ശാസ്ത്രജ്ഞരുടെ മധ്യസ്ഥന്‍ – Shalom Times Shalom Times |
Welcome to Shalom Times

ശാസ്ത്രജ്ഞരുടെ മധ്യസ്ഥന്‍

‘ഈ പ്രാണി മറ്റേ പ്രാണിയെക്കാള്‍ വലുതല്ലല്ലോ!’ചില ചെടികള്‍ക്ക് മുള്ളുകളുണ്ട്, മറ്റു ചിലതിന്മേല്‍ മുള്‍ച്ചെടികളുണ്ട്…’ തന്റെ പിതാവിന്റെ വിസ്തൃതമായ ഭൂമിയിലൂടെ അലഞ്ഞുനടക്കുമ്പോള്‍ ഈ ജര്‍മ്മന്‍ പയ്യന്റെ കണ്ണ് ഇങ്ങനെ ചെറിയ കാര്യങ്ങളില്‍ ഉടക്കി നിന്നിരുന്നു. തെക്കന്‍ ജര്‍മ്മനിയില്‍, ഡാന്യൂബ് നദിയുടെ തീരത്തുള്ള ലൗവിങ്കെന്‍ എന്ന ചെറിയ ഗ്രാമത്തിലാണ് 1206ല്‍ ജനിച്ച ആല്‍ബര്‍ട്ട് എന്ന യുവാവിന്റെ പ്രത്യേകതയായിരുന്നു അത്. സമ്പന്നനായ ഒരു പ്രഭുവിന്റെ മൂത്ത മകനായിരുന്നു അവന്‍.

മറ്റുള്ളവര്‍ പ്രകൃതിയെപ്പറ്റി പഠിക്കാന്‍ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ ആല്‍ബര്‍ട്ട് പ്രകൃതിയെത്തന്നെ വായിച്ചു. അവന്റെ പ്രദേശത്തുള്ള പക്ഷികളെപ്പറ്റി അവന്‍ എഴുതി. ഡാന്യൂബ് നദിയിലെ മത്സ്യങ്ങളുടെ സഞ്ചാരമാര്‍ഗം നിരീക്ഷിച്ചറിഞ്ഞു. ശ്രമകരമായ നിരീക്ഷണപാടവവും പരീക്ഷണങ്ങളും പ്രകൃതിശാസ്ത്രത്തെക്കുറിച്ച് അവന് ആഴത്തിലുള്ള അറിവാണ് നല്കിയത്. ഈ അറിവുവച്ച് പല കാര്യങ്ങളും അവന്‍ പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു അത്ഭുതമായിത്തോന്നിയതിനാല്‍ പലരും അവനെ ഒരു ജാലവിദ്യക്കാരന്‍ എന്ന് വിളിച്ചു.

ആല്‍ബര്‍ട്ട് വസ്തുതകള്‍ ശേഖരിക്കുന്നത് ഒരു അന്വേഷണത്തിനുള്ള തുടക്കം മാത്രമായിരുന്നു. ലഭിച്ച വസ്തുതകള്‍ പരസ്പരം ബന്ധിപ്പിക്കുമ്പോള്‍ ആ സംയോജനം അതുപോലുള്ള വേറെ കുറെ സാധ്യതകളിലേക്ക് വഴി തുറക്കും. അതിലെല്ലാം പരീക്ഷണങ്ങള്‍ നടത്തി ശരിയായിട്ടുള്ള കാരണം കണ്ടെത്തി ഉപസഹരിക്കണം. അങ്ങനെ, ആല്‍ബര്‍ട്ട് മദ്ധ്യകാലഘട്ടത്തിലെ ആളുകളുടെ ശാസ്ത്രപരമായ അറിവ് വര്‍ദ്ധിക്കാനും അഭിവൃദ്ധിപ്പെടാനും കാരണമായി. റോജര്‍ ബേക്കണിന് ഒപ്പം ആല്‍ബര്‍ട്ടും പരീക്ഷണാടിസ്ഥാനത്തിലുള്ള ശാസ്ത്രത്തിന്റെ തുടക്കക്കാരനായി കരുതപ്പെടുന്നു.

