കഷ്ടി ജയിച്ച് സെമിനാരിയിലെത്തി, പിന്നീട്… – Shalom Times Shalom Times |
Welcome to Shalom Times

കഷ്ടി ജയിച്ച് സെമിനാരിയിലെത്തി, പിന്നീട്…

ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയം. ടെര്‍മിനല്‍ പരീക്ഷക്കുശേഷം നടന്ന പി.റ്റിഎ മീറ്റിംഗിന് അമ്മ എത്തി. നന്നായി പഠിക്കുന്ന എന്റെ കൂട്ടുകാരന്റെ അമ്മയുടെ അടുത്താണ് അമ്മ ഇരുന്നത്. അവന്റെ അമ്മ പ്രോഗ്രസ് കാര്‍ഡ് തുറന്നപ്പോള്‍ എല്ലാത്തിലും എ പ്ലസ്, എ ഗ്രേഡുകള്‍. എന്നാല്‍ എന്റേതില്‍ സി പ്ലസ്, സി എന്നീ ഗ്രേഡുകള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അന്ന് അമ്മയുടെ മുഖം ശ്രദ്ധിച്ചു. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. അന്ന് അധ്യാപകര്‍ പറഞ്ഞു: ”ഇങ്ങനെ പോയാല്‍ ഇവനെ പരീക്ഷയെഴുതിക്കാന്‍ സാധിക്കില്ല.” എന്റെ മനസ് വല്ലാതെ തളര്‍ന്നു.

അഞ്ചാംക്ലാസ് മുതല്‍ ഒമ്പതാം ക്ലാസുവരെ ഞങ്ങളുടെ ദൈവാലയത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും വിശുദ്ധ കുര്‍ബാനയ്ക്കും ഉണ്ണീശോയുടെ നൊവേനയ്ക്കും ഞാന്‍ കുടുംബത്തോടൊപ്പം പങ്കെടുക്കുമായിരുന്നു. പിന്നീട് സ്‌പെഷ്യല്‍ ക്ലാസ് ഉള്ളതിനാല്‍ മുടങ്ങി. എങ്കിലും അനുദിനം സ്‌കൂളില്‍ പോകുന്നതിനുമുമ്പ് ദൈവാലയത്തില്‍ ഉണ്ണീശോയുടെ അടുത്ത് പ്രാര്‍ത്ഥിക്കുമായിരുന്നു. ഉണ്ണീശോയോട് എനിക്ക് വ്യക്തിപരമായ ഇഷ്ടം ഉണ്ടായിരുന്നു. എനിക്ക് സ്‌കൂളില്‍ അധികം കൂട്ടുകാര്‍ ഉണ്ടായിരുന്നില്ല. മിക്കപ്പോഴും എനിക്ക് കൂട്ടുകാരില്ല എന്ന വിഷമം ഉണ്ണീശോയോട് പറയുമ്പോള്‍ അവന്‍ പറയുന്നത് ഇങ്ങനെയാണ്. ‘ഞാനില്ലേ കൂട്ടിന്, പിന്നെ എന്താ വിഷമം.’ ഈ വാക്ക് എന്നെ വല്ലാതെ ആശ്വസിപ്പിച്ചു.

അമ്മ പറഞ്ഞ ഒരു സംഭവം ഓര്‍മയിലുണ്ട്.മൂന്ന് വയസോളം പ്രായമുള്ളപ്പോള്‍ അയല്‍പക്കക്കാര്‍ ഡിസംബറില്‍ 25 ദിവസം ദൈവാലയത്തില്‍ പോകുന്നതു കണ്ട് ഞാനും അവരോടൊപ്പം പള്ളിയില്‍ 25 ദിവസം പോയി. ക്രിസ്മസിന്റെ പാതിരാകുര്‍ബാനയ്ക്കിടയില്‍ വികാരിയച്ചന്‍ എന്നെ പ്രത്യേകം വിളിച്ച് അള്‍ത്താരയില്‍ കയറ്റി സമ്മാനം തന്നു. തുടര്‍ന്നും ഞാന്‍ ദിനവും ദൈവാലയത്തില്‍ പോകുമായിരുന്നു. അന്നൊക്കെ നല്ല മാര്‍ക്ക് ലഭിക്കുമായിരുന്നു. പിന്നീട് അനുദിനദിവ്യബലി മുടങ്ങി; പഠനത്തോടുള്ള താല്‍പര്യവും പോയി.

