കുട്ടിക്കാലത്തിന്റെ ഓര്‍മകളിലേക്ക് ചൂഴ്ന്നിറങ്ങുമ്പോള്‍ ന്യൂ ജെന്‍ ഭാഷയില്‍ നൊസ്റ്റു(നൊസ്റ്റാള്‍ജിക്) ആവാറുണ്ട്. ഓര്‍മകളില്‍ വീര്‍പ്പുമുട്ടുമ്പോള്‍ എന്നും ഒരു ഹരമായി ഓര്‍ക്കാറുള്ളത് രാവിലെ ദൈവാലയത്തിലേക്ക് പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ പോകുന്നതാണ്. അത്രയ്ക്ക് ഗ്ലാമര്‍ ഉള്ള സീന്‍ അല്ല അത്, തണുത്ത വെളുപ്പാന്‍ കാലത്ത് ഉറക്കം കളഞ്ഞ് ഒരു കിലോമീറ്ററോളം നടന്നുള്ള യാത്ര. പ്രായം ആറോ ഏഴോ കാണും.
അമ്മ ടീച്ചര്‍ ആയതുകൊണ്ട് ചൂരലിനും ഈര്‍ക്കിലിക്കുമൊന്നും വീട്ടില്‍ ഒരിക്കലും ക്ഷാമം നേരിട്ടിട്ടില്ല. ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ഏറ്റവും എളുപ്പവഴി അതൊക്കെത്തന്നെയാണല്ലോ. എന്തായാലും അമ്മയുടെ ചില കര്‍ക്കശ നിയമങ്ങള്‍ വീട്ടില്‍ പാലിച്ചുപോന്നിരുന്നു ഞങ്ങള്‍ മക്കളെല്ലാവരും.
സ്‌കൂളില്‍ പോകുന്നത് മുടങ്ങിയാലും ഞായറാഴ്ച വേദപഠന ക്ലാസ് മുടങ്ങാന്‍ പാടില്ല. സ്‌കൂളില്‍ മാര്‍ക്ക് കുറഞ്ഞാലും വേദപഠനത്തിന് സ്‌കോളര്‍ഷിപ് നേടണം. പത്താം ക്ലാസ് പരീക്ഷ നടക്കുമ്പോള്‍പ്പോലും രാവിലെ പഠിക്കാന്‍ എത്ര ബാക്കി ഉണ്ടെങ്കിലും പരിശുദ്ധ കുര്‍ബ്ബാനയുടെ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടുള്ള പഠിത്തം മതി എന്നാണ്.
വലിയ സാമ്പത്തിക ഞെരുക്കങ്ങളിലൂടെയാണ് എന്റെ ഓര്‍മ്മവച്ച കാലം മുതല്‍ കുടുംബം കടന്നുപോയിട്ടുള്ളത്. സമൂഹത്തിലും ബന്ധുക്കള്‍ക്കിടയിലും ഒന്നും ഒരിക്കലും തല ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥ. ഒരു ദിവസമെങ്കിലും കടം ഇല്ലാതെ കിടന്നുറങ്ങാന്‍ കൊതിച്ചു പോയ നാളുകള്‍.
എങ്കിലും എല്ലാ ഞെരുക്കങ്ങളിലും കണ്ണുനീരിലും മക്കളെ ചേര്‍ത്ത് നിര്‍ത്തി ഇരുകരങ്ങളും ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന ഒരമ്മ. ഇതെഴുതുമ്പോള്‍ മനസ്സിലൂടെ കടന്നുപോയ വരികള്‍ ഇവയാണ്….
