സ്വിറ്റ്സര്‍ലണ്ടിലെ ലുഗാനോയിലാണ് ലൊറെന്‍സോ ഡി വിറ്റോറി ജനിച്ചത്. ഗവേഷണങ്ങളോടായിരുന്നു ഇഷ്ടം. പഠനം, കായികവിനോദങ്ങള്‍, പ്രാര്‍ത്ഥന, വിശ്വാസം, അങ്ങനെ എന്തിലുമേതിലും ലോജിക്കായി ചിന്തിക്കുന്ന അന്വേഷണകുതുകി. കത്തോലിക്കനാണെന്നതില്‍ അഭിമാനിക്കുന്ന ലോറെന്‍സോ, അതിന്റെ കാരണവും വ്യക്തമാക്കി. മറ്റുള്ളവരെ മനസിലാക്കാനും ബഹുമാനിക്കാനും സ്നേഹിക്കാനും പിന്തുണയ്ക്കാനും അംഗീകരിക്കാനും സഹായിക്കാനും തന്നെ സഹായിച്ചത് കത്തോലിക്കാസഭയാണത്രേ. ക്ലാസ്സിക്കല്‍ ഗ്രീക്ക്, ലാറ്റിന്‍ ഗ്രന്ഥങ്ങളിലൂടെ അദ്ദേഹത്തിന്റെ ശാസ്ത്രതാല്‍പര്യം വര്‍ധിച്ചു. വിശ്വാസത്തെ ബുദ്ധിയുടെ വഴിയിലൂടെ മനസ്സിലാക്കാന്‍ ലൊറെന്‍സോ ശ്രമിച്ചു.
പ്രപഞ്ചോല്‍പത്തി, ജീവന്‍, എന്നിവയൊക്കെ അദ്ദേഹത്തിന്റെ മനസില്‍ ചോദ്യങ്ങളായി. 2006-ല്‍ ഫിസിക്സില്‍ ഉന്നത പഠനത്തിനായി ഫെഡറല്‍ പോളിടെക്നിക് യൂണിവേഴ്സിറ്റി ഓഫ് സുറിച്ചില്‍ ചേര്‍ന്നു, തിയററ്റിക്കല്‍ ഫിസിക്സില്‍ പ്രാവീണ്യം നേടി. പിന്നീട് തമോഗര്‍ത്തങ്ങളെപ്പറ്റിയുള്ള ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടി. 10 വര്‍ഷത്തെ ശാസ്ത്രജ്ഞനായുള്ള ജീവിതത്തിന് ശേഷം ഹോളിക്രോസ്സ് പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ തിയോളജി പഠിക്കാന്‍ തുടങ്ങി. ശാസ്ത്രത്തില്‍ നിന്ന് വിഭിന്നമായ രീതിയില്‍ ലോകത്തെ നോക്കിക്കാണുക എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ തിയോളജി പഠനത്തിന്റെ ഉദ്ദേശ്യം.
എന്നാല്‍, തമോഗര്‍ത്തങ്ങളെപ്പറ്റിയുള്ള ഗവേഷണങ്ങളും ദൈവികസത്യങ്ങളെക്കുറിച്ചുള്ള പഠനവും ലോറെന്‍സോയെ പൗരോഹിത്യ ദൈവവിളിയില്‍ ഉറപ്പിക്കുകയായിരുന്നു. ”ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു” (സങ്കീര്‍ത്തനങ്ങള്‍ 19/1). ”സത്യം കണ്ടെത്താന്‍ ഏറ്റവും നല്ല മാര്‍ഗം ശാസ്ത്രമാണ്. ശാസ്ത്രവും തിയോളജിയും ഒരേ സത്യം കണ്ടെത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അത് പരസ്പര പൂരകങ്ങളാണ്…. ” തമോഗര്‍ത്തങ്ങളെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ക്കൊടുവില്‍ പൗരോഹിത്യ ജീവിതം തിരഞ്ഞെടുത്ത 36കാരനായ ഈ ശാസ്ത്രജ്ഞന്റെ വാക്കുകളാണിവ.
ഹൈസ്‌കൂള്‍ പഠനകാലത്ത് ലുഗാനോയിലെ ഓപ്പുസ് ദേയി സെന്ററിലെ നിത്യസന്ദര്‍ശകനായിരുന്ന ലോറന്‍സോ എന്ന പ്രശസ്ത ശാസ്ത്രജ്ഞന്‍ റോമിലെ സെന്റ് യൂജിന്‍ ബസലിക്കയില്‍ വച്ച് ഓപ്പുസ് ദേയി സമൂഹത്തിനുവേണ്ടി ക്രിസ്തുവിന്റെ പുരോഹിതനായി അഭിഷിക്തനായി.
”ആകാശം അങ്ങയുടേതാണ്, ഭൂമിയും അങ്ങയുടേതുതന്നെ; ലോകവും അതിലുള്ള സകലതും അങ്ങാണു സ്ഥാപിച്ചത്” (സങ്കീര്‍ത്തനങ്ങള്‍ 89/11). യഥാര്‍ത്ഥ സത്യത്തെ കുറിച്ചുള്ള അന്വേഷണം നിത്യസത്യമായ ദൈവത്തിലേക്ക് നയിക്കുമെന്ന സന്ദേശമാണ് ഫാ. ലൊറെന്‍സോ ഡി വിറ്റോറിയുടെ ജീവിതം. അതുതന്നെയാണ് പുതുതലമുറയോട് അദ്ദേഹത്തിന് പറയാനുള്ള സന്ദേശവും.