പാദുവയിലെ യൂണിവേഴ്‌സിറ്റിയാണ് ആല്‍ബര്‍ട്ട് പഠനത്തിനായി തിരഞ്ഞെടുത്തത്. പ്രകൃതിയെ കുറിച്ചുള്ള വിശദമായ അവന്റെ നിരീക്ഷണങ്ങള്‍ വഴി, സൃഷ്ടികളുടെ രഹസ്യാത്മകത മാത്രമല്ല സ്രഷ്ടാവിന്റെ മഹത്വവും ആല്‍ബര്‍ട്ടിന് വെളിപ്പെട്ടു കിട്ടി. അറിവിനോടൊപ്പമുണ്ടായിരുന്ന ദൃഢമായ ഭക്തി, ക്രൈസ്തവവിശ്വാസത്തെ കൂടുതല്‍ തുറവിയോടെയും തീവ്രമായും പിഞ്ചെല്ലാന്‍ അവനെ സഹായിച്ചു. പാദുവയില്‍ അപ്പോള്‍ സ്ഥാപിതമായിരുന്ന ഡൊമിനിക്കന്‍ ചാപ്പലായ സാന്താ മരിയ ഡെല്ലെ ഗ്രാസിയെ (ഒീഹ്യ ങമൃ്യ ീള ഏൃമരല)െ അവന്‍ കൂടെക്കൂടെ സന്ദര്‍ശിക്കാന്‍ തുടങ്ങി.

അവിടെ ഡൊമിനിക്കന്‍സിന്റെ രണ്ടാം മാസ്റ്റര്‍ ജനറല്‍ ആയിരുന്ന സാക്‌സണിയിലെ വാഴ്ത്തപ്പെട്ട ജോര്‍ഡനിന്റെ പ്രഭാഷണങ്ങളില്‍ ആല്‍ബര്‍ട്ട് ആകൃഷ്ടനായി. പ്രാര്‍ത്ഥന, ധ്യാനം, പഠനം എന്നിവയോടുകൂടി പ്രസംഗവും പ്രബോധനവും കൂട്ടിച്ചേര്‍ക്കാന്‍ കഴിവുള്ള മിടുക്കരായ വിദ്യാര്‍ത്ഥികളെ തേടി പാദുവയില്‍ എത്തിയതായിരുന്നു അദ്ദേഹം. അങ്ങനെ 1223ല്‍ ആല്‍ബര്‍ട്ട് ഡൊമിനിക്കന്‍ സഭയിലെ അംഗമായി.

ഭൗതികശാസ്ത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, ധാതുശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം ഇതെല്ലാം അനായാസേന ഈ ബഹുമുഖപ്രതിഭക്ക് വശപ്പെട്ടു. പ്രകൃതിശാസ്ത്രത്തോട് തത്വശാസ്ത്രവും ദൈവശാസ്ത്രവും ആല്‍ബര്‍ട്ട് കൂട്ടിചേര്‍ത്തു. ഡൊമിനിക്കന്‍ സഭയിലെ വിവിധ ആശ്രമങ്ങളില്‍ അദ്ദേഹം പഠിപ്പിക്കാന്‍ ആരംഭിച്ചു.
അധ്യാപകന്‍, പ്രൊവിന്‍ഷ്യാല്‍, ബിഷപ്പ് 1228ല്‍ കൊളോണില്‍ പഠിപ്പിക്കാന്‍ തുടങ്ങി. പിന്നീട് അധ്യയനത്തില്‍ സൂപ്പര്‍വൈസര്‍ ആയി, റാറ്റിസ്ബണിലും സ്ട്രാസ്സ്ബര്‍ഗിലുമെല്ലാം പഠിപ്പിച്ചു. പാരീസ് യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിച്ച ആല്‍ബര്‍ട്ടിന് ഡോക്ടറേറ്റും ലഭിച്ചു.