‘എന്നമ്മയെ ഓര്‍ക്കുമ്പോള്‍ മാതാവേ നിന്നെ ഞാന്‍ ഓര്‍ക്കുന്നു മിഴിനീരോടെ
വ്യാകുല മാതാവേ നിന്നെ ഞാന്‍ കണ്ടത് ആദ്യം ആ കണ്‍കളിലാ
പ്രാര്‍ത്ഥന ഒഴുകുന്ന മിഴിനീരിലാ
അമ്മയുടെ പ്രാര്‍ത്ഥനാരീതികള്‍ വ്യത്യസ്തമായിരുന്നു. ഈശോക്ക് ഇടപെടാതിരിക്കാന്‍ കഴിയാത്തവിധം സമ്മര്‍ദ്ദത്തിലാക്കുന്ന പ്രാര്‍ത്ഥന. സിമന്റ് ചാക്കില്‍ മെറ്റല്‍ നിറച്ച് അതിനു മുകളില്‍ മുട്ടുകുത്തിയായിരുന്നു രാത്രികളിലെ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍. ചിലപ്പോള്‍ അവ ചുമലില്‍ ചുമന്നുകൊണ്ടും പ്രാര്‍ത്ഥിക്കും. ഞങ്ങള്‍ക്ക് പറ്റുംവിധം സഞ്ചികളില്‍ കല്ലുകള്‍ നിറച്ചു ഞങ്ങളും പ്രാര്‍ത്ഥിക്കും. ചിലപ്പോഴെങ്കിലും പ്രാര്‍ത്ഥന എന്നത് ഒരു ഭയപ്പാടായി മാറിയിട്ടുണ്ട്. ജീവിതം മുന്നോട്ട് ബഹുദൂരം സഞ്ചരിച്ചപ്പോള്‍ ഇന്ന് തിരിച്ചറിയുന്നു ആ പ്രാര്‍ത്ഥനകളുടെ ശക്തി.
സ്‌കൂളില്‍ പഠിക്കുന്ന സമയംമുതല്‍ ഡിഗ്രി പൂര്‍ത്തിയാക്കുംവരെ വളരെ അപൂര്‍വ്വമായി മാത്രമേ പരിശുദ്ധ കുര്‍ബ്ബാന മുടങ്ങിയിട്ടുള്ളൂ. അമ്മയുടെ നിര്‍ബന്ധംകൊണ്ടോ ശിക്ഷയെ പേടിച്ചോ ഒക്കെ അര്‍ത്ഥമറിയാതെയും ആഗ്രഹം ഇല്ലാതെയും സംബന്ധിച്ച പരിശുദ്ധ കുര്‍ബ്ബാനകള്‍ ജീവിതത്തില്‍ ഉണ്ടായെങ്കിലും എന്റെ ദിവ്യകാരുണ്യ ഈശോ അവന്റെ പ്രണയിനിയെ കണ്ടെത്തി സ്വന്തമാക്കാന്‍ ആരംഭിച്ച നിമിഷങ്ങള്‍! എന്നും അവന്റേതുമാത്രമാകാന്‍…
ഒരിക്കല്‍ ധ്യാനാവസരത്തില്‍ ഒരു അല്മായ സഹോദരന്‍ പരിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ച് പ്രഘോഷിക്കുകയായിരുന്നു. ഈശോയെമാത്രം സ്വീകരിച്ച് മറ്റ് ഭക്ഷണം ഒന്നും കഴിക്കാതെ ഒരു ദിവസം ജീവിക്കാന്‍ സാധിക്കുമോ? അദ്ദേഹത്തിന്റെ ഈ ചോദ്യം എന്നെ പിടിച്ചു കുലുക്കി. എത്രയോ വ്യക്തികളാണ് പരിശുദ്ധ കുര്‍ബ്ബാന മാത്രം ഉള്‍ക്കൊണ്ട് നാല്പതും അമ്പതും വര്‍ഷങ്ങള്‍ ജീവിച്ചിട്ടുള്ളത്. ഒരു ദിവസമെങ്കിലും എനിക്ക് സാധിക്കില്ലേ എന്ന് മനസ്സില്‍ ചോദിച്ചു.
2015 ഒക്ടോബര്‍ മാസം ഒന്നാം തിയതി ദിവ്യകാരുണ്യ ഈശോയോടും മാതാവിനോടും പ്രത്യേക സഹായം ചോദിച്ചു, ”ദേ ഈശോയേ, ആദ്യമായി ഒരു ചലഞ്ചിന് ഇറങ്ങിത്തിരിക്കുവാ, നാണം കെടുത്തരുത്. ഒരു ദിവസമെങ്കിലും നിന്നോടുകൂടെ, നിന്നില്‍മാത്രമായി ഞാന്‍ ഒന്ന് അലിഞ്ഞോട്ടെ…”
സ്വര്‍ഗം മുഴുവന്‍ ഈശോയുടെ മറുപടി നോക്കി നില്‍ക്കുകയാണ്. അവരൊക്കെ എന്താവും ചിന്തിച്ചിട്ടുണ്ടാവുക! ‘നമ്മുടെ കുറുമ്പി വിജയിച്ചില്ലെങ്കില്‍ സ്വര്‍ഗം സമാധാനം എന്തെന്ന് മറന്നുപോകും’ എന്നായിരിക്കും.
