ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകനാണ് നിബിന്. ഉത്തരവാദിത്വങ്ങളില്‍ കൂടെക്കൂടെ വീഴ്ചകള്‍ വരുത്തുന്നതിനാല്‍ ഡയറക്ടറച്ചന് സ്നേഹത്തോടെ ചോദിച്ചു: ”നിബിന്, ഉത്തരവാദിത്വങ്ങളില്‍ വലിയ വീഴ്ചകള്‍ വരുന്നുണ്ടല്ലോ. മറ്റുള്ളവരും നിബിനെക്കുറിച്ച് പലപ്പോഴായി പരാതിപ്പെടുന്നു. എന്തുകൊണ്ടാണ് ഇത്രമാത്രം നിരുത്തരവാദപരമായി പെരുമാറുന്നത്? എനിക്ക് നിബിനോട് പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും വേദനയോടെ പറയുകയാണ്, കഴുതയെക്കാള്‍ മെച്ചമല്ല താങ്കള്‍ എന്നാണ് എല്ലാവരുടെയും അഭിപ്രായം.
നിബിനെക്കുറിച്ച് നിബിനുതന്നെ അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് ഇത്രമാത്രം ഉത്തരവാദിത്വമുള്ള ജോലികള്‍ ഏറ്റെടുക്കുന്നത്. ആദ്യമേ എന്നോട് ഇക്കാര്യം പറയാമായിരുന്നില്ലേ?” നിബിന് വിനയാന്വിതനായി പറഞ്ഞു: ”ശരിയാണച്ചാ. പക്ഷേ ഒന്നും മനഃപൂര്‍വമല്ല. എന്റെ മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം ഞാനൊരു കഴുതയെപ്പോലെയാണ് പെരുമാറുന്നതെന്ന് പറയാറുണ്ട്.
അതുകൊണ്ടാണ്, കഴുതയെപ്പോലെയാണ് ഞാന്‍ എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞാന്‍ ഇവിടേക്ക് ദൈവശുശ്രൂഷയ്ക്കായി വന്നത്. കാരണം ഈശോ യാത്ര ചെയ്തത് കഴുതപ്പുറത്താണല്ലോ. ഈശോയ്ക്ക് ഇന്നും കഴുതകളെ ആവശ്യമുണ്ടല്ലോ. അതിനാല്‍ അവിടുത്തേക്ക് യാത്രചെയ്യാന്‍, ഞാന്‍ എന്നെത്തന്നെ ഒരു കഴുതയായി സമര്‍പ്പിച്ചു.”
”സീയോന്‍പുത്രീ, അതിയായി ആനന്ദിക്കുക. ജറുസലെംപുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്ക് വരുന്നു. അവന് പ്രതാപവാനും ജയശാലിയുമാണ്. അവന് വിനയാന്വിതനായി കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്,
കയറിവരുന്നു” (സഖറിയാ 9/9).