ഷൂ സ്റ്റാന്‍ഡില്‍ ഈശോ കാണിച്ചുതന്ന രഹസ്യം – Shalom Times Shalom Times |
Welcome to Shalom Times

ഷൂ സ്റ്റാന്‍ഡില്‍ ഈശോ കാണിച്ചുതന്ന രഹസ്യം

ജോലി കഴിഞ്ഞ് ആശുപത്രിക്ക് പുറത്തേക്കിറങ്ങുമ്പോള്‍ ആണ് താമസിക്കുന്ന വില്ലയുടെ ഉടമ വിളിക്കുന്നത്, ”ഈ മാസം ഒടുവില്‍ താമസം മാറേണ്ടി വരും. ബില്‍ഡിംഗ് റിന്യൂവല്‍ ചെയ്യുന്നില്ല.” സമയം ഉച്ചതിരിഞ്ഞ് മൂന്നു മണി. ഇനി ആകെ ഉള്ളത് ഒരാഴ്ച മാത്രം. അയാളോട് തര്‍ക്കിക്കാനും ചോദ്യം ചോദിക്കാനും ഒന്നും പോയില്ല. കരുണക്കൊന്ത ചൊല്ലിക്കൊണ്ട് റൂമിലേക്ക് നടന്നു. ഈശോയോടാണ് പരാതി പറച്ചില്‍ മുഴുവന്‍.

നീണ്ട ആശുപത്രിവാസം കഴിഞ്ഞു വന്ന എന്നോട് ഇങ്ങനെ ചെയ്തതിലുള്ള എന്റെ പരിഭവം ഞാന്‍ ഈശോയോട് വഴക്കിട്ട് തീര്‍ത്തു. നടന്നു നീങ്ങുന്ന വഴികളില്‍ റൂമോ ഫ്ലാറ്റോ വാടകക്കുണ്ടെന്ന് കാണിച്ചുകൊണ്ടുള്ള എല്ലാ അറിയിപ്പുകളിലെയും ഫോണ്‍ നമ്പറുകള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി. മുറിയില്‍ വന്നു കിടന്നപ്പോള്‍ ഓരോ നമ്പറുകളിലായി ഫോണ്‍ വിളികള്‍ പുരോഗമിച്ചു. ഒരു വ്യക്തി പറഞ്ഞ സ്ഥലം അനുസരിച്ചു തൊട്ടടുത്ത ദിവസം ഫ്ലാറ്റ് പോയി കാണാം എന്ന് തീരുമാനിച്ചു. ഇതൊക്കെ വലിയ ഗമയില്‍ ഞാന്‍ ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഈശോ നിര്‍വികാരനായി കിടപ്പുണ്ടായിരുന്നു, ‘ഞാന്‍ ഒരുത്തന്‍ ഇവിടെ ഉണ്ടെന്ന് നിനക്ക് വല്ല വിചാരവും ഉണ്ടോ’ എന്ന മട്ടില്‍…
തൊട്ടടുത്ത ദിവസം ഉച്ചയായപ്പോള്‍ പറഞ്ഞേല്‍പ്പിച്ചതിന്‍പ്രകാരം ഫ്ലാറ്റ് കാണാന്‍ പുറപ്പെടുകയാണ്. ഇറങ്ങും മുന്‍പ് ഈശോയോടു പറഞ്ഞു, ”ഒരു ഫ്ലാറ്റ് പോയി കണ്ടിട്ട് വരാം.” ഉടനെ അല്പം കടുപ്പിച്ച സ്വരത്തില്‍ മറുപടി വന്നു, ”വേണ്ട!”

ഞാന്‍ ഈശോയുടെ തിരുഹൃദയ രൂപത്തിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി. ”എന്താ ഈശോക്കിത്ര ഗൗരവം. ഫ്ലാറ്റ് കാണാനല്ലേ പോവുന്നത്? നിനക്ക് ഇഷ്ടമല്ലെങ്കില്‍ ഞാന്‍ ആ ഫ്ലാറ്റ് എടുക്കുന്നില്ല. പക്ഷേ കാണാതെ എങ്ങനെയാ വേണ്ടെന്ന് വയ്ക്കുന്നത്? പോകാന്‍ തയാറായി, അയാളോട് വരാമെന്നു പറയുകയും ചെയ്തില്ലേ, ഇനി എന്ത് ചെയ്യും?” ഈശോയുടെ നേരെ ചോദ്യശരങ്ങള്‍ ഒന്നൊന്നായി അയച്ചുകൊണ്ടിരുന്നു.