ഈശോയും കണ്‍ഫ്യൂഷനില്‍ ആണെന്നുതോന്നി. എങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. പരിശുദ്ധ അമ്മയെ ഏല്പിക്കാം. അമ്മ ഏറ്റെടുത്താല്‍ ഈശോയക്ക് സമ്മതിക്കാതിരിക്കാനാവില്ലല്ലോ. അതോടെ ഈശോ നിസ്സഹായനായിക്കാണണം. അമ്മയാണ് ഇവളെ ഇങ്ങനെ വാശിക്കുടുക്കയാക്കുന്നത് എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ടായിരിക്കും ഈശോ സമ്മതം നല്‍കിയത്. അപ്പോള്‍ അല്പം അഹങ്കാരത്തോടെ ഈശോക്ക് ഒരു ഉപദേശം,”എന്റെ അമ്മയെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്!” പാവം ഈശോ നിര്‍വികാരനായി എന്നെത്തന്നെ നോക്കി ഇരിപ്പാണ്.
ദിവ്യകാരുണ്യ ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ചു. വെള്ളംമാത്രം കുടിച്ചുകൊണ്ട് ആദ്യദിവസം കടന്നുപോയി. ആ സ്‌നേഹാഗ്‌നി എന്നില്‍ എരിയാന്‍ തുടങ്ങി. അവന്റെ കരതാരില്‍ മുഖമൊന്ന് അമര്‍ത്തിപ്പിടിക്കാന്‍ കൊതിയായി. ഏഴു വിളക്കിന്‍ നടുവില്‍ ശോഭപൂര്‍ണ്ണനായി തൂവെള്ള അപ്പത്തില്‍ മറഞ്ഞിരിക്കുന്ന ഈശോ. അവനുവേണ്ടി മാത്രം തുടിക്കണം എന്റെ ഹൃദയ സ്പന്ദനങ്ങള്‍ എന്ന് തോന്നി.
ഒരു ദിവസത്തേക്ക് മാത്രം ആഗ്രഹിച്ച ദിവ്യകാരുണ്യ സാന്നിധ്യം പിന്നീട് പതിമൂന്നു ദിനങ്ങള്‍ പിന്നിട്ടു. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ”രാവിലെ ധ്യാനം നടത്തി ദിവ്യകാരുണ്യം സ്വീകരിക്കാനായി ഞാന്‍ ഒരുങ്ങി. എന്റെ സ്‌നേഹവും ആഗ്രഹവും പരകോടിയില്‍ എത്തിയപ്പോള്‍ എന്റെ കട്ടിലിനരികില്‍ ഒരു സ്രാപ്പേന്‍ മാലാഖ വന്ന് ദിവ്യകാരുണ്യം തന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു. ഇതാ മാലാഖമാരുടെ കര്‍ത്താവ്. ഞാന്‍ കര്‍ത്താവിനെ സ്വീകരിച്ചപ്പോള്‍ എന്റെ ആത്മാവ് ദൈവസ്‌നേഹത്തിലും വിസ്മയത്തിലും ആഴ്ന്നുപോയി. പതിമൂന്ന് ദിവസം ഇത് ആവര്‍ത്തിച്ചു.” (ഖണ്ഡിക 1676)
ദിവ്യകാരുണ്യത്തോടുള്ള സ്‌നേഹം, അത് അടങ്ങാത്ത പ്രണയാഗ്‌നിയാണ്. അഗാധമായ കടലില്‍ ലയിക്കുന്ന ഒരു തുള്ളി വെള്ളമെന്നപോലെ ഈശോയില്‍ അലിഞ്ഞില്ലാതാകുന്ന നിമിഷങ്ങള്‍. ഐസുകട്ടപോലെ തണുത്തു മരവിച്ച ഹൃദയം പോലും അവന്റെ സ്‌നേഹത്തിന്റെ രശ്മിയേറ്റാല്‍ ഊഷ്മളമാകും. പാറപോലെ കഠിനമായത് പൂഴിപോലെ തകര്‍ന്നു തരിപ്പണമാകും. ദിവ്യകാരുണ്യ ഈശോയെ ഒരിക്കല്‍ അറിഞ്ഞ ഒരാള്‍ക്ക് പിന്നെ മറ്റാരെയും ഈശോയെക്കാള്‍ സ്‌നേഹിക്കാന്‍ സാധിക്കുകയില്ലെന്ന് വിശുദ്ധ ഫൗസ്റ്റീന രേഖപ്പെടുത്തിയിട്ടുണ്ട്. ഞാനും എന്റെ ദിവ്യകാരുണ്യ ഈശോയും ഒന്നായി ലയിച്ച ഞങ്ങളുടെ ‘ഹണിമൂണ്‍’ നാളുകള്‍.
