പട്ടണം കത്തിച്ച ജ്വാല – Shalom Times Shalom Times |
Welcome to Shalom Times

പട്ടണം കത്തിച്ച ജ്വാല

1973 അവസാനിച്ചപ്പോള്‍ എന്റെ സുപ്പീരിയര്‍ എന്നെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ നാഗ്വാ എന്നൊരു പട്ടണത്തിലെ ഇടവകയിലേക്ക് അയച്ചു. അവിടെയത്തി അധികം താമസിയാതെ, ഏകദേശം 40 ആളുകളെ എന്റെ രോഗസൗഖ്യത്തെക്കുറിച്ചുള്ള സാക്ഷ്യം നല്കാനായി ഒരുമിച്ചുകൂട്ടി. രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാമെന്ന് കരുതി രോഗികളെ പ്രത്യേകം ക്ഷണിച്ചിരുന്നു. ആ രാത്രിയില്‍ത്തന്നെ ഈശോ രണ്ട് വ്യക്തികളെ സുഖപ്പെടുത്തി. സൗഖ്യം ലഭിച്ച രണ്ട് പേരും എല്ലായിടത്തും അത് സാക്ഷ്യപ്പെടുത്തി.

ഓരോ ആഴ്ചയും ഈശോ രോഗികളെ സുഖപ്പെടുത്തിക്കൊണ്ടിരുന്നു. ആഗസ്റ്റ് മാസത്തില്‍ സാറാ എന്നൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തിലെ കാന്‍സര്‍ സുഖപ്പെട്ടു. അവളുടെ രോഗം സുഖമാവില്ലെന്ന് നിര്‍ണയിക്കപ്പെട്ടിരുന്നതിനാല്‍ ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നതായിരുന്നു. അങ്ങനെയിരിക്കേയാണ് ഞങ്ങളുടെ പ്രാര്‍ത്ഥനാസമ്മേളനത്തിനെത്തിയത്. രോഗികള്‍ക്കായി പ്രാര്‍ത്ഥിച്ച സമയത്ത് അവള്‍ക്ക് ഉള്ളില്‍ എന്തോ ശക്തമായ ചൂട് അനുഭവപ്പെട്ടു.

അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളില്‍, തന്റെ രോഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് അവള്‍ മനസിലാക്കി. 14 ദിവസങ്ങള്‍ക്കകം അവള്‍ക്ക് പരിപൂര്‍ണസൗഖ്യം ലഭിച്ചു. തന്റെ ശവസംസ്‌കാരചടങ്ങിന്, മൃതദേഹം മൂടാനായി അവളുടെ മക്കള്‍ വാങ്ങിവച്ചിരുന്ന തുണിയുംകൊണ്ട്, പിന്നീടവള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനാസമ്മേളനത്തിന് വന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു ആളുകള്‍ ധാരാളമായി വരാന്‍ തുടങ്ങി. എല്ലാവരും സന്തോഷത്തില്‍ ഒന്നുചേര്‍ന്ന് പാടി, ആത്മാവിലുണര്‍ന്ന് ദൈവത്തെ സ്തുതിച്ചു. ദൈവം പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങളും രോഗസൗഖ്യങ്ങളും നേരില്‍ കണ്ട്, സന്തോഷത്താല്‍ ഉള്ളുതുറന്ന് അവര്‍ തേങ്ങിക്കരഞ്ഞു. ഇടവകയില്‍ സംഭവിക്കുന്നതിനെക്കുറിച്ച് അവര്‍ സകലരോടും പറഞ്ഞു.

ആയിടെ, ഞങ്ങള്‍ക്ക് ഈശോയില്‍നിന്നും ഇങ്ങനെ ഒരു സന്ദേശം ലഭിച്ചു: ”സമാധാനം കൊണ്ടുവരിക എന്നതാണ് എന്റെ ദൗത്യം. ഞാന്‍ നിങ്ങള്‍ക്ക് എന്റെ സമാധാനം നല്കുന്നു. സമാധാനദൂതരാകുക. ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളിലേക്ക് വര്‍ഷിക്കാന്‍ പോവുകയാണ്. നിങ്ങളുടെ പട്ടണത്തെ മുഴുവന്‍ കത്തിച്ചേക്കാവുന്ന ദഹനാഗ്നിജ്വാലയാണത്. നിങ്ങള്‍ കണ്ണുകള്‍ തുറക്കുക; എന്തെന്നാല്‍ പലരും കാണാന്‍ കൊതിച്ചിട്ടും കാണാന്‍ കഴിയാതെപോയ പല അത്ഭുതങ്ങളും അടയാളങ്ങളും നിങ്ങള്‍ കാണാന്‍ പോകുകയാണ്. ഞാനാണ് ഇത് പറയുന്നത്. ഞാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.”
പിന്നീട് അത്ഭുതങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നതിനാല്‍ എനിക്കവയുടെ എണ്ണമെടുക്കാന്‍ സാധിക്കാതെയായി. വിവാഹമെന്ന കൂദാശയിലൂടെയല്ലാതെ ഒന്നിച്ച് കഴിഞ്ഞിരുന്നവര്‍ വിവാഹിതരാകാന്‍ തുടങ്ങി. യുവതീയുവാക്കള്‍ മയക്കുമരുന്നിന്റെ അടിമത്തത്തില്‍നിന്നും മദ്യപാനാസക്തിയില്‍നിന്നും മോചിതരാകാന്‍ തുടങ്ങി.

തീര്‍ച്ചയായും, ഈശോ തന്റെ മക്കളെ അടിമത്തത്തിന്റെ ചങ്ങലകളില്‍നിന്നും സ്വതന്ത്രരാക്കുകയായിരുന്നു. ദൈവവിശ്വാസത്തിലും സഭാകാര്യങ്ങളിലും താത്പര്യം നഷ്ടപ്പെട്ടിരുന്ന ചെറുപ്പക്കാര്‍, ഈശോയാണ് തങ്ങളെ സ്വതന്ത്രരാക്കിയതെന്ന് പ്രഘോഷിക്കാന്‍ തുടങ്ങി.