ഈശോയുടെ രണ്ട് കണ്ണുകളും എന്നെത്തന്നെ നോക്കി ഇരിക്കുകയാണ്. ”ഇനി വളരെ കുറച്ച് ദിവസംമാത്രമേ അവശേഷിക്കുന്നുള്ളൂ. പോയി അന്വേഷിക്കാതെ എങ്ങനെയാ വീട് കിട്ടുക? ഇതൊക്കെ എന്നെക്കൊണ്ട് ചെയ്യിക്കാതെ നീയല്ലേ ഈശോയേ കണ്ടറിഞ്ഞു ചെയ്യേണ്ടത്? എന്നിട്ടിപ്പോള്‍ എനിക്ക് കുറ്റം… എന്തായാലും പോയിട്ട് വരാം”
അപ്പോള്‍ വീണ്ടും അതേ മറുപടി, ”വേണ്ട.”
ഞാനും ഈശോയോട് കയര്‍ത്തു, ”അതെന്താ ഞാന്‍ പോയാല്??”

അതോടെ ഈശോ നിശബ്ദനായി. എന്തുകൊണ്ടാണ് ആ ഫ്ലാറ്റ് കാണാന്‍ പോലും ഈശോ അനുവദിക്കാത്തതെന്ന് ഞാന്‍ ആലോചിച്ചു. ഈശോയെ സോപ്പിടാതെ ഒരു രക്ഷയും ഇല്ല. ധിക്കരിച്ച് എങ്ങനെ പോകും? ഒടുവില്‍ എന്റെ ഈശോയുമായി രമ്യതയിലെത്തി, ”ഈശോയേ, നീ ചൂടാവല്ലേ, നമുക്ക് ഒരു കാര്യം ചെയ്യാം. തല്ക്കാലം ഒരു ഈവനിംഗ് വോക്കിനു പോകാം. മടങ്ങി വരുമ്പോള്‍ ആ ഫ്ലാറ്റ് വെറുതെ കണ്ടേക്കാം. അയാളെ വിഷമിപ്പിക്കണ്ടല്ലോ.” ഈശോ ചെറുതായൊന്ന് പുഞ്ചിരിച്ചു. എന്റെ പത്തൊമ്പതാമത്തെ അടവ് കണ്ടിട്ടാണ്…

ഈശോയും ഞാനും കയ്യും പിടിച്ചു റോഡിലൂടെ നടന്നു.ഫ്ലാറ്റിനു മുന്നിലെത്തി. ലിഫ്റ്റിലൂടെ രണ്ടാം നിലയില്‍ ചെന്നു. ഇതുവരെ എല്ലാം ഓക്കേ. ഫ്ലാറ്റ് ഉടമ വരാനുള്ള കാത്തു നില്‍പ്പ്. ചുമരും ചാരി നില്‍ക്കുന്ന എന്നോട് ഈശോ പറഞ്ഞു, ”ഈ ഫ്‌ളോറില്‍ ഉള്ള ഷൂ സ്റ്റാന്‍ഡുകള്‍ നോക്കുക!” ആറെണ്ണം ഉണ്ട്. എല്ലാത്തിലും നിറയെ ചെരുപ്പുകള്‍. ഈശോ എന്നെക്കൊണ്ട് ചെരിപ്പ് എണ്ണിക്കുമോ എന്ന് ഒരു തോന്നല്‍. ഉടനെ അടുത്ത സ്വരം, ”ഇതില്‍ എവിടെയെങ്കിലും ഒരു ലേഡീസ് ചപ്പല്‍ ഉണ്ടോ എന്ന് നോക്കുക.” ഞാന്‍ നോക്കി, ഒരു ലേഡീസ് ചപ്പലും കണ്ടില്ല.

ഉടനെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ഈശോയുടെ സ്‌നേഹം ഹൃദയത്തില്‍ നിറയുന്നു. ശ്വാസം മുട്ടി മരിച്ചു പോകും എന്ന അവസ്ഥ. ഈശോ പറഞ്ഞതിന്റെ അര്‍ഥം എനിക്ക് മനസ്സിലായി. അവിടം മുഴുവന്‍ ബാച്ചിലേഴ്‌സാണ് താമസിക്കുന്നത്. നിറഞ്ഞ കണ്ണുകളോടെ ഈശോയെ ചാരി നില്‍ക്കുമ്പോള്‍ ഫ്ലാറ്റ് ഉടമ വന്നു. ഫ്ലാറ്റ് പുറത്തുനിന്ന് നോക്കിയതല്ലാതെ അതിനുള്ളില്‍ പ്രവേശിക്കാന്‍ എനിക്ക് മനസ്സ് വന്നില്ല.

