നാരങ്ങാമിഠായികളിലെ വിശുദ്ധരഹസ്യം – Shalom Times Shalom Times |
Welcome to Shalom Times

നാരങ്ങാമിഠായികളിലെ വിശുദ്ധരഹസ്യം

റിലേഷനുകള്‍ പണ്ടും ഉണ്ടായിരുന്നു. അതിനെ റിലേഷന്‍ഷിപ്പ് എന്നു പറയാനും, in a relationship എന്ന് സ്റ്റാറ്റസിട്ട് പത്തു പേരെ അറിയിക്കാനും തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ. വീട്ടിലേക്ക് അരിയും പലചരക്കുസാധനങ്ങളും വാങ്ങി വരുന്ന അപ്പന്റെ കയ്യില്‍ ഒരു ചെറിയ നാരങ്ങാമിഠായിപ്പൊതി കണ്ടിട്ടുണ്ടോ? കണ്ടിരിക്കാനിടയില്ല. കാരണം, ആരുമറിയാതെ അത് അദ്ദേഹം തന്റെ പ്രിയതമക്ക് കൈമാറിക്കഴിഞ്ഞിട്ടുണ്ട്. അവരുടെമാത്രമായൊരു രഹസ്യം. എല്ലാ സ്‌നേഹവും പരസ്യപ്പെടുത്തണമെന്നില്ല കേട്ടോ.

മകളുമായുള്ള ഒരു യാത്രയ്ക്കിടെ മറ്റൊരു വീട്ടില്‍ രാത്രി തങ്ങേണ്ടി വന്നു. 65 വയസുള്ള കുടുംബിനിക്കൊപ്പമാണ് മകള്‍ ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന് ആ രഹസ്യം അവള്‍ എന്നോട് വെളിപ്പെടുത്തി. അവിടുത്തെ അമ്മയും അപ്പച്ചനുമായി ഗാഢമായ സ്‌നേഹമാണെന്ന്. കാലില്‍ വേരിക്കോസ് വെയിന്‍ വന്ന് പൊട്ടിയതിന്റെ വേദന മറക്കാന്‍ കൂടിയ ഡോസ് ഗുളിക കഴിച്ചാണ് ആ സ്ത്രീ ഉറങ്ങുന്നത്. ആ ഉറക്കത്തിനിടയിലും, കാലിന്റെ ചുളുചുളുപ്പന്‍ വേദന കൊണ്ട് അവര്‍ ഞരങ്ങിക്കൊണ്ടിരുന്നു. പകല്‍ മുഴുവന്‍ പണിയെടുത്ത് ക്ഷീണിച്ച് അടുത്ത മുറിയിലുറങ്ങുന്ന 70 വയസോളം പ്രായമുള്ള ആ വയോധികന്‍, ഇടയ്ക്കിടെ വന്ന് ഭാര്യയുടെ കാല് തടവും. വീണ്ടും പോയി കിടന്ന് ഉറങ്ങും. ആ രഹസ്യമാണ് മകള്‍ കണ്ടെത്തിയത്.

അവരാകട്ടെ, ഇതൊന്നും ആരെയും അറിയിക്കുന്നില്ല. തങ്ങളുടെ സ്വകാര്യസ്‌നേഹം മാത്രമായി അതിനെ സംരക്ഷിക്കുന്നു. മറിയം എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു എന്നൊരു വാചകമുണ്ട് സുവിശേഷത്തില്‍. She was in a deep relationship with God എന്നതിന്റെ സൂചനയാണത്. ദൈവവും അവളും മാത്രമായിട്ടുള്ള ഒരു സ്വകാര്യ ബന്ധം. എന്തുതരം നാരങ്ങാമിഠായി കൊണ്ടാണ് അവള്‍ ആ ബന്ധത്തെ ബലപ്പെടുത്തിയിരുന്നത് എന്ന് മറ്റാര്‍ക്കുമറിയില്ല.

രാത്രിയുടെയോ പകലിന്റെയോ ഏതൊരു യാമത്തിലാണ് ദൈവം അവളുടെ വേദനകളെ തഴുകി ശമിപ്പിച്ചിരുന്നത് എന്നും അറിയില്ല. ആ സ്‌നേഹബന്ധവും അതിലെ സമ്മാനങ്ങളും അവരുടെമാത്രം സ്വകാര്യമായ വിശുദ്ധരഹസ്യമാണ്. പരസ്യപ്പെടുത്തിയാല്‍ അതിന്റെ തനിമ പോകും. രഹസ്യമായി നിലനില്‍ക്കുന്നതുതന്നെയാണ് സ്‌നേഹത്തിന്റെ കെട്ടുറപ്പ്.

എന്തുകൊണ്ടോ, വിശ്വാസജീവിതവും ആത്മീയതയും മറ്റുളളവര്‍ കാണ്‍കെയുള്ള ഒരു പ്രകടനം മാത്രമായി ചിലപ്പോഴെങ്കിലും മാറുന്നുണ്ട്. In a relationship with God എന്ന് പരസ്യം ചെയ്യുന്നതു പോലെ.  പത്തു പേര്‍ അറിയാന്‍ മാത്രം.
രണ്ടുപേര്‍ക്കിടയിലുള്ള സ്വകാര്യതയും വിശുദ്ധരഹസ്യവുമാണ് സ്‌നേഹം. പരസ്യപ്പെടുത്താനും പ്രസിദ്ധീകരിക്കാനും തുടങ്ങുന്നതോടെയാകണം, അതിനുള്ളിലെ ജീവന്‍ നഷ്ടമാകുന്നത്.

മറ്റാരുമറിയാതെ സ്വകാര്യവും വിശുദ്ധവുമായ രഹസ്യമായി എന്റെ ദൈവസ്‌നേഹം രൂപപ്പെടുന്നുണ്ടോ? ആരും കാണാത്ത സ്വകാര്യ സമ്മാനങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടോ ദൈവവുമായി? ഇല്ലെങ്കില്‍ ഞാനിനിയും സ്‌നേഹിച്ചു തുടങ്ങിയിട്ടില്ല. ഏതു നിമിഷവും ഇറങ്ങിപ്പോരാന്‍ തോന്നും.
നിതാന്ത ജാഗ്രതയാണ് സ്‌നേഹത്തിന്റെ വില! അനുനിമിഷം സ്‌നേഹംകൊണ്ട് കെട്ടിയിട്ടാല്‍ ദൈവത്തിന് നമ്മെ വിട്ടുപോകാന്‍ തോന്നുമോ?

ജോയ് മാത്യു
പാലാ രൂപതയില്‍ കളത്തൂര്‍ ഇടവകാംഗമായ ജോയ് കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സെക്ഷന്‍ ഓഫീസറാണ്. അമ്മ ആലീസും ഭാര്യ ലിന്‍സിയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.