുകയില്ല. അതിനാല്‍ സര്‍വകാര്യങ്ങളും ദൈവസ്‌നേഹത്തെപ്രതി നമുക്ക് ചെയ്യാം. ”നന്മ ചെയ്യുന്നതില്‍ നമുക്ക് മടുപ്പ് തോന്നാതിരിക്കട്ടെ. എന്തെന്നാല്‍ നമുക്ക് മടുപ്പ് തോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം” (ഗലാത്തിയാ 6/9). പ്രതിഫലമുണ്ടെന്ന ബോധ്യത്തോടെയാകുമ്പോള്‍ നമ്മുടെ അധ്വാനങ്ങള്‍ക്കെല്ലാം പുതിയൊരര്‍ത്ഥം കൈവരും, ജീവിതം കൂടുതല്‍ മനോഹരമാകും!
പ്രാര്‍ത്ഥിക്കാം,
കര്‍ത്താവേ, അവിടുത്തെ നാമത്തില്‍ നല്കുന്ന ഒരു പാത്രം പച്ചവെള്ളത്തിനുപോലും പ്രതിഫലമുണ്ടെന്ന് അങ്ങ് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. ദൈവേഷ്ടപ്രകാരം നന്മ ചെയ്യാന്‍ അവിടുന്ന് ഞങ്ങളെ സഹായിച്ചാലും. സ്വര്‍ഗരാജ്യത്തിലെ പ്രതിഫലം കാണാന്‍ ഞങ്ങളുടെ കണ്ണുകള്‍ തുറക്കണമേ, ആമ്മേന്‍.