അങ്ങനെയിരിക്കേ പത്താംക്ലാസ് പരീക്ഷ പൂര്‍ത്തിയായി. കാര്യമായിട്ടൊന്നും എഴുതിയിരുന്നില്ല. എങ്കിലും ഞാന്‍ ഈശോയോട് പറഞ്ഞു, ”ഞാന്‍ സെമിനാരിയില്‍ പോകാന്‍ നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒന്ന് പാസാക്കി തരണം.”
രണ്ടുമാസത്തിനുശേഷം റിസല്‍റ്റ് വന്നു. റിസള്‍ട്ട് വരുന്ന ദിവസമായിരുന്നു സെമിനാരിയില്‍ ഇംഗ്ലീഷ് കോച്ചിങ്ങും കം & സീ (Come & See) പ്രോഗ്രാമും നടക്കേണ്ടത്. ‘എന്നെ ജയിപ്പിച്ചില്ലെങ്കില്‍ ഞാന്‍ ഇന്ന് പോകില്ലെ’ന്ന് ഈശോയോട് പറഞ്ഞു. എന്തായാലും റിസല്‍റ്റ് വന്നപ്പോള്‍ ദൈവാനുഗ്രഹം! എല്ലാ വിഷയത്തിനും ജയിച്ചു, ചിലതില്‍ കഷ്ടിച്ച്. 75 ശതമാനം മാര്‍ക്കേ ഉള്ളൂ. എങ്കിലും അത്രയും മാര്‍ക്ക് തന്ന ഈശോയ്ക്ക് നന്ദി പറഞ്ഞു.

തുടര്‍ന്ന് സെമിനാരിയില്‍ ചേര്‍ന്നു. ഒന്നാം വര്‍ഷം കഷ്ടിച്ച് ജയിച്ചു. രണ്ടാം വര്‍ഷത്തില്‍ പ്ലസ് വണ്‍ പഠനം. മിക്ക വിഷയവും എനിക്ക് ബുദ്ധിമുട്ടായിരുന്നു. ഹിസ്റ്ററി, മലയാളം, പൊളിറ്റിക്‌സ് എല്ലാം. പഠിച്ചാല്‍ത്തന്നെ ഒന്നും ഓര്‍മയിലിരിക്കില്ല. മാത്രവുമല്ല, പ്ലസ് വണ്ണിലെ മലയാളം ഒരു രക്ഷയുമില്ലായിരുന്നു. സെമിനാരിയില്‍ നടത്തിയ എല്ലാ മലയാളം പരീക്ഷകളിലും തോറ്റു. മലയാളം പരീക്ഷയുടെ ഒരാഴ്ചമുമ്പേ ഞാന്‍ മലയാളത്തിന്റെ റിവിഷന്‍ തുടങ്ങുമായിരുന്നു. എങ്കിലും ഫലമില്ല.

