സമ്മാനപ്പൊതികൊണ്ടുള്ള പ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

സമ്മാനപ്പൊതികൊണ്ടുള്ള പ്രാര്‍ത്ഥന

പഠനകാലത്ത് പൂര്‍ത്തീകരിക്കാന്‍ പറ്റാതിരുന്ന ടൈപ്പ്‌റൈറ്റിംഗ് കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ഒരു ടൈപ്പ്‌റൈറ്റിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. കോളജില്‍ പഠിക്കുന്ന കുട്ടികളുടെയും മറ്റ് ജോലികള്‍ക്ക് പോകുന്നവരുടെയും സൗകര്യത്തിന് ടീച്ചര്‍ ഞങ്ങളെ മോണിംഗ് ബാച്ചിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. പ്രസ്തുത സ്ഥാപനത്തില്‍ അടുത്തുള്ള കോളജില്‍ പഠിക്കുന്ന കുറച്ച് കുട്ടികള്‍ വരുന്നുണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ സ്ഥിരമായി കൈയില്‍ കൊന്തയും പിടിച്ചുവരുന്ന ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു.

സംസാരിച്ചപ്പോള്‍ ദൈവാനുഭവമുള്ള കുട്ടിയാണെന്ന് മനസിലായി. അവളും സഹോദരനും ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകരാണ്. എല്ലാ കാര്യങ്ങളും ഈശോയുടെ ഇഷ്ടമനുസരിച്ച് നടക്കാനാണ് അവള്‍ക്കിഷ്ടം. മറ്റു കുട്ടികള്‍ അവളോട് പ്രാര്‍ത്ഥനാസഹായം ചോദിക്കുന്നതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ചകളില്‍ പൂര്‍ണ ഉപവാസമെടുത്തുകൊണ്ട് കോളജില്‍ പോവുമെന്നും അതിനുശേഷം ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമെന്നും അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി.

അങ്ങനെയിരിക്കെയാണ് ഒരിക്കല്‍ അവളുടെ കോളജില്‍നിന്ന് ഒരു വിനോദയാത്ര പ്ലാന്‍ ചെയ്തത്. അവസാന വര്‍ഷത്തെ കുട്ടികള്‍ എല്ലാവരും ഒരുമിച്ചുള്ള ആ യാത്ര അവര്‍ എല്ലാവരും വളരെ ആഗ്രഹിച്ചിരുന്നതാണ്. എന്നാല്‍ അവര്‍ പോകുവാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിക്കഴിഞ്ഞപ്പോഴാണ് ടൈപ്പ് റൈറ്റിംഗിന്റെ പരീക്ഷാതിയതി പ്രഖ്യാപിക്കുന്നത്. അവര്‍ പോകുന്ന തിയതിയും ഞങ്ങളുടെ പരീക്ഷാതിയതിയും ഒന്നായിരുന്നു.

ടൂര്‍പ്രോഗ്രാം ഉപേക്ഷിക്കേണ്ടി വരുമല്ലോ എന്ന് ചോദിച്ച എന്നോട് അവള്‍ പറഞ്ഞത് ഇങ്ങനെയാണ്, ”കൂട്ടുകാരോടൊപ്പം ഒന്നിച്ചൊരു യാത്ര എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. പക്ഷേ എന്റെ ഈശോയുടെ ഇഷ്ടമനുസരിച്ച് എല്ലാം നടക്കട്ടെ.” പക്ഷേ തന്നെ ഇത്രയധികം സ്‌നേഹിക്കുന്ന ആ മോളെ വിഷമിപ്പിക്കാന്‍ ഈശോയ്ക്കും ഇഷ്ടമല്ലായിരുന്നു. പരീക്ഷ നടക്കേണ്ട തിയതിക്ക് രണ്ടുദിവസം മുമ്പ് പരീക്ഷ മാറ്റിവച്ചതായി അറിയിപ്പ് വന്നു. അവള്‍ക്ക് വിനോദയാത്രക്ക് പങ്കെടുക്കാനും കഴിഞ്ഞു.