ഈശോ പറഞ്ഞുതന്ന രഹസ്യം കയ്യില്‍ ഉള്ളതുകൊണ്ട് അയാളോട് പറഞ്ഞു, ”ഇവിടെ ഫാമിലി ആണ് താമസിക്കുന്നത് എന്നല്ലേ പറഞ്ഞത്? പക്ഷേ എല്ലാം ബാച്ചിലേഴ്‌സ് ആണല്ലോ, നിങ്ങള്‍ എന്തിനാണ് കള്ളം പറഞ്ഞത്? ഇവിടെ ഒരു ലേഡീസ് ചപ്പല്‍ കാണിച്ചു തരാമോ?”
ഇവളൊക്കെ എവിടുന്ന് വരുന്നു എന്ന ഭാവമായിരുന്നു അപ്പോള്‍ ആ മുഖത്ത്. ഒടുവില്‍ അയാള്‍ തന്റെ തെറ്റ് സമ്മതിച്ചു. ഞാനും ഈശോയും ഇറങ്ങിപ്പോന്നു. നാണിച്ച് തല താഴ്ത്തി ഈശോയെ നോക്കാന്‍പോലും കഴിയാതെ ചമ്മിയ മുഖവുമായി ഞാന്‍ നടന്നു. മുറിയില്‍ തിരിച്ചുവന്നു. തീര്‍ന്നില്ല. ഈശോയോട് പറഞ്ഞു, ”ഇനി ഞാന്‍ അന്വേഷിച്ച് ഒരു വീട് കണ്ടുപിടിക്കില്ല. എനിക്ക് വേണ്ടിമാത്രം അല്ലല്ലോ? ഈശോക്കും കുടുംബത്തിനും ഒക്കെ താമസിക്കാന്‍ ഉള്ളതല്ലേ. എന്നോട് ആരെങ്കിലും വന്നുപറയുമ്പോള്‍ മാത്രമേ ഇനി വീട് അന്വേഷിച്ച് ഇറങ്ങുകയുള്ളൂ.”
തൊട്ടടുത്ത ദിവസം ദിവ്യബലി കഴിഞ്ഞു വരുമ്പോള്‍ ഒരു വ്യക്തി ഒരുഫ്ലാറ്റിന്റെ കാര്യം പറഞ്ഞു. പക്ഷേ പറഞ്ഞ വാടക 32000 ആയിരുന്നു.

”വാടക അല്പം കൂടുതല്‍ ആണല്ലോ ഈശോയേ, നമ്മള്‍ എന്ത് ചെയ്യും?” ഈശോ 28000-നു ചോദിക്കാന്‍ പ്രേരണ നല്‍കി. ദൈവകരുണയുടെ മണിക്കൂറില്‍ വൈകിട്ട് മൂന്ന് മണിക്ക് ഫ്ലാറ്റ് ഡീലറുമായി ഫോണില്‍ സംസാരിച്ചു. ഒരിക്കലും പണം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞെങ്കിലും ശ്രമിച്ചുനോക്കാം എന്ന പ്രതീക്ഷയുടെ വാക്കുകള്‍ ഒടുവില്‍ ലഭിച്ചു. നാല് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ വാട്‌സാപ്പ് സന്ദേശം, ”28000 അപ്പ്രൂവ്ഡ്!”
ഈശോക്ക് എങ്ങനെ നന്ദി പറയും? എന്നെ ഇത്രയും സ്‌നേഹിക്കുന്നതിനും കരുതുന്നതിനും… ഉടനെ പോയി ആ ഫ്ലാറ്റ് കണ്ടു. ഈശോ ആ ഫ്ലാറ്റ് എടുത്തോളാന്‍ പറഞ്ഞു. ഒടുവില്‍ പുതിയഫ്ലാറ്റിലേക്ക് ഈശോക്കൊപ്പം താമസം മാറി.

ഈശോക്ക് ഒരു കാര്യമേ ആവശ്യമുള്ളൂ. എല്ലാ കാര്യങ്ങളും ഈശോയോട് ആലോചന ചോദിക്കണം. ഒരുപക്ഷേ ഉത്തരം കിട്ടിയില്ലെങ്കില്‍പ്പോലും ഈശോയോട് പറയുക, ഈശോയുടെ അഭിപ്രായം ചോദിക്കുക. ഇത്രയും ചെയ്താല്‍ പിന്നീട് കാര്യങ്ങളെല്ലാം ഏറ്റടുത്ത് നടത്തുന്നത് ഈശോ ആയിരിക്കും.
തിരുവചനം നമ്മോട് പറയുന്നുണ്ടല്ലോ, ”നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും” (യോഹന്നാന്‍ 14/1-3).

ആന്‍ മരിയ ക്രിസ്റ്റീന