അന്ന് യൂറോപ്പിലെ ഏറ്റവും വലിയ പട്ടണം പാരീസ് ആയിരുന്നു. ബൗദ്ധികമായി ഉത്തേജിപ്പിക്കുന്ന അവിടത്തെ അന്തരീക്ഷം ആല്‍ബെര്‍ട്ടിലെ മികച്ചത് പുറത്തുകൊണ്ടുവന്നു. അരിസ്റ്റോട്ടിലിന്റെ ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട് ആ മഹാനായ തത്വചിന്തകന്റെ രചനകളെ കുറിച്ചും നിരൂപണങ്ങളെക്കുറിച്ച് പഠനം നടത്തി.
ജര്‍മ്മനിയിലേക്ക് മടങ്ങിയ ആല്‍ബര്‍ട്ട് 1254ല്‍ ഡൊമിനിക്കന്‍സിന്റെ പ്രയര്‍ പ്രൊവിന്‍ഷ്യാല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. കുറെയേറെ യാത്രകള്‍ നടത്തേണ്ടി വന്നു. 40ല്‍ അധികം ഡൊമിനിക്കന്‍ ആശ്രമങ്ങള്‍ സന്ദര്‍ശിച്ച് 1000ല്‍ അധികം സഹോദരരെ വ്യക്തിപരമായി കണ്ടു. പഠനം തുടരാനായി 1257ല്‍ തല്‍സ്ഥാനത്തു നിന്ന് വിരമിച്ചു.

അലക്‌സാണ്ടര്‍ നാലാമന്‍ പാപ്പയുടെ സ്വകാര്യതിയോളജിയനും കാനനിസ്റ്റുമായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കഴിവുകള്‍ ബോധ്യമായ പോപ്പ് റാറ്റിസ്ബണിന്റെ ബിഷപ്പ് ആയി ആല്‍ബര്‍ട്ടിനെ 1260ല്‍ നിയമിച്ചു. പിന്നീട് ഊര്‍ബന്‍ നാലാം പാപ്പ ആല്‍ബര്‍ട്ടിനെ സഭ’ക്ക് ഒരു ഗവേഷകനും പണ്ഡിതനും തത്വശാസ്ത്ര, ദൈവശാസ്ത്ര അധ്യാപകനുമൊക്കെയായി ആവശ്യമുണ്ട് എന്ന തിരിച്ചറിവില്‍ വിരമിക്കാന്‍ അനുവദിച്ചു.

മികച്ച അധ്യാപകനും പേരുകേട്ട പണ്ഡിതനും മാത്രമല്ല അനുവാചകരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്ന വിധത്തില്‍ ദൈവസ്‌നേഹത്തെ കുറിച്ച് ഹൃദയത്തില്‍ നിന്ന് സംസാരിച്ചിരുന്ന പ്രാസംഗികന്‍ കൂടിയായിരുന്നു ആല്‍ബര്‍ട്ട്. സദസ്സിലുള്ളവര്‍ക്ക്, ഓര്‍മയില്‍ സൂക്ഷിക്കാനും പിന്നീട് ആവര്‍ത്തിച്ച് പറഞ്ഞ് തങ്ങളുടെ വിശ്വാസത്തെ ജ്വലിപ്പിക്കാനും തീക്ഷ്ണതയുള്ളതാക്കാനും കഴിയുന്ന തരത്തില്‍ മനോഹരമായ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി ആല്‍ബര്‍ട്ട് രചിക്കാറുണ്ടായിരുന്നു. പരിശുദ്ധ കുര്‍ബാനയെപ്പറ്റിയും പരിശുദ്ധ അമ്മയെപ്പറ്റിയുമുള്ള പ്രഭാഷണങ്ങളുടെ പേരിലും ആല്‍ബര്‍ട്ട് പ്രശസ്തനായിരുന്നു.

വിദ്യാര്‍ത്ഥിയെക്കുറിച്ചൊരു പ്രവചനം
പാരീസില്‍ 1245നും 1248നും ഇടക്ക് പഠിപ്പിക്കുമ്പോള്‍ ആല്‍ബര്‍ട്ടിന് ഒരു യുവ ഇറ്റാലിയന്‍ സഹോദരനെ പഠിപ്പിക്കാന്‍ ഭാഗ്യമുണ്ടായി. വിശുദ്ധ തോമസ് അക്വീനാസ് ആയിരുന്നു അത്. തോമസ് വളരെ കുറച്ച് സംസാരിച്ചിരുന്നവനും വണ്ണമുള്ള പ്രകൃതക്കാരനും ആയിരുന്നതുകൊണ്ട് ക്ലാസിലെ മറ്റു വിദ്യാര്‍ത്ഥികള്‍ ‘ഊമക്കാള’ എന്നാണ് അവനെ വിളിച്ചിരുന്നത്.

