ആകുറ്റവാളിയുടെ യഥാര്‍ത്ഥ തെറ്റെന്താണ്? വ്യാഴാഴ്ച അര്‍ദ്ധരാത്രിക്കുമുമ്പ് സംഭവിച്ചതെന്ത്? ആ വലിയ കല്ല് മാറ്റിയത് ആര്?
യുക്തിസഹമായ ചില ചോദ്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി. ആദ്യമൊക്കെ വാനനിരീക്ഷണ ഭ്രാന്തായിരുന്നു. പിന്നെ ഭൗതികശാസ്ത്രം തലയ്ക്കുപിടിച്ചു. സയന്‍സ് സകലതിന്റെയും അവസാനവാക്കായി വിശ്വസിച്ച റോബര്‍ട്ട് (ബോബ്) കുര്‍ലാന്‍ഡ് എന്ന അജ്ഞേയവാദിയായ ജൂത ശാസ്ത്രജ്ഞന് പുതിയ സംശയങ്ങള്‍..
സ്‌നേഹം, ധാര്‍മികത തുടങ്ങിയവ ശാസ്ത്രം എങ്ങനെ നിര്‍വചിക്കാനാണ്? ശാസ്ത്രം കണ്ടെത്താത്തതും വിശദമാക്കാന്‍ പരാജയപ്പെടുന്നതുമായ പലതും പ്രപഞ്ചത്തില്‍ ഇനിയും അവശേഷിക്കുന്നു! അത് സമ്മതിക്കാതിരിക്കാനാകില്ല. അവിടെത്തുടങ്ങിയ അന്വേഷണങ്ങളാണ് ക്രിസ്തുവിന്റെ ഉത്ഥാന സംഭവത്തിലേക്ക് ഈ ജൂത ഭൗതികശാസ്ത്രജ്ഞനെ എത്തിച്ചത്. സകലതും കീഴടക്കാന്‍ കഴിയുന്ന ശക്തിവഴി മരണത്തെ കീഴടക്കിയ ദൈവപുത്രന്റെ ഉയിര്‍പ്പ് അയാളെ രൂപാന്തരപ്പെടുത്തി. ബൈബിളിന്റെ പുതിയ നിയമത്തോട് അയാള്‍ക്ക് പുച്ഛമായിരുന്നു. പക്ഷേ, പുതിയനിയമം മനസിരുത്തി വായിച്ചാല്‍ ആരംഭത്തിലുന്നയിച്ച എല്ലാ സംശയങ്ങള്‍ക്കും വ്യക്തമായ ഉത്തരമുണ്ടെന്ന് അദേഹത്തിന് ബോധ്യപ്പെട്ടു.
എന്നാല്‍ ഉത്ഥിതനായ ക്രിസ്തു ഇപ്പോള്‍ എവിടെ? ഒരു നാല്പത് മണിക്കൂര്‍ ആരാധനക്കിടെ, ദിവ്യകാരുണ്യത്തില്‍ വസിക്കുന്ന ഉത്ഥിതനായ ക്രിസ്തുവിനെ അദേഹം വ്യക്തിപരമായി അനുഭവിച്ചു. അവിടെവച്ച് താന്‍ ക്രിസ്തുവിന്റെ പ്രണയത്തിലേക്ക് ‘കൂപ്പുകുത്തിവീണു’ എന്നാണ് ബോബ് ആ സംഭവത്തെ വിശേഷിപ്പിച്ചത്. ഇന്ന് കത്തോലിക്കാ ശാസ്ത്രജ്ഞരില്‍ പ്രമുഖനായ ഇദ്ദേഹം ഗ്രന്ഥങ്ങളിലൂടെയും പ്രഘോഷണങ്ങളിലൂടെയും ബ്ലോഗിലൂടെയും ക്രിസ്തുവിനെ പകരുന്നു, പ്രത്യേകിച്ച് ശാസ്ത്രസാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്.
ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ ശക്തി സമാനതകള്‍ക്ക് അതീതമാണ്. ദൈവപുത്രന്‍ ഉയിര്‍ത്തെഴുന്നേല്ക്കുമ്പോള്‍ പ്രതികൂലങ്ങളുടെ ഭൂമി ഇളകിമറിയും, ശാപക്കല്ലറകള്‍ തകരും, പാപപ്പാറകള്‍ പൊട്ടിപ്പിളരും, അടിച്ചമര്‍ത്തലിന്റെ സൈനികശക്തികള്‍ മരണതുല്യരാകും, തിന്മയുടെ അധികാരമുദ്രകള്‍ പൊട്ടിച്ചെറിയപ്പെടും. നാസ്തികതയുടെയും സയന്‍സിന്റെയും പാറകളാല്‍ ബന്ദിയായിരുന്ന ബോബ് എന്ന ജൂതശാസ്ത്രജ്ഞനെ മോചിപ്പിച്ചത് ക്രിസ്തുവിന്റെ ഉത്ഥാനമാണ്. ഉത്ഥിതനായ അതേ ക്രിസ്തുതന്നെ പിന്നീട് ദിവ്യകാരുണ്യത്തില്‍ അദ്ദേഹത്തിന് ദര്‍ശനം നല്കി.
ദിവ്യകാരുണ്യ ഈശോ നമ്മിലുണ്ടെങ്കില്‍ ഏതുകല്ലറകളും തകര്‍ത്ത് ഏതവസ്ഥയില്‍നിന്നും അവിടുന്ന് നമ്മെ ഉയിര്‍പ്പിക്കും. ഒരുവിധത്തിലും രക്ഷപ്പെടാത്തവിധം ബന്ധിച്ച് കാവലേര്‍പ്പെടുത്തിയാലും ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ മഹത്വവും കരുത്തും ശത്രുക്കളുടെ മുമ്പില്‍ നമ്മുടെ ശിരസ് ഉയര്‍ത്തിനിര്‍ത്തും.
”സകലത്തെയും തനിക്ക് കീഴ്‌പ്പെടുത്താന്‍ കഴിയുന്ന ശക്തിവഴി അവന്‍ നമ്മുടെ ദുര്‍ബലശരീരത്തെ തന്റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും” (ഫിലിപ്പി 3/21). അതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.
കര്‍ത്താവേ, അനുദിനം ദിവ്യകാരുണ്യത്തില്‍ അങ്ങയെ സ്വീകരിച്ച്, അവിടുത്തെ ഉയിര്‍പ്പിന്റെ മഹത്വത്തിലും ശക്തിയിലും ജീവിക്കാനുള്ള കൃപയേകിയാലും, ആമ്മേന്‍.
ഏവര്‍ക്കും ഉയിര്‍പ്പുതിരുനാള്‍ ആശംസകള്‍!