”എന്നേക്കുമായി നിന്നെ ഞാന്‍ പരിഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്‌നേഹത്തിലും കാരുണ്യത്തിലും നിന്നെ ഞാന്‍ സ്വീകരിക്കും. വിശ്വസ്തതയില്‍ നിന്നെ ഞാന്‍ സ്വന്തമാക്കും; കര്‍ത്താവിനെ നീ അറിയും” (ഹോസിയാ 2/19-20).
‘നിന്റെ പ്രശ്‌നങ്ങളുമായി എന്റെ അടുത്ത് വരിക. നിന്റെ പരിഹാരങ്ങള്‍ എനിക്ക് ആവശ്യമില്ല. നിന്റെ പ്രശ്‌നങ്ങളുടെ പരിഹാരങ്ങള്‍ കാണാന്‍ എന്നെ അനുവദിക്കുക’ എന്ന് ‘ഇന്‍ സിനു ജെസു’ എന്ന പുസ്തകത്തിലൂടെ ഈശോ വെളിപ്പെടുത്തി. നമ്മുടെ പ്രശ്‌നങ്ങളുടെ പരിഹാരം ദിവ്യകാരുണ്യ ഈശോയിലേക്കുള്ള ദൂരം മാത്രമാണ്. ദിവ്യകാരുണ്യ ഈശോയുടെ മുന്നില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന ഏത് നിയോഗത്തിലും ഈശോ ഇടപെടും. കാരണം ജീവനുള്ള ദൈവത്തിന്റെ തുടിക്കുന്ന ഹൃദയത്തിനുമുമ്പിലാണ് നാം ആയിരിക്കുന്നത്. എല്ലാ ദിവസവും അര മണിക്കൂറെങ്കിലും ഏതെങ്കിലും ദൈവാലയത്തിലോ ആരാധന ചാപ്പലുകളിലോ ഓണ്‍ലൈന്‍ ആരാധനയിലോ ഈശോക്ക് മുമ്പില്‍ ആയിരിക്കുന്നത് ജീവിതത്തിന്റെ ഭാഗമായി മാറട്ടെ.
ഈശോയോട് ഐക്യപ്പെടാന്‍ എത്രമാത്രം ആഗ്രഹിക്കുന്നുവോ, ഈശോയുടെ ആലിംഗനത്തിന് എത്രത്തോളം നമ്മെ വിട്ടുകൊടുക്കുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മുടെ ആത്മാവിലും ഹൃദയത്തിലും ദിവ്യകാരുണ്യസ്‌നേഹം മുദ്രണം ചെയ്യപ്പെടുന്നത്. ഗദ്‌സമെന്‍ തോട്ടത്തില്‍ നമുക്കുവേി ചോര വിയര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന ഈശോക്ക് കൂട്ടിരിക്കാം നമുക്കും. ലോകപാപങ്ങളുടെ കുരിശുമായി തളര്‍ന്നുവീഴുന്ന ഈശോക്ക് കൂട്ടായി നമുക്കും ചേര്‍ന്നായിരിക്കാം.
”അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 34/ 5). ദിവ്യകാരുണ്യ ഈശോയുടെ ഹൃദയത്തില്‍നിന്നും നിലയ്ക്കാതെ ഒഴുകുന്ന ഈരടികള്‍ നമ്മെയും ക്രിസ്തുലഹരിയില്‍ ആഴ്ത്തട്ടെ.
സഹിച്ചു പീഡനങ്ങള്‍ നിനക്കായ്
കൊണ്ടു ഞാന്‍ അടികള്‍ നിനക്കായ്
എനിക്ക് വേണ്ടത് നിന്നെമാത്രം,
എന്റെ സ്‌നേഹിതനെ…
ആന്‍ മരിയ ക്രിസ്റ്റീന