മോഡല്‍ പരീക്ഷയില്‍ കഷ്ടി ജയം മാത്രം. എന്റെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. അതിനാല്‍ മലയാളം പരീക്ഷയുടെ തലേദിവസം ഞാന്‍ എന്റെ സ്പിരിച്വല്‍ ഫാദറിനെ സന്ദര്‍ശിച്ചു. ഞാന്‍ പറഞ്ഞു, ”അച്ചാ, മലയാളത്തില്‍ ഞാന്‍ പൊട്ടും, എനിക്ക് ഒന്നും അറിയത്തില്ല.” അച്ചന്‍ പറഞ്ഞു, ”ലൂക്കാ 1/37- ദൈവത്തിന് ഒന്നും അസാധ്യമല്ല.” എന്നിട്ട് ആശീര്‍വദിച്ചുകൊണ്ട് പറഞ്ഞു, ”നന്നായി എഴുതിക്കോളൂ” എന്ന്. പിറ്റേദിവസം പരീക്ഷാഹാളില്‍ കയറിയപ്പോഴും കാര്യമായിട്ട് ഒന്നും ഓര്‍മ വന്നില്ല. മിക്കവാറും പാഠങ്ങളുടെ കഥ കുറച്ച് അറിയാമായിരുന്നു. അതുപയോഗിച്ച് എല്ലാം എഴുതി. ഉറച്ചു വിശ്വസിച്ചു, ദൈവത്തിന് അസാധ്യമായത് ഒന്നുമില്ലായെന്ന്.

ഓരോ പരീക്ഷ കഴിഞ്ഞ് വരുമ്പോഴും ഞാന്‍ ചാപ്പലില്‍ കയറി അന്നത്തെ പരീക്ഷയില്‍ മറന്നുപോ യ ഉത്തരം, ഈശോ പറഞ്ഞ് തന്നില്ലല്ലോ എന്ന് പരാതി പറയുമായിരുന്നു. രാത്രിയില്‍ എല്ലാവരും ഉറങ്ങിയശേഷം ചാപ്പലില്‍ പോകും. സക്രാരിയോട് ചേര്‍ന്ന് ഇങ്ങനെ പ്രാര്‍ത്ഥിക്കും, ”ഈശോയേ, എനിക്ക് ഫുള്‍ എ പ്ലസ് വേണം, എങ്കിലും എന്റെ ഹിതമല്ല നിന്റെ ഹിതം നിറവേറട്ടെ.”

വാസ്തവത്തില്‍ എനിക്ക് ഫുള്‍ എ പ്ലസിന് ഒരു സാധ്യതയും ഇല്ല. എങ്കിലും പ്രാര്‍ത്ഥന മാറ്റിയില്ല. ഒരു മാസത്തിനുശേഷം നവംബര്‍ 27 ന് റിസല്‍റ്റ് വന്നു. അന്ന് എനിക്ക് നടുവേദനയായിരുന്നതുകൊണ്ട് റെക്ടറച്ചന്‍ വിശ്രമത്തിനായി വീട്ടില്‍ വിട്ടിരുന്നു. റിസല്‍റ്റ് വരുന്ന കാര്യം, ഒരു മണിക്കൂര്‍ മുമ്പാണ് അറിഞ്ഞത്. അപ്പോഴും ഞാന്‍ പ്രാര്‍ത്ഥിച്ചു. ”കര്‍ത്താവേ, എനിക്ക് ഫുള്‍ എ പ്ലസ് വേണം, എങ്കിലും എന്റെ ഹിതമല്ല നിന്റെ ഹിതം നിറവേറട്ടെ.” ഇങ്ങനെ പ്രാര്‍ത്ഥിച്ച് പത്തുമിനിറ്റ് യുട്യൂബില്‍ ദിവ്യകാരുണ്യ ആരാധന കൂടി.