ചിരിക്കുന്ന മറ്റു വിദ്യാര്‍ത്ഥികളോട് ആല്‍ബര്‍ട്ട് പറഞ്ഞു, ”ഈ യുവാവിനെ ഇപ്പോള്‍ നിങ്ങള്‍ ഊമക്കാള എന്ന് വിളിക്കുന്നു, പക്ഷേ ഒരു ദിവസം അവന്റെ മുക്രയിടല്‍ ലോകം മുഴുവനിലും പ്രതിധ്വനിക്കും.”
അദ്ദേഹത്തിന്റെ പ്രവചനം നിറവേറി. തോമസ് പാണ്ഡിത്യത്തിലും പ്രശസ്തിയിലും വളരെവേഗം തന്റെ പ്രൊഫസറെ മറികടന്നു. തോമസിന്റെ കഴിവ് തിരിച്ചറിഞ്ഞ ആല്‍ബര്‍ട്ട് അവനെ കൊളോണില്‍ വിദ്യാര്‍ത്ഥികളുടെ മാസ്റ്റര്‍ ആയി നിയമിച്ചു.

1256ല്‍ വിശുദ്ധ ആല്‍ബര്‍ട്ട്, വിശുദ്ധ തോമസ് അക്വീനാസ് എന്നിവര്‍ ഫ്രാന്‍സിസ്‌കനായ വിശുദ്ധ ബൊനവെഞ്ചറിന്റെ കൂടെ പോപ്പിന് മുമ്പില്‍ ഡൊമിനിക്കന്‍ സ്യയുടെയും ഫ്രാന്‍സിസ്‌കന്‍ സഭയുടെയും നിയമവലിയെയും അവകാശങ്ങളെയും വിജയകരമായി പ്രതിരോധിച്ചു. 1274ല്‍ ആല്‍ബര്‍ട്ട് ലിയോന്‍സിലെ കൗണ്‍സിലില്‍ പങ്കെടുത്ത് ഗ്രീക്ക് സഭയുടെയും റോമിന്റെയും ഒരുമിക്കലിനു സജീവമായ പങ്കു വഹിച്ചു. തോമസ് അക്വീനാസും അതില്‍ പങ്കെടുക്കേണ്ടതായിരുന്നെങ്കിലും മാര്‍ഗമധ്യേ മരിച്ചു.

ദുഃഖാര്‍ത്തനായ ആല്‍ബര്‍ട്ട് ആശ്രമവാസികളോട് തോമസിന്റെ മരണത്തെപ്പറ്റി അറിയിച്ചത് ഇങ്ങനെ ആയിരുന്നു, ”സഭയിലെ പ്രകാശം അണഞ്ഞിരിക്കുന്നു!” പിന്നീട് ജീവിതകാലം മുഴുവന്‍, തന്റെ വിദ്യാര്‍ത്ഥിയും സഹപ്രവര്‍ത്തകനും സുഹൃത്തുമായ തോമസിനെപറ്റി എപ്പോള്‍ സംസാരിച്ചാലും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

സാര്‍വ്വത്രിക വേദപാരംഗതന്‍
ആല്‍ബര്‍ട്ടിന്റെ ബുദ്ധിശക്തി കീര്‍ത്തിയുറ്റതായിരുന്നു. പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ താല്പര്യം, നിരീക്ഷണത്തിനും പരീക്ഷണത്തിനും നല്‍കിയ അകമഴിഞ്ഞ പിന്തുണ, അങ്ങനെ ഓരോന്നും അദ്ദേഹമടങ്ങുന്ന അന്വേഷകരുടെ പുതിയ ശാസ്ത്രം പതിനേഴാം നൂറ്റാണ്ടിലെ ശാസ്ത്രവിപ്ലവമായി പരിണമിക്കാനിടയാക്കി.
പാരീസ് യൂണിവേഴ്‌സിറ്റിയില്‍ 1245നും 1248 നും പഠിക്കുന്നതിനിടക്ക് മാനുഷിക അറിവിനെയെല്ലാം ഒന്നായി ശേഖരിച്ചുകൊണ്ട്, പ്രകൃതിശാസ്ത്രം തര്‍ക്കശാസ്ത്രം, വാചാടോപം, ഗണിത ശാസ്ത്രം, നീതിശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, തത്വമീമാംസ തുടങ്ങിയ ശാഖകളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബൃഹത്തായ ഒരു യത്‌നത്തിന് തുടക്കമിട്ടു.

