കയ്യില്‍ വീണ്ടും ബൈബിള്‍, കാരണം റോഡ് റോളര്‍ – Shalom Times Shalom Times |
Welcome to Shalom Times

കയ്യില്‍ വീണ്ടും ബൈബിള്‍, കാരണം റോഡ് റോളര്‍

നാസിക്കിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന 2008 കാലം. ഞായറാഴ്ചകളില്‍ ദൈവാലയത്തില്‍ പോവുകയും തിന്മയുടെ വഴികളില്‍ നീങ്ങാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ജോലിക്ക് പോകുന്ന സമയങ്ങളില്‍ പോക്കറ്റ് ബൈബിള്‍ കൈയ്യില്‍ കരുതും. ഒഴിവു സമയങ്ങളില്‍ വചനം വായിച്ച് ബൈബിളിലെ സംഭവങ്ങള്‍ ഹിന്ദി, മറാഠി ജോലിക്കാരോട് പറഞ്ഞു കൊടുക്കുകയും ചെയ്യും.

അങ്ങനെ പോകവേ ഒരു ദിവസം ഞാന്‍ ദൈവാലയത്തില്‍നിന്ന് തിരികെ താമസസ്ഥലത്തേക്ക് നടക്കുമ്പോള്‍ എന്റെ വിവാഹം നടക്കാത്തതിനെക്കുറിച്ചായി ചിന്ത. ജീവിതത്തില്‍ ആകെ ഒരു ശൂന്യത. വിവാഹാലോചനകളൊന്നും ശരിയാകാത്തതും മറ്റുള്ളവരുടെ പരിഹാസവുമെല്ലാം എന്നെ വളരെ വിഷമിപ്പിച്ചു. അന്ന് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി, ‘ഈശോയ്ക്ക് എന്നെ ഇഷ്ടമില്ല… ഈശോ എന്നെ മനസ്സിലാക്കുന്നുമില്ല….’ ചിന്തകള്‍ ഇങ്ങനെ കൂടിവന്നപ്പോള്‍ മുറിയില്‍ വന്ന് ഞാന്‍ ബൈബിള്‍ പോക്കറ്റില്‍ നിന്നെടുത്ത് മേശപ്പുറത്ത് വച്ചു, ”ഇനിയെനിക്ക് ബൈബിളും വേണ്ട, ഈശോയും വേണ്ട.” അങ്ങനെ ഞാന്‍ ഈശോയില്‍നിന്ന് അകന്ന് പ്രാര്‍ത്ഥനയും ബൈബിള്‍ വായനയും ഉപേക്ഷിച്ചു.

ആ സംഭവം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം മേലധികാരി എന്നോട് പറഞ്ഞു, ”കമ്പനിയുടെ റോഡ് റോളര്‍ വര്‍ക്ക് ഷോപ്പില്‍ കിടക്കുന്നുണ്ട്. ഡ്രൈവറെക്കൂട്ടി പോയി നന്നാക്കിക്കണം.” മൂന്നോ നാലോ ദിവസംകൊണ്ട് റോഡ് റോളറിന്റെ പണി പൂര്‍ത്തിയായി. പിറ്റേന്ന് രാവിലെ സാര്‍ എന്നോട് പറഞ്ഞു, ”ഇന്ന് വൈകുന്നേരം നാല് മണിക്ക് റോളര്‍ നാസിക്കിലെ സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ച് വെഞ്ചരിക്കണം.” ഞാന്‍ അതനുസരിച്ച് രാവിലെ കിഷോര്‍ എന്ന ഡ്രൈവറെയും കൂട്ടി വര്‍ക്ക്‌ഷോപ്പിലേക്ക് പോയി. റോഡ് റോളറിന് ചില്ലറ പണികളും തീര്‍ത്ത് ബാറ്ററി പിടിപ്പിക്കാന്‍ ഡ്രൈവറോട് പറഞ്ഞശേഷം ഞാന്‍ അടുത്തുള്ള ചായക്കടയിലേക്ക് നടന്നു. ആ സമയം റോഡ് റോളര്‍ വര്‍ക്ക് ഷോപ്പിന്റെ ഓഫീസിന് മുന്നില്‍ കിടക്കുകയായിരുന്നു.

ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ റ്റി.വി. സ്‌ക്രീനില്‍ കാണുന്നതുപോലെ ഒരു കാഴ്ച ഞാന്‍ കണ്ടു. റോഡ് റോളര്‍ വലിയ വേഗത്തില്‍ മുന്നോട്ട് പോയി വര്‍ക്ക് ഷോപ്പിന്റെ ഓഫീസിലേക്ക് ഇടിച്ച് കയറുന്നു. ഞാന്‍ പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ റോളര്‍ അവിടെത്തന്നെ കിടപ്പുണ്ട്. അതുകൊണ്ട് എന്റെ തോന്നലായി കരുതി ചായയും കുടിച്ച് അതിനടുത്തേക്ക് ചെന്നു.

