വൈകിട്ട് അവള്‍ വീണ്ടും വിളിച്ചു! – Shalom Times Shalom Times |
Welcome to Shalom Times

വൈകിട്ട് അവള്‍ വീണ്ടും വിളിച്ചു!

എട്ട് വര്‍ത്തോളമായി കേരളത്തിലും ഡല്‍ഹിയിലും ജനറല്‍ നഴ്‌സായി ജോലി ചെയ്തിരുന്ന മകള്‍ക്ക് സൗദിയില്‍ നഴ്‌സായി ജോലിക്ക് ഇന്റര്‍വ്യൂവില്‍ സെലക്ഷന്‍ കിട്ടിയിരുന്നു. എന്നാല്‍ അവള്‍ പ്രോമെട്രിക് പരീക്ഷ പാസായിരുന്നില്ല. അത് അവിടെച്ചെന്ന് എഴുതിയാല്‍മതിയെന്നാണ് അറിയിച്ചിരുന്നത്. അതിനായി മൂന്ന് ദിവസത്തെ ക്രാഷ് കോഴ്‌സ്മാത്രം എടുത്തിട്ട് യാത്രയായി. അവള്‍ ഇന്റര്‍വ്യൂവിന് പോയതുമുതല്‍ എന്നും രാത്രിയില്‍ കിടക്കുംമുമ്പ് ഒമ്പത് തവണ എത്രയും ദയയുള്ള മാതാവേ ജപവും ഏശയ്യാ 45/2-3 വചനങ്ങളും ചൊല്ലി ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. ആ പ്രാര്‍ത്ഥനകള്‍ അന്ന് ജോലിക്കിടയിലും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പക്ഷേ എഴുതിക്കഴിഞ്ഞപ്പോള്‍ പരീക്ഷ വളരെ പ്രയാസമായിരുന്നു എന്നും വീണ്ടും എഴുതേണ്ടിവരുമെന്നും മകള്‍ വിളിച്ചറിയിച്ചു. എന്നാല്‍ അന്ന് വൈകിട്ട് ആറ് മണിയോടെ അവള്‍ വീണ്ടും വിളിച്ചു. ജയിക്കാന്‍ 45 ശതമാനം മാര്‍ക്ക് വേണ്ടിടത്ത് അവള്‍ക്ക് 65 ശതമാനം മാര്‍ക്കുണ്ട്. അന്നത്തെ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് അവള്‍ക്കാണ്!! അനുഗ്രഹിച്ച കര്‍ത്താവിനും മാധ്യസ്ഥ്യം വഹിച്ച മാതാവിനും നന്ദി. ഇത് നാലാം തവണയാണ് എനിക്ക് ഈ പ്രാര്‍ത്ഥനയിലൂടെ ദൈവാനുഭവം ലഭിക്കുന്നത്. ഒരിക്കല്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. മറ്റുള്ളവര്‍ക്കും ഈ പ്രാര്‍ത്ഥന ഒരനുഗ്രഹമാകട്ടെ എന്ന ആശയോടെയാണ് ഈ സാക്ഷ്യം അറിയിക്കുന്നത്.

ലീലാമ്മ ജോയി, മൂന്നിലവ്, കോട്ടയം