എന്നിട്ട് റിസല്‍റ്റിനായി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ നമ്പറും ജനന തിയതിയും ടൈപ്പ് ചെയ്തു. റിസല്‍റ്റില്‍ ആദ്യം ഞാന്‍ നോക്കിയത് മലയാളമാണ്. അവിടുത്തെ ഹിതം പോലെ എനിക്ക് മലയാളത്തിന് ഒരു മാര്‍ക്കുപോലും നഷ്ടപ്പെട്ടില്ല! പിന്നെ എല്ലാ വിഷയവും നോക്കി, എല്ലാത്തിനും 90-ന് മുകളില്‍ മാര്‍ക്ക്! അതായത്, ഞാന്‍ ചോദിച്ചതുപോലെതന്നെ ഫുള്‍ എ പ്ലസ്!! കര്‍ത്താവിന്റെ ഹിതവും അങ്ങനെതന്നെ! ഉടനെ പപ്പയെയും അമ്മയെയും അറിയിച്ചു. അവര്‍ക്കും നിറഞ്ഞ സന്തോഷം. ഇത് കര്‍ത്താവിന്റെ പ്രവൃത്തിയാണ് എന്നുറപ്പാണ്. പിന്നീടുള്ള അനുദിന ഭക്താഭ്യാസങ്ങളിലും വിശുദ്ധ കുര്‍ബാനയിലും എനിക്ക് നന്ദി പറയാനല്ലാതെ മറ്റൊന്നിനും തുനിയേണ്ടി വന്നില്ല. എത്ര സ്തുതിച്ചാലും മതിയാവില്ല അവിടുന്ന് കാണിച്ച ഈ സ്‌നേഹത്തിന്. ”കഴിഞ്ഞ തലമുറകളെപ്പറ്റി ചിന്തിക്കുവിന്‍; കര്‍ത്താവിനെ ആശ്രയിച്ചിട്ട് ആരാണ് ഭഗ്നാശനായത്? കര്‍ത്താവിന്റെ ഭക്തരില്‍ ആരാണ് പരിത്യക്തനായത്? അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട് ആരാണ് അവഗണിക്കപ്പെട്ടത്?” (പ്രഭാഷകന്‍ 2/10).

പഠനത്തിനുമുമ്പും ഇടയ്ക്കും ഞാന്‍ വിദ്യാര്‍ത്ഥികളുടെ സങ്കീര്‍ത്തനം ചൊല്ലാറുണ്ടായിരുന്നു. പലപ്പോഴും പരീക്ഷാസമയത്തും പഠനസമയത്തും എന്റെ മനസിലേക്ക് തെളിഞ്ഞ് വരുന്ന ഒരു വാക്യമുണ്ട്. അത് ഇതാണ്: ”ഞാന്‍ എപ്പോഴും എന്റെ അധ്യാപകനായ ഈശോയുടെ വിശ്വസ്തനായ വിദ്യാര്‍ത്ഥിയായിരിക്കും.” തിന്മയുടെ പ്രലോഭനങ്ങള്‍ കടന്നുവരുമ്പോഴും മനസിലേക്ക് ഈ വാക്യം ആദ്യം വരും. എനിക്ക് ശക്തിയും പ്രത്യാശയും നല്‍കുന്ന ഒരു വചനം ഇതാണ്: ”ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ സന്തുഷ്ടനാണ്. എന്തെന്നാല്‍ ബലഹീനനായിരിക്കുമ്പോഴാണ് ഞാന്‍ ശക്തനായിരിക്കുന്നത്” (2 കോറിന്തോസ് 12/10).
എന്റെ ജീവിതത്തില്‍ ഇനി ക്രിസ്തുകേന്ദ്രീകൃതമായ ജീവിതം നയിക്കാന്‍ തീക്ഷ്ണത കിട്ടുന്നു. ആരുമില്ലെങ്കിലും ക്രിസ്തു ഉണ്ടെന്ന ശക്തമായ ഒരു ഉള്‍ക്കാഴ്ച ലഭിക്കുന്നു.

അവിടുത്തേക്കായി ജീവിതം കൊടുക്കാന്‍ നാം തീരുമാനമെടുക്കുമ്പോള്‍ നമ്മുടെ ആഗ്രഹങ്ങളും ദൈവഹിതമനുസരിച്ച് അവിടുന്ന് ഏറ്റെടുക്കുന്നു എന്നാണ് എന്റെ അനുഭവം എന്നെ ഓര്‍മ്മിപ്പിക്കുന്നത്. ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ, ആമ്മേന്‍.
ബ്രദര്‍ അജിന്‍ ഷിബു പഴുമറ്റത്തില്‍
താമരശേരി രൂപത മൈനര്‍ സെമിനാരി വിദ്യാര്‍ത്ഥിയാണ് ബ്രദര്‍ അജിന്‍.