അപ്പോള്‍ ഡ്രൈവര്‍ റോഡ് റോളറിന് ബാറ്ററി പിടിപ്പിച്ച് ഓടിക്കാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു. എന്‍ജിന്‍ ഓണ്‍ ചെയ്യാന്‍ പറഞ്ഞിട്ട് ഞാന്‍ റോളറിനുമുന്നില്‍ നിന്നു. ഒരു കല്ല് എടുത്ത് റോളറിനുമുന്നില്‍ വച്ചിട്ട് കുറച്ച് മുന്നോട്ട് എടുക്കാന്‍ പറഞ്ഞ് കൈ കാണിച്ചു. അപ്പോള്‍ എന്നോട് ആരോ ചെവിയില്‍ പറയുന്നതുപോലെ, ”മാറി നില്‍ക്ക്,’മാറി നില്‍ക്ക്!” ഞാന്‍ ചുറ്റും നോക്കി. അങ്ങനെ മലയാളത്തില്‍ പറയാന്‍ അവിടെ ആരുമില്ലായിരുന്നു.
ഡ്രൈവര്‍ റോളര്‍ ഓണാക്കി. എന്നോട് വീണ്ടും ശക്തമായി ആരോ മലയാളത്തില്‍ പറയുന്ന സ്വരം, ”ജോബി, റോളറിന് മുന്നില്‍നിന്ന് മാറി നില്‍ക്ക്.” ആ സ്വരം കേട്ടയുടനെ ഞാന്‍ അവിടെനിന്ന് മാറി. അടുത്ത നിമിഷം ഞാന്‍ നിന്നിരുന്ന സ്ഥലത്തുകൂടി, നേരത്തേ കണ്ടതുപോലെ റോളര്‍ വര്‍ക്ക് ഷോപ്പിന്റെ ഓഫീസിലേക്ക് ഇടിച്ചു കയറി. ഓഫീസ് തകര്‍ന്ന് തരിപ്പണമായി. ആളുകള്‍ ഓടിക്കൂടി. ഡ്രൈവറുടെ കുഴപ്പമാണെന്ന് പറഞ്ഞ് ഡ്രൈവറെ അടിക്കാനായിരുന്നു ശ്രമം. ആകെ ഭയപ്പെട്ടുനിന്ന ഞാന്‍ ധൈര്യം വീണ്ടെടുത്ത് ഡ്രൈവറെ ആള്‍ക്കാരില്‍നിന്ന് രക്ഷിച്ച് അവിടെ നിന്ന് മാറ്റിനിര്‍ത്തി. കൂടെയുണ്ടായിരുന്ന സര്‍ദാര്‍ എന്നോട് പറഞ്ഞു. ”നീ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അടുത്തുള്ള അമ്പലത്തില്‍ പോയി തേങ്ങ ഉടയ്ക്കണം.”

ഞാന്‍ സര്‍ദാറിനോട് പറഞ്ഞു, ”ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്. ദൈവാലയത്തിലാണ് പോകുന്നത്.” എന്തായാലും അന്ന് വെഞ്ചരിപ്പ് നടത്തിയില്ല. കമ്പനിയിലേക്ക് തിരിച്ചു പോന്നു.
അന്ന് രാത്രിയില്‍ മുറിയില്‍ തനിച്ചിരുന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു, ”ദൈവത്തിന്റെ സ്‌നേഹം എത്ര വലുതാണ്! ഈശോ പരിശുദ്ധാത്മാവിലൂടെ വരാന്‍ പോകുന്ന കാര്യങ്ങള്‍ കാണിച്ചു തന്നു. കാണിച്ചുതന്ന കാര്യങ്ങള്‍ അവഗണിച്ച എനിക്ക് വീണ്ടും പറഞ്ഞു തന്നു. അതും അവഗണിച്ചിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഭൂമിയില്‍ കാണുകയില്ലായിരുന്നു.”
ആ ചിന്ത വന്നതോടെ പൊടിപിടിച്ചിരുന്ന ബൈബിള്‍ വീണ്ടും കയ്യില്‍ എടുത്ത് പൊടി തുടച്ചു. നേരത്തേ എന്നും വായിച്ചുകൊണ്ടിരുന്ന ബൈബിള്‍ ഭാഗം- വിശുദ്ധ മത്തായി എഴുതിയ സുവിശേഷം ആറാം അധ്യായം 25 മുതല്‍ വായിക്കാന്‍ തുടങ്ങി. അന്നുതൊട്ട് വീണ്ടും ഈശോയോടൊപ്പമുള്ള ജീവിതം. തൊട്ടടുത്ത വര്‍ഷം ദൈവത്തിന്റെ പദ്ധതി പ്രകാരമുള്ള എന്റെ വിവാഹവും നടന്നു.

വാസ്തവത്തില്‍ എന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും ബി.കോം വിജയിച്ച ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നായിരുന്നു. വിവാഹശേഷമാണ് അറിയുന്നത്, ഞാന്‍ വിവാഹം ആലോചിച്ചു കൊണ്ടിരുന്ന സമയത്ത് എന്റെ ഭാര്യ ബി.കോം എഴുതിയെടുക്കാനുള്ള തത്രപ്പാടിലായിരുന്നെന്ന്. ഞാന്‍ അവളെ കാണാന്‍ ചെല്ലുന്നതിന്റെ തലേന്നാണ് അവള്‍ ഡിഗ്രി പരീക്ഷ എഴുതി വിജയിക്കുന്നത്. വിവാഹത്തിനുവേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥനയുടെയും നിലവിളിയുടെയും കാലത്ത് എന്റെ ദൈവം എനിക്ക് അനുയോജ്യയായ ഭാര്യയെ ക്രമപ്പെടുത്തുകയായിരുന്നു. റോമാ 8/28- ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.”

ജോബി ജോര്‍ജ്ജ് കൊങ്ങാണ്ടുശാലക്കല്‍