ആയിടയ്ക്ക് രൂപതയുടെ യുവജനധ്യാനം വന്നു. പ്രസ്തുത ധ്യാനവുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങള്‍ ഈ കുട്ടി എന്നോട് ആവശ്യപ്പെട്ടു. ഒന്നാമത്തേത് എന്റെ ഇടവകയില്‍നിന്നും പരമാവധി യുവജനങ്ങളെ ഈ ധ്യാനത്തിലേക്ക് പറഞ്ഞുവിടണം. രണ്ടാമത്തെ ആവശ്യം ധ്യാനദിവസങ്ങളില്‍ മധ്യസ്ഥപ്രാര്‍ത്ഥനയ്ക്ക് വരണം. ആദ്യത്തേത് എനിക്ക് സമ്മതമായിരുന്നു. രണ്ടാമത്തെ കാര്യത്തിന് ഞാന്‍ സമ്മതം നല്‍കിയില്ല. കാരണം മധ്യസ്ഥപ്രാര്‍ത്ഥനയുടെ സമയത്ത് ഒരുപാട് സമയം മുട്ടുകുത്തി പ്രാര്‍ത്ഥിക്കേണ്ടിവരും. മുട്ടുകുത്തുക എന്നത് അന്നെനിക്ക് വളരെ പ്രയാസമുള്ള കാര്യമായിരുന്നു. എങ്കിലും അവളുടെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ടുദിവസം ചെല്ലാമെന്ന് ഞാന്‍ സമ്മതിച്ചു.

ധ്യാനം നടക്കുന്ന ഹാളിന് പുറകിലുള്ള ഒരു മുറിയാണ് മധ്യസ്ഥപ്രാര്‍ത്ഥനയ്ക്കായി ഒരുക്കിയിരുന്നത്. പ്രാര്‍ത്ഥിക്കാന്‍ വന്നവരില്‍ കൂടുതലും യുവജനങ്ങളായിരുന്നു. ദിവ്യകാരുണ്യസന്നിധിയില്‍ ഇരുന്ന് ഒരു ജപമാല ചൊല്ലി ഞങ്ങള്‍ പ്രാര്‍ത്ഥന ആരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ പ്രാര്‍ത്ഥന നയിച്ചിരുന്ന യുവാവ് പറഞ്ഞു, ”ഇനി എല്ലാവരും അവരവരുടെ സമ്മാനപ്പൊതികള്‍ എടുത്ത് പ്രാര്‍ത്ഥിക്കുക.” ഞാന്‍ ആകാംക്ഷയോടെ എന്താണ് സമ്മാനപ്പൊതിയെന്ന് നോക്കി. ഒരു പെണ്‍കുട്ടി ഏതാനും തുണിബാഗുകള്‍ കൊണ്ടുവന്ന് എല്ലാവര്‍ക്കും ഓരോന്ന് തന്നു.

മെറ്റലുകള്‍ നിറച്ച ബാഗുകളായിരുന്നു അതെല്ലാം. ഞാന്‍ ഞെട്ടിപ്പോയി. വെറും നിലത്ത് മുട്ടുകുത്താന്‍ മടിയുള്ള ഞാന്‍ എങ്ങനെ ഈ മെറ്റല്‍ബാഗില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കും? പക്ഷേ എന്റെ ചുറ്റുമുള്ള മക്കള്‍ അവരവരുടെ സമ്മാനപ്പൊതികള്‍ ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് മാറിനില്‍ക്കാന്‍ തോന്നിയില്ല. ”എന്റെ പൊന്നുതമ്പുരാന്‍ സഹിച്ച വേദനകളോട് തുലനം ചെയ്യുമ്പോള്‍ ഇതെത്ര നിസാരം” എന്ന ചിന്ത മനസില്‍ വന്നു.

വിശുദ്ധ പൗലോസ് ശാരീരികതപശ്ചര്യകളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പറയുന്നു, ”ശരീരത്തില്‍ പീഡനമേറ്റ ക്രിസ്തുവിന്റെ മനോഭാവം നിങ്ങള്‍ക്ക് ആയുധമായിരിക്കട്ടെ” (1 പത്രോസ് 4/1). എന്തായാലും പിന്നീട് അവരോടൊപ്പം ഏറെ സമയം ‘സമ്മാനപ്പൊതി’ ഉപയോഗിച്ച് പ്രാര്‍ത്ഥിക്കാന്‍ ദൈവം എനിക്ക് കൃപ നല്‍കി. മാത്രമല്ല പ്രാര്‍ത്ഥിക്കുമ്പോള്‍ മുട്ടുകുത്താനുള്ള മടിയും മാറിക്കിട്ടി.

പരിത്യാഗങ്ങള്‍ ചെയ്തുകൊണ്ടുള്ള പ്രാര്‍ത്ഥന എത്രമാത്രം വിലപ്പെട്ടതും ഫലപ്രദവുമാണെന്ന് അതിലൂടെ എനിക്ക് മനസിലായി. ”ഉപവാസം, ദാനധര്‍മം, നീതി എന്നിവയോടുകൂടിയാവുമ്പോള്‍ പ്രാര്‍ത്ഥന നല്ലതാണ്” എന്ന് തോബിത് 12/8 തിരുവചനം ഓര്‍മ്മപ്പെടുത്തുന്നുണ്ടല്ലോ.