അടുത്ത 20 വര്‍ഷങ്ങള്‍ ഈ പദ്ധതിക്കും മറ്റു സേവനത്തിനുമായി വിഭജിച്ചു. അദ്ദേഹത്തിന്റെ ധിഷണാശക്തിയും അറിവും അത്രക്കും ഉയര്‍ന്നതായതുകൊണ്ട് അദ്ദേഹത്തിന്റെ സമകാലീനര്‍ ആല്‍ബര്‍ട്ട് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മഹാനായ ആല്‍ബര്‍ട്ട് എന്ന് വിളിക്കുകയും എന്തിനെപ്പറ്റിയും പഠിപ്പിക്കാന്‍ കഴിവുള്ളവന്‍ സാര്‍വ്വത്രിക ആചാര്യന്‍ എന്ന സ്ഥാനം നല്‍കുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച വിശുദ്ധ ആല്‍ബര്‍ട്ടിന്റെ രചനകള്‍ 38 വാല്യങ്ങളുണ്ട്. സസ്യശാസ്ത്രത്തിലും, മനുഷ്യ, ജന്തു ശരീരശാസ്ത്രത്തിലുമുള്ള പ്രബന്ധങ്ങളുടെ പേരില്‍ അദ്ദേഹം പ്രസിദ്ധനായിരുന്നു. അരിസ്റ്റോട്ടിലിന്റെ രചനകള്‍ ക്രൈസ്തവ പ്രമാണങ്ങള്‍ക്കനുസൃതമായി ആല്‍ബര്‍ട്ട് വീണ്ടും അവതരിപ്പിച്ചു.

അള്‍ത്താരയിലേക്ക്
1278ല്‍ ഒരു പ്രഭാഷണത്തിനിടയില്‍ ആല്‍ബര്‍ട്ടിന്റെ ഓര്‍മ്മ നശിച്ചു. പ്രാര്‍ത്ഥന ഇഴ ചേര്‍ത്തുള്ള ശാന്തമായ ഒരു ജീവിതമായിരുന്നു പിന്നീട്. ഒരു വലിയ മരക്കസേരയില്‍ ഡൊമിനിക്കന്‍ സഹോദരരുടെ ഇടയിലിരുന്ന് അവര്‍ പാടുന്ന പരിശുദ്ധ രാജ്ഞി എന്ന ജപം കേട്ടുകൊണ്ടിരിക്കവേ 1280 നവംബര്‍ 15-ന്, ആല്‍ബര്‍ട്ട് തന്റെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു.

വിശുദ്ധവണക്കത്തിലേക്കുള്ള ആല്‍ബര്‍ട്ടിന്റെ വഴി സാധാരണക്രമത്തില്‍ ആയിരുന്നില്ല. 1484 ല്‍ ഇന്നസെന്റ് എട്ടാമന്‍ പാപ്പ ഡൊമിനിക്കന്‍സിന് ആല്‍ബര്‍ട്ടിന്റെ അള്‍ത്താരവണക്കത്തിനും തിരുനാള്‍ ആഘോഷിക്കാനുമായുള്ള അനുവാദം നല്‍കി. ഇതായിരുന്നു വാഴ്ത്തപ്പെട്ട പദവിക്ക് തുല്യമായി കണക്കാക്കിയത്. പില്ക്കാലത്ത് 1931ല്‍ പീയൂസ് പതിനൊന്നാമന്‍ പാപ്പ ആല്‍ബര്‍ട്ടിനെ സഭയിലെ വേദപാരംഗതന്‍ ആയി പ്രഖ്യാപിച്ചു. 1941ല്‍ നവംബര്‍ 15-ന് പന്ത്രണ്ടാം പീയൂസ് പാപ്പ വിശുദ്ധ ആല്‍ബര്‍ട്ടിനെ പ്രകൃതിശാസ്ത്രവിദ്യാര്‍ത്ഥികളുടെ സ്വര്‍ഗീയ മധ്യസ്ഥനായി പ്രഖ്യാപിച്ചു.

ജില്